തിരയുക

വിശുദ്ധരായ മദർ തെരേസയും, ജോൺ പോൾ രണ്ടാമൻ പാപ്പായും വിശുദ്ധരായ മദർ തെരേസയും, ജോൺ പോൾ രണ്ടാമൻ പാപ്പായും  

സമർപ്പിതർ സഭാ ജീവിതത്തിൽ വഹിക്കുന്ന പങ്ക്

സന്ന്യാസവിളിയുടെ മാഹാത്മ്യവും, സഭാജീവിതത്തിൽ സന്യാസികൾ വഹിക്കുന്ന വിവിധതലങ്ങളിലുള്ള സേവനങ്ങളും ലേഖനത്തിൽ എടുത്തു പറയുന്നു
സമർപ്പിതർ സഭാ ജീവിതത്തിൽ വഹിക്കുന്ന പങ്ക്-ശബ്ദരേഖ

സി. ജെസ്സിൻ, കുന്നോത്ത്  നസ്രത്ത് സിസ്റ്റേഴ്സ് സഭാംഗം

ആമുഖം   

 ബെനഡിക്ട് പതിനാറാമൻ പാപ്പാ   പറയുന്നു :ദൈവത്തിന്റെ സ്നേഹത്തോടുള്ള അനുസരണമാണ് ദൈവവിളി എന്ന്. തീർച്ചയായും, ദൈവ സ്നേഹത്താൽ പ്രേരിതരായി   സഭയിലൂടെ ലോകത്തിന്റെ അതിർത്തികൾ വരെ സാക്ഷ്യത്തിന്റെ ജീവിതം നയിക്കുന്ന സമർപ്പിതർ, ദൈവത്തിനും ദൈവജനത്തിനും വേണ്ടി പ്രവർത്തിക്കുന്ന കെടാവിളക്കുകളാണ്.  ഇവർ ത്രിയേക ദൈവത്തിന്റെ മാതൃക ഉൾക്കൊണ്ടുകൊണ്ട്, തങ്ങളുടെ  പ്രാർത്ഥനാ ജീവിതത്തിലൂടെയും പ്രവാചക  ദൗത്യത്തിലൂടെയും,  അപ്പസ്തോലിക   ദൗത്യത്തിലൂടെയും  രക്ഷയുടെ സുവിശേഷത്തിന് എങ്ങനെ സാക്ഷ്യം വഹിക്കുന്നുവെന്ന് ചുരുക്കത്തിൽ നാം മനസ്സിലാക്കാൻ പോകുന്നത്.

സമർപ്പിതർ: സഭയിലൂടെ സഭയ്ക്ക് വേണ്ടി

ത്രിയേകദൈവത്തിന്റെ കൂട്ടായ്മയിൽ നിന്നും രൂപം കൊണ്ട സഭ, പിതാവിലും പുത്രനിലും പരിശുദ്ധാത്മാവിലുമുള്ള വിശ്വാസത്തിൽ ജീവിക്കുകയും വളരുകയും ചെയ്യുന്നു. അതിനാൽ തന്നെ, സഭ കേവലം ഒരു ഭൗതിക സ്ഥാപനമോ വ്യക്തികളുടെ കൂട്ടിച്ചേരല്ലോ അല്ല. മറിച്ച്, സ്വർഗ്ഗരാജ്യത്തെ ലക്ഷ്യമാക്കി യാത്ര ചെയ്യുന്ന വിശ്വാസികളുടെ ആത്മീയ കൂട്ടായ്മയാണ്.  വിശ്വാസികളുടെ സമൂഹമായ സഭയെ,  ദൈവരാജ്യത്തിന്റെ  രഹസ്യത്തിലേക്ക് നയിക്കുവാൻ വേണ്ടി, പിതാവായ ദൈവം പരിശുദ്ധാത്മാവിലൂടെ തിരുസഭയ്ക്ക് നൽകിയ സമ്മാനമാണ് സമർപ്പിതർ ( സമർപ്പിത ജീവിതം: 1).

സമർപ്പിത ജീവിതം ദൈവത്തിന്റെ പ്രവർത്തിയാണ്. കൂടെ ആയിരിക്കുവാനും കൂടെ നടക്കുവാനുമായി ദൈവം മാറ്റിനിർത്തിയ ഒരു സമൂഹം. ഈ വിളിയുടെ ഉറവിടവും ലക്ഷ്യവും മാറ്റമില്ലാത്ത ദൈവമായതിനാൽ സന്യാസ ജീവിതത്തിന്റെ അന്തസത്തയും മാറ്റമില്ലാത്തത് തന്നെ.  സുവിശേഷം പൂർണമായി ജീവിച്ചുകൊണ്ട്, സഭയ്ക്കുവേണ്ടി സഭയിലൂടെ പ്രവർത്തിക്കുന്ന സമർപ്പിതർ തിരുസഭയുടെ നട്ടെല്ല് എന്ന് പറയുന്നതിൽ തെറ്റില്ല. ദൈവരാജ്യത്തിന്റെ അടയാളമായ സമർപ്പിതർ, പവിത്രമായ ജീവിതത്തിലൂടെയും പ്രാർത്ഥനയിലൂടെയും കൂട്ടായ്മയിലൂടെയും സേവനത്തിലൂടെയും സഭയെ  വിശുദ്ധീകരിക്കുകയും   സഭയിലെ എല്ലാ അംഗങ്ങളെയും ദൈവരാജ്യത്തിന്റെ  കാന്തിക ശക്തിയിലേക്ക് ആകർഷിക്കുന്നു (ലൂമൻ ജെൻസിയം : 46).

അതായത്, അർപ്പണ വഴിത്താരയിൽ നിന്നുകൊണ്ട് തങ്ങളെ തന്നെ ദൈവത്തിനും ദൈവജനത്തിനുമായി സമർപ്പിച്ച്, ലോകത്തിൽ സാക്ഷ്യത്തിന്റെ ജീവിതം നയിക്കുന്ന ഇവർ, സഭയിലൂടെ മിശിഹായെ പുനരവതരിപ്പിക്കുന്നു. സമർപ്പിത ജീവിതം സ്വർഗ്ഗരാജ്യത്തിന്റെ മുന്നാസ്വാദനം കൂടിയാണെന്ന്, ഈ ലോകത്തിൽ ആയിരുന്നുകൊണ്ട് ഇവർ നമ്മോട് വിളിച്ചു പറയുന്നു.  എങ്ങനെയാണ് സമർപ്പിതർ ലോകത്തെ നവീകരിച്ചു കൊണ്ട് രക്ഷയുടെ പാത തെളിക്കുന്നത് ? 

 പ്രാർത്ഥനയിലൂടെ ദൈവത്തിൽ നിന്ന് ദൈവജനത്തിലേക്ക്

 സമർപ്പിതരുടെ പ്രാർത്ഥന  സഭയുടെ നിലനിൽപ്പിന്റെ അടിസ്ഥാന ഘടകമാണ് . പ്രാർത്ഥന ജീവിതം  കൂട്ടായ്മയുടെ മാനം നിലനിർത്തുന്നു. ഒരോ യാമങ്ങളിലെയും പ്രാർത്ഥനകൾ  നമ്മെയും മറ്റുള്ളവരെയും  വിശുദ്ധീകരിക്കുന്ന വേലികെട്ടുകളാണ്. അതോടൊപ്പം,  വ്യക്തിപരമായ പ്രാർത്ഥനകൾ  ദൈവിക കൂട്ടായ്മയിലേക്ക് വളരുവാൻ ഓരോ സമർപ്പിതരേയും പ്രേരിപ്പിക്കുന്നു. മാത്രമല്ല, ഏതു ജീവിത അന്തസുകളിൽ പെട്ടവരാണെങ്കിലും,    ജീവിതത്തിന്റെ പ്രതികൂല സാഹചര്യങ്ങളെ മറികടന്ന്  കൂട്ടായ്മയുടെയും, സ്നേഹത്തിന്റെയും, പ്രതീക്ഷയുടെയും  മുഖച്ഛായ നൽകുവാൻ,  മനുഷ്യ കരങ്ങൾ ചേർത്തുപിടിക്കുവാൻ ദൈവത്തെ കണ്ടുമുട്ടുന്ന പ്രാർത്ഥനയുടെ  നിമിഷങ്ങൾ സമർപ്പിതരെ  പ്രാപ്തരാക്കുന്നു. 

 സമർപ്പിത ഭവനങ്ങളിൽ നിന്നും ഉയരുന്ന പ്രാർത്ഥനയുടെ സ്പന്ദനങ്ങൾ, സഭയുടെ കൂട്ടായ്മയുടെയും വിശദീകരണത്തിന്റെയും ഐക്യത്തിന്റെയും  തായ് വേരുകളാണ് .  ജോൺപോൾ രണ്ടാമൻ മാർപാപ്പ പറയുന്നു: എക്യുമെനിസത്തിന്റെ ആത്മാവ്, പ്രാർത്ഥനയുടെയും പരിവർത്തനത്തിന്റെയും ആത്മാവായതിനാൽ, സഭയിൽ  പ്രാർത്ഥന ജീവിതം വഴി, പരിവർത്തനത്തിന്റെ പാത  തുറക്കുവാൻ സമർപ്പിത ജീവിതങ്ങൾക്ക് പ്രത്യേക ദൗത്യം ഉണ്ടെന്ന് പരിശുദ്ധ പിതാവ് ചൂണ്ടിക്കാണിക്കുന്നു. 

 ആയതിനാൽ,  സഭയിലും ലോകത്തിലും വ്യക്തിജീവിതങ്ങളിലും രൂപാന്തരീകരണത്തിന്റെയും  തിരിച്ചറിവിന്റെയും  വാതിലുകൾ തുറക്കുവാൻ സക്രാരിക്കു മുമ്പിൽ തപസ്സിരിക്കുന്ന സമർപ്പിതരും , സഹനങ്ങളെ സന്തോഷത്തോടെ  വാരിപ്പുൽകുന്ന സമർപ്പിതരും ലോകം ഉറങ്ങുമ്പോൾ ഉണർന്നിരുന്ന് പ്രാർത്ഥിക്കുന്ന സമർപ്പിതരും മിശിഹായുടെ മുഖം ലോകത്തിന് കാണിച്ചുതരുന്നു.  പ്രാർത്ഥന വഴി ദൈവവുമായുള്ള കൂട്ടായ്മയുടെ അന്തരീക്ഷം സൃഷ്ടിച്ചുകൊണ്ട്  സമർപ്പിതർ സഭയുടെ  ഹൃദയത്തിൽ ജീവിക്കുന്നു.

പ്രവാചക ശബ്ദമായി സമർപ്പിതർ

 നിങ്ങൾ ലോകമെങ്ങും പോയി  എല്ലാ സൃഷ്ടികളോടും എന്റെ സുവിശേഷം പ്രസംഗിക്കുവിൻ ( മർക്കോസ്  16:15)  എന്ന  മിശിഹായുടെ വാക്കുകൾ ശിരസാ വഹിക്കുന്നവരാണ് സമർപ്പിതർ.  പഴയനിയമ ചരിത്രത്തിലേക്ക് കണ്ണോടിക്കുമ്പോൾ ദൈവത്തിൽ നിന്നും അകന്ന മനുഷ്യനെ ദൈവീക കൂട്ടായ്മയിലേക്ക് കൂട്ടിക്കൊണ്ടു വരുവാൻ ദൈവം പ്രവാചകന്മാരെ അയക്കുന്നതായി നാം വായിക്കുന്നുണ്ട്.  

പിന്നീട്, പുതിയ ഉടമ്പടിയിലൂടെ  സ്വപുത്രനെ  ഭൂമിയിലേക്ക് അയച്ച്, രക്ഷയുടെ കവാടം ദൈവം  തുറക്കുന്നു.  ഇന്ന് സഭയെയും സമൂഹത്തെയും വിശ്വാസത്തിലും കൂട്ടായ്മയിലും കെട്ടിപ്പടുക്കുക എന്ന പ്രവാചക ദൗത്യം സമർപ്പിത ജീവിതത്തിൽ നിക്ഷിപ്തമാണ്.  (സമർപ്പിത ജീവിതം: 84- 95).

ദൗത്യനിർവഹണ വേളയിൽ,  ഒറ്റപ്പെടലിന്റെയും ഒറ്റിക്കൊടുക്കലിന്റെയും തള്ളിപ്പറയലിന്റെയും അനുഭവങ്ങൾ ജീവിതത്തിൽ ഏറ്റെടുക്കേണ്ടി വരുന്ന സന്ദർഭങ്ങളിലും മനം തളരാതെ, പുതിയ ഉടമ്പടിയിൽ നിന്നും അകലുന്ന ജനങ്ങളെ ദൈവസ്നേഹത്തിന്റെ കൂട്ടായ്മയിലേക്ക് കൂട്ടിക്കൊണ്ടു വരുവാൻ ഇവർ മിശിഹായുടെ കൂട്ടുവേലക്കാരാകുന്നു.

അങ്ങനെ, പരിവർത്തനത്തിന്റെയും പ്രത്യാശയുടെയും സന്ദേശം നൽകിക്കൊണ്ട്  സമർപ്പിതർ  ദൈവത്തിന്റെ നാമത്തിൽ വിശ്വാസികളെ അഭിസംബോധന ചെയ്യുന്നു. ശബ്ദമില്ലാത്തവന് വേണ്ടി  ശബ്ദമാവുക എന്നത് പ്രവാചക ശബ്ദത്തിന്റെ മറ്റൊരു വശമാണ്.  ലോകത്തിലേക്ക് ഒന്ന് കണ്ണോടിക്കുമ്പോൾ ലോകത്തിൽ നടക്കുന്ന അക്രമങ്ങൾക്കും അനീതികൾക്കും അസമത്വത്തിനും ഇരയാക്കപ്പെടുന്ന നമ്മുടെ പ്രിയപ്പെട്ട സഹോദരങ്ങൾക്ക് വേണ്ടി ശബ്ദിക്കുവാൻ സമർപ്പിതർ കരം ചേർക്കുന്നു.

അയക്കപ്പെട്ട സമർപ്പിതർ  

 അപ്പസ്തോലിക പ്രവർത്തനങ്ങളുടെ ഫലപ്രാപ്തി  ആന്തരിക ജീവിതത്തിന് നവീകരണം സൃഷ്ടിക്കുന്നു ( അപ്പസ്തോല പ്രവർത്തനം  3:1-20).  കൂടെ വസിച്ചു കൊണ്ട്  ദൈവസ്നേഹം അനുഭവിച്ചറിഞ്ഞ അപ്പസ്തോല തീഷ്ണതയോടെ ആത്മീയ ശുശ്രൂഷ നൽകുവാൻ വിളിക്കപ്പെട്ടവരാണ് സമർപ്പിതർ.  

വഴിയോരങ്ങളിലൂടെയും തെരുവീഥികളിലൂടെയും നടന്നുനീങ്ങുമ്പോൾ  ജീവിതത്തിൽ പ്രതീക്ഷ നഷ്ടപ്പെട്ട് ഇനിയെന്ത് എന്ത് ചോദ്യവുമായി നമുക്കു മുൻപിൽ പ്രത്യക്ഷപ്പെടുന്നവർക്ക് മിശിഹായുടെ പ്രതീക്ഷയുടെ മുഖം പകർന്നു നൽകുവാൻ  ഒരു സമർപ്പിതയും വിളിക്കപ്പെട്ടിരിക്കുന്നു. മാറ്റിനിർത്തുവാൻ വേണ്ടിയല്ല ചേർത്തുപിടിക്കാൻ വേണ്ടിയാണ് അവൻ എന്നെയും നിന്നെയും സമർപ്പിത വേലയ്ക്കായി  തിരഞ്ഞെടുത്തത്.  

ത്രിത്വത്തിൽ  മാതൃകയിൽ: സമർപ്പിതർ 

ത്രിയേക ദൈവത്തിന്റെ സ്നേഹത്തിന്റെയും കൂട്ടായ്മയുടെയും പങ്കുവെക്കലും പരസ്പര വിശ്വാസത്തിന്റെയും യഥാർത്ഥ മാതൃകകളായി സഭയിൽ ജീവിക്കുന്നവരാണ് സമർപ്പിതർ.  കണ്ടുമുട്ടുന്നവർക്ക് അനുഗ്രഹമായി മാറുവാൻ, സഭയിൽ നഷ്ടപ്പെട്ടുപോയ കൂട്ടായ്മയുടെ കണികകളെ വിളക്കി ചേർക്കുവാൻ ദൈവമെടുത്ത് ഉപയോഗിക്കുന്ന ഉത്തമ ഉപകരണങ്ങളാണ്.

ത്രിയേക ദൈവത്തിന്റെ മാതൃകയിൽ സഭാ കൂട്ടായ്മയുടെ പിൻബലത്തിൽ വ്രത ഭക്ത  ജീവിതം നയിക്കുന്ന ഓരോ സമർപ്പിതരും മിശിഹായുടെ നിഴലായി സഭാ കൂട്ടായ്മയുടെ നാഴികക്കല്ലായി  സഭയിൽ സാക്ഷ്യത്തിന്റെ ജീവിതം നയിക്കുന്നു. ദൈവത്താൽ സൃഷ്ടിക്കപ്പെടുകയും പുത്രനാൽ രക്ഷിക്കപ്പെടുകയും പരിശുദ്ധാത്മാവിനാൽ  നവീകരിക്കപ്പെടുകയും  ചെയ്യുന്ന ഈ ലോകത്തിൽ, മുറിവേറ്റവനെയും തളർന്നവനെയും നവീകരിച്ചുകൊണ്ട് , രക്ഷയുടെ വഴിതുറന്ന് പുതിയ സൃഷ്ടി ആക്കുക എന്ന വലിയ ദൗത്യം മിശിഹായ്ക്ക് വേണ്ടി നിർവഹിച്ചു കൊണ്ട് സഭയിൽ   ഇന്നും ഒരു അടയാളമായി അനുഗ്രഹമായി സമർപ്പിത നിലകൊള്ളുന്നു.

 ഉപസംഹാരം

 ആധുനിക കാലഘട്ടത്തിൽ, വിശ്വാസം മാറിമറിഞ്ഞ്  സ്നേഹം വറ്റി വരണ്ട്  ദൈവവും മനുഷ്യനും തമ്മിലും  മനുഷ്യർ തമ്മിൽ തമ്മിലും   വിള്ളലുകൾ സൃഷ്ടിക്കപ്പെട്ടു കൊണ്ടിരിക്കുകയാണ്. നഷ്ടപ്പെട്ടതിനെ കണ്ടെത്തി രക്ഷിക്കുവാനായി കടന്നുവന്ന മിശിഹായുടെ ദൗത്യം ഹൃദയത്തിൽ ഏറ്റുവാങ്ങിക്കൊണ്ട്,  നമുക്കു മുൻപേ കടന്നുപോയ വിശുദ്ധാത്മാക്കളുടെ  എരിയുന്ന തീഷ്ണത  ഓരോ സമർപ്പിതരിലും കത്തിജ്വലിക്കട്ടെ. അങ്ങനെ,  ദൈവത്തിനും  മനുഷ്യനും ഇടയിലുള്ള വലിയ മതിലുകൾ  (സമ്പത്ത്, സൗന്ദര്യം, വിശ്വാസമില്ലായ്മ,....) തകർത്ത്  കൂട്ടായ്മയുടെ  കൂടാരം പണിയുവാൻ, സ്നേഹത്തിൻ കരങ്ങൾക്ക്  ചേർക്കുവാൻ അർപ്പിക്കപ്പെട്ട ഓരോ സമർപ്പിതയും ലോകത്തിനുവേണ്ടി, സഭയ്ക്കുവേണ്ടി , മിശിഹായ്ക്ക് വേണ്ടി, ചുമന്ന മേലെങ്കിയും  മുൾക്കിടീരവും ഇനിയും ധരിക്കേണ്ടിയിരിക്കുന്നു.

നമ്മൾ സഹോദരങ്ങൾ എന്ന ചാക്രിക ലേഖനത്തിൽ  ഫ്രാൻസിസ് പാപ്പ പറയുന്നു, ഇനിയും നമ്മളിൽ അന്തർലീനമായി കഴിയുന്ന നന്മകളെ കണ്ടെത്തി മറ്റുള്ളവരിലേക്ക് വിതയ്ക്കുവാൻ  ദൈവം ഓരോരുത്തരെയും അനുഗ്രഹിക്കട്ടെ എന്ന്. അതിനാൽ കരങ്ങൾ ചേർത്തുപിടിച്ചുകൊണ്ട്, കരുണയുടെ മുഖം മറ്റുള്ളവർക്ക് നൽകി, ലോകത്തിന് പ്രകാശവും ഭൂമിയുടെ ഉപ്പുമായി മാറുവാൻ ദൈവം സമർപ്പിതരുടെ പാദങ്ങൾക്ക് ബലം നൽകട്ടെ.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

25 November 2023, 14:18