പാക്കിസ്ഥാൻ: ജരൺവാലയിലെ ക്രൈസ്തവദേവാലയം വീണ്ടും തുറന്നു
മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി
പാക്കിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിലെ ഫൈസലാബാദിലുള്ള ജരൺവാലയിൽ ഇസ്ലാം മതവിശ്വാസികൾ അഗ്നിക്കിരയാക്കിയ ക്രൈസ്തവദേവാലയം ഭാഗികമായി തുറന്ന് വിശുദ്ധ ബലിയുൾപ്പെടെയുള്ള കൂദാശകൾ ആരംഭിച്ചു. ഓഗസ്റ്റ് 16-ന് നടന്ന ആക്രമണത്തിൽ നിരവധി വീടുകളും ആൾക്കൂട്ടം നശിപ്പിച്ചിരുന്നു.
രാജാ ആമിർ എന്നയാളും സഹോദരനും ഖുറാന്റെ താളുകൾ കീറി ഇസ്ലാം മതവികാരം വ്രണപ്പെടുത്തി എന്ന് ആരോപിച്ച് ഇരുനൂറോളം വരുന്ന ജനക്കൂട്ടം അവിടുത്തെ ക്രൈസ്തവദേവാലയം അഗ്നിക്കിരയാക്കുകയും മുന്നൂറോളം ക്രൈസ്തവഭവനങ്ങൾ ആക്രമിക്കുകയും ചെയ്തിരുന്നു.
സംഭവം രാജ്യത്തൊട്ടാകെ ചെറുതല്ലാത്ത പ്രതികരണങ്ങൾ ഉയർത്തിയിരുന്നു. പാക്കിസ്ഥാൻ താൽക്കാലിക പ്രധാനമന്ത്രി അൻവർ ഉൽ ഹഖ്, ലാഹോർ ആർച്ച്ബിഷപ് അഭിവന്ദ്യ സെബാസ്റ്റ്യൻ ഷോ, ഫൈസലാബാദ് രൂപതാധ്യക്ഷൻ അഭിവന്ദ്യ ഇന്ദ്രിയാസ് റഹ്മത്, പാകിസ്ഥാൻ മെത്രാൻസമിതിയുടെ നീതിക്കും സമാധാനത്തിനുമായുള്ള കമ്മീഷൻ അധ്യക്ഷൻ ബിഷപ് ജോസഫ് അർഷാദ് തുടങ്ങിയവർ അക്രമങ്ങൾക്കിരകളായവരെ സന്ദർശിക്കുകയും ഐക്യദാർഢ്യം പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. മുൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫും സംഭവത്തെ അപലപിച്ചിരുന്നു.
ജരൺവാല ഇടവകയിലെ വിശുദ്ധ യോഹന്നാന്റെ നാമത്തിലുള്ള ചാപ്പലാണ് ഇപ്പോൾ തുറന്നിട്ടുള്ളത്. എന്നാൽ അവിടെയുള്ള മറ്റൊരു ചാപ്പലും (നസ്രായനായ യേശു) സെന്റ് പോൾസ് ഇടവകദേവാലയവും ഇപ്പോഴും തുറക്കാനായിട്ടില്ലെന്നും ഫൈസലാബാദ് രൂപതാ വൈദികനായ ഫാ. ഖാലിദ് മുഖ്‌താർ അറിയിച്ചു. സർക്കാരിന്റെ സഹായത്തോടെ ഇടവകദേവാലയത്തിന്റെ പുനർനിർമ്മാണം പുരോഗമിക്കുകയാണെന്നും, പ്രദേശത്തുള്ള ക്രൈസ്തവർ തങ്ങളുടെ ഭവനങ്ങൾ വീണ്ടും താമസയോഗ്യമാക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ ഇടവകയിലെ കുട്ടികൾ ഇനിയും സ്കൂളുകളിൽ പോകുന്നത് പുനഃരാരംഭിച്ചിട്ടില്ലെന്നും ഫാ. മുഖ്‌താർ അറിയിച്ചു. ഇടവകയിലെ 700 കുടുംബങ്ങളിൽ 300 എണ്ണവും അക്രമങ്ങളിൽപ്പെട്ടിരുന്നു.
സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തുന്ന പോലീസ് പറയുന്നതനുസരിച്ച്, വ്യക്തിപരമായ തർക്കം മൂലം ക്രൈസ്തവരായ മൂന്ന് പേർ രാജാ അമീർ എന്നയാളോടും സഹോദരനോടുമുള്ള വൈരാഗ്യം മൂലം, വ്യാജ മതനിന്ദ കേസ് ഉണ്ടാക്കുവാൻ വേണ്ടി ഖുറാന്റെ പേജുകൾ അവരുടെ വീടിന് പുറത്ത് ഇടുകയായിരുന്നു. മൂവരെയും പോലീസ് അറസ്റ്റ് ചെയ്തതായി ഫാ. മുഖ്‌താർ പറഞ്ഞു.
പാക്കിസ്ഥാനിലെ നിലവിലുള്ള നിയമവ്യവസ്ഥ അനുസരിച്ച് ഇസ്ലാമിനെതിരെ മതനിന്ദാക്കുറ്റം നടത്തിയാൽ ജീവപര്യന്തമോ വധശിക്ഷയോ വരെ ലഭിക്കാം. നിരവധി അക്രമങ്ങൾക്കും ആൾക്കൂട്ടക്കൊലപാതകങ്ങൾക്കും ഇത്തരം ആരോപണങ്ങൾ കാരണമായേക്കാം.
ഫീദെസ് വാർത്താ ഏജൻസിയാണ് ഇതുസംബന്ധിച്ച വിവരങ്ങൾ നൽകിയത്.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: