തിരയുക

അവാലി കത്തീഡ്രൽ ദേവാലയത്തിൽ ഫ്രാൻസിസ് പാപ്പാ കാർമികത്വം വഹിച്ച മതാന്തര പ്രാർത്ഥനാകൂട്ടായ്മ (ഫയൽ ചിത്രം) അവാലി കത്തീഡ്രൽ ദേവാലയത്തിൽ ഫ്രാൻസിസ് പാപ്പാ കാർമികത്വം വഹിച്ച മതാന്തര പ്രാർത്ഥനാകൂട്ടായ്മ (ഫയൽ ചിത്രം)  (AFP or licensors)

അറേബ്യയിലെ രക്തസാക്ഷികളുടെ 1500-ാം വാർഷികത്തിന് ജൂബിലിയുടെ വിശുദ്ധ വാതിൽ തുറന്നു

അറേബ്യയിലെ രക്തസാക്ഷികളുടെ 1500-ാം വാർഷികത്തിന് ജൂബിലിയുടെ വിശുദ്ധ വാതിൽ തുറന്നു. അവാലിയിലെ അറേബിയയുടെ പരിശുദ്ധ അമ്മയുടെ നാമധേയത്തിലുള്ള കത്തീഡ്രലിൽ നടന്ന വിശുദ്ധ കുർബാനയ്ക്ക് വടക്കേ അറേബിയയിലെ അപ്പസ്തോലിക വികാരി മോൺസിഞ്ഞോർ.ആൽദോ ബെരാർദി മുഖ്യകാർമ്മികത്വം വഹിച്ചു.അപ്പസ്തോലിക നുൺഷ്യോ മോൺസിഞ്ഞോർ യൂജിൻ മാർട്ടിൻ ന്യൂജെന്റ് വചനസന്ദേശം നൽകി.

വത്തിക്കാൻ ന്യൂസ്, ഫാ.ജിനു ജേക്കബ്, വത്തിക്കാൻ സിറ്റി

വിശുദ്ധ അരേത്താസിന്റെയും സഹയാത്രികരുടെയും  രക്തസാക്ഷിത്വത്തിന്റെ 1500-ാം വാർഷികത്തോടനുബന്ധിച്ചു അറേബ്യയിലെ അപ്പസ്തോലിക വികാരിയാത്തുകളിൽ അസാധാരണമായ ജൂബിലിക്ക് നവംബർ മാസം നാലാം തീയതി  തുടക്കമായി.

അവാലിയിലെ അറേബിയയുടെ പരിശുദ്ധ അമ്മയുടെ നാമധേയത്തിലുള്ള കത്തീഡ്രലിൽ നടന്ന വിശുദ്ധ കുർബാനയ്ക്ക് വടക്കേ അറേബിയയിലെ അപ്പസ്തോലിക വികാരി മോൺസിഞ്ഞോർ.ആൽദോ ബെരാർദി മുഖ്യകാർമ്മികത്വം വഹിച്ചു.അപ്പസ്തോലിക നുൺഷ്യോ മോൺസിഞ്ഞോർ യൂജിൻ മാർട്ടിൻ ന്യൂജെന്റ് വചനസന്ദേശം നൽകി.തദവസരത്തിൽ വിശുദ്ധ വാതിലും തുറക്കപ്പെട്ടു. ഫ്രാൻസിസ് മാർപാപ്പയുടെ ആശംസകളും, പ്രാർത്ഥനാപൂർവ്വമായ  സാമീപ്യവും നൂൺഷ്യോ എല്ലാവരേയും അറിയിച്ചു.

അറേബിയയിലെ  കത്തോലിക്കാ സമൂഹത്തിന് ഈ ജൂബിലീവർഷം കൃപയുടെയും ആത്മീയ നവീകരണത്തിന്റെയും സമയമാകുമെന്ന് മോൺസിഞ്ഞോർ ന്യൂജെന്റ് എടുത്തു പറഞ്ഞു.വിശുദ്ധ അരേറ്റാസിന്റെയും കൂട്ടാളികളായ  രക്തസാക്ഷികളുടെയും മാതൃക പിന്തുടർന്ന്, എല്ലാ ദിവസവും സ്നേഹത്തിന്റെ സുവിശേഷത്തിന് സാക്ഷ്യം വഹിക്കാനും ജീവിക്കാനും നുൺഷ്യോ ആളുകളെ ആഹ്വാനം ചെയ്തു.

സമാധാനത്തോടും നീതിയോടും സഹിഷ്ണുതയോടും  പ്രതിബദ്ധതയോടും കൂടി ക്രിസ്തുവിന് സാക്ഷ്യം വഹിക്കേണ്ടത് നമ്മുടെ ഉത്തരവാദിത്തമാണെന്നും,നമ്മുടെ വാക്കുകളാലും പ്രവൃത്തികളാലും, നമ്മുടെ ബലഹീനതകളാലും ശക്തികളാലും, രക്തസാക്ഷികളെ ചൈതന്യപ്പെടുത്തിയ അതേ സ്നേഹത്തോടെ ഉയിർത്തെഴുന്നേറ്റവന്റെ സാക്ഷികളായി നാം മാറണമെന്നും മോൺസിഞ്ഞോർ ബെരാർദി തന്റെ സന്ദേശത്തിൽ അടിവരയിട്ടു.

നവംബർ 9 ന്, പ്രാദേശിക സമയം വൈകുന്നേരം 6.00 ന്, ദക്ഷിണ അറേബ്യയിലെ അപ്പസ്തോലിക വികാരി മോൺസിഞ്ഞോർ പൗളോ  മർത്തിനെല്ലി അബുദാബിയിലെ സെന്റ് ജോസഫ് കത്തീഡ്രലിൽ വിശുദ്ധവാതിൽ തുറക്കും. ജൂബിലിയോടനുബന്ധിച്ച് ഈ വർഷം ഒക്ടോബർ 24 മുതൽ 2024 ഒക്ടോബർ 23 വരെ  ഫ്രാൻസിസ് പാപ്പാ ദണ്ഡവിമോചനവും  പ്രഖ്യാപിച്ചിട്ടുണ്ട്. 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

06 November 2023, 12:35