തിരയുക

റാഞ്ചി മുൻ അതിരൂപതാധ്യക്ഷൻ കർദ്ദിനാൾ ടെലസ്ഫോർ പ്ലാസിദുസ് തോപ്പോ - ഫയൽ ചിത്രം റാഞ്ചി മുൻ അതിരൂപതാധ്യക്ഷൻ കർദ്ദിനാൾ ടെലസ്ഫോർ പ്ലാസിദുസ് തോപ്പോ - ഫയൽ ചിത്രം 

കർദ്ദിനാൾ ടെലസ്ഫോർ പ്ലാസിദുസ് തോപ്പോ നിര്യാതനായി

റാഞ്ചി മുൻ അതിരൂപതാധ്യക്ഷനായ കർദ്ദിനാൾ ടെലസ്ഫോർ പ്ലാസിദുസ് തോപ്പോ ഒക്ടോബർ 4 ബുധനാഴ്ച നിര്യാതനായി.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി

പ്രായാധിക്യസംബന്ധമായ രോഗങ്ങൾ മൂലം കഴിഞ്ഞ കുറച്ചു മാസങ്ങളായി ആശുപത്രിയിലായിരുന്ന റാഞ്ചി മുൻ അതിരൂപതാദ്ധ്യക്ഷൻ കർദ്ദിനാൾ ടെലസ്ഫോർ പ്ലാസിദുസ് തോപ്പോ ഒക്ടോബർ നാല് ബുധനാഴ്ച നിര്യാതനായി. അദ്ദേഹത്തിന്റെ നിര്യാണത്തോടെ കർദ്ദിനാൾ തിരുസംഘത്തിലെ അംഗങ്ങളുടെ എണ്ണം 241 ആയി കുറഞ്ഞു.

1975 മുതൽ 1984 വരെ ദുംക രൂപതയുടെ മെത്രാനായും 1985 മുതൽ 2018 വരെ റാഞ്ചി അതിരൂപതാധ്യക്ഷനായും സേവനമനുഷ്ഠിച്ച കർദ്ദിനാൾ തോപ്പോ, 2001 മുതൽ 2004 വരെയും 2011 മുതൽ 2013 വരെയും ഭാരത ലത്തീൻ മെത്രാൻസംഘത്തിന്റെ പ്രസിഡന്റായും 2004 മുതൽ 2008 വരെ ഭാരത കത്തോലിക്കാ മെത്രാൻ സംഘത്തിന്റെ പ്രസിഡന്റായും സേവനമനുഷ്ഠിച്ചിരുന്നു.

1939 ഒക്ടോബർ 15-ന് ഗുംല ജില്ലയിലെ ചൈൻപുർ ഇടവകയിൽ ആംബ്രോസ് തോപ്പോ, സോഫിയ ക്സൽസോ എന്നീ കർഷക ദമ്പതികളുടെ പത്തു മക്കളിൽ എട്ടാമനായി ജനിച്ച അദ്ദേഹം റോമിലെ ഉർബാനിയാന യൂണിവേഴ്സിറ്റിയിലെ ദൈവശാസ്ത്രപഠനത്തിന് ശേഷം 1969 മെയ് 8-നാണ് പുരോഹിതനായി അഭിഷേകം ചെയ്യപ്പെട്ടത്.

1978 ജൂൺ 8-ന് ദുംക രൂപതാധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ട അദ്ദേഹം അതേവർഷം ഒക്ടോബർ 7-ന് മെത്രാഭിഷേകം സ്വീകരിച്ചു. 1984 നവംബർ 8-ന് വിശുദ്ധ ജോൺ പോൾ രണ്ടാമൻ പാപ്പാ അദ്ദേഹത്തെ റാഞ്ചി അതിരൂപതയുടെ പിന്തുടർച്ചാവകാശമുള്ള അതിരൂപതാധ്യക്ഷനായി നിയമിച്ചു. 2003 ഒക്ടോബർ 21-ന് പരിശുദ്ധ പിതാവ് അദ്ദേഹത്തെ കർദ്ദിനാൾ തിരുസംഘത്തിൽ ചേർത്തു. ഈ നിലയിലേക്കുയർന്ന ഏഷ്യയില്നിന്നുള്ള ആദ്യ ഗോത്രവർഗ്ഗക്കാരനാണ് അദ്ദേഹം.

ബെനഡിക്ട് പതിനാറാമൻ പാപ്പായെ തിരഞ്ഞെടുത്ത 2005 ഏപ്രിൽ മാസത്തിലെ കോൺക്ലേവിലും ഫ്രാൻസിസ് പാപ്പായെ തിരഞ്ഞെടുത്ത 2013 മാർച്ചിലെ കോൺക്ലേവിലും അദ്ദേഹം സംബന്ധിച്ചിട്ടുണ്ട്.

ദേശീയ, ആഗോളതലങ്ങളിൽ പ്രധാനപ്പെട്ട വിവിധ സേവനങ്ങൾ നൽകിയിട്ടുള്ള അദ്ദേഹത്തിന്റെ മരണം ഭാരതകത്തോലിക്കാസഭയ്ക്കും ആഗോള കത്തോലിക്കാസഭയ്ക്കും ഒരു വൻ നഷ്ടമാണ്.

കർദ്ദിനാൾ തോപ്പോയുടെ നിര്യാണത്തോടെ 241 ആയി കുറഞ്ഞ കർദ്ദിനാൾ തിരുസംഘത്തിൽ ഇപ്പോൾ പാപ്പായെ തിരഞ്ഞെടുക്കാനുള്ള വോട്ടവകാശമുള്ള 136 കർദ്ദിനാൾമാരും വോട്ടവകാശമില്ലാത്ത 105 പേരുമാണുള്ളത്.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

05 October 2023, 16:11