തിരയുക

 വത്തിക്കാനിലെ കൊളെജ്ജോ ഉർബാനോയിൽ സിസിബിഐയുടെ ആഭിമുഖ്യത്തിൽ 300 ലധികം ഇന്ത്യൻ പുരോഹിതരും, സന്യാസിനികളും, വൈദീക വിദ്യാർത്ഥികളും ഒരുമിച്ച് അർപ്പിച്ച ദിവ്യബലി. വത്തിക്കാനിലെ കൊളെജ്ജോ ഉർബാനോയിൽ സിസിബിഐയുടെ ആഭിമുഖ്യത്തിൽ 300 ലധികം ഇന്ത്യൻ പുരോഹിതരും, സന്യാസിനികളും, വൈദീക വിദ്യാർത്ഥികളും ഒരുമിച്ച് അർപ്പിച്ച ദിവ്യബലി. 

സിനഡാലിറ്റിയും ഐക്യവും ഉൾക്കൊള്ളുന്ന ഇന്ത്യയിലെ കത്തോലിക്കാ സഭ: കർദ്ദിനാൾ ഫിലിപ്പ് നേരി

ഒക്ടോബർ 30, തിങ്കളാഴ്ച വത്തിക്കാനിലെ കൊളെജ്ജോ ഉർബാനോയിൽ സിസിബിഐയുടെ ആഭിമുഖ്യത്തിൽ 300 ലധികം ഇന്ത്യൻ പുരോഹിതരും, സന്യാസിനികളും, വൈദീക വിദ്യാർത്ഥികളുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് കർദ്ദിനാൾ ഈ സന്ദേശം അറിയിച്ചത്.

സി. റൂബിനി ചിന്നപ്പ൯ സി.റ്റി.സി, വത്തിക്കാ൯ ന്യൂസ്

2023 ഒക്ടോബർ 29 ന് സമാപിച്ച മെത്രാന്മാരുടെ സിനഡിന്റെ പതിനാറാമത് ജനറൽ അസംബ്ലിയിൽ പങ്കെടുക്കാനെത്തിയ ഭാരത മെത്രാ൯ സമിതിയിൽ നിന്നുള്ള വിശിഷ്ടരായ ഏഴ് പ്രതിനിധികളാണ് സമ്മേളനത്തിൽ പങ്കെടുത്തത്. സമ്മേളനത്തിൽ ഭാരത കത്തോലിക്കാ സഭയുടെ മെത്രാ൯ സമിതി (സിസിബിഐ) അധ്യക്ഷനും, ഗോവ-ദാമൻ അതിരൂപതാ മെത്രാനുമായ കർദ്ദിനാൾ ഫെലിപ് നേരി ഫെറാവോ, ബോംബെ അതിരൂപതാ മെത്രാനും കർദ്ദിനാളുമായ ഓസ്വാൾഡ് ഗ്രേഷ്യസ്, ഹൈദരാബാദ് അതിരൂപതാ മെത്രാ൯ കർദ്ദിനാൾ ആന്റണി പൂള, സിസിബിഐ വൈസ് പ്രസിഡന്റും മദ്രാസ്-മൈലാപ്പൂർ അതിരൂപതാ മെത്രാനുമായ ജോർജ്ജ് ആന്റണി സാമി, കണ്ണൂർ മെത്രാ൯ അലക്സ് വടക്കുംതല എന്നിവർ സന്നിഹിതരായിരുന്നു.

വൈവിധ്യമാർന്നതും വിശാലവുമായ ഇന്ത്യൻ കത്തോലിക്കാ സമൂഹത്തിനുള്ളിൽ അടുത്തിടെ സമാപിച്ച സിനഡൽ സമ്മേളനത്തിൽ അനുഭവപ്പെട്ടതുപോലെ  ഐക്യം പിന്തുടരുന്നതിനും ആഗോള സഭയുമായി പൂർണ്ണ ഐക്യം പുലർത്തുന്നതിനും സിനഡിൽ പങ്കെടുത്തവർ നിർദ്ദേശിച്ചു. 1.3 ബില്യൺ ജനസംഖ്യയിൽ ഏകദേശം 20 ദശലക്ഷം കത്തോലിക്കരുള്ള ഇന്ത്യയിലെ കത്തോലിക്കാ സഭ ലത്തീൻ, സീറോ-മലബാർ, സീറോ-മലങ്കര എന്നിങ്ങനെ മൂന്ന് വ്യത്യസ്ത റീത്തുകളാൽ സമ്പന്നമാണ്.

സി.സി.ബി.ഐ പ്രതിനിധികളും ഇന്ത്യയിലെ വിവിധ ഭാഷകളിൽ നിന്നുള്ള കത്തോലിക്കാ ലത്തീ൯ സഭയുടെ വൈദീക പ്രതിനിധികളും ചേർന്ന് സംഘടിപ്പിച്ച സമ്മേളനത്തിന് അധ്യക്ഷത വഹിച്ചത് കർദ്ദിനാൾ ഫിലിപ്പ് നേരി ഫെറാവോയാണ്.  ഇറ്റലിയിൽ താമസിക്കുന്ന 300 ലധികം പുരോഹിതർ, സന്യാസിനികൾ, സെമിനാരി വിദ്യാർത്ഥികൾ എന്നിവരുടെ സമ്മേളനത്തെ അഭിസംബോധന ചെയ്ത കർദ്ദിനാൾ ഫെറാവോ ഇന്ത്യയിലെ ലത്തീൻ സഭയ്ക്കുള്ളിലെ സാംസ്കാരിക സമ്പന്നത ഊന്നിപ്പറഞ്ഞു. സ്വന്തം രാജ്യത്തിന് പുറത്ത് പഠനത്തിൽ ഏർപ്പെട്ടിരിക്കുന്ന ഇറ്റലിയിൽ താമസിക്കുന്ന ഇന്ത്യൻ പുരോഹിതർ, സമർപ്പിതർ, വൈദീക വിദ്യാർത്ഥികൾ എന്നിവർക്കിടയിൽ ശക്തമായ സാംസ്കാരികവും ദേശീയവുമായ സ്വത്വം സംരക്ഷിക്കണമെന്ന്  അദ്ദേഹം അഭ്യർത്ഥിച്ചു.  

ഇന്ത്യയിലെ ലത്തീൻ സഭയ്ക്കുള്ളിൽ, മനോഹരമായ സംസ്കാരങ്ങൾ, ഭാഷകൾ, വംശീയതകൾ, ആചാരങ്ങൾ എന്നിവയാൽ അനുഗ്രഹീതമായ വൈവിധ്യമാർന്ന സമൂഹത്തിലെ അംഗങ്ങൾ എന്ന നിലയിൽ, നാം സ്വദേശത്ത് നിന്ന് അകലെയാണെങ്കിലും നമ്മുടെ സ്വത്വബോധവും ഇന്ത്യൻ വേരുകളുമായുള്ള ബന്ധവും സംരക്ഷിക്കേണ്ടത് അത്യാവശ്യമാണ്. റോമിലെ സാന്നിദ്ധ്യം, സിനഡിൽ ഹ്രസ്വകാലത്തേക്കോ ദീർഘ കാലത്തേക്കോ വ്യക്തികളെ സമ്പന്നമാക്കുകയും അവരുടെ അനുഭവങ്ങൾ മാതൃരാജ്യത്തേക്ക് തിരികെ കൊണ്ടുവരാ൯ അനുവദിക്കുകയും ചെയ്യുന്നുവെന്ന് അദ്ദേഹം അടിവരയിട്ടു."നമ്മുടെ വിശ്വാസത്തിന് പ്രേരണയേകുന്നത് പാപ്പയുമായുള്ള സാമീപ്യത്തിൽ നിന്നും പത്രോസ്, പൗലോസ് അപ്പോസ്തലന്മാരുടെ അനുഭവ സാക്ഷ്യത്തിൽ നിന്നുമാണ് . ഇത് നമ്മുടെ വ്യക്തിപരവും ആത്മീയവുമായ വളർച്ചയെ സമ്പന്നമാക്കുന്നു." കർദ്ദിനാൾ വിശദീകരിച്ചതായി ഫീദേസ് ഏജ൯സി അറിയിച്ചു.

ഇന്ത്യയിലെ കത്തോലിക്കാ സഭ അതിന്റെ ആന്തരിക ജീവിതത്തിൽ തുടങ്ങി ദളിത് ക്രിസ്ത്യാനികളുമായി ബന്ധപ്പെട്ട വെല്ലുവിളികൾ, സ്ത്രീകളുടെ അവസ്ഥ, ജാതി അടിസ്ഥാനമാക്കിയുള്ള വിവേചനം, രാജ്യത്ത് നിലനിൽക്കുന്ന മൂന്ന് വ്യത്യസ്ത ആചാരങ്ങൾക്കിടയിൽ ഐക്യം പ്രോത്സാഹിപ്പിക്കൽ എന്നിവയുമായി ബന്ധപ്പെട്ട ഒരു സമ്പൂർണ്ണ സിനഡൽ യാത്ര ആരംഭിക്കുമെന്ന് അസംബ്ലിയിൽ ചർച്ച ചെയ്തതായി അദ്ദേഹം പറഞ്ഞു. ക്രിസ്തുവിന്റെ ദൗത്യം മുന്നോട്ട് കൊണ്ടുപോകുന്നതിൽ ലാളിത്യത്തിന്റെ പങ്കിനെക്കുറിച്ച് കർദ്ദിനാൾ ഫിലിപ്പ് നേരി ഫെറാവോ പ്രത്യേകം പരാമർശിക്കുകയും ചെയ്തു.

യോഗത്തിന് മുന്നോടിയായി കൊളെജ്ജോ ഉർബാനോ ചാപ്പലിൽ കർദ്ദിനാൾ ഫിലിപ്പ് നേരിയുടെ അധ്യക്ഷതയിൽ നടന്ന ദിവ്യബലിയിൽ സിസിബിഐ വൈസ് പ്രസിഡന്റും മദ്രാസ്-മൈലാപ്പൂർ ആർച്ച് ബിഷപ്പുമായ എ.ബി.പി ജോർജ് ആന്റണി സാമി വചനസന്ദേശം നൽകി. ബോംബെ ആർച്ച് ബിഷപ്പ് കർദ്ദിനാൾ ഓസ്വാൾഡ് ഗ്രേഷ്യസ് സമ്മേളനം സുഗമമാക്കുന്നതിൽ പ്രധാന പങ്ക് വഹിച്ചു. ഹൈദരബാദ് ആർച്ച് ബിഷപ്പ് കർദ്ദിനാൾ ആന്റണി പൂള നടത്തിയ പ്രാർത്ഥനയോടെ ആരംഭിച്ച യോഗം കണ്ണൂർ ബിഷപ്പ് അലക്സ് വടക്കുംതലയുടെ പ്രാർത്ഥനയോടെ സമാപിച്ചു. ഇറ്റലിയിലെ കേരള ലത്തീ൯ കത്തോലിക്കരുടെ ചാപ്ലി൯ ഫാ. പോൾ സണ്ണി എല്ലാ വിശിഷ്ടാതിഥികൾക്കും ഊഷ്മളമായ സ്വാഗതം ആശംസിച്ചു. കൊളെജ്ജോ ഉർബാനോ റെക്ടർ റവ.ഡോ.അർമാൻഡോ നുജ്ഞെസ് സമ്മേളനത്തിന് അഭിവാദനം അർപ്പിച്ചു. തമിഴ് കത്തോലിക്കാ സമൂഹത്തിന്റെ പ്രസിഡണ്ട് ഫാ. ജയന്ത് റായ൯ നന്ദി പ്രകാശിപ്പിച്ചു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

03 November 2023, 14:04