തിരയുക

യേശുവും കാനാൻകാരിയും യേശുവും കാനാൻകാരിയും 

അനുഗ്രഹങ്ങൾ പിടിച്ചുവാങ്ങുന്ന അതുല്യവും ശക്തവുമായ വിശ്വാസം

സീറോ മലബാർ സഭാ ആരാധനാക്രമത്തിൽ ഏലിയാ-സ്ലീവാ-മൂശാക്കാലത്തിലെ അഞ്ചാം ഞായറാഴ്ചയിലെ വിശുദ്ധഗ്രന്ഥവായനകളെ അടിസ്ഥാനമാക്കിയ വിചിന്തനം.
സുവിശേഷപരിചിന്തനം Mathew 15, 21-28 - ശബ്ദരേഖ

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി

വിശുദ്ധ മത്തായിയും മർക്കോസും രേഖപ്പെടുത്തുന്ന ഒരു വിശ്വാസസാക്ഷ്യമാണ് കാനാൻകാരിയുടെ ശക്തമായ വിശ്വാസവും അതിലൂടെ അവൾ നേടുന്ന വലിയ അനുഗ്രഹങ്ങളും. വിശുദ്ധ മത്തായിയുടെ സുവിശേഷം പതിനഞ്ചാം അദ്ധ്യായം ഇരുപത്തിയൊന്ന് മുതൽ ഇരുപത്തിയെട്ട് വരെയുള്ള വാക്യങ്ങളിൽ കാണുന്ന ഈ സുവിശേഷഭാഗം കുറച്ചു വ്യത്യസ്തമായാണ് മർക്കോസിന്റെ സുവിശേഷം ഏഴാം അധ്യായത്തിന്റെ ഇരുപത്തിനാലു മുതൽ മുപ്പത് വരെയുള്ള തിരുവചനങ്ങളിൽ നാം കാണുക. മത്തായി കാനാൻകാരി എന്ന് വിളിക്കുന്ന ഈ സ്ത്രീ ഒരു സീറോ ഫിനിഷ്യൻ സ്ത്രീയാണെന്ന് മർക്കോസ് എഴുതുന്നു. മത്തായിയുടെ സുവിശേഷത്തിലെ യേശു, കാനാൻകാരിയായ ഈ സ്ത്രീയുടെ അപേക്ഷ കേട്ടെങ്കിലും മറുപടി കൊടുക്കാതിരിക്കുകയും ശിഷ്യന്മാരുടെ ഇടപെടലിന് ശേഷവും അവൾക്ക് അനുഗ്രഹം നൽകാതിരിക്കുകയും ചെയ്യുന്നുണ്ട്.

ഇസ്രായേലിന് പുറത്തേക്ക് എത്തുന്ന ദൈവസാന്നിദ്ധ്യം

ഇരു സുവിശേഷങ്ങളും ഈ ഒരു സംഭവം ടയിർ പ്രദേശത്താണ് നടന്നത് എന്ന് വ്യക്തമാക്കുന്നുണ്ട്. യഹൂദരുടെ ഇടയിൽ, ജെറുസലേമിലും യൂദയായിലുമൊക്കെ സഞ്ചരിച്ച് സുവിശേഷം അറിയിക്കുകയും രക്ഷയുടെ അനുഭവം വെളിപ്പെടുത്തുകയും ചെയ്യുന്ന ക്രിസ്‌തു, ഇസ്രായേൽ ജനത്തിന്റെ നാട്ടിൽ എത്തി തന്നോട് അപേക്ഷിക്കുന്ന വിജാതീയരായ ആളുകൾക്ക് അനുഗ്രഹങ്ങൾ നൽകുന്നത് നാം കാണുന്നുണ്ട്. എന്നാൽ ഇവിടെ യഹൂദരുടെ നഗരത്തിൽനിന്ന് വിജാതീയരുടെ ടയിർ ദേശത്തേക്ക് രക്ഷകൻ കടന്നു ചെല്ലുന്നു. തിരഞ്ഞെടുക്കപ്പെട്ട ജനത്തിന്റെ രക്ഷയ്ക്കായി കടന്നുവന്ന ദൈവം എന്നതിൽനിന്ന്, തന്റെ ആട്ടിൻപറ്റത്തിന് പുറത്തേയ്ക്കും രക്ഷയുടെ സാദ്ധ്യതകൾ തുറന്നിടുന്ന, വിജാതീയരെ അവരുടെ മണ്ണിൽ ചെന്ന് കണ്ട് അവർക്ക് അനുഗ്രഹങ്ങളും, അതുവഴി രക്ഷയുടെ മാർഗ്ഗത്തിലേക്ക് പ്രവേശിക്കാനുള്ള സാധ്യതയും തുറന്നിടുന്ന ഒരു ദൈവത്തെയാണ് ഈ സുവിശേഷഭാഗം നമുക്ക് കാണിച്ചുതരുന്നത്. ഈ ഒരു സംഭവത്തിന് ശേഷം തിരികെ ഗലീലിക്കടലിന്റെ തീരത്തേക്ക് പോകുന്ന യേശുവിനെയും നമുക്ക് സുവിശേഷത്തിൽ കാണാം. വിജാതീയയായ ഒരു സ്ത്രീയുടെ ആവശ്യം തിരിച്ചറിഞ്ഞ്, അവൾക്ക് അനുഗ്രഹം നൽകുക മാത്രമല്ല യേശു ചെയ്യുക, മറിച്ച്, അവൾക്ക് തന്നിലുള്ള വിശ്വാസം പ്രഖ്യാപിക്കാനുള്ള, അതുവഴി യഹൂദർക്കും വിജാതീയർക്കും തന്നിലുണ്ടാകേണ്ട വിശ്വാസം ഓർമ്മിപ്പിക്കാനും അത് പരസ്യമായി പ്രഘോഷിക്കാനുമുള്ള ഒരു വഴികൂടിയായാണ് ഈ സംഭവത്തെ നാം വായിക്കേണ്ടത്.

മൂന്ന് വട്ടം ചോദ്യം ചെയ്യപ്പെട്ട വിശ്വാസം

വിശുദ്ധ മത്തായിയുടെ സുവിശേഷത്തിൽ യേശു ഈ കാനാൻകാരിസ്ത്രീയുടെ വിശ്വാസത്തെ ഒന്നും രണ്ടുമല്ല, മൂന്ന് വട്ടം പരീക്ഷിക്കുന്നത് നാം കാണുന്നുണ്ട്. വിജാതീയയായ ഒരു സ്ത്രീയിൽനിന്ന് ആഴമേറിയ ഒരു വിശ്വാസത്തിന്റെ ഭംഗിയുള്ള സാക്ഷ്യമാണ് അവൻ മറ്റുള്ളവർക്ക് മുൻപിൽ കാണിച്ചുകൊടുക്കുന്നത് എന്ന് നമുക്ക് കാണാം. തന്റെ മകൾക്ക് വേണ്ടി യേശുവിന്റെ മുന്നിൽ വന്ന് കരഞ്ഞപേക്ഷിക്കുന്ന ഒരു സ്ത്രീ. യഹൂദരിൽ പലരും അംഗീകരിക്കാൻ മടിച്ച ദൈവപുത്രനെ അവൾ യേശുവിൽ ഏറ്റുപറയുന്നുണ്ട്: "കർത്താവേ, ദാവീദിന്റെ പുത്രാ, എന്നിൽ കനിയണമേ!" (മത്തായി 15, 21). ശിഷ്യന്മാർ പോലും അവനിൽ പൂർണ്ണമായി തിരിച്ചറിയാത്ത ദൈവത്തെയാണ് ഈയൊരു വിജാതീയ തിരിച്ചറിയുന്നതും സാക്ഷ്യപ്പെടുത്തുന്നതും. എന്നാൽ അവളുടെ വിശ്വാസപ്രഖ്യാപനത്തിന് മുൻപിൽ പോലും യേശു നിശബ്ദനായിരിക്കുന്നതാണ് നാം കാണുക. വെറും കേട്ടറിവിന്റെ ഏറ്റുപറച്ചിലകരുത് വിശ്വാസം. അത് ആഴത്തിലുള്ള തിരിച്ചറിവാകണം, പ്രലോഭനങ്ങളുടെയും, പ്രതിസന്ധികളുടെയും, നിരാശയുടെയും മുന്നിൽ പോലും ഉലയാത്ത, ഉറപ്പുള്ള ബോധ്യമാകണം.

രണ്ടാം വട്ടം ഈ സ്ത്രീ പരീക്ഷിക്കപ്പെടുകയും തിരസ്കരിക്കപ്പെടുകയും ചെയ്യുന്നത്, അവൾക്കുവേണ്ടി യേശുവിന്റെ മുൻപിലുള്ള ശിഷ്യന്മാരുടെ ഇടപെടലിന് മുന്നിലാണ്. "അവളെ പറഞ്ഞയച്ചാലും, അവൾ നമ്മുടെ പിന്നാലെ വന്നു നിലവിളിക്കുന്നല്ലോ" (മത്തായി 15, 23) എന്ന ശിഷ്യന്മാരുടെ വാക്കുകൾ, അവളെ തിരസ്കരിക്കുക, വെറും കൈയോടെ പറഞ്ഞയക്കുക എന്ന അർത്ഥത്തിലല്ല. അവളുടെ ആഗ്രഹം സാധിച്ചു കൊടുക്കുക എന്ന ഒരു ശുപാർശയും, മാധ്യസ്ഥ്യവുമാണ് നാം ഇവിടെ കാണുക. എന്നാൽ യേശുവിന്റെ മറുപടി, തന്റെ നിയോഗത്തിന്റെ കൂടി അർത്ഥം മനസ്സിലാക്കിയുള്ളതാണ്: "ഇസ്രായേൽ ഭവനത്തിലെ നഷ്ടപ്പെട്ട ആടുകളുടെ അടുത്തേക്ക് മാത്രമാണ് ഞാൻ അയക്കപ്പെട്ടിരിക്കുന്നത്" (മത്തായി 15, 24). ഇസ്രായേലിന് വേണ്ടി അയക്കപ്പെട്ട ദൈവപുത്രനിലൂടെ ദൈവം നൽകുന്ന രക്ഷ തിരഞ്ഞെടുക്കപ്പെട്ട ജനത്തിനുമപ്പുറത്തേക്ക് എത്തുവാനുള്ളതാണ് എന്ന് നാം സുവിശേഷത്തിൽ പലയിടങ്ങളിലായി കാണുന്നുണ്ട്. അവനോട് ചേർന്ന് നടന്നവർ, അവനൊപ്പം വിരുന്നുണ്ടവർ പലപ്പോഴും വിജാതീയരും പാപികളും, സമൂഹത്താൽ വെറുക്കപ്പെട്ടവരും അകറ്റി നിറുത്തപ്പെട്ടവരുമായിരുന്നു. ലോകം അകറ്റി നിറുത്തിയ പലരെയും ദൈവം ചേർത്തുപിടിച്ചിട്ടുണ്ട്.

മൂന്നാമതായി കാനാൻകാരി പരീക്ഷിക്കപ്പെടുന്നത്, അവൾ അവനെ പ്രണമിച്ചുകൊണ്ട്, എന്നെ സഹായിക്കണമേ എന്ന് അപേക്ഷിക്കുന്ന അവസരത്തിലാണ്. ദൈവജനമെന്ന് അഭിമാനിച്ചിരുന്ന യഹൂദജനം ദൈവപുത്രനായ ക്രിസ്തുവിന് നൽകേണ്ട ആരാധനയാണ് വിജാതീയയായ ഒരു സ്ത്രീ ഇവിടെ അവന് നൽകുന്നത്. തന്റെ മകളുടെ ബുദ്ധിമുട്ട് മനസ്സിലാക്കി, അത് സ്വന്തം വേദനയാക്കി മാറ്റി, മാധ്യസ്ഥ്യപ്രാർത്ഥനയുടെ ഏറ്റവും മനോഹരമായ ഒരു ഉദാഹരണമെന്ന രീതിയിൽ കർത്താവിന് മുൻപിൽ പ്രാർത്ഥിക്കുമ്പോഴും അവളുടെ വിശ്വാസം ചോദ്യം ചെയ്യപ്പെടുന്നു. ഈ മൂന്നാം വട്ടം യേശു ഉപയോഗിക്കുന്നത് യഹൂദർ സാധാരണയായി വിജാതീയരെക്കുറിച്ച് പറയുന്ന ഒരു വാക്കാണ് "നായ്ക്കൾ", "മക്കളുടെ അപ്പമെടുത്ത് നായ്ക്കൾക്ക് എറിഞ്ഞുകൊടുക്കുന്നത് ഉചിതമല്ല" (മത്തായി 15, 26). എന്നാൽ വിവേകപൂർവ്വം ഈ കാനാൻകാരി ഉത്തരം പറയുന്നു: "അതെ, കർത്താവേ, നായ്ക്കളും യജമാനന്മാരുടെ മേശയിൽ നിന്ന് വീഴുന്ന അപ്പക്കഷണങ്ങൾ തിന്നുന്നുണ്ടല്ലോ" (മത്തായി 15, 27). തിരഞ്ഞെടുക്കപ്പെട്ട ജനത്തിനായാണ് യേശു വന്നതെങ്കിലും, അവൾ അതിനെതിരായി ഒന്നും പറയുന്നില്ല. തിരഞ്ഞെടുക്കപ്പെട്ട ജനത്തിനൊപ്പം തന്നെ കാണണമെന്ന്, മക്കൾക്കുള്ള അപ്പം തനിക്കും പങ്കുവയ്ക്കണമെന്ന് അവൾ ആവശ്യപ്പെടുന്നില്ല. എന്നാൽ ദൈവഭവനത്തിൽ വളരുന്ന ഒരു നായ്ക്കുട്ടിയുടെ സ്ഥാനമെങ്കിലും തനിക്ക് നൽകണമേയെന്ന അവളുടെ എളിയ മനോഭാവം ദൈവപുത്രന്റെ അനുഗ്രഹം, രക്ഷയുടെ അനുഭവം, ഇസ്രായേൽ ഭവനത്തിന് പുറത്തേക്കും തുറന്നിടുന്ന ഒന്നായി മാറുന്നു. തിരഞ്ഞെടുക്കപ്പെട്ട ജനത്തിലെയും സഭയിലേയുമൊക്കെ മക്കൾക്കായി രക്ഷയുടെ അപ്പം വിളമ്പി കാത്തിരിക്കുന്ന ഒരു ദൈവത്തെയും ഇവിടെ ഓർക്കാതിരിക്കാനാകില്ല.  ദൈവത്തിന്റെ സ്വന്തമെന്ന് കരുതപ്പെടുന്ന ജനം, അന്നും ഇന്നും, സൗജ്യന്യമായി നൽകപ്പെടുന്ന ആ അപ്പം സ്വീകരിക്കാൻ എത്രമാത്രം താല്പര്യം കാണിക്കുന്നുണ്ട് എന്ന ഒരു ചോദ്യവും നമുക്ക് മുൻപിൽ ഉണ്ട്.

ദൈവത്താൽ പ്രകീർത്തിക്കപ്പെടുന്ന വിശ്വാസം

കാനാൻകാരിയുടെ ഉറച്ച ബോധ്യവും യേശു കർത്താവാണെന്ന തിരിച്ചറിവും, അവനെ വണങ്ങുവാനും അവളുടെ പുത്രിക്ക് വേണ്ട അനുഗ്രഹത്തിനായി യാചിക്കുവാനും അവളെ പ്രേരിപ്പിക്കുമ്പോൾ, യേശു അവളോട് പറയുന്ന വാക്കുകൾ ഏറെ മനോഹരമാണ്: "സ്ത്രീയെ, നിന്റെ വിശ്വാസം വലുതാണ്" (മത്തായി 15, 28). സുവിശേഷത്തിൽ ഒരിടത്ത് മാത്രമാണ് യേശു ഇത് പറയുന്നത്, അതും ഒരു വിജാതീയസ്ത്രീയോട്. മത്തായിയുടെ സുവിശേഷത്തിൽത്തന്നെ നാം വായിക്കുന്ന ശതാധിപന്റെ ഭൃത്യനെ യേശു സുഖമാക്കുന്ന സംഭവത്തിൽ ഇതിനോട് ഏതാണ്ട് സമാനമായ ഒരു പ്രഖ്യാപനം നാം വായിക്കുന്നുണ്ട്. എന്നാൽ അവിടെ അവൻ ശതാധിപനോടല്ല, മറിച്ച് തന്നെ അനുഗമിച്ചിരുന്നവരോടാണ് പറയുക: "സത്യമായി ഞാൻ നിങ്ങളോടു പറയുന്നു, ഇതുപോലുള്ള വിശ്വാസം ഇസ്രായേലിൽ ഒരുവനിൽ പോലും ഞാൻ കണ്ടിട്ടില്ല" (മത്തായി 8,10). കാനാൻകാരി സ്ത്രീയുടെ കാര്യത്തിലാകട്ടെ, അവളുടെ ശക്തമായ വിശ്വാസത്തെക്കുറിച്ച് യേശു നേരിട്ട് അവളോടാണ് പറയുക, "നിന്റെ വിശ്വാസം വലുതാണ്" (മത്തായി 15, 28). അവൾ ചോദിക്കാത്തത്ര അനുഗ്രഹങ്ങളാണ് അവൾക്ക് ദൈവപുത്രൻ നൽകുന്നതെന്ന് നാം കാണുന്നുണ്ട്. ഒന്നാമതായി അവളുടെ പുത്രി ആ സമയം തന്നെ സൗഖ്യമുള്ളവളായി, രണ്ടാമതായി, അവളുടെ വിശ്വാസത്തിന്റെ ആഴത്തെ ദൈവപുത്രനായ ക്രിസ്‌തു പുകഴ്ത്തിപ്പറയുകയും, തിരഞ്ഞെടുക്കപ്പെട്ട ജനത്തിനായി കടന്നുവന്നവൻ വിജാതീയായ അവളെക്കൂടി കരുണയോടെ പരിഗണിക്കുകയും ചെയ്യുന്നു (മത്തായി 15, 28).

ക്രൈസ്തവജീവിതം ആവശ്യപ്പെടുന്ന വിശ്വാസം

വിശുദ്ധ പൗലോസ് ഫിലിപ്പിയർക്ക് എഴുതിയ ലേഖനം നാലാം അധ്യായത്തിൽ ഒരു വിശ്വാസി തന്റെ ജീവിതത്തിൽ സ്വീകരിക്കേണ്ട മനോഭാവത്തെക്കുറിച്ച് പറയുന്നത് ഇങ്ങനെയാണ്: "ഒന്നിനെക്കുറിച്ചും ആകുലരാകേണ്ട, പ്രാർത്ഥനയിലൂടെയും അപേക്ഷയിലൂടെയും കൃതജ്ഞതാസ്തോത്രങ്ങളോടെ നിങ്ങളുടെ യാചനകൾ ദൈവസന്നിധിയിൽ അർപ്പിക്കുവിൻ. അപ്പോൾ നമ്മുടെ എല്ലാ ധാരണയും അതിലംഘിക്കുന്ന ദൈവത്തിന്റെ സമാധാനം നിങ്ങളുടെ ഹൃദയങ്ങളെയും ചിന്തകളെയും യേശുക്രിസ്തുവിൽ കാത്തുകൊള്ളും" (ഫിലിപ്പി 4, 6-7). കാനാൻകാരി സ്ത്രീ ഒരുപാട് ഗുണങ്ങൾ ഉള്ളവളായായിരുന്നു. യേശുവിൽ, യഹൂദജനം തിരിച്ചറിയാനോ അംഗീകരിക്കാനോ മടിച്ച ദൈവത്തെ തിരിച്ചറിഞ്ഞ് പ്രണമിച്ചവൾ, എളിമയോടെ, ക്ഷമയോടെ അവനു മുൻപിൽ നിന്നവൾ, മകളുടെ, മറ്റൊരു വ്യക്തിയുടെ, വേദന സ്വന്തം വേദനയായി കണ്ടവൾ, ഏറ്റവും മനോഹരമായി, സ്ഥിരതയോടെ, എന്നാൽ ലളിതമായ വാക്കുകളോടെ പ്രാർത്ഥിക്കാൻ പഠിപ്പിക്കുന്നവൾ, "കർത്താവേ, ദാവീദിന്റെ പുത്രാ, എന്നിൽ കണിയണമേ!, കർത്താവേ, എന്നെ സഹായിക്കണമേ", അതിലുപരി ദൈവപുത്രൻ പോലും അംഗീകരിക്കാൻ തക്ക വലിയ വിശ്വാസത്തിനുടമ. നമ്മുടെ വിശ്വാസജീവിതത്തിലും കാനാൻകാരി സ്ത്രീ ഒരു മാതൃകയായി മാറേണ്ടതുണ്ട്. നിരാശപ്പെടുത്തുന്ന ജീവിതസാഹചര്യങ്ങളുടെ മുന്നിലും പ്രത്യാശയോടെ ദൈവത്തെ മുറുകെപ്പിടിക്കാൻ, മകളുടെ വേദനകളും ദുരിതങ്ങളും സ്വന്തമായിക്കണ്ട ഈ വിജാതീയയെപ്പോലെ, കാനായിലെ കല്യാണവിരുന്നിൽ ആ വീട്ടുകാരുടെ ആവശ്യം കണ്ടറിഞ്ഞ പരിശുദ്ധ അമ്മയെപ്പോലെ, മറ്റുള്ളവർക്ക് വേണ്ടി മാധ്യസ്ഥ്യം വഹിക്കാൻ നമുക്കും സാധിക്കണം. എളിമയോടെ, എന്നാൽ അതേസമയം, ഉറച്ച വിശ്വാസത്തിന്റെ മനോഭാവത്തോടെ ജീവിക്കാനും, ദൈവത്തിന് മുൻപിൽ ആയിരിക്കാനും നമുക്കാകട്ടെ. നിങ്ങളുടെയും എന്റെയും ആവശ്യങ്ങൾ അറിയുന്ന ദൈവം, സക്രാരിയെന്ന വിശുദ്ധയിടത്തുനിന്നും, വിശുദ്ധ ബലിപീഠത്തിൽനിന്നും നമ്മുടെ ഇടയിലൂടെ കടന്നുവരുന്നുണ്ട്. അവനെ തിരിച്ചറിയാനും, സ്വീകരിക്കാനും, സ്നേഹിക്കാനും വേണ്ട അനുഗ്രഹത്തിനായി നമുക്ക് ദൈവത്തോട് പ്രാർത്ഥിക്കാം.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

30 September 2023, 13:26