തിരയുക

 പാകിസ്ഥാനിലെ ക്രൈസ്തവ വിശ്വാസികൾ. പാകിസ്ഥാനിലെ ക്രൈസ്തവ വിശ്വാസികൾ.  

പാകിസ്ഥാനിൽ 2023-2024 "അൽമായർ വർഷം"ആചരിക്കും

ക്രിസ്തു രാജന്റെ തിരുനാളായ നവംബർ 26ന് ആരംഭിക്കുന്ന 2023-2024 അജപാലന വർഷം ഇസ്ലാമാബാദ്-റാവൽപിണ്ടി അതിരൂപതയിൽ " അൽമായ വർഷം" ആയി ആചരിക്കും.

സി. റൂബിനി ചിന്നപ്പ൯ സി.റ്റി.സി, വത്തിക്കാ൯ ന്യൂസ്

എല്ലാ ഇടവകകൾക്കും പ്രാദേശിക സഭകൾക്കും  അയച്ച കത്തിലാണ് ഇസ്ലാമാബാദ്- റാവൽപിണ്ടി അതിരൂപത മെത്രാ൯ ജോസഫ് അർഷാദ് 2023-2024 അജപാലന വർഷം അതിരൂപതയിൽ " അൽമായർ വർഷം" ആയി ആചരിക്കുമെന്നറിയിച്ചത്. കൂടുതൽ നീതിയുക്തവും ഒത്തൊരുമയുള്ളതുമായ ഒരു രാഷ്ട്രം കെട്ടിപ്പടുക്കുന്നതിന് കുടുംബത്തിലും ജോലിസ്ഥലത്തും പാകിസ്ഥാൻ സമൂഹത്തിലും സ്വത്വം, വിളി, ദൗത്യം, സാക്ഷ്യം എന്നിവ പ്രോത്സാഹിപ്പിക്കുക എന്നതാണ് "അൽമായർ വർഷം" കൊണ്ട് ഉദ്ദേശിക്കുന്നതെന്ന് കത്തിൽ വിശദീകരിച്ചു

സഭയുടെ സിനഡൽ പ്രക്രിയയുടെ ഫലങ്ങളാൽ സമ്പന്നമായ വിശ്വാസത്തിന്റെ ആധികാരിക അനുഭവത്തിൽ പങ്കെടുക്കാൻ മാമോദീസ സ്വീകരിച്ച എല്ലാവരേയും പ്രോൽസാഹിപ്പിച്ചു കൊണ്ട്  ഈ ആരാധനാ വർഷത്തിൽ, ഓരോ ഇടവകയും, സന്യാസ സ്ഥാപനങ്ങളും, സഭാസ്ഥാപനങ്ങളും, ആരാധനാക്രമ ആഘോഷങ്ങൾ, സമ്മേളനങ്ങൾ, ജീവകാരുണ്യ സംരംഭങ്ങൾ എന്നിവ ക്രിയാത്മകമായി സംഘടിപ്പിക്കണം എന്ന് അദ്ദേഹം നിർദ്ദേശിച്ചു.

സാമൂഹിക സമാധാനത്തിന് സംഭാവന നൽകാൻ കഴിയുന്ന ഒരു ഉപകരണമെന്ന നിലയിൽ ഈ വർഷം സംവാദത്തിലും എല്ലാവരുടെയും, പ്രത്യേകിച്ച് ഏറ്റവും അത്യാവശ്യക്കാരായ ദരിദ്രരുടെ സേവനത്തിലും സഭയുടെ സുവിശേഷ ദൗത്യത്തിൽ അൽമായർക്കുള്ള  സഹ-ഉത്തരവാദിത്തത്തിലും ശ്രദ്ധ കേന്ദ്രീകരിക്കും.

പാകിസ്ഥാനിലെ കത്തോലിക്കാ വിശ്വാസികളുടേത് ഒരു ചെറിയ സമുദായമാണ്. മൊത്തം ജനസംഖ്യയുടെ 1.5% മാത്രമാണെങ്കിലും വിശ്വാസത്തിന്റെ വലിയ ഊർജ്ജസ്വലതയിലും ഗണ്യമായ അൽമായ സാന്നിധ്യത്തിലും ജീവിതസാക്ഷ്യത്തിലും അവർ മുന്നിൽ നിൽക്കുന്നു. മതപരമായ ആചാരങ്ങളെ സംബന്ധിച്ചിടത്തോളം, ഞായറാഴ്ച ശുശ്രൂഷകളിൽ പതിവായി പങ്കെടുക്കുകയും കൂദാശകൾ സ്വീകരിക്കുകയും ആഘോഷിക്കുകയും ചെയ്യുന്ന വിശ്വാസികളുടെ ശതമാനം പ്രാദേശിക കത്തോലിക്കാ ജനസംഖ്യയുടെ ഏകദേശം 70% ആണ്.

ഇസ്ലാമാബാദ്-റാവൽപിണ്ടി അതിരൂപത സാമൂഹിക, വിദ്യാഭ്യാസ, ആരോഗ്യ മേഖലകളിൽ വളരെയധികം പ്രവർത്തനങ്ങൾ  നടത്തുന്നു. സ്കൂളുകളും സ്ഥാപനങ്ങളും ആശുപത്രികളും മറ്റ് ആരോഗ്യ സൗകര്യങ്ങളും എല്ലാ മതവിശ്വാസികൾക്കുമായി തുറന്നിരിക്കുന്നതാണ്.  കൂടാതെ കുട്ടികൾക്കായുള്ള പദ്ധതികൾ, കാർഷിക സഹായ പരിപാടികൾ, അടിയന്തിര സാഹചര്യങ്ങളിലും പ്രകൃതിദുരന്തങ്ങളിലും നടത്തുന്ന സേവന പ്രവർത്തനങ്ങളിലും അൽമായരുടെ  പങ്കാളിത്തം  വളരെ നിർണ്ണായകമാണ്.

പാകിസ്ഥാനിലെ മറ്റ് പ്രദേശങ്ങളിലെന്നപോലെ അതിരൂപതയുടെ വിദൂര പ്രദേശങ്ങളിൽ പുരോഹിതർ അപൂർവ്വമായി അല്ലെങ്കിൽ ഒരിക്കലും എത്താത്ത പ്രദേശങ്ങളിൽ, വിശ്വാസം സജീവമായി നിലനിർത്തുന്നതിന് അൽമായർക്ക് ശുശ്രൂഷാപരിശീലനം നൽകുന്നതിന് ഈ വർഷം പ്രത്യേകം ശ്രദ്ധിക്കും. അടിസ്ഥാന ദൈവശാസ്ത്ര പരിശീലനത്തിനുശേഷം, അൽമായരായ സ്ത്രീകളും പുരുഷന്മാരും അവരുടെ വിശ്വാസം കൈമാറുകയും കൂദാശകൾ സ്വീകരിക്കാനും കുട്ടികളെയും, ചെറുപ്പക്കാരെയും മുതിർന്നവരെയും ആത്മീയ പാതയിൽ അനുഗമിക്കാനും വിശ്വാസികളെ തയ്യാറാക്കുകയും ചെയ്യുന്നു.

സഭാ ജീവിതത്തിലും സമൂഹത്തിലും മിഷനറി തീക്ഷണത പ്രോത്സാഹിപ്പിക്കുന്നതിനായി സഭയുടെ പ്രബോധനങ്ങളുടെ പഠനവും വിചിന്തനവും, പ്രത്യേകിച്ച്  അൽമായർക്കായി 2016ൽ  ഫ്രാൻസിസ് പാപ്പാ നൽകിയ അപ്പോസ്തോലിക പ്രബോധനമായ "ഇവാഞ്ചലി ഗൗദിയും" തുടങ്ങിയവയുടെ പഠനവും വിചിന്തനവും പ്രോത്സാഹിപ്പിക്കുന്നതിന് ഈ വർഷം പ്രത്യേകം ശ്രദ്ധിക്കും. പാകിസ്ഥാനിലെ സാമൂഹിക ഘടനയിലെ വെല്ലുവിളികളെക്കുറിച്ചും വിശ്വാസത്തിന്റെ വ്യക്തിപരമായ സാക്ഷ്യത്തെക്കുറിച്ചും ആശയവിനിമയത്തിന് അവസരം നൽകിക്കൊണ്ട് യുവാക്കളിൽ  പ്രത്യേകം ശ്രദ്ധ കേന്ദ്രീകരിക്കും. കൂടാതെ, വിശ്വാസം വളർത്തുകയും പരിപോഷിപ്പിക്കുകയും ചെയ്യുന്ന തൊട്ടിലായി മാറുന്ന കുടുംബത്തെ പ്രാർത്ഥനയുടെയും ക്രിസ്തീയ സ്നേഹത്തിന്റെയും ഒരു യഥാർത്ഥ വിദ്യാലയമായി കണ്ട് അതിന് ശ്രദ്ധ നൽകുന്ന കുടുംബ അജപാലനത്തിലും ഈ വർഷത്തിൽ പ്രാധാന്യം നൽകും.

43 ദശലക്ഷം നിവാസികളുള്ള ഇസ്ലാമാബാദ്-റാവൽപിണ്ടി അതിരൂപതയിൽ 24 ഇടവകകളിലായി ഏകദേശം 220,000 വിശ്വാസികളുണ്ട്.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

10 November 2023, 15:31