കൂടുതൽ സിറിയൻ അഭയാർത്ഥികൾ ഇറ്റലിയിലെത്തി
മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി
ബെയ്‌റൂട്ടിൽനിന്ന് നാല്പത്തിയാറ് സിറിയൻ അഭയാർത്ഥികൾ കൂടി ഇറ്റലിയിലെത്തിയതായി സന്തേജീദിയോ സമൂഹം അറിയിച്ചു. ലെബനോനിലെ ആക്കാർ പ്രദേശം, ബെക്കാ താഴ്‌വാരം, ബെയ്‌റൂട്ടിന്റെ പ്രാന്തപ്രദേശങ്ങൾ തുടങ്ങിയ ഇടങ്ങളിൽ ഏറെ നാളുകളായി ക്യാമ്പുകളിൽ കഴിഞ്ഞുവന്നിരുന്ന സിറിയക്കാരാണ്, ഒക്ടോബർ ഇരുപത്തിയഞ്ച് ബുധനാഴ്ച രാവിലെ റോമിൽ ഫ്യുമിച്ചീനോയിലുള്ള ലെയൊനാർദോ ദാവിഞ്ചി അന്താരാഷ്ട്രവിമാനത്താവളം വഴി ഇറ്റലിയിലെത്തിയത്.
ഇസ്രായേൽ-പലസ്തീന സംഘർഷത്തിന്റെ കൂടി പശ്ചാത്തലത്തിൽ ലെബനോനിലെ സ്ഥിതിഗതികൾ കൂടുതൽ വഷളായി വരുന്നതിനിടെയാണ് ഈ സിറിയൻ അഭയാർത്ഥികൾക്ക് യൂറോപ്പിലേക്കെത്താൻ സാധിച്ചത്. സന്തെജീദിയോ സംഘടനയും, മറ്റു സഭാസമൂഹങ്ങളും സംഘടനകളും ഇറ്റലിയിലെ ആഭ്യന്തര, വിദേശകാര്യ മന്ത്രാലയങ്ങളുമായി നടത്തിയിട്ടുള്ള കരാറിന്റെ അടിസ്ഥാനത്തിലാണ് മാനവിക ഇടനാഴികൾ വഴി ഇവർക്ക് ഇറ്റലിയിലേക്ക് എത്തുവാനുള്ള വഴിയൊരുങ്ങിയത്.
2016 ഫെബ്രുവരിക്ക് ശേഷം സന്തേജീദിയോ സംഘടനയുടെ മേൽനോട്ടത്തിൽ 2700 ആളുകളെയാണ് ഇറ്റലിയിലെത്തിച്ചത്. മാനവിക ഇടനാഴികൾ വഴി ഈ കാലയളവിൽ 6500 പേരാണ് യൂറോപ്പിലേക്കെത്തിയിട്ടുള്ളത്.
കഴിഞ്ഞ ദിവസമെത്തിയ അഭയാർത്ഥികളെ ഇറ്റലിയുടെ ഏഴ് റീജിയനുകളിലായി വിന്യസിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. ഇവർക്ക് ഭാഷയുൾപ്പെടെയുള്ള വിദ്യാഭ്യാസവും സമൂഹത്തിൽ ഒത്തുചേർന്ന് പോകാനുള്ള പരിശീലനവും, അഭയാർത്ഥി എന്ന നിലയിലുള്ള ഔദ്യോഗിക രേഖകൾ ലഭിച്ചതിന് ശേഷം ജോലിയിടങ്ങളിൽ പ്രവേശനവുമൊരുക്കുമെന്ന് സംഘടന വ്യക്തമാക്കി.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: