തിരയുക

ഫലമേകാനായി വിതയ്ക്കപ്പെട്ട വചനം ഫലമേകാനായി വിതയ്ക്കപ്പെട്ട വചനം 

ദൈവത്താൽ തിരഞ്ഞെടുക്കപ്പെട്ട വിളനിലങ്ങൾ

സീറോ മലബാർ സഭാ ആരാധനാക്രമത്തിൽ ഏലിയാ-സ്ലീവാ-മൂശാക്കാലത്തിലെ രണ്ടാം ഞായറാഴ്ചയിലെ വിശുദ്ധഗ്രന്ഥവായനകളെ അടിസ്ഥാനമാക്കിയ വിചിന്തനം - മത്തായി 13, 1-23
സുവിശേഷപരിചിന്തനം Mathew 13, 1-23 - ശബ്ദരേഖ

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി

വിശുദ്ധ മത്തായിയുടെ സുവിശേഷം പതിമൂന്നാം അധ്യായത്തിലും, വിശുദ്ധ മർക്കോസിന്റെ സുവിശേഷം നാലാം അധ്യായത്തിലും, വിശുദ്ധ ലൂക്കായുടെ സുവിശേഷം എട്ടാം അധ്യായത്തിലും നാം വായിക്കുന്ന ഒരു സുവിശേഷഭാഗമാണ്, യേശു അരുളിച്ചെയ്യുന്ന വിതക്കാരന്റെ ഉപമ.

യേശുവിന്റെ ഉപമകളുടെ ഒരു പ്രത്യേകത, അവ ആലങ്കാരികമോ, സാങ്കല്പിക്കാമോ ആയ രീതിയിൽ കാര്യങ്ങൾ പറയുക എന്നതിനേക്കാൾ, യാഥാർഥ്യത്തോട് അടുത്തു നിൽക്കുന്ന രീതിയിൽ വസ്തുതകളെ വിശദീകരിക്കാനായി ഉപയോഗിക്കപ്പെട്ടിരുന്നവയാണ് എന്നതാണ്. ചിലപ്പോഴൊക്കെ അവ കേൾവിക്കാരന്റെ ശ്രദ്ധയെയും ജിജ്ഞാസയെയും ആകർഷിക്കാനായി അസാധാരണമായ പ്രത്യേകതകൾ ഉള്ളവയായിരിക്കാം എന്ന് മാത്രം. പഴയ കാലത്ത് പലസ്തീനാ പ്രദേശത്ത് നടത്തിയിരുന്ന കൃഷിയുടെ ഒരു പ്രത്യേകത, അവിടെ വിത്ത് വിതച്ചതിന് ശേഷമായിരുന്നു നിലമുഴുന്നത് എന്നതാണ്. അങ്ങനെ ചെയ്യുമ്പോൾ കുറെയധികം വിത്ത് നല്ല നിലത്തുനിന്ന് അകലെ തെറിച്ച് വീണ് ഉപകാരമില്ലാതെ നഷ്ടപ്പെട്ടുപോയേക്കാം. എന്നാൽ ഉഴുത നിലത്തുവീണ വിത്ത് ഏറെ ഫലം പുറപ്പെടുവിച്ചിരുന്നു. യേശു തന്റെ ഉപമയിൽ പറയുന്നതുപോലെ മുപ്പത് മേനിയും, അറുപത് മേനിയും, നൂറ് മേനിയും വിളവ് നൽകിയിരുന്ന നല്ല നിലമായിരുന്നു അത്. ഈ ഉപമയുടെ സാരാംശം ഇതാണ്, വരുവാനിരിക്കുന്ന ദൈവാരാജ്യത്തെക്കുറിച്ച് യേശു നൽകുന്ന സുവിശേഷസന്ദേശത്തിന്റെ വിത്ത്, വിശ്വാസത്തോടുള്ള എതിർപ്പുകൾ കാരണവും, ദൈവത്തെക്കുറിച്ചുള്ള നിസംഗത മൂലവും ശ്രദ്ധിക്കപ്പെടാതെയോ സ്വീകരിക്കപ്പെടാതെയോ പോയേക്കാം. എന്നാൽ ദൈവവചനത്തിലൂടെ, ദൈവപുത്രനിലൂടെ വിതയ്ക്കപ്പെട്ട രക്ഷയുടെ, ദൈവരാജ്യത്തെക്കുറിച്ചുള്ള സന്ദേശം ഈ ലോകത്ത് വലിയ സദ്‌ഫലങ്ങൾ പുറപ്പെടുവിക്കുമെന്ന ഉറപ്പുകൂടിയാണ് ഈ ഉപമയിലൂടെ യേശു പറഞ്ഞുവയ്ക്കുന്നത്.

ഉപമകൾ ഉപയോഗിക്കപ്പെടുമ്പോൾ ഉള്ള ഒരു പ്രത്യേകത, അവ മനസ്സിലാക്കുവാൻ കേൾവിക്കാരന് കഴിവുണ്ടായിരിക്കണം എന്നതാണ്. യഹൂദവംശം പോലെയുള്ള സെമിറ്റിക് വിഭാഗങ്ങളിൽ, മനസ്സിലാക്കാനുള്ള കഴിവ് നൽകുന്നത് ദൈവമാണെന്ന് കരുതിയിരുന്നു. എന്നാൽ ആ കഴിവ് ഒരുവന് നിഷേധിക്കുന്നതും ദൈവമാണെന്നാണ് അവർ കരുതിയിരുന്നത്. "നീ അവരോട് ഉപമകൾ വഴി സംസാരിക്കുന്നതെന്തുകൊണ്ട്?" (മത്തായി 13, 10; ലൂക്ക 8, 9-10) എന്ന ശിഷ്യന്മാർ യേശുവിനോട് ചോദിക്കുമ്പോൾ അവൻ നൽകുന്ന ഉത്തരവും ഈയൊരു ചിന്തയോടടുത്ത് പോകുന്നതാണ്: "സ്വർഗ്ഗരാജ്യത്തിന്റെ രഹസ്യങ്ങൾ അറിയാനുള്ള വരം നിങ്ങൾക്കാണ് ലഭിച്ചിരിക്കുന്നത്. അവർക്ക് അത് ലഭിച്ചിട്ടില്ല" (മത്തായി 13, 11; ലൂക്കാ 8, 23-24).

മത്തായിയുടെ സുവിശേഷത്തിൽ നാം കാണുന്ന ഒരു വചനം പ്രത്യേകമായി ശ്രദ്ധിക്കപ്പെടേണ്ടതാണ്: "ഉള്ളവനു നൽകപ്പെടും, അവനു സമൃദ്ധിയുണ്ടാവുകയും ചെയ്യും. ഇല്ലാത്തവനിൽനിന്ന് ഉള്ളതുപോലും എടുക്കപ്പെടും" (മത്തായി 13, 12). വെളിപ്പെടുത്തപ്പെടുന്ന ദൈവീകരഹസ്യങ്ങൾ ഹൃദയത്തിലും ജീവിതത്തിലും സ്വീകരിക്കുന്നവർക്ക് ദൈവം കൂടുതലായ ബോധ്യങ്ങൾ നൽകുന്നു, എന്നാൽ വെളിവാക്കപ്പെട്ടവയെ മനസ്സിലാക്കാനോ അംഗീകരിക്കാനോ ശ്രമിക്കാത്തവരിൽനിന്ന് അവൻ അവ എടുത്തുകളയുന്നു. തുടർന്ന് യേശു പറയുന്ന വചനം ഇത് ഉറപ്പിക്കുന്നുണ്ട്: "അതുകൊണ്ടാണ് ഞാൻ അവരോട് ഉപമകൾ വഴി സംസാരിക്കുന്നത്. കാരണം, അവർ കണ്ടിട്ടും കാണുന്നില്ല, കേട്ടിട്ടും കേൾക്കുന്നില്ല, ഗ്രഹിക്കുന്നുമില്ല" (മത്തായി 13, 13). അനേകരിൽനിന്ന് തിരഞ്ഞെടുക്കപ്പെട്ട്, പ്രത്യേകമായി മാറ്റിനിറുത്തപ്പെട്ട ഇസ്രായേൽ ജനം ദൈവത്തെ മറന്നു പ്രവർത്തിച്ചപ്പോൾ, ദൈവകൽപ്പനകളും, നിയമങ്ങളും ജീവിതത്തിൽ അനുവർത്തിക്കാൻ മറന്നപ്പോൾ, അവർ ദൈവത്തിൽനിന്ന് അകന്നു, അവന്റെ വഴികൾ മറന്നു, അവന്റെ സ്നേഹം മറന്നു. അവർ തങ്ങളുടെ കണ്ണുകൾ കൊണ്ട് കണ്ടതും, കാതുകൾ കൊണ്ട് കേട്ടതും മനസ്സിലാക്കാനോ, ഹൃദയത്തിൽ സൂക്ഷിക്കാനോ പരിശ്രമിച്ചില്ല എന്ന് പഴയനിയമത്തിലുടനീളം നാം കാണുന്നുണ്ട്. ദൈവം ഇസ്രയേലിന്റെ ചരിത്രത്തിൽ വിതച്ച സ്നേഹത്തിന്റെയും, രക്ഷയുടെയും, സംരക്ഷണത്തിന്റെയും വിത്തുകൾ, പലപ്പോഴും നൂറിരട്ടിയെന്നല്ല, അറുപതോ മുപ്പതോ പോലും വിളവ് നൽകിയിട്ടില്ല എന്ന് നമുക്ക് കാണാനാകും.

പുതിയ ഇസ്രായേൽ ജനം

ഇതാ സുവിശേഷത്തിലൂടെ ക്രിസ്തു ഇന്ന് നമ്മെ ഓർമ്മപ്പെടുത്തുന്നു: "നിങ്ങളുടെ കണ്ണുകൾ ഭാഗ്യമുള്ളവ; എന്തെന്നാൽ അവ കാണുന്നു. നിങ്ങളുടെ കാതുകൾ ഭാഗ്യമുള്ളവ; എന്തെന്നാൽ അവ കേൾക്കുന്നു. സത്യമായി ഞാൻ നിങ്ങളോടു പറയുന്നു, അനേകം പ്രവാചകന്മാരും നീതിമാന്മാരും നിങ്ങൾ കാണുന്നവ കാണാൻ ആഗ്രഹിച്ചു, എങ്കിലും കണ്ടില്ല; നിങ്ങൾ കേൾക്കുന്നവ കേൾക്കാൻ ആഗ്രഹിച്ചു, എങ്കിലും കേട്ടില്ല" (മത്തായി 13, 16-17). നിങ്ങളും ഞാനുമുൾപ്പെടുന്ന പുതിയ ഇസ്രയേലിനോട്, തിരഞ്ഞെടുക്കപ്പെട്ട പുതിയ ജനതയോട്, ക്രിസ്തുവിലുള്ള വിശ്വാസം ഉള്ളിൽ കൊണ്ടുനടക്കുന്ന നമ്മോടാണ്, യേശു ഇന്ന് ഈ വചനങ്ങൾ പറയുക, "നിങ്ങൾ ഭാഗ്യമുള്ളവർ", പ്രവാചകരും നീതിമാന്മാരുമടങ്ങുന്ന അനേകം തലമുറകൾ കടന്നുപോയ ഈ ലോകത്ത്, നിങ്ങൾക്കിതാ രക്ഷയുടെ, സത്യത്തിന്റെ, നിത്യതയുടെ രഹസ്യങ്ങൾ നൽകപ്പെട്ടിരിക്കുന്നു. ഹൃദയനിലങ്ങൾ ദൈവത്തിനായി തുറന്നു കൊടുക്കുക, അവിടെ മുപ്പതും, അറുപതും, നൂറും മേനി ഫലങ്ങൾ പുറപ്പെടുവിക്കുക.

ദൈവവചനവും ക്രൈസ്തവജീവിതവും

വിതക്കാരന്റെ ഉപമയെക്കുറിച്ച് യേശു നൽകുന്ന വിശദീകരണം മത്തായി മർക്കോസ് ലൂക്കാ സുവിശേഷകന്മാർ ഏതാണ്ട് ഒരുപോലെ എഴുതിവയ്ക്കുന്നുണ്ട്. ഈ വിശദീകരണങ്ങളിൽ വിതയ്ക്കപ്പെട്ട വിത്തിനല്ല, വിത്ത് വിതയ്ക്കപ്പെട്ട നിലങ്ങൾക്കാണ് പ്രാധാന്യം നല്കപ്പെടുന്നതെന്ന് നമുക്ക് കാണാം. ക്രിസ്തുവിന്റെ രക്ഷയുടെ സുവിശേഷം ദൈവികവചനങ്ങളാണ്, അവ ജീവന്റെ വചനങ്ങളാണ് എന്നതിൽ സംശയമില്ല. എന്നാൽ വിതക്കാരന്റെ ഉപമ നമ്മോട് പറയുന്നത്, ആ വചനങ്ങളുടെ പ്രാധാന്യം നിലനിൽക്കുമ്പോഴും, ദൈവത്തിന് മുൻപിൽ, വചനം വിതയ്ക്കപ്പെട്ട മനുഷ്യഹൃദയങ്ങൾക്ക് ഈ ലോകജീവിതത്തിൽ ഏറെ പ്രധാനപ്പെട്ട ഒരു ഭാഗം വഹിക്കുവാനുണ്ട് എന്നാണ്. പാറമേൽ വീണ വിത്തിനെക്കുറിച്ചും, മുൾച്ചെടികൾക്കിടയിൽ വീണ വിത്തിനെക്കുറിച്ചും യേശു പറയുന്നതായി എഴുതപ്പെട്ടിരിക്കുന്നവ ആദിമ ക്രൈസ്തവസമൂഹത്തിന്റെ ജീവിതത്തിൽ ഉണ്ടായ അനുഭവങ്ങളുടെ വെളിച്ചത്തിൽ വിശദീകരിക്കപ്പെട്ടതാണെന്ന് കരുതുന്ന ബൈബിൾ പണ്ഡിതന്മാരുണ്ട്. പീഡനങ്ങളുടെയും ക്ലേശങ്ങളുടെയും, ലൗകികതയുടെ വ്യഗ്രതകളുടെയും ധനമോഹത്തിന്റെയും മുൻപിൽ വിശ്വാസത്യാഗം ചെയ്‌ത മനുഷ്യരെയാണ് വചനം ഇവിടെ പരാമർശിക്കുന്നതെന്ന് വ്യക്തമാണല്ലോ.

വിതക്കാരന്റെ ഉപമയുടെ അവസാനഭാഗത്തെ നാലുതരം വ്യക്തിത്വങ്ങളെ അടിസ്ഥാനമാക്കി, നമ്മുടേത് ഏതു തരം ജീവിതമാണ് എന്ന ഒരു ചോദ്യമാണ് ഇന്ന് വചനം നമുക്ക് മുൻപിൽ വയ്ക്കുന്നത്. ഒന്നാമത്തേത് ഇതാണ്; ദൈവരാജ്യത്തിന്റെ, രക്ഷയുടെ, നിത്യജീവന്റെ വചനങ്ങളെ നാം മനസ്സിലാക്കാനും അംഗീകരിക്കാനും ശ്രമിച്ചിട്ടുണ്ടോ (മത്തായി 13,19)? രണ്ടാമത്തെ ചോദ്യം ഇതാണ്: ജീവിതത്തിൽ ദൈവവചനം ശ്രവിക്കുമ്പോൾ, അവ വേഗം അംഗീകരിക്കുന്ന, എന്നാൽ ലോകത്തിന്റേതായ ഞെരുക്കങ്ങൾ, അത്  വിശ്വാസത്തിൽ ജീവിക്കാത്ത നമ്മുടെ സുഹൃത്തുകളിൽനിന്നുള്ള കളിയാക്കലുകളാകാം, നാം സഭയിൽ, സമർപ്പിതരിലും, മറ്റു വിശ്വാസികളിലും കാണുന്ന കുറവുകളോ വീഴ്ചകളോ ആകാം, അങ്ങനെ ദുരനുഭവങ്ങൾക്ക് മുൻപിൽ വിശ്വാസജീവിതം ത്യാഗം ചെയ്യുന്നവരാണോ നമ്മൾ (മത്തായി 13, 20-21)? മൂന്നാമതായി, വിശ്വാസജീവിതത്തിന് മുൻപിൽ ലൗകികതയ്ക്ക് മുൻ‌തൂക്കം കൊടുക്കുന്നവരാണോ നാം? ഈ ഭൂമിയിലെ ജീവിതം കൂടുതൽ ആസ്വദിക്കാൻ വിശ്വാസം തടസ്സമാകുമെങ്കിൽ, വിശ്വാസം ഉപേക്ഷിക്കാനോ, മാറ്റിവയ്ക്കാനോ തയ്യാറാകുന്ന വ്യക്തികളാണോ നാം? കൂടുതൽ സമ്പാദിക്കാൻ വേണ്ടി, കൂട്ടുകാരുമൊത്ത് ആഘോഷങ്ങളിൽ ഏർപ്പെടുവാൻവേണ്ടി, ഈയൊരു കൊച്ചു ജീവിതത്തിൽ ആസ്വദിക്കാൻ പറ്റുന്നത്ര ആസ്വദിക്കാൻ വേണ്ടി, കൂദാശകളിൽ പങ്കെടുക്കുന്നതിനും സഭയിൽ കർമ്മോത്സുകരായി വിശ്വാസം ജീവിക്കുന്നതിനും രണ്ടാം സ്ഥാനം കൊടുത്ത് മാറ്റിവയ്ക്കുന്നവരാണോ നാം (മത്തായി 13, 22)? അതോ യേശു നാലാമതായി പറയുന്ന, മുപ്പതും അറുപതും നൂറും മേനി ഫലം പുറപ്പെടുവിക്കുന്ന, വചനം ജീവിതത്തിൽ സ്വീകരിച്ച്, അതിനോട് ക്രിയാത്മകമായി പ്രതികരിച്ച്, വചനമനുസരിച്ച് ജീവിച്ച്, ഏറെ ഫലം നൽകുന്ന, ഈ ഭൂമിയിലെ ജീവിതം മാത്രമല്ല, നിത്യജീവിതം കൂടി ഉറപ്പാക്കുന്ന, ദൈവത്തിന് പ്രിയപ്പെട്ട, ദൈവത്തിന്റെ ഹൃദയത്തോട് ചേർന്നിരിക്കുന്ന യഥാർത്ഥ ക്രൈസ്തവവിശ്വാസജീവിതത്തിന് ഉടമകളാണോ നമ്മൾ (മത്തായി 1323)?

നിയമാവർത്തനാപുസ്തകം ഏഴാം അധ്യായത്തിൽ (നിയ. 7, 7-11) നാം വായിക്കുന്നതുപോലെയും, തെസ്സലോനിക്കക്കാർക്കെഴുതിയ രണ്ടാം ലേഖനം രണ്ടും മൂന്നും അധ്യായങ്ങളിൽ വിശുദ്ധ പൗലോസ് എഴുതുന്നത് പോലെയും (2 തെസ. 2, 14 - 3, 3), സ്നേഹം മൂലം, ദൈവം പ്രത്യേകമായി തിരഞ്ഞെടുത്ത ജനമാണ് നാമെന്ന ബോധ്യത്തിൽ വളരാനും, ആഴമേറിയ വിശ്വാസത്തോടെയുള്ള ജീവിതത്തിലൂടെ, ദൈവവചനം ജീവിച്ച്, കർത്താവിനെ സ്‌നേഹിച്ച്, അവന്റെ കൽപനകൾ പാലിച്ച്, നിത്യരക്ഷ സ്വന്തമാക്കുന്ന ജനമായി മാറാനും നമുക്ക് പരിശ്രമിക്കാം. വചനം മാംസമായ ക്രിസ്തുവിനെ ഉദരത്തിൽ മാത്രമല്ല, ഹൃദയത്തിലും പേറി, ജീവിതം പൂർണ്ണമായും ദൈവത്തിന് സമർപ്പിച്ച പരിശുദ്ധ അമ്മയുടെ മാധ്യസ്ഥ്യവും, പ്രാർത്ഥനകളും, മാതൃകയും നമ്മുടെ വിശ്വാസജീവിതത്തിൽ തുണയാകട്ടെ. നല്ല ഫലം പുറപ്പെടുവിക്കുന്ന അനുഗ്രഹിക്കപ്പെട്ട ജീവിതങ്ങളായി മാറാൻ ദൈവം നമ്മെ അനുഗ്രഹിക്കട്ടെ.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

09 September 2023, 14:50