തിരയുക

കർദിനാൾ മൈക്കൽ ചേർണി കർദിനാൾ മൈക്കൽ ചേർണി  

കാലാവസ്ഥാവ്യതിയാനം മത്സ്യബന്ധനത്തിനു ഭീഷണിയുയർത്തുന്നു:കർദിനാൾ മൈക്കൽ ചേർണി

ലോക മത്സ്യബന്ധന ദിനമായ നവംബർ ഇരുപത്തിയൊന്നാം തീയതി വത്തിക്കാനിലെ സമഗ്ര മാനവ വികസനം പ്രോത്സാഹിപ്പിക്കുന്നതിനുള്ള ഡികാസ്റ്ററിയുടെ പ്രിഫെക്ട് കർദിനാൾ മൈക്കൽ ചേർണി മത്സ്യബന്ധന മേഖല നേരിടുന്ന പ്രധാന വെല്ലുവിളികളെ ചൂണ്ടിക്കാട്ടി സന്ദേശം പങ്കുവച്ചു

ഫാ.ജിനു ജേക്കബ്,വത്തിക്കാൻ സിറ്റി

ലോക മത്സ്യബന്ധന ദിനമായി നവംബർ ഇരുത്തിയൊന്നാം തീയതി ആഘോഷിക്കുമ്പോൾ മത്സ്യത്തൊഴിലാളികളായ സഹോദരങ്ങളെ കൃതജ്ഞതയോടെ സ്മരിച്ചുകൊണ്ടും, അവരുടെ ധീരതയെ പ്രശംസിച്ചും എന്നാൽ ഇന്ന് മത്സ്യബന്ധനമേഖല നേരിടുന്ന പ്രധാന വെല്ലുവിളികളെ അടിവരയിട്ടുകൊണ്ടും വത്തിക്കാനിലെ  സമഗ്ര മാനവ വികസനം പ്രോത്സാഹിപ്പിക്കുന്നതിനുള്ള ഡികാസ്റ്ററിയുടെ പ്രിഫെക്ട് കർദിനാൾ മൈക്കൽ ചേർണി സന്ദേശം പങ്കുവച്ചു.

തന്റെ സന്ദേശത്തിന്റെ ആമുഖമായി 'വല എറിയുക' എന്ന കർത്താവിന്റെ വാക്കുകൾക്ക് ദൈവത്തിലുള്ള വിശ്വാസവും, ഉത്തരവാദിത്വ ബോധവുമാണ് അടിസ്ഥാനമായിട്ടുള്ളതെന്ന് അദ്ദേഹം പറഞ്ഞു. സ്രഷ്ടാവിന്റെ പദ്ധതിയോടു ചേർന്ന് നിന്ന് കൊണ്ട് ഉത്തരവാദിത്വത്തോടെ കർമം ചെയ്യന്ന സൃഷ്ടിയെയാണ് ഫ്രാൻസിസ് പാപ്പാ തന്റെ ലൗദാത്തോ സി എന്ന ചാക്രിക ലേഖനത്തിലൂടെയും, ലൗദാത്തെ ദേവും എന്ന അപ്പസ്തോലിക പ്രബോധനത്തിലൂടെയും വെളിപ്പെടുത്തുന്നത്.

എന്നാൽ നിർഭാഗ്യവശാൽ ഇന്ന് ലോകത്തിൽ മനുഷ്യന്റെ പ്രവൃത്തികൾ മൂലം വേദനിക്കുന്ന ജനതയുടെ നിലവിളി സ്വർഗ്ഗത്തിലേക്കുയരുന്നതും കർദിനാൾ അടിവരയിട്ടു പറഞ്ഞു.അതിനാൽ ഈ പ്രതിസന്ധിയോട് പ്രതികരിക്കുവാനുള്ള ഫ്രാൻസിസ് പാപ്പായുടെ ആഹ്വാനം ലോകമത്സ്യത്തൊഴിലാളി ദിനത്തിൽ ഏറ്റെടുക്കുവാനും കർദിനാൾ ഓർമ്മിപ്പിക്കുന്നു.

ദുരിതപൂർണ്ണമായ മത്സ്യത്തൊഴിലാളികളുടെ ജീവിത സാഹചര്യങ്ങളും അദ്ദേഹം തന്റെ  സന്ദേശത്തിൽ എടുത്തു പറയുന്നു.സാമ്പത്തികമായ പ്രശ്നങ്ങളും, തൊഴിലിടങ്ങളിലെ അന്യായമായ മത്സരവും സാധാരണക്കാരെ കണ്ണീരിലാഴ്ത്തുന്നു.സമുദ്ര പരിസ്ഥിതിയെ കൂടുതൽ ദുർബലവും അപകടകരവുമാക്കുന്ന കാലാവസ്ഥാ പ്രതിസന്ധിയും ഈ ദുർഘടമായ അവസ്ഥയ്ക്ക് കാരണമായി അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു.

മീൻപിടിത്തത്തിന്റെ ഗുണനിലവാരം സംരക്ഷിക്കുന്നതിനും കടലുകളുടെയും സമുദ്രങ്ങളുടെയും സംരക്ഷണത്തിനും പാരിസ്ഥിതിക സംവേദനക്ഷമത പ്രധാനമാണ്.സമുദ്ര ആവാസവ്യവസ്ഥയുടെ വിനാശകരമായ മത്സ്യബന്ധനം മത്സ്യത്തൊഴിലാളികളുടെ പ്രവർത്തനത്തെ ദോഷകരമായി ബാധിക്കുന്നു.മത്സ്യബന്ധനം, വാസ്തവത്തിൽ, മനുഷ്യന്റെ വൈദഗ്ധ്യത്തെ മാത്രമല്ല, കടലിന്റെ അവസ്ഥയെയും ദൈവത്തിന്റെ കരുതലിനെയും ആശ്രയിച്ചിരിക്കുന്നു.മത്സ്യബന്ധന ജോലി  വിശ്വാസത്തിന്റെ നവീകരണ പ്രവർത്തനമാണ്: വിശ്വാസത്തിന്റെ മൂല്യം മനസ്സിലാക്കാൻ ഇത് നമ്മെ സഹായിക്കുന്നു, കർദിനാൾ പറഞ്ഞു.

ലോകമെമ്പാടുമുള്ള നിരവധി ജനവിഭാഗങ്ങളെ പോഷിപ്പിക്കുന്ന മത്സ്യത്തൊഴിലാളികളായ സഹോദരങ്ങൾക്കു നന്ദി പറഞ്ഞുകൊണ്ടും,പ്രാർത്ഥനകൾ ആശംസിച്ചുകൊണ്ടുമാണ് സന്ദേശം ഉപസംഹരിക്കുന്നത്.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

22 November 2023, 12:59