തിരയുക

കർദ്ദിനാൾ പിയർബത്തിസ്ത  പിറ്റ്സബാല്ല കർദ്ദിനാൾ പിയർബത്തിസ്ത പിറ്റ്സബാല്ല   (REUTERS)

ഗാസയിൽ നടത്തുന്ന ബോംബാക്രമണം പരിഹാരമാർഗ്ഗമല്ല:കർദിനാൾ പിറ്റ്സബാല്ല

ജറുസലേമിലെ ലത്തീൻ പാത്രിയർക്കീസ് കർദ്ദിനാൾ പിയർബത്തിസ്ത പിറ്റ്സബാല്ല വത്തിക്കാൻ മാധ്യമവിഭാഗത്തിനു അനുവദിച്ച അഭിമുഖസംഭാഷണവേളയിൽ, നീതീകരിക്കാൻ സാധിക്കാത്ത തരത്തിലുള്ള ഹമാസ് തീവ്രവാദികളുടെ അക്രമത്തെക്കുറിച്ചും, ഗാസയിലെ സാധാരണ ജനങ്ങൾ അനുഭവിക്കുന്ന ദുരിതപൂർണ്ണമായ ജീവിതത്തെക്കുറിച്ചും സംസാരിച്ചു.

ഫെദെറീക്കോ പ്യാന ,ഫാ.ജിനു ജേക്കബ്,വത്തിക്കാൻ സിറ്റി

ഇസ്രായേലിൽ ഹമാസ് തീവ്രവാദികൾ നടത്തിയ നരനായാട്ടിനെ തുടർന്നുണ്ടായ ഇസ്രായേൽ-പലസ്തീൻ സംഘർഷം തീവ്രമായി തുടരുന്ന  സാഹചര്യത്തിൽ ഇസ്രായേലിലെയും, പാലസ്തീനയിലെയും പ്രത്യേകമായി ഗാസയിലെയും സാധാരണ ജനങ്ങൾ അനുഭവിക്കുന്ന യാതനാപൂർണ്ണമായ ജീവിതത്തെക്കുറിച്ചു ജറുസലേമിലെ ലത്തീൻ പാത്രിയർക്കീസ്  കർദ്ദിനാൾ പിയർബത്തിസ്ത  പിറ്റ്സബാല്ല  വത്തിക്കാൻ മാധ്യമവിഭാഗത്തിനു അനുവദിച്ച അഭിമുഖസംഭാഷണവേളയിൽ ഹൃദയവ്യഥയോടെ സംസാരിച്ചു.

നീതികരിക്കുവാൻ സാധിക്കാത്ത ഹമാസിന്റെ അക്രമങ്ങൾക്ക് പരിഹാരം കാണുവാൻ രണ്ടു ദശലക്ഷത്തോളം വരുന്ന ഗാസയിലെ  സാധാരണ ജനങ്ങളെ പട്ടിണിക്കിടുന്നത് ന്യായീകരിക്കുവാൻ സാധിക്കില്ലെന്നും അതിനാൽ മാനുഷിക ഇടനാഴികൾ തുറക്കുവാനുള്ള സാഹചര്യങ്ങൾ എത്രയും വേഗം ഉണ്ടാകണമെന്നും കർദ്ദിനാൾ അഭ്യർത്ഥിച്ചു.

തനിക്ക് ഏല്പിക്കപ്പെട്ടിരിക്കുന്ന അജഗണത്തിൽ പലസ്തീനക്കാരും,ഇസ്രായേൽക്കാരും ഉണ്ട്.രണ്ടു കൂട്ടരെയും ഈ ഒരു സാഹചര്യത്തിൽ ചേർത്തുനിർത്തുക എന്നത് ഏറെ ശ്രമകരമായ ഒന്നാണ്.രണ്ടുകൂട്ടർക്കും വേണ്ടി സംസാരിക്കുന്നതും ഏറെ വിഷമകരമാണ്, പാത്രിയർക്കീസ് പറഞ്ഞു.എങ്കിലും തന്നാൽ സാധിക്കും വിധം സമാധാനത്തിനുവേണ്ടി പരിശ്രമിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഗാസയെ കുറിച്ചുള്ള തന്റെ ആശങ്കയും, ദുഃഖവും അദ്ദേഹത്തിന്റെ വാക്കുകളിൽ നിഴലിച്ചിരുന്നു.  സ്ത്രീകളും,കുട്ടികളും ഉൾപ്പെടെ അയ്യായിരത്തിലധികം നിരപരാധികളാണ് ഗാസയിൽ യുദ്ധത്തിന്റെ ഇരകളായി കൊല്ലപ്പെട്ടത്.ബാക്കിയുള്ള സാധാരണക്കാരായ ആളുകൾക്ക് വെള്ളമോ,ഭക്ഷണമോ, വൈദ്യുതിയോ ഒന്നും ലഭിക്കാൻ സായാഹചര്യമില്ലാത്തതുകൊണ്ട്, മരണസമമായ ജീവിതമാണ് അവർ നയിക്കുന്നതെന്ന് കർദിനാൾ അടിവരയിട്ടു.അതിനാൽ തീവ്രവാദം പിഴുതെറിയുവാൻ, സാധാരക്കാരെ ബുദ്ധിമുട്ടിലാക്കുന്ന ബോംബാക്രമണം ഒരു പരിഹാരത്തിലേക്കും നയിക്കില്ലായെന്നും കർദിനാൾ പറഞ്ഞു.

മാനുഷിക ഇടനാഴികൾ തുറക്കുവാനുള്ള അഭ്യർത്ഥനയാണ് പാത്രിയാർക്കീസ് മുൻപോട്ടു വയ്ക്കുന്നത്.ഗാസ മുനമ്പിന്റെ പൂർണ്ണമായ അടച്ചുപൂട്ടൽ മൂലം ഏകദേശം രണ്ട് ദശലക്ഷം ആളുകളാണ്  ഇപ്പോൾ അടിസ്ഥാന ആവശ്യങ്ങളില്ലാതെ കുടുങ്ങിക്കിടക്കുന്നത്.ആ രണ്ട് ദശലക്ഷം ആളുകളും ഹമാസിന്റെ അനുയായികളല്ല എന്ന യാഥാർഥ്യവും കർദിനാൾ വെളിപ്പെടുത്തുന്നു. ഈ ആളുകൾക്ക് സഭ വഴിയായി നൽകുന്ന സഹായങ്ങളും അദ്ദേഹം എടുത്തു പറഞ്ഞു.മാനുഷിക സംഘടനകൾ മുഖേന ദൈനംദിനമുള്ള ആവശ്യങ്ങൾ നിറവേറ്റുവാൻ താൽക്കാലികമായെങ്കിലും സാധിക്കുന്നത് വലിയ കാര്യമാണെന്നും കർദിനാൾ കൂട്ടിച്ചേർത്തു.

ഹമാസിന്റെ കൈകളിലെ ഇസ്രായേലി ബന്ദികളുടെ മോചനത്തിനായുള്ള മധ്യസ്ഥശ്രമങ്ങൾ ത്വരിതപ്പെടുത്തുന്നത് ഗാസയുടെ ഭാവിക്ക് അത്യന്താപേക്ഷിതമാണെന്നും പാത്രിയാർക്കീസ് പറഞ്ഞു.അതിനാൽ എല്ലാ തരത്തിലും സമാധാനം പുനഃസ്ഥാപിക്കുവാനുള്ള ശ്രമങ്ങൾ തുടരണം, അദ്ദേഹം അടിവരയിട്ടു പറഞ്ഞു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

25 October 2023, 13:39