പോളണ്ട് മെത്രാ൯ സമിതി അധ്യക്ഷ൯: പോളണ്ടുകാർ യഹൂദരെ രക്ഷിക്കുന്നതിന്റെ പ്രതീകമാണ് ഉൽമാ കുടുംബം
സി. റൂബിനി ചിന്നപ്പ൯ സി.റ്റി.സി, വത്തിക്കാ൯ ന്യൂസ്
രണ്ടാം ലോകമഹായുദ്ധസമയത്ത് ജൂതന്മാരെ രക്ഷിച്ച പോളണ്ടുകാരുടെ പ്രതീകമായി ഉൽമ കുടുംബം മാറി," എന്ന് പോളണ്ട് മെത്രാ൯ സമിതി അധ്യക്ഷ൯ ആർച്ച് ബിഷപ്പ് സ്റ്റാനിസ്ലാവ് ഗെഡെക്കി വത്തിക്കാൻ റേഡിയോയോടും വത്തിക്കാൻ ന്യൂസിനോടും പറഞ്ഞു. വാഴ്ത്തപ്പെട്ടവരായി ഉയർത്തപ്പെടുന്ന പ്രഖ്യാപനം കത്തോലിക്കാ- യഹൂദ ബന്ധത്തെ കൂടുതൽ ആഴത്തിലാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
യഹൂദരെ നാസ്സികളിൽ നിന്ന് ഒളിപ്പിച്ചതിന് 1944 മാർച്ച് 24 ന് ജർമ്മൻകാർ ഉൽമ കുടുംബത്തെ വധിച്ചത് ആർച്ച് ബിഷപ്പ് ഗെഡെക്കി വിശദീകരിച്ചു. മാതാപിതാക്കളും ഏഴ് മക്കളുമാണ് കൊല്ലപ്പെട്ടത്. അപൂർവമായ ഒന്നായിരുന്നു ഈ ദാരുണ സംഭവം. സഭയുടെ ചരിത്രത്തിൽ ഇതുവരെ ഉണ്ടായിട്ടില്ലാത്ത ഒന്നാണ് ഒരു കുടുംബത്തെ മുഴുവൻ വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്കുയർത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു.
ഏത് സാഹചര്യത്തിലും, സഹായം ആവശ്യമുള്ളപ്പോൾ, ഒരു മനുഷ്യൻ മറ്റൊരാളോടു പുലർത്തേണ്ട തുറന്ന സമീപനത്തെ ഇത് സൂചിപ്പിക്കുന്നുവെന്ന് പറഞ്ഞ ആർച്ച് ബിഷപ്പ് സഹായം നൽകിയാൽ ജീവന് ഭീഷണിയുണ്ട് എന്നറിഞ്ഞിട്ടും ഉൽമാകുടുംബം യഹൂദരെ സഹായിക്കുകയായിരുന്നുവെന്ന് വ്യക്തമാക്കി.
"ഗ്രാമത്തിൽ നിന്ന് കുറച്ച് അകലെയാണ് താമസിച്ചിരുന്നതെങ്കിലും, നിരവധി ആളുകൾക്ക് അവരുടെ വീടിന്റെ മട്ടുപ്പാവിൽ അഭയം നൽകിയതിനെ ചൂണ്ടികാണിച്ച ആർച്ച് ബിഷപ്പ് ജർമ്മൻകാർ ഉയർത്തിയിരുന്ന വലിയ അപകടത്തെ ഈ കുടുംബം മനസ്സിലാക്കിയിരിക്കണം. ഉൽമാ കുടുംബത്തിലെ കുഞ്ഞുങ്ങൾക്ക് ഈ സാഹചര്യം പൂർണ്ണമായി മനസ്സിലായിരുന്നിരിക്കില്ല; അബദ്ധവശാൽ തെറ്റായ ആളുകളോടു പറഞ്ഞിരിക്കാം. സ്റ്റോറിൽ നിന്ന് വലിയ അളവിൽ ഭക്ഷണം വാങ്ങേണ്ടി വന്നതും പുറത്തുള്ളവരുടെ ശ്രദ്ധ ആകർഷിച്ചിരിക്കാം. ആർച്ച് ബിഷപ്പ് വിശദീകരിച്ചു.
ഉൽമാ കുടുംബം മാത്രമല്ല യഹൂദരെ ഒളിപ്പിച്ചതെന്നത് ശ്രദ്ധേയമാണ്. മറ്റുള്ളവരും അവരെ സഹായിച്ചു. ഈ ഗ്രാമത്തിൽ 21 പേരാണ് അതിജീവിച്ചത്. പ്രദേശത്തെ മുഴുവൻ വാസികൾക്കിടയിലും ഐക്യദാർഢ്യം ഉണ്ടായിരുന്നു, അദ്ദേഹം ചൂണ്ടിക്കാട്ടി.
പോളിഷ് പാരമ്പര്യത്തിൽ വേരൂന്നിയിരുന്ന കത്തോലിക്കാ വിശ്വാസവും ക്രൈസ്തവ സ്നേഹവും മൂലമാണ് ഉൽമകൾ മറ്റുള്ളവർക്കായി ജീവൻ പണയപ്പെടുത്തിയതെന്ന് ആർച്ച് ബിഷപ്പ് ഗെഡെക്കി അഭിപ്രായപ്പെട്ടു. ഗർഭധാരണം മുതൽ സ്വാഭാവിക മരണം വരെ എല്ലാ ജീവജാലങ്ങളോടുമുള്ള അവരുടെ ആദരവ് അവരുടെ പ്രവർത്തി എടുത്തുകാണിക്കുന്നു. ഓരോ ജീവനും സംരക്ഷിക്കപ്പെടണമെന്ന് അവർക്ക് അറിയാമായിരുന്നു, അതിനായി അവർ ആത്യന്തിക ത്യാഗം ചെയ്തു, "അദ്ദേഹം കൂട്ടിച്ചേർത്തു.
പോളണ്ടിലെ സ്ഥിതി മറ്റ് രാജ്യങ്ങളുമായി താരതമ്യപ്പെടുത്താനാവാത്തതായിരുന്നു; ജൂതന്മാരെ സഹായിച്ചതിന് പോളണ്ടുകാർ വധശിക്ഷ നേരിട്ടു. കുപ്രസിദ്ധമായ മനോഭാവങ്ങളും പ്രവൃത്തികളും ഉണ്ടായിരുന്നുവെന്ന് വ്യക്തമാണ്. എന്നിരുന്നാലും, മറ്റുള്ളവരെ സഹായിക്കാൻ ജീവൻ പണയപ്പെടുത്തിയവരുടെ ധീരതയെ മറയ്ക്കാൻ ഇവയ്ക്ക് കഴിയില്ല. അവസാനം, സമൂഹത്തിന്റെ അളവുകോൽ ചില കുറ്റവാളികൾ ചെയ്യുന്നതല്ല, മറിച്ച് മാന്യന്മാരുടെ പ്രവൃത്തികളാണ്, "അദ്ദേഹം ഊന്നിപ്പറഞ്ഞു.
ഉൽമാ കുടുംബത്തിന്റെ വിശുദ്ധീകരണം കത്തോലിക്കാ- യഹൂദ ബന്ധം കൂടുതൽ ആഴത്തിലാക്കാനും പോളണ്ടുകാരും യഹൂദ ജനതയും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്താനും സഹായിക്കുമെന്നും അദ്ദേഹം ഉറപ്പിച്ചു പറഞ്ഞു. "വിശുദ്ധ ജോൺ പോൾ രണ്ടാമനെ സംബന്ധിച്ചിടത്തോളം ഇത് നിർണ്ണായക വിഷയങ്ങളായിരുന്നു. യഹൂദ കുട്ടികളും കൂടി പഠിക്കുന്ന ഒരു സ്കൂളിലാണ് അദ്ദേഹം വളർന്നത്. കൂടാതെ, പിന്നീടുള്ള വർഷങ്ങളിൽ അദ്ദേഹത്തിന് ധാരാളം യഹൂദ പരിചയക്കാരും സുഹൃത്തുക്കളും ഉണ്ടായിരുന്നു. പാപ്പാ എന്ന നിലയിലും അദ്ദേഹം അവരെ കണ്ടുമുട്ടി. അതിനാൽ, കത്തോലിക്കാ- യഹൂദ സംവാദങ്ങളോടുള്ള പ്രതിബദ്ധത അദ്ദേഹത്തിന്റെ പൊന്തിഫിക്കേറ്റിൽ ഞങ്ങൾ കണ്ടു, പോളണ്ട് മെത്രാ൯ സമിതി അധ്യക്ഷ൯ ആർച്ച് ബിഷപ്പ് സ്റ്റാനിസ്ലാവ് ഗെഡെക്കി പറഞ്ഞു.
1944 മാർച്ച് 24ന് നാസ്സി പോലീസ് സംഘം പോളണ്ടിലെ പ്രാന്തപ്രദേശമായ മർക്കോർവയിലുള്ള അവരുടെ വീടു വളയുകയും ഉൽമാ കുടുംബത്തിന്റെ കൃഷിയിടത്തിൽ അഭയം തേടിയിരുന്ന എട്ട് യഹൂദരെ കണ്ടെത്തുകയുമായിരുന്നു. അവരെ വധിച്ച ശേഷം നാസ്സി പോലീസുകാർ ഏഴ് മാസം ഗർഭിണിയായിരുന്ന വിക്റ്റോറിയയെയും യോസെഫിനെയും വധിച്ചു. കുട്ടികൾ തങ്ങളുടെ മാതാപിതാക്കളെ വധിച്ചതു കണ്ട് മുറവിളിയിടാൻ തുടങ്ങിയതോടെ സ്റ്റാനിസ്ലാവ (8), ബാർബര (7), വ്ലാഡിസ്ലാവ് (6), ഫ്രാൻസിസെസ്ക് (4) ആൻതോണി (3), മരിയ (2) എന്നിവരേയും വെടിവച്ചു കൊന്നു.
ആധുനിക വിശുദ്ധീകരണ നടപടികളിൽ ഇതുവരെ കാണാത്ത ഒന്നാണ് സെപ്റ്റംബർ 10ന് നടക്കുന്ന ഉൽമാ കുടുംബത്തിന്റെത്. മാതാവ് ഉദരത്തിൽ വഹിച്ചിരുന്ന കുഞ്ഞുൾപ്പെടെ ഒരു കുടുംബം മുഴുവനും, വിശുദ്ധ പദവിയിലേക്കാനയിക്കുന്ന ഈ അപൂർവ്വമായ വാഴ്ത്തപ്പെടുത്തൽ രണ്ടാം ലോക മഹായുദ്ധത്തിൽ അവർ പീഡനത്തിൽ നിന്ന് എട്ട് യഹൂദർക്ക് അഭയം നൽകി സംരക്ഷിച്ചതിന്റെ സാക്ഷ്യമാണ്.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: