തിരയുക

ഏഴല്ല, ഏഴ് എഴുപത് പ്രാവശ്യം - ക്ഷമിക്കുവാൻ പഠിപ്പിക്കുന്ന യേശു ഏഴല്ല, ഏഴ് എഴുപത് പ്രാവശ്യം - ക്ഷമിക്കുവാൻ പഠിപ്പിക്കുന്ന യേശു 

ക്ഷമിക്കുന്ന സ്നേഹത്തിൽ വെളിവാക്കപ്പെടുന്ന ക്രൈസ്തവവിശ്വാസം

ലത്തീൻ ആരാധനാക്രമപ്രകാരം ആണ്ടുവട്ടം ഇരുപത്തിനാലാം ഞായറാഴ്ചയിലെ തിരുവചനവായനകളെ അടിസ്‌ഥാനമാക്കിയ വിചിന്തനം. സുവിശേഷഭാഗം - മത്തായി 18, 21-30
സുവിശേഷപരിചിന്തനം Mathew 18, 21-30 - ശബ്ദരേഖ

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി

ദൈവവിശ്വാസം ക്ഷമ ആവശ്യപ്പെടുന്നു എന്നും, മറ്റുള്ളവരോട് ദയയോടെയും കരുണയോടെയും പെരുമാറുന്നവർക്കാണ് സ്വന്തം ജീവിതത്തിൽ ദയയും കരുണയും പ്രതീക്ഷിക്കാനാകൂ എന്നുമുള്ള സന്ദേശങ്ങൾ ഉൾക്കൊള്ളുന്ന ഒരു സുവിശേഷഭാഗമാണ് മത്തായിയുടെ സുവിശേഷം പതിനെട്ടാം അധ്യായം ഇരുപത്തിയൊന്ന് മുതലുള്ള തിരുവചനങ്ങൾ. ശിഷ്യപ്രമുഖനായ പത്രോസാണ് "തന്നോട് തെറ്റ് ചെയ്യുന്ന സഹോദരനോട് എത്ര പ്രാവശ്യം ക്ഷമിക്കണം? ഏഴു പ്രാവശ്യമോ?" (മത്തായി 18, 21) എന്ന് യേശുവിനോട് ചോദിക്കുന്നത്. ഈ സുവിശേഷഭാഗത്തിന്റെ മുൻപായി യേശു ഒരുവൻ തന്റെ സഹോദരനെ എപ്രകാരമാണ് തിരുത്തേണ്ടത് എന്നതിനെക്കുറിച്ച് ശിഷ്യന്മാരെ പഠിപ്പിക്കുന്നുണ്ട്. സഹോദരൻ നിന്റെ തിരുത്തൽ സ്വീകരിക്കുന്നില്ലെങ്കിൽ, ഒന്നോ രണ്ടോ സാക്ഷികളെ കൂട്ടി പോയി അവരുടെ സാന്നിദ്ധ്യത്തിൽ സഹോദരനെ തിരുത്താനും, അവരെയും അനുസരിക്കുന്നില്ലെങ്കിൽ സഭയോട് പറയാനും, സഭയെയും അനുസരിക്കുന്നില്ലെങ്കിൽ, അവനെ വിജാതീയനെപ്പോലെയും ചുങ്കക്കാരനെപ്പോലെയും കണക്കാക്കുവാനും അനുവദിച്ച യേശു എന്നാൽ ഇവിടെ പത്രോസിന്റെ ചോദ്യത്തിന് മറുപടിയായി പറയുന്നു; "ഏഴെന്നല്ല, ഏഴ് എഴുപതു പ്രാവശ്യം എന്ന് ഞാൻ നിന്നോട് പറയുന്നു" (മത്തായി 18,22).

താൻ കടന്നുപോകാനിരിക്കുന്ന പീഡാനുഭവത്തെക്കുറിച്ചും, അതുവഴി മനുഷ്യർക്ക് രക്ഷയ്ക്ക് കാരണമാകുന്ന തന്റെ ജീവത്യാഗത്തെക്കുറിച്ചുമൊക്കെ യേശു ഇതിന് മുൻപേ തന്നെ തന്റെ ശിഷ്യരോട് പറഞ്ഞിരുന്നു എന്ന് മത്തായിയുടെ സുവിശേഷം പതിനേഴാം അധ്യായത്തിൽ നാം കാണുന്നുണ്ട്. അങ്ങനെ വ്യത്യസ്തമായ ഒരു യുക്തിയെക്കുറിച്ചാണ്, ക്രിസ്തു തന്റെ ശിഷ്യരോട് പറയുന്നത്. പിതാവായ ദൈവത്തിന്റെ ക്ഷമിക്കുന്ന സ്നേഹത്തെക്കുറിച്ച്, മനുഷ്യപാപങ്ങൾക്ക് പരിഹാരബലിയായി സ്വജീവൻ നൽകുവാൻ പോകുന്ന ക്രിസ്തുവിന് പറയാനുള്ളത് വിശുദ്ധ ഗ്രന്ഥത്തിൽ പലയിടങ്ങളിലും ആവർത്തിക്കപ്പെടുന്ന ക്ഷമയെക്കുറിച്ചുള്ള സന്ദേശമാണ്.

പഴയനിയമത്തിൽ പ്രഭാഷകന്റെ പുസ്തകം ഇരുപത്തിയെട്ടാം അധ്യായത്തിന്റെ ആദ്യഭാഗത്ത് തെറ്റുകൾ ക്ഷമിക്കുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ച് പ്രതിപാദിക്കപ്പെടുന്നത് നാം കാണുന്നുണ്ട്. "അയൽക്കാരന്റെ തിന്മകൾ ക്ഷമിച്ചാൽ നീ പ്രാർത്ഥിക്കുമ്പോൾ നിന്റെ പാപങ്ങളും ക്ഷമിക്കപ്പെടും. അയൽക്കാരനോട് പക വച്ചുപുലർത്തുന്നവന് കർത്താവിൽനിന്നു കരുണ പ്രതീക്ഷിക്കാമോ?" (പ്രഭാ. 28, 2-3). അങ്ങനെ പഴയനിയമത്തിൽനിന്നുതന്നെ ക്ഷമയുടെ പ്രാധാന്യത്തെക്കുറിച്ച് വായിച്ചറിഞ്ഞിട്ടുള്ള പത്രോസുൾപ്പെടെയുള്ള യഹൂദജനത്തോടാണ് യേശു നിർദ്ദയനായ ഭൃത്യന്റെ ഉപമ പറയുന്നത്. രണ്ടു സേവകർ; യജമാനൻ തന്റെ വലിയ കടം ഇളച്ചുതന്ന അനുഭവത്തിന്റെ ചൂടാറും മുൻപേ, തന്റെ സഹസേവകന്റെ ചെറിയ കടം ഇളച്ചുകൊടുക്കാൻ മനസ്സുകാണിക്കാത്ത, അവന്റെ കഴുത്തു പിടിച്ചു ഞെരിക്കുന്ന, അവനെ കാരാഗൃഹത്തിലടയ്ക്കുന്ന നിർദ്ദയനായ ഭൃത്യൻ. എന്നാൽ എല്ലാത്തിനും സാക്ഷികളായിരുന്ന മറ്റു സേവകർ യജമാനനുമുൻപിൽ സാക്ഷ്യപ്പെടുത്തിയതനുസരിച്ച്, തന്റെ സഹസേവകനെ കാരാഗൃഹത്തിലടച്ച നിർദ്ദയനായ ആ സേവകനെ യജമാനനും കാരാഗൃഹത്തിലടയ്ക്കുന്നു. തന്റെ സഹസേവകനെയും സഹോദരതുല്യം കണക്കാക്കി, താൻ അനുഭവിച്ച ക്ഷമയുടെ അനുഭവത്തിന്റെ വെളിച്ചത്തിൽ, താനും അവനോട് ക്ഷമിക്കുകയും, കാരുണ്യം കാണിക്കുകയും ചെയ്യേണ്ടിയിരുന്നു എന്ന വിവേകപൂർണ്ണമായ ചിന്ത അവനില്ലാതെപോയി. ഈയൊരു ഉപമയുടെ ഒരു പ്രത്യേകത നാം മറന്നു പോകരുത്. വലിയ ഒരു കടമാണ് നിർദ്ദയനായ സേവകന് യജമാനൻ ഇളച്ചു കൊടുത്തത്: പതിനായിരം താലന്തുകൾ. വിശുദ്ധ മത്തായിയുടെ സുവിശേഷം ഇരുപത്തിയഞ്ചാം അദ്ധ്യായത്തിൽ സ്വർഗ്ഗരാജ്യത്തെക്കുറിച്ച് പറഞ്ഞുകൊണ്ട്, തന്റെ ഭൃത്യന്മാർക്ക് അഞ്ചും രണ്ടും ഒന്നും താലന്തുകൾ വീതം നൽകിയ ശേഷം യാത്രയാകുന്ന ഒരുവനെക്കുറിച്ച് അവിടെ യേശു പഠിപ്പിക്കുന്നുണ്ട്. ഇവിടെ ഇതാ പതിനായിരം താലന്തുകൾ ഇളച്ചുകൊടുക്കപ്പെട്ട ഒരുവൻ, താലന്തിനേക്കാൾ വളരെ ചെറിയ, വെറും നൂറ് ദനാറകൾ മാത്രം കടം വാങ്ങിയവനെ കാരാഗൃഹത്തിലടയ്ക്കുന്നു.

"ഞാൻ നിന്നോട് കരുണ കാണിച്ചതുപോലെ നീയും നിന്റെ സഹസേവകനോട് കരുണ കാണിക്കേണ്ടതായിരുന്നില്ലേ?" (മത്തായി 18, 32) ഉപമയിലെ യജമാനന്റെ ഈ വാക്കുകൾ ഓരോ ക്രൈസ്തവനുമെന്നല്ല, ലോകത്തുള്ള, വിശ്വാസികളാകട്ടെ, അവിശ്വാസികളാകട്ടെ, ഓരോ മനുഷ്യരോടുമുള്ള ദൈവത്തിന്റെ ചോദ്യമാണ്. മറ്റുള്ളവരോട് നന്മ പ്രവർത്തിക്കാതെ, അവരിൽനിന്ന് നന്മ പ്രതീക്ഷിക്കാനോ, കരുണ കാട്ടാതെ, കരുണയ്ക്കായി ആഗ്രഹിക്കാനോ ശ്രമിക്കുമ്പോൾ, മാനുഷികമായ രീതിയിൽ ചിന്തിച്ചാൽ പോലും, സ്വന്തം ബുദ്ധിയെ പണയപ്പെടുത്തുന്ന, സ്വയം ഭോഷരാകുന്ന വ്യക്തിത്വങ്ങളായി മാറുകയല്ലേ നാം?

ക്രൈസ്തവരെന്ന നിലയിൽ, വിശുദ്ധ പൗലോസ് റോമക്കാർക്കെഴുതിയ ലേഖനത്തിന്റെ പതിനാലാം അദ്ധ്യായത്തിൽ നമ്മെ ഓർമ്മിപ്പിക്കുന്നത് നമുക്ക് മറക്കാതിരിക്കാം. നാമാരും നമുക്കുവേണ്ടി മാത്രമല്ല ജീവിക്കുന്നതും മരിക്കുന്നതും. നാം വിശ്വാസം മൂലം കർത്താവിനു വേണ്ടി, അവനിലുള്ള പ്രത്യാശയോടെ, ദൈവം ജീവിതത്തിന് നൽകുന്ന അമൂല്യമായ അർത്ഥവും വിലയും മനസ്സിലാക്കി, ജീവിക്കുന്നു, മരിക്കുന്നു. അങ്ങനെയെങ്കിൽ ക്ഷമയെയും കരുണയെയും കുറിച്ചുള്ള യേശുവിന്റെ ഈ വാക്കുകൾക്ക് വിശ്വാസികൾ എന്ന നിലയിൽ നമ്മുടെ ഓരോരുത്തരുടെയും ജീവിതത്തിൽ വളരെ പ്രധാനപ്പെട്ട ഒരു സ്ഥാനമുണ്ടാകണം. ക്ഷമിക്കുവാനും സ്നേഹിക്കുവാനും പഠിപ്പിച്ച, പാപത്തിൽ മുഴുകി മരണത്തിന്റെ ആഴത്തിലകപ്പെട്ട മനുഷ്യർക്ക് പരിഹാരബലിയായി സ്വജീവനേകുന്ന, ഒരു ദൈവത്തിന് മുൻപിൽ വിശ്വാസികൾ എന്ന നിലയിൽ എപ്രകാരമാണ് നാം ജീവിക്കേണ്ടത്?

ലോകം പലപ്പോഴും നമുക്ക് കാണിച്ചു തരുന്നത് ക്ഷമയുടെയും കരുണയുടെയും സ്നേഹത്തിന്റെയും പാഠങ്ങളല്ല. എത്രയോ ഇടങ്ങളിലാണ്, രാജ്യങ്ങൾ രാജ്യങ്ങൾക്കെതിരെ യുദ്ധങ്ങൾ, ഈ പുരോഗമിക്കപ്പെട്ടതെന്നു കരുതുന്ന കാലത്തും നടത്തുന്നത്? അവിശ്വാസികൾ വിശ്വാസികളെയോ, അക്രൈസ്തവർ ക്രൈസ്തവരെയോ മാത്രമല്ല, ക്രൈസ്തവർ ക്രൈസ്തവരെതന്നെ ഇല്ലാതാക്കുന്ന എത്രയോ ഇടങ്ങളാണ് ലോകത്തുള്ളത്? സംഘർഷങ്ങളുടെയും അക്രമങ്ങളുടെയും കൊലപാതകങ്ങളുടെയും ഒക്കെ കഥകൾ നമ്മുടെ ചെവികളിൽ സാധാരാണ വാർത്തകളായി മാറുന്നില്ലെ? എവിടെയാണ് സഹോദരാ നിന്റെ മാനവികത? ദൈവത്തിന് മുൻപിൽ കരുണ യാചിച്ച്, അനുഗ്രഹങ്ങൾ പ്രാർത്ഥിച്ച് മുട്ടിൽ നിൽക്കുന്ന നിന്നിൽ എവിടെയാണ് ദൈവം നൽകിയ സാഹോദര്യമൂല്യങ്ങളും ദൈവികസ്നേഹവും കരുണയും?

തന്നോട് പാപം ചെയ്യുന്നവനോട് എത്രവട്ടം ക്ഷമിക്കണമെന്ന ചോദ്യത്തിന് പത്രോസിന് യേശു നൽകുന്ന ഉത്തരമിതാണ്, ഏഴ് എഴുപത് പ്രാവശ്യം, അതായത്, അതിരുകളില്ലാതെ, അളവുകളില്ലാതെ, പരിധികളും വ്യവസ്ഥകളുമില്ലാതെ ക്ഷമിക്കുക. വിശുദ്ധ ലൂക്കായുടെ സുവിശേഷം പതിനേഴാം അധ്യായത്തിൽ ശിഷ്യർക്ക് ഉപദേശങ്ങൾ കൊടുക്കുന്നതിനിടെയും യേശു ഇത് ആവർത്തിക്കുന്നുണ്ട്: "ദിവസത്തിൽ ഏഴു പ്രാവശ്യം അവൻ നിനക്കെതിരായി പാപം ചെയ്യുകയും ഏഴു പ്രാവശ്യവും തിരിച്ചുവന്ന്, ഞാൻ പശ്ചാത്തപിക്കുന്നു എന്ന് പറയുകയും ചെയ്‌താൽ നീ അവനോടു ക്ഷമിക്കണം" (ലൂക്കാ 17, 4).

നിർദ്ദയനായ ഭൃത്യനെക്കുറിച്ചുള്ള ഉപമയുടെ അവസാന തിരുവചനം നമ്മുടെ ജീവിതത്തിൽ ഏറെ വിചിന്തനത്തിന് വിധേയമാക്കേണ്ട, എന്നും എല്ലായ്‌പ്പോഴും മനസ്സിൽ സൂക്ഷിക്കേണ്ട ഒന്നാണ്: "നിങ്ങൾ സഹോദരനോട് ഹൃദയപൂർവ്വം ക്ഷമിക്കുന്നില്ലെങ്കിൽ എന്റെ സ്വർഗ്ഗസ്ഥനായ പിതാവ് നിങ്ങളോടും ഇതുപോലെ തന്നെ പ്രവർത്തിക്കും" (മത്തായി 18, 30). എന്നോടും നിങ്ങളോടും പിതാവായ ദൈവം കാണിച്ച, കാണിച്ചുകൊണ്ടിരിക്കുന്ന ക്ഷമയും കരുണയും അന്ത്യവിധിനാളിലും നമ്മോടൊത്തുണ്ടാകണമെങ്കിൽ, അവൻ നമ്മോട് ക്ഷമിച്ചതുപോലെ നാമും, നമ്മോട് തെറ്റ് ചെയ്‌ത നമ്മുടെ സഹോദരങ്ങളോട് ക്ഷമിക്കേണ്ടിയിരിക്കുന്നു. ദൈവത്തിന്റെ കരുണ സ്വജീവിതത്തിൽ പ്രാവർത്തികമാക്കാൻ സാധിക്കാത്തവർ യഥാർത്ഥത്തിൽ ദൈവത്തെ അറിയുകയോ, മനസ്സിലാക്കുകയോ, നാഥനായി സ്വീകരിക്കുകയോ ചെയ്‌തിട്ടില്ലെന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു. നമ്മുടെ ജീവിതത്തിന്റെ ഓരോ ദിനങ്ങളെയും ഈ സുവിശേഷവചനങ്ങളുടെ വെളിച്ചത്തിൽ പരിശോധിക്കുകയും, നമ്മോട് അനന്തമായി കരുണ കാട്ടുന്ന, മക്കളായി സ്നേഹിക്കുന്ന ദൈവത്തിന്റെ കരുണയും സ്നേഹവും ക്ഷമയും ജീവിതത്തിൽ സ്വന്തമാക്കുകയും പ്രാവർത്തികമാക്കുകയും ചെയ്യാം. ദൈവം നമ്മിലും, നമ്മിലൂടെയും നിരന്തരം തന്റെ കരുണ വർഷിക്കട്ടെ.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

16 September 2023, 10:33