ആഗോള സിനഡിന് പ്രാർത്ഥനയുമായി യുവജനങ്ങൾ ലെബനനിൽ
ഫാ.ജിനു ജേക്കബ്,വത്തിക്കാൻ സിറ്റി
സമാധാനം, യുദ്ധങ്ങളുടെ അവസാനം, സൃഷ്ടിയുടെ പരിപാലനം, സിനഡിൽ പരിശുദ്ധാത്മാവിന്റെ പ്രവർത്തനം തുടങ്ങിയ നിയോഗങ്ങൾ മുൻനിർത്തി മിഡിൽ ഈസ്റ്റിലെ വിവിധ സഭകളിൽപ്പെട്ട യുവജനങ്ങൾ, ലെബനനിലെ ജെബെയിൽ (ബൈബ്ലോസ്) പ്രാർത്ഥിക്കാൻ ഒത്തുകൂടി.
ലെബനീസ് പൊന്തിഫിക്കൽ മിഷൻ സൊസൈറ്റികളുടെയും (പിഎംഎസ്) തായ്‌സെ കമ്മ്യൂണിറ്റിയുടെയും നേതൃത്വത്തിലാണ് ഈ എക്യൂമെനിക്കൽ പ്രാർത്ഥനാസമ്മേളനം സംഘടിപ്പിച്ചത്.
സെപ്തംബർ പതിനാറ് ശനിയാഴ്ചയാണ് ഈ പ്രാർത്ഥനാകൂട്ടായ്മ നടന്നത്.'ഒരുമിച്ച്' (together) എന്ന പേരിലാണ് പ്രാർത്ഥനാസമ്മേളനം നടത്തിയത്.ഒരു ദിവസം മുഴുവൻ ദൈവ വചന പഠനവും, ധ്യാനവും പ്രാർത്ഥനകളുമൊക്കെയായി ഏകദേശം അഞ്ഞൂറോളം യുവജനങ്ങളാണ് പ്രാർത്ഥനാകൂട്ടായ്മയിൽ പങ്കെടുത്തത്.
വിവിധ ആരാധനാക്രമ പാരമ്പര്യങ്ങളുടെ സ്തുതിഗീതങ്ങൾ ജാഗ്രതയുടെ "പ്രാരംഭമായി" ആലപിച്ചു.ജാഗരണ പ്രാർത്ഥനയ്ക്ക് മുന്നോടിയായി യുവജനങ്ങൾ ജെബെയിൽ തുറമുഖത്ത് ബോട്ടിൽ എത്തിയ യേശുവിന്റെ കുരിശിനെ സ്വീകരിക്കുകയും, അവിടെ നിന്നും പ്രദക്ഷിണമായി സെന്റ് ജോൺ ആൻഡ് മാർക്ക് കത്തീഡ്രൽ പാർക്കിലെ എക്യൂമെനിക്കൽ വേദിയിലേക്ക് കുരിശുരൂപം സംവഹിക്കപ്പെടുകയും ചെയ്തു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: