തിരയുക

ദൈവപുത്രന്റെ സ്ഥാനമെവിടെ? ദൈവപുത്രന്റെ സ്ഥാനമെവിടെ? 

എളിമയും ഉത്തരവാദിത്വവും സദ്‌ഫലങ്ങളും ആവശ്യപ്പെടുന്ന ദൈവരാജ്യം

ലത്തീൻ ആരാധനാക്രമപ്രകാരം ആണ്ടുവട്ടം ഇരുപത്തിയേഴാം വാരം ഞായറാഴ്ചയിലെ തിരുവചനവായനകളെ അടിസ്‌ഥാനമാക്കിയ വിചിന്തനം. സുവിശേഷഭാഗം - മത്തായി 21, 33-43
സുവിശേഷപരിചിന്തനം Mathew 21, 33-43 - ശബ്ദരേഖ

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി

ദൈവജനമെന്ന പേരിൽ അഭിമാനിക്കുന്ന, ക്രിസ്തുവിന്റെ അനുയായികൾ എന്ന നിലയിൽ രക്ഷ അവകാശമാക്കാൻ വിളിക്കപ്പെട്ടവർ എന്ന് വിശ്വസിക്കുന്ന നമുക്ക്, നമ്മുടെ ജീവിതത്തിൽനിന്ന് ദൈവം ആഗ്രഹിക്കുന്ന സദ്‌ഫലങ്ങൾ ഉളവാക്കാൻ സാധിക്കുന്നില്ലെങ്കിൽ, ദൈവം തന്റെ മക്കളെന്ന നിലയിൽ സ്നേഹിക്കുന്ന നമ്മെ ഏൽപ്പിച്ച ഉത്തരവാദിത്വങ്ങൾ ഭംഗിയായി നിറവേറ്റാൻ സാധിക്കുന്നില്ലെങ്കിൽ ദൈവത്തിന്റെ സംപ്രീതിക്ക് പാത്രമാകാൻ നമുക്ക് സാധിക്കില്ലെന്ന് നമ്മെ ഓർമ്മപ്പിക്കുന്ന ഒരു സുവിശേഷഭാഗമാണ് വിശുദ്ധ മത്തായി ഇരുപത്തിയൊന്നാം അധ്യായത്തിലും വിശുദ്ധ മർക്കോസ് പന്ത്രണ്ടാം അധ്യായത്തിലും വിശുദ്ധ  ലൂക്കാ ഇരുപതാം അധ്യായത്തിലും എഴുതിവച്ചിരിക്കുന്ന മുന്തിരിത്തോട്ടത്തിലെ കൃഷിക്കാരുടെ ഉപമ.

ദേവാലയവും പുരോഹിത-ജനപ്രമാണിമാരും ദൈവവും

യേശു ജെറുസലേം ദേവാലയത്തിൽ പഠിപ്പിച്ചുകൊണ്ടിരിക്കുമ്പോൾ, അവന്റെ അധികാരത്തെ ചോദ്യം ചെയ്‌തുകൊണ്ട്‌ പ്രധാനപുരോഹിതരും  ജനപ്രമാണികളും അവന്റെ അടുത്തെത്തി, നീ എന്ത് അധികാരത്തിലാണ് ഇതൊക്കെ ചെയ്യുന്നത് എന്ന് ചോദിക്കുന്നത് സുവിശേഷങ്ങളിൽ നാം കാണുന്നുണ്ട് (മത്തായി 21, 23, മർക്കോസ് 11, 28, ലൂക്കാ 20, 2). ഈയൊരു പശ്ചാത്തലത്തിലാണ് യേശു രണ്ട് ഉപമകൾ പറയുന്നത്: പിതാവിനോടുള്ള അനുസരണത്താൽ വ്യത്യസ്തരായ രണ്ടു പുത്രന്മാരുടെയും (മത്തായി 21, 28-32), മുന്തിരിത്തോട്ടത്തിലെ കൃഷിക്കാരുടെയും ഉപമകൾ. ദൈവം നട്ടുവളർത്തുന്ന മുന്തിരിത്തോട്ടമായാണ് ഇസ്രായേൽ തങ്ങളെത്തന്നെ കരുതിയിരുന്നത് എന്ന് നമുക്കറിയാം. എൺപതാം സങ്കീർത്തനത്തിൽ ഈയൊരു ചിത്രം നാം കാണുന്നുണ്ട്. ഈജിപ്തിൽനിന്ന് കൊണ്ടുവന്ന് ദൈവം നട്ടുപിടിപ്പിച്ച മുന്തിരിവള്ളിയായാണ് ഇസ്രായേൽ തങ്ങളെക്കുറിച്ച് പറയുക (സങ്കീ. 80, 8). അങ്ങനെ പിതാവായ ദൈവം നട്ടുപിടിപ്പിച്ച മുന്തിരിത്തോട്ടത്തിൽനിന്ന് ഫലം തേടി അയക്കപ്പെട്ട പുത്രനാണ് തങ്ങൾക്ക് മുന്നിൽ നിൽക്കുന്നത് എന്ന തിരിച്ചറിവിലേക്ക് വളരാൻ ഇസ്രായേൽ ജനത്തെ നയിക്കാനായി നിയോഗിക്കപ്പെട്ടവർക്ക് സാധിച്ചില്ല എന്ന് സുവിശേഷവും ചരിത്രവും സാക്ഷ്യപ്പെടുത്തുന്നുണ്ട്. പിതാവിന്റെ ഹിതം നിറവേറ്റാനാകുന്നില്ലെങ്കിൽ, സ്വർഗ്ഗരാജ്യത്തിന് ചേർന്ന ഫലങ്ങൾ പുറപ്പെടുവിക്കാനാകുന്നില്ലെങ്കിൽ തിരഞ്ഞെടുക്കപ്പെട്ട ജനമെന്ന് അഭിമാനിക്കുന്ന അവർക്ക് രക്ഷ അവകാശമായി നേടാനാകില്ലെന്നും, അനുതപിച്ച് ദൈവത്തിലേക്ക് തിരികെ വരികയും അവനിൽ വിശ്വസിക്കുകയും, യഥാകാലം നന്മയുടെ ഫലങ്ങൾ നൽകുകയും ചെയ്യുന്ന മനുഷ്യർക്ക് ദൈവരാജ്യം നൽകപ്പെടുമെന്നും യേശു വളരെ വ്യക്തമായി താക്കീതു നൽകുന്നു.

ദൈവരാജ്യത്തിന്റെ അവകാശികളായ ജനത

മത്തായി, മർക്കോസ്, ലൂക്കാ എന്നീ മൂന്ന് സമാന്തര സുവിശേഷകരിൽ, വിശുദ്ധ മത്തായിയുടെ സുവിശേഷത്തിൽ മാത്രമാണ് "ദൈവരാജ്യം നിങ്ങളിൽ നിന്ന് എടുത്തു ഫലം പുറപ്പെടുവിക്കുന്ന ജനതയ്ക്കു നൽകപ്പെടും" (മത്തായി 21, 43) എന്ന് വ്യക്തമായി എഴുതിച്ചേർത്തിരിക്കുന്നത്. മർക്കോസ്, ലൂക്കാ ശ്ലീഹന്മാരാകട്ടെ, യേശുവിന്  തിരഞ്ഞെടുക്കപ്പെട്ട യഹൂദജനം നൽകാതിരുന്ന അംഗീകാരത്തിന്റെ അഭാവത്തെക്കുറിച്ചാണ് കൂടുതലായി പറയുന്നത്. വിശുദ്ധ മത്തായിയുടെ സുവിശേഷത്തിലെ ക്രിസ്തു പറയുക ഇതാണ്, ഇസ്രായേൽ നിരാകരിച്ച ദൈവരാജ്യം പുതിയൊരു ജനതയ്ക്ക്, പിതാവയച്ച പുത്രനിൽ വിശ്വസിക്കുന്ന ജനതയ്ക്ക്, സഭയ്ക്ക് നൽകപ്പെടും. വീട്ടുടമസ്ഥൻ അയച്ച ഭൃത്യരെയും പുത്രനെയും അടിക്കുകയും, കല്ലെറിയുകയും കൊന്നുകളയുകയും ചെയ്‌ത്‌ മുന്തിരിത്തോട്ടം സ്വന്തമാക്കാമെന്ന് കരുതിയ കൃഷിക്കാരെപ്പോലെ, പിതാവായ ദൈവമയച്ച പ്രവാചകന്മാരെയും, നേതാക്കളെയും, ദൈവപുത്രനായ ക്രിസ്‌തുവിനെത്തന്നെയും ഇല്ലാതാക്കി, ദൈവത്തെ മാറ്റി നിറുത്തി ആ സ്ഥാനം കരസ്ഥമാക്കാമെന്ന്, ഭൂമിയുടെയും ഈ പ്രപഞ്ചത്തിന്റെയും അധിപരായി മാറാമെന്ന് കരുതിയിരിക്കുന്ന മനുഷ്യരോടാണ് ഇന്ന് സുവിശേഷം പറയുക: "ദൈവരാജ്യം നിങ്ങളിൽനിന്ന് എടുത്ത് ഫലം പുറപ്പെടുവിക്കുന്ന ജനതയ്ക്ക് നൽകപ്പെടും" (മത്തായി 21, 43).

ക്രൈസ്തവവിശ്വാസം കൂടുതൽ ഉത്തരവാദിത്വം ആവശ്യപ്പെടുന്നു

ദൈവത്തിന്റെ പ്രവാചകരെയും പുത്രനെയും സ്വീകരിക്കാതിരിക്കുകയും, അവരുടെ താക്കീതുകൾക്ക് ചെവികൊടുക്കാതിരിക്കുകയും, അവരെ ഇല്ലാതാക്കുകയും ചെയ്‌ത ഒരു ജനതയോടും, അവരുടെ ആധ്യാത്മികജീവിതത്തെ നേർവഴിയെ നയിക്കാൻ മറന്ന പ്രധാനപുരോഹിതരോടും, അധികാരത്തിന്റെ യഥാർത്ഥ അവകാശി ദൈവമാണെന്ന സത്യം മറച്ചുവച്ച്, സ്വയം ഉയർത്തുവാൻ ശ്രമിച്ച ജനപ്രമാണികളോടുമാണ് യേശു ഈ ഉപമ പറയുന്നത്. ഉപമയിൽ യേശുവിന്റെ മരണത്തിന്റെ ഇടത്തെക്കുറിച്ച് പോലും പരാമർശമുണ്ട്. മുന്തിരിത്തോട്ടത്തിന് വെളിയിലാണ് പുത്രന്റെ ശരീരം കൃഷിക്കാർ എറിഞ്ഞുകളയുന്നത്. ജെറുസലേം നഗരത്തിന് വെളിയിൽ, ഗോൽഗോഥായിലാണ് യേശു ക്രൂശിക്കപ്പെട്ടതെന്ന് സുവിശേഷങ്ങൾ സാക്ഷ്യപ്പെടുത്തുന്നുണ്ട് (മത്തായി 27, 33; മർക്കോസ് 15, 22; ലൂക്ക 23, 33; യോഹന്നാൻ 19, 17), ഇന്ന് ഈ ഉപമയിലൂടെ സുവിശേഷത്തിലെ ക്രിസ്‌തു പറയുന്നത് ശ്രദ്ധാപൂർവ്വം ശ്രവിക്കാനും, ഇതിന്റെ പൊരുൾ മനസ്സിലാക്കി പ്രവർത്തിക്കാനും ജീവിക്കാനും പുതിയ ഇസ്രയേലെന്ന് അഭിമാനിക്കുന്ന നമുക്കും കടമയുണ്ടെന്ന് മറക്കാതിരിക്കാം. ക്രൈസ്തവരെന്ന പേരിൽ നിങ്ങളും ഞാനും അഭിമാനിക്കുന്നെങ്കിൽ, അത് നമ്മുടെ സ്വർഗ്ഗോന്മുഖമായ ജീവിതത്തെ ആധാരമാക്കിയാകട്ടെ. രക്ഷ അവകാശമായി ലഭിക്കുമെന്ന് നാം പ്രത്യാശ വയ്ക്കുന്നുവെങ്കിൽ, അത് സ്വന്തമാക്കാൻ തക്ക വിശ്വാസജീവിതത്തിന്റെ പ്രവൃത്തികളും സാക്ഷ്യവും നമ്മിലുണ്ടാകട്ടെ. സൗജന്യമായി നമുക്ക് രക്ഷ വാഗ്ദാനം ചെയ്യുന്ന ദൈവം, ഉത്തരവാദിത്വപരമായ വിശ്വാസജീവിതം നമ്മിൽനിന്ന് തിരികെ ആവശ്യപ്പെടുന്നുണ്ടെന്ന് നമുക്ക് മറക്കാതിരിക്കാം. സഭയിലും ജീവിതത്തിലും സത്യവിശ്വാസത്തിനും ദൈവത്തിനും പ്രഥമസ്ഥാനം കൊടുക്കാത്ത, സ്വന്തം ഇഷ്ടങ്ങളനുസരിച്ച് ദൈവവിശ്വാസത്തെപ്പോലും കൈകാര്യം ചെയ്യാൻ ശ്രമിക്കുന്ന ഓരോ മനുഷ്യരോടും ഇന്ന് ക്രിസ്‌തു ആവർത്തിക്കുന്നു: "ദൈവരാജ്യം നിങ്ങളിൽ നിന്ന് എടുത്തു ഫലം പുറപ്പെടുവിക്കുന്ന ജനതയ്ക്കു നൽകപ്പെടും" (മത്തായി 21, 43). ഇസ്രായേൽ ജനത്തിന്റെ വിശ്വാസത്തെ കവച്ചുവയ്ക്കുന്ന ആഴമേറിയ വിശ്വാസത്തോടെ, കുറവുകളുടെയും വീഴ്ചകളുടെയും ഇടയിൽപ്പോലും, ദൈവത്തിന് പ്രഥമസ്ഥാനം നൽകി സ്നേഹിക്കുകയും അവനെ നാഥനായി സ്വീകരിച്ച്, അവന്റെ ഹിതമനുസരിച്ച് ജീവിക്കുകയും ചെയ്യുന്ന ഒരു ജനതയായി മാറാൻ നമുക്ക് സാധിക്കുന്നില്ലെങ്കിൽ, നമ്മുടെ ജീവിതവും സുവിശേഷത്തിലെ പരാജയപ്പെട്ട കർഷകരുടേതിന് തുല്യമായി മാറുമെന്ന് മറക്കാതിരിക്കാം. ദൈവപുത്രനിൽ വിശ്വസിക്കുകയും, ആ വിശ്വാസമനുസരിച്ച് ജീവിക്കുകയും ചെയ്യുന്ന പുതിയ ഇസ്രായേലിന് അവകാശപ്പെട്ടതാണ് ദൈവരാജ്യം. ഈ ദൈവരാജ്യത്തോട് എത്രമാത്രം അടുപ്പവും അകലവുമാണ് നാം പാലിക്കുന്നതെന്ന ഒരു ചിന്ത സുവിശേഷം നമുക്ക് മുൻപിൽ വയ്ക്കുന്നുണ്ട്.

ദൈവത്തോടൊത്തായിരിക്കാൻ നമ്മുടെ കടമ

വിശുദ്ധ പൗലോസ് ഫിലിപ്പിയർക്കെഴുതിയ ലേഖനം നാലാം അധ്യായത്തിൽ സമാധാനത്തിന്റെ ദൈവത്തിനൊപ്പം ആയിരിക്കാൻ എന്താണ് നാം ചെയ്യേണ്ടതെന്നതിനെക്കുറിച്ച് എഴുതുന്നുണ്ട്. പ്രാർത്ഥനയോടെയും അപേക്ഷയിലൂടെയും കൃതജ്ഞതാസ്തോത്രങ്ങളോടെയും നിങ്ങളുടെ യാചനകൾ ദൈവസന്നിധിയിൽ അർപ്പിക്കുക; സത്യവും വന്ദ്യവും നീതിയുക്തവും പരിശുദ്ധവും സ്നേഹാർഹവും സ്തുത്യർഹവും ഉത്തമവും പ്രശംസായോഗ്യവുമായ കാര്യങ്ങളെക്കുറിച്ച് ചിന്തിക്കുക (ഫിലി. 4, 6-9). പഴയ ഇസ്രയേൽ ജനത്തിന്റെ തെറ്റായ മനോഭാവങ്ങളിൽനിന്ന് മാറി, ദൈവം നമ്മെ ഭരമേൽപ്പിച്ച കാര്യങ്ങൾ ഉത്തരവാദിത്വത്തോടെ ചെയ്‌ത്‌, അവന്റെ വിശ്വസ്‌തദാസരായി വേലചെയ്‌ത്‌, നന്മയിലും ദൈവ-സഹോദര-സ്നേഹങ്ങളിലും അടിയുറച്ച ഒരു ജീവിതം നയിച്ച്, ജീവിതത്തിൽ പ്രഥമസ്ഥാനം ദൈവത്തിന് നൽകി, എളിമയോടെ ജീവിക്കാൻ സാധിക്കുമ്പോൾ, സമാധാനത്തിന്റെ ദൈവം, പ്രപഞ്ചനാഥനായ ദൈവം നമ്മോടൊത്തുണ്ടായിരിക്കും, ദൈവത്തിന്റെ തിരഞ്ഞെടുക്കപ്പെട്ട മക്കളെന്ന നിലയിൽ, അവന്റെ രാജ്യത്തിന് നാം അവകാശികളായി മാറുകയും ചെയ്യും. ദൈവഹിതത്തിനു സ്വയം സമർപ്പിച്ച പരിശുദ്ധ അമ്മ, നമ്മുടെ ജീവിതങ്ങളും ദൈവത്തിന് പ്രിയപ്പെട്ടവയായി മാറുവാൻ നമ്മെ സഹായിക്കട്ടെ. ദൈവം നമ്മെ സമൃദ്ധമായി അനുഗ്രഹിക്കട്ടെ.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

07 October 2023, 22:07