ആഗോള സഭാസിനഡും,ധ്യാനാത്മകമായ നിശബ്ദതയും
ഫാ.ജിനു ജേക്കബ്,വത്തിക്കാൻ സിറ്റി
രണ്ടാം വത്തിക്കാൻ കൗൺസിലിനു ശേഷം സാർവത്രിക സഭയുടെ ഭരണത്തിലും പ്രത്യേക ഉപദേശപരവും അജപാലനപരവുമായ വിഷയങ്ങളിൽ പാപ്പായോടു ചേർന്ന് നിന്നുകൊണ്ട് സാർവത്രികസഭയിലെ മെത്രാന്മാരുടെ പ്രതിനിധികളുടെ സമ്മേളനമാണ് മെത്രാന്മാരുടെ സിനഡെന്ന നിലയിൽ 1965 സെപ്റ്റംബർ പതിനഞ്ചാം തീയതി Apostolica Sollicitudo എന്ന മൊത്തു പ്രോപ്രിയോ വഴിയായി പോൾ ആറാമൻ പാപ്പാ സ്ഥാപിച്ചത്. സഭയുടെ ആവശ്യങ്ങൾക്കനുസരിച്ച്, പൊതുനന്മയ്ക്കുവേണ്ടി അനുയോജ്യമെന്ന് തോന്നുന്ന അവസരത്തിൽ പാപ്പാ ഈ സമ്മേളനം വിളിച്ചുകൂട്ടുന്നു.
സിനഡ് അഥവാ സൂനഹദോസ് എന്ന വാക്ക് ഉരുത്തിരിയുന്നത് രണ്ടു ഗ്രീക്ക് വാക്കുകളിൽനിന്നുമാണ്: സിൻ -ഹൊദോസ്. ഇതിനർത്ഥം ഒരുമിച്ചു നടക്കുക എന്നാണ്.വാസ്തവത്തിൽ ഈ അർത്ഥമാണ് സിനഡിനെ മറ്റു പൊതുതലങ്ങളിലുള്ള സമ്മേളനങ്ങളിൽനിന്നും വ്യത്യസ്തവും,വ്യതിരിക്തവുമാക്കുന്നത്. മെത്രാന്മാർക്ക് തങ്ങൾക്കിടയിലും, പാപ്പായോടും ചേർന്ന് നിന്നുകൊണ്ട് ആലോചനകൾ കൊണ്ടും,സഹകരണം മൂലവും പരസ്പരം ആശയങ്ങൾ കൈമാറിക്കൊണ്ട് പൊതുനന്മയെ ലക്‌ഷ്യം വച്ചുകൊണ്ടുള്ള വഴികൾ തുറക്കുവാനും അതുവഴി ഒരുമിച്ചു നടക്കുവാനുമുള്ള ഒരു ഇടം കൂടിയാണ് സിനഡിന്റെ വേദി.
കഴിഞ്ഞ നാളുകളിലെ സിനഡുകൾ, വിശുദ്ധ കുർബാന, ദൈവ വചനം, മധ്യപൂർവേഷ്യയിലെ പ്രശ്നങ്ങൾ, നവസുവിശേഷവത്ക്കരണം, കുടുംബം, യുവജനങ്ങൾ, ആമസോൺ തുടങ്ങിയ വിഷയങ്ങൾ ഇപ്രകാരം തുറന്ന മനസോടെയും, പൊതുചിന്തകളോടെയും ചർച്ച ചെയ്തിട്ടുണ്ട്. എന്നാൽ ഈ സിനഡുകളിൽനിന്നും വ്യത്യസ്തമായി പാപ്പായുടെ ആഴമേറിയ ധ്യാനത്തിൽ ഉരുത്തിരിഞ്ഞുവന്നതാണ് ഈ വർഷത്തെ സിനഡ്.ഏതെങ്കിലും ഒരു പ്രത്യേക പ്രശ്നത്തെ അഭിസംബോധന ചെയ്യുന്നതിനു പകരം, സഭയുടെ യഥാർത്ഥ സവിശേഷതയെ ജീവിതത്തിൽ സ്വാംശീകരിക്കുവാനുള്ള ഒരു വിളിയാണ് ഇത്തവണത്തെ സിനഡ് നമുക്ക് നൽകുക. അതായത് ഇന്നത്തെ ലൗകിക യാഥാർഥ്യങ്ങളിൽ ദൈവത്തിന്റെ വിളിക്കനുസരണം ഒരു സഭയായി മാറുവാൻ നമ്മെത്തന്നെ വിട്ടുകൊടുക്കുക, ഇതാണ് സിനഡിന്റെ ആശയം.
ഇത് ഒരു നിശ്ചിത സമയപരിധിയിൽ ഒതുങ്ങി നിൽക്കുന്ന ഒന്നല്ല, മറിച്ച് എല്ലാ ദൈവജനങ്ങൾക്കും വേണ്ടിയുള്ള മൂന്നു വർഷത്തെ ഒരു സിനഡുപ്രക്രിയയാണ്.ആരെയും ഒഴിവാക്കാതെ എല്ലാവരെയും ചേർത്തുനിർത്തുന്ന സഭയുടെ മാതൃത്വം നിറഞ്ഞ സ്വഭാവമാണ് ഇതിലൂടെ വെളിപ്പെടുന്നത്.മെത്രാന്മാർക്കുപുറമെ മറ്റുള്ളവർക്കും വോട്ടവകാശമുള്ള ഒരു സിനഡെന്ന പ്രത്യേകതയും ഇതിനുണ്ട്.
സിനഡ് എന്നാൽ വത്തിക്കാൻ എന്ന ആശയത്തിന് പകരം സഭ മുഴുവൻ എന്ന ബൃഹത്തും,ഉൾക്കൊള്ളുന്നതുമായ ഒരു സന്ദേശം ലോകത്തിനു നൽകുവാനും ഇത്തവണത്തെ സിനഡ് സഹായിക്കുന്നു.അതിനാൽ വാക്കുകൾക്കുമപ്പുറം ധ്യാനവും, പ്രാർത്ഥനയും, നിശ്ശബ്ദതയുമാണ് സിനഡാലിറ്റിയിന്മേലുള്ള സിനഡിന്റെ അന്തഃസത്ത. വാക്കുകൾ കൊണ്ട് വിസ്മയം തീർത്തുകൊണ്ട് പ്രമാണങ്ങളിൽ മാത്രം ഒതുങ്ങിനിൽക്കാതെ സഭയുടെ ജീവനായ ഐക്യത്തിന്റെ മാറ്റൊലി പ്രായോഗികതലത്തിൽ ഉയർന്നുവരുവാൻ ഈ സിനഡ് എല്ലാവരെയും സഹായിക്കണം.
സിനഡ്: പൊതുയാത്ര
വിശുദ്ധ പത്രോസിന്റെ പിൻഗാമികളായ പാപ്പാമാർ സഭയിൽ എപ്പോഴും ആവർത്തിച്ചാവശ്യപ്പെടുന്ന ഒന്നാണ് ദൈവജനം പൊതുവായ യാത്രയിൽ ചേർന്ന് നിൽക്കേണ്ടവരാണെന്ന്.ഇതിനർത്ഥം എല്ലാവരും ഒരേ ജീവിതസാഹചര്യങ്ങളിൽ ഉള്ളവർ ആയിരിക്കണം എന്നല്ല.മറിച്ച് നാനാത്വത്തിൽ ഏകത്വം എന്ന നിലയിൽ ദൈവരാജ്യം ലക്ഷ്യമാക്കി യാത്ര ചെയ്യുക എന്നതാണ്.വിശുദ്ധ ജോൺ ക്രിസോസ്റ്റം ഓർമ്മിപ്പിക്കുന്നതുപോലെ സഭയുടെ ഒരു പര്യായമാണ് സിനഡ് എന്നത്, കാരണം സഭ ഈ പൊതുയാത്രയെ ഉൾകൊള്ളുന്ന ഒരു യാഥാർഥ്യമാണ്.ലോകമെമ്പാടുമുള്ള ദൈവജനമെന്നത് സ്വർഗം ലക്‌ഷ്യം വച്ചുകൊണ്ടുള്ള തീർത്ഥാടനത്തിലാണെന്ന ആദിമസഭയുടെ കാഴ്ചപ്പാടാണ് ഇന്നും തുടർന്ന് പോരുന്നത്.ഇപ്രകാരം സഭയെ അതിന്റെ ആഴത്തിലുള്ള വേരുകളിൽ ഒരിക്കൽക്കൂടി നവീകരിക്കുന്നതിനുള്ള ഒരു വേദിയാണ് 'സിനഡാലിറ്റി'യിൽ ഊന്നിയുള്ള സിനഡ്.അങ്ങനെ സഭയിൽ കൂടുതൽ ഐക്യപ്പെടുവാനും,ലോകത്തിൽ നമ്മെ ഭരമേല്പിച്ചിരിക്കുന്ന ദൗത്യം പൂർണ്ണമായി നിറവേറ്റുവാനും എല്ലാവരെയും ഓർമ്മിപ്പിക്കുവാനുള്ള ഒരു അവസരം കൂടിയാണ് ഈ സിനഡ്.
സഭയാകുവാനും, സഭാത്മകമായി ചിന്തിക്കുവാനുമുള്ള അവസരം
സഭയെന്ന കാഴ്ചപ്പാടിന് പലപ്പോഴും പുറമെ നിന്ന് അഭിപ്രായം പറയുന്നവരായി മാറുന്ന ഒരു സാമൂഹിക അന്തരീക്ഷത്തിലാണ് സഭയാകുവാനും, സഭാത്മകമായി ചിന്തിക്കുവാനുമുള്ള അവസരം ഈ സിനഡ് നമുക്ക് നൽകുന്നത്. സഭയെന്നത് പൂർണ്ണരായവരുടെ കൂട്ടായ്മയല്ല മറിച്ച് പൂർണ്ണതയിലേക്കുള്ള അപൂർണരായവരുടെ തീർത്ഥാടനം ആണെന്നത്, സാഹോദര്യത്തിന്റെ വലിയ പാഠം ഉൾക്കൊള്ളേണ്ടതിന്റെ ആവശ്യകത നമ്മെ ഓർമ്മിപ്പിക്കുന്നു.ക്രിസ്തുവിന്റെ മൗതീക ശരീരത്തിന് പാപികളായ നമുക്കും വിലപ്പെട്ട സംഭാവനകൾ നൽകാൻ ഉണ്ടെന്ന വസ്തുത ഇത് എടുത്തു കാണിക്കുന്നു.കൂടെയുള്ളവനെ കേൾക്കുവാൻ , അവന്റെ വേദന മനസിലാക്കുവാൻ, അവനോടു ചേർന്ന് നിൽക്കുവാൻ നാം ഒരു സഭയാണ് എന്ന ചിന്ത ഏറെ സഹായകരമാണ്.ഈ ഒരു സംവേദന ക്ഷമത നമ്മിൽ ഊട്ടിയുറപ്പിക്കുവാനുള്ള സമയമാണ് സിനഡിന്റെ ദിവസങ്ങൾ.ഫ്രാൻസിസ് പാപ്പാ ഇപ്രകാരം ഓർമ്മിപ്പിക്കുന്നു: സിനഡൽ സഭയെന്നാൽ കേൾക്കുന്ന സഭയാണ്, ഇത് പരസ്പരമുള്ള ശ്രവണമാണ്. എല്ലാവർക്കും പരസ്പരം എന്തെങ്കിലും പഠിക്കാനുണ്ടാകും. ഒരാൾ മറ്റൊരാളെ ശ്രദ്ധിക്കുമ്പോൾ എല്ലാവരും പൊതുവായി പരിശുദ്ധാത്മാവിനെ ശ്രവിക്കുന്നു. ഇത് നമ്മുടെ സ്വന്തമായ വഴികൾ ഉപേക്ഷിച്ചുകൊണ്ട് സഭയെന്ന നിലയിൽ പൊതുവായ വഴിയിൽ യാത്ര തുടരുവാൻ നമ്മെ സഹായിക്കുന്നു.
പരിശുദ്ധാത്മാവിന്റെ പ്രേരണയാലുള്ള സിനഡ്
സഭയിലുള്ള ഒരുവഴിയും മനുഷ്യനിർമ്മിതമല്ല. മറിച്ചായിരുന്നെങ്കിൽ മണൽപ്പുറത്തു പണിത ഭവനം പോലെ സഭ ആദ്യ വർഷങ്ങളിൽ തന്നെ ശിഥിലമാകുമായിരുന്നു. എന്നാൽ പാറപ്പുറത്തുപണിത ഭവനം പോലെ ഇന്നും രണ്ടായിരം വർഷങ്ങൾക്കു ശേഷവും സഭ ദൃഢമായി മുൻപോട്ടു പോകുന്നുവെങ്കിൽ, നാരകീയശക്തികൾക്ക് തോൽപ്പിക്കുവാൻ സാധിക്കാത്തവിധം പരിശുദ്ധാത്മാവ് എന്ന അടിസ്ഥാനത്തിന്മേൽ സഭ പണിയപ്പെട്ടതും, ആത്മാവിന്റെ പ്രേരണയാൽ സഭ മുൻപോട്ടു പോകുന്നതുകൊണ്ടുമാണ്.സഭയെന്നാൽ സിനഡാണെന്ന വിശുദ്ധ ജോൺ ക്രിസോസ്റ്റത്തിന്റെ വാക്കുകളോട് ചേർത്തുവച്ച് ഇതു വായിക്കുമ്പോൾ, സഭയെ താങ്ങിനിർത്തുന്ന പരിശുദ്ധാത്മാവിന്റെ ശക്തി സിനഡിൽ പ്രതിജ്വലിക്കുമെന്നതിൽ തെല്ലും സംശയം വേണ്ട. ഇതാണ് രാജ്യങ്ങളുടെ അതിർത്തികൾക്കും, സംസ്കാരങ്ങളുടെ വിഭിന്നതയ്ക്കും മുകളിൽ സിനഡിൽ സംബന്ധിക്കുന്ന അംഗങ്ങളുടെ ഹൃദയങ്ങളെ തമ്മിൽ കൂട്ടായ്മയിൽ ചേർത്ത് നിർത്തുന്ന ക്രിസ്തീയ രഹസ്യം. അതിനാൽ സിനഡ് എന്നാൽ പ്രാർത്ഥിക്കുന്ന കൂട്ടായ്മയാണ്.
സിനഡ്: പ്രാർത്ഥിക്കുന്ന സമൂഹം
ചിലപ്പോഴെങ്കിലും സിനഡിനെ ഓരോ രാജ്യത്തെയും ഭരണക്രമത്തിലെ പാർലമെന്റിനോട് ഉപമിക്കാറുണ്ട് .ഭരണ സന്നിഗ്ദ്ധാവസ്ഥകളിൽ ഉത്തരം കാണാതെ വിഷമിക്കുമ്പോൾ മറ്റുള്ളവരുടെ സഹായം തേടുന്ന ഒരു അസംബ്ലി എന്നോണം സിനഡിന്റെ നോക്കിക്കാണുന്ന സമൂഹവും, മാധ്യമപ്രവർത്തകരും പല കാലങ്ങളിലും ഉണ്ടായിട്ടുണ്ട്. എന്നാൽ സിനഡിന്റെ ചൈതന്യം മറ്റൊന്നാണെന്ന് പരിശുദ്ധ പിതാക്കന്മാർ പലപ്പോഴായി നമ്മെ പഠിപ്പിക്കുന്നുണ്ട്. മുൻ അഭിപ്രായങ്ങളുടെ കൂട്ടലും കിഴിക്കലും നടത്തുന്ന ബീജഗണിത കണക്കുകളോ, ടെലിവിഷൻ ഷോയോ, ദി ട്രൂ മാൻ ഷോയോ ഒന്നും അല്ലെന്ന് വത്തിക്കാൻ കമ്മ്യൂണിക്കേഷൻ ഡിക്കസ്റ്ററിയുടെ പ്രീഫെക്ട് പൗളോ റുഫിനി മാധ്യമപ്രവർത്തകരുമായുള്ള കൂടിക്കാഴ്ചയിൽ വ്യക്തമാക്കി. മറിച്ച് സിനഡ് എന്നാൽ സഭയുടെ പൊതുനന്മയ്ക്കുവേണ്ടി ഒരുമിച്ചു പ്രാർത്ഥിക്കുവാനുള്ള സമയമാണ്.വിശ്വാസത്തിലും, കൂട്ടായ്മയിലും,പ്രാർത്ഥനയിലും, നിശ്ശബ്ദതയിലും, ശ്രവണത്തിലും അടിയുറച്ചുനിന്നുകൊണ്ട് ആത്മാവിൽ സന്ദേശങ്ങളെ വിവേചിച്ചറിയുവാനുള്ള ഒരു സമയമാണ് സിനഡ്.അതിനാലാണ് ഫ്രാൻസിസ് പാപ്പാ ഇപ്രകാരം പറഞ്ഞത്: തീരുമാനമെടുക്കുന്ന പ്രക്രിയകൾ പ്രതിസന്ധികളിൽ ആയിരിക്കുമ്പോൾ സഭ അതിനെ മറികടക്കുവാൻ ഒരുൾ കൂടി പ്രാർത്ഥിക്കുന്നു. അതിനാൽ സിനഡാൽ ചിന്തയുടെ രൂപീകരണത്തിന് കാരണമാകുന്ന സഭയുടെ യഥാർത്ഥ ചൈതന്യം മനസിലാക്കുന്നതാണ് ഏറെ പ്രധാനം. ഇതിന് ഏറെ സഹായിക്കുന്ന ഒരു ഘടകമാണ് ധ്യാനാത്മകമായ നിശബ്ദത.
ധ്യാനാത്മകമായ നിശബ്ദത സിനഡിന്റെ ചൈതന്യം
നിശ്ശബ്ദതയെന്നാൽ ഒരാളുടെ ദുർബലതയാണെന്നു വിധിയെഴുതുന്ന ലോകത്തിലാണ് സിനഡിന്റെ ചൈതന്യം ധ്യാനാത്മകമായ നിശബ്ദതയിൽ ആണെന്ന് പറയുന്നത്. നിഷേധാത്മകമായ അർത്ഥത്തിൽ നിശബ്ദത എന്നത് ബാഹ്യമോ ആന്തരികമോ ആയ ശബ്ദത്തിന്റെ അഭാവമാണ്. സംസാരിക്കാനുള്ള വിസമ്മതം, ഭീരുത്വം, സ്വാർത്ഥത അല്ലെങ്കിൽ ഹൃദയ കാഠിന്യം എന്നിവയൊക്കെ നിശബ്ദതയിൽ ഒളിപ്പിച്ചുകൊണ്ട് സ്വന്തം കാര്യം മാത്രം നോക്കി ജീവിക്കുന്ന ആളുകളുടെ നിശബ്ദതയല്ല ധ്യാനാത്മകമായ നിശബ്ദത. മറിച്ച് ഇത് ഒരു സന്യാസ വ്യായാമമാണ്, അത് ഒരു പ്രാർത്ഥനയാണ്.അതിനാൽ പ്രാർത്ഥനയ്ക്ക് തടസ്സമായി നിൽക്കുന്ന എല്ലാറ്റിനെയും നീക്കം ചെയ്യാൻ സഹായിക്കുന്ന ഒരു ഒഴിച്ചുകൂടാനാവാത്ത മാർഗമാണ് നിശബ്ദത. പ്രാർത്ഥനയാകുന്ന ഈ നിശബ്ദതയാണ് നമ്മുടെ സഹോദരങ്ങളെ അവരുടെ ആവശ്യങ്ങളിൽ കണ്ടറിഞ്ഞു സഹായിക്കുവാനുള്ള വഴിയൊരുക്കുന്നതും. സഭയിൽ നമ്മുടെ കൂട്ടായ്മയും, പങ്കാളിത്തവും,ദൗത്യവും തിരിച്ചറിയുവാൻ ഈ ധ്യാനാത്മകമായ നിശബ്ദത അത്യന്താപേക്ഷിതമാണ്.
നിശബ്ദത പ്രാർത്ഥനയുടെ അടയാളം
സിനഡ് എന്നാൽ പ്രാർത്ഥിക്കുന്നവരുടെ സമൂഹം പരിശുദ്ധാത്മാവിന്റെ മധ്യസ്ഥതയിൽ ഒരുമിക്കുന്നു എന്ന് പറയുമ്പോൾ, ബാഹ്യവൽകൃതമായ ആശയങ്ങൾക്കുമപ്പുറം ദൈവത്തിന്റെ സ്വരം ശ്രവിക്കുവാനുള്ള ഒരു വിളിയാണ് സിനഡിൽ ഓരോ ക്രൈസ്തവന്റെയും കടമ. ഇന്നത്തെ ലോകം അടയാളപ്പെടുത്തുന്നതുതന്നെ എത്രമാത്രം സംസാരിക്കുവാനുള്ള കഴിവുണ്ടെന്നതിനെ ആശ്രയിച്ചാണ്. ചിലപ്പോഴെങ്കിലും സംസാരിക്കുവാനുള്ള പരിമിതികളുടെ പേരിൽ മനുഷ്യരെ പുറന്തള്ളുന്ന ഒരു ലോകത്തിന്റെ നടുവിലാണ് നാം ജീവിക്കുന്നത്.ഉപരിപ്ലവമായ ഈ ശൈലിക്ക് നേരെ വിപരീതമായ ആഹ്വാനമാണ് സിനഡാലിറ്റിയെപ്പറ്റിയുള്ള സിനഡ് നമുക്ക് നൽകുന്നത്.നിശബ്ദതയ്ക്കു പഴികേൾക്കേണ്ടി വന്ന ഒരു ദൈവത്തിന്റ മക്കളാണ് നാമെന്ന ബോധ്യം ചിലപ്പോഴെങ്കിലും നാം മറന്നു പോകുന്നുണ്ടോ എന്നത് ഈ സിനഡ് കാലത്ത് വിചിന്തനം ചെയ്യേണ്ടതാണ്. പീലാത്തോസിനു മുൻപിലും, ഹേറോദേസിനു മുൻപിലും യേശു പാലിച്ച നിശബ്ദത, അത് വെറും വാക്കുകളുടെ അഭാവമായിരുന്നില്ല, മറിച്ച് വരാനിരിക്കുന്ന രക്ഷയ്ക്കുവേണ്ടിയുള്ള പ്രാർത്ഥനയായിരുന്നു. അത് അസത്യത്തിന്റെ നിശ്ശബ്ദതയായിരുന്നില്ല മറിച്ച് സത്യത്തിന്റെ ശക്തിയേറിയ സന്ദേശമായിരുന്നു.ഈ നിശബ്ദതയാണ് സിനഡിന്റെ അവസരത്തിൽ ഫ്രാൻസിസ് പാപ്പാ എല്ലാവരോടും അഭ്യർത്ഥിക്കുന്നത്.
സിനഡ് യേശുവിന്റെ നിശ്ശബ്ദതയിലുള്ള ഒരു കണ്ടുമുട്ടൽ
ലോകത്തിന്റെ പലകോണുകളിൽനിന്നുള്ള ആശയങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള ഒരു രാഷ്ട്രീയ ചർച്ചയല്ല സിനഡ്. മറിച്ച് രണ്ടായിരം വർഷങ്ങൾക്കു മുൻപ് തന്റെ കൂടെ ആയിരിക്കുവാനും, തന്റെ വചനം പ്രസംഗിക്കുവാനും അയച്ച ക്രിസ്തുവിന്റെ ജീവിതചൈതന്യം അരക്കിട്ടുറപ്പിക്കുവാനുള്ള സമയമാണ് സിനഡ്.നിശബ്ദതയിൽ തന്റെ പിതാവിനോടൊപ്പം പ്രാർത്ഥനയിൽ ചിലവഴിച്ച യേശുവിന്റെ മാതൃകയാണ് സിൻഡിന്റെയും ചൈതന്യം. രാത്രിയിലും, വിജനമായ സ്ഥലങ്ങളിലേക്കും പ്രാർത്ഥനയ്ക്കായി പിൻവാങ്ങിയ യേശു, തന്മൂലമാണ് കുരിശിലൂടെ നമുക്ക് രക്ഷ നൽകിയത്.
പഴയ നിയമത്തിൽ അമലേക്യരുമായുള്ള യുദ്ധത്തിൽ ഇസ്രയേലിനെ ശത്രുവിന്റെ കരങ്ങളിൽ നിന്നും രക്ഷിച്ചതും നിശബ്ദതയിൽ കൈകളുയർത്തിയുള്ള മോശയുടെ നിശബ്ദമായ പ്രാർത്ഥനയാണ്. തന്റെ പരസ്യ ജീവിതകാലമായ മൂന്നു വർഷങ്ങൾക്കു മുൻപ് മുപ്പതു വർഷം നിശബ്ദതയിൽ യേശു ജീവിച്ചതും അവന്റെ ബലഹീനതയായിരുന്നില്ല മറിച്ച് തന്റെ സമൂഹത്തെ ബലപ്പെടുത്തുവാനുള്ള പ്രാർത്ഥനയായിരുന്നു. എലിസബത്തിന്റെ അടുക്കലേക്ക് യേശുവിനെയും വഹിച്ചുകൊണ്ട് പരിശുദ്ധ കന്യകാമറിയം കടന്നുചെല്ലുമ്പോൾ നിശബ്ദതയിൽ യേശുവിന്റെ സാന്നിധ്യം ഉദരത്തിൽ കിടന്ന സ്നാപകയോഹന്നാനെ സന്തോഷിപ്പിച്ചുവോ അതുപോലെ, ഈ സിനഡിൽ നിശബ്ദമായ പ്രാർത്ഥനയോടെയുള്ള ഓരോരുത്തരുടെയും ഭാഗഭാഗിത്വം സഭയുടെ വിശ്വാസ വളർച്ചയിൽ ഏറെ പങ്കുവഹിക്കുമെന്നതിൽ തുലോം സംശയമില്ല.
അതിനാൽ ദൈവവുമായുള്ള കണ്ടുമുട്ടലിന്റെ ഒരു വ്യവസ്ഥയായ നിശബ്ദതയിൽ, സിനഡിന്റെ യാഥാർത്ഥചൈതന്യം കാണുവാൻ നമുക്ക് സാധിക്കട്ടെ. ശബ്ദങ്ങളുടെ കോലാഹലങ്ങൾ സൃഷ്ടിക്കുന്ന ആശയക്കുഴപ്പങ്ങൾക്കു പകരം പ്രാർത്ഥനയുടെ നിശബ്ദത ജനിപ്പിക്കുന്ന സാഹോദര്യത്തിന്റെ കൂട്ടായ്മ ഈ സിനഡിൽ പ്രതിഫലിക്കട്ടെ.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: