തിരയുക

സായുധ സംഘങ്ങളുടെ ആക്രമണത്തിൽ കത്തുന്ന ഹെയ്തി.  സായുധ സംഘങ്ങളുടെ ആക്രമണത്തിൽ കത്തുന്ന ഹെയ്തി.  

ഹെയ്തി: കാമിലിയൻ മിഷനറിമാർ അക്രമത്തോടും പട്ടിണിയോടും പോരാടുന്ന ആളുകളെ പിന്തുടരുന്നു

"ജനങ്ങളോടൊപ്പം ജീവിക്കുകയും ദൈനംദിന പോരാട്ടങ്ങളുടെ ഭാരം താങ്ങാൻ അവരെ സഹായിക്കുകയും ചെയ്യുന്ന ഒരു ആത്മീയ വഴികാട്ടിയാണ് സമൂഹത്തിന് ആവശ്യം" എന്ന് പട്ടിണിയും പകർച്ചവ്യാധികളും മൂലം തളർന്നുപോയ ജനങ്ങളും സായുധ സംഘങ്ങളുടെ ഉപരോധം തുടരുകയും ചെയ്യുന്ന ഹെയ്തിയിൽ പ്രവർത്തിക്കുന്ന കാമിലിയൻ മിഷനറി വൈദീക൯ മാസിമോ മിറാല്ലിയോ പറഞ്ഞു.

സി. റൂബിനി ചിന്നപ്പ൯ സി.റ്റി.സി, വത്തിക്കാ൯ ന്യൂസ്

ഒരു ദശാബ്ദത്തിലേറെയായി ഹെയ്തിയിൽ പ്രവർത്തനനിരതനായ ഈ ഏക ഇറ്റാലിയൻ കാമിലിയൻ മിഷനറിയെ ആഗസ്റ്റിൽ പർസിൻ പട്ടണത്തിലെ നിത്യ സഹായ മാതാവിന്റെ നാമത്തിലുള്ള  പുതിയ ഇടവകയുടെ വികാരിയായി നിയമിച്ചു. ഒരു ഇടവക വൈദീകൻ എന്ന നിലയിൽ, തന്നെ ഒരു യഥാർത്ഥ അനുഗ്രഹമായി സ്വീകരിച്ച ജനങ്ങളുടെ നേരിട്ടുള്ള ഉത്തരവാദിത്തമാണ് തനിക്കുള്ളതെന്നും ഇത് കൂടാതെ മറ്റ് 17 ഗ്രാമങ്ങൾ ഉൾക്കൊള്ളുന്ന ഒരു വിശാലമായ പ്രദേശത്തിന്റെ കാവൽക്കാരനായി മാറിയ മിഷനറി എഴുതി.

വളരെ ഒറ്റപ്പെട്ട ഈ പ്രദേശത്തെ ഇന്ധന പ്രതിസന്ധി ആളുകളെ അവരുടെ ഏക ഉപജീവന മാർഗ്ഗമായ കാർഷിക ഉൽപന്നങ്ങൾ വിപണിയിലേക്ക് കൊണ്ടുപോകുന്നതിന് ബുദ്ധിമുട്ടുണ്ടാക്കുന്നു. തലസ്ഥാനമായ പോർട്ട്-ഓ-പ്രിൻസിൽ നിന്ന് 200 കിലോമീറ്റർ അകലെയുള്ള ജെറമിയിലെ കാമിലിയൻ മിഷനിൽ ഇരുപത് വർഷമായി ജോലി ചെയ്യുന്ന ഫാ. മാസിമോ, മതപരമായ സേവനങ്ങളും സ്ക്കൂൾ വിദ്യാഭ്യാസവും ഒരു കൂടാരത്തിലാണ് നടത്തുന്നതെന്ന് ഫീദെസ് ഏജൻസിക്ക് ലഭിച്ച പ്രസ്താവനയിൽ വിശദീകരിച്ചു.

കാറിൽ മൂന്ന് മണിക്കൂറും പിന്നീടു നാല് മണിക്കൂർ നടന്നുമാണ് ജെറമിയിൽ നിന്ന് പർസിനിൽ എത്താൻ കഴിയുക. കൂദാശകൾ പരികർമ്മം ചെയ്യുന്നതിനും പരിശുദ്ധ കുർബാനയ്ക്കും പുറമേ താ൯ ഒരു ചെറിയ മൊബൈൽ ക്ലിനിക്ക് സ്ഥാപിക്കുകയും ആവശ്യമുള്ള കുടുംബങ്ങൾക്കായി ചില പിന്തുണാ പ്രവർത്തനങ്ങൾ ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. ഒരു ചെറിയ ദേവാലയത്തിന്റെ പുനർനിർമ്മാണവും, പ്രാഥമിക വിദ്യാലയവും കിന്റർഗാർഡനു വേണ്ടി ഒരു കൂടാരവും സ്ഥാപിക്കുകയും ചെറിയ ഒരു ക്ലിനിക്ക് സജ്ജമാക്കുകയും കൂടി ചെയ്തതായും അദ്ദേഹം കൂട്ടിചേർത്തു.

ദ്വീപിൽ നിലനിൽക്കുന്ന അരാജകത്വത്തിനിടയിൽ, സമീപ ദിവസങ്ങളിൽ ക്രിമിനൽ സംഘങ്ങളുടെ തുടർച്ചയായ ആക്രമണങ്ങളെത്തുടർന്ന് ഹെയ്തിയിലെ ചില കേന്ദ്രങ്ങളിൽ നിന്ന് പതിനായിരത്തിലധികം ആളുകൾ വീടുകൾ ഉപേക്ഷിച്ചതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. സെപ്റ്റംബർ 26, ചൊവ്വാഴ്ച, തലസ്ഥാനത്തിന് വടക്കുള്ള രാജ്യത്തെ പ്രധാന ആരോഗ്യ കേന്ദ്രങ്ങളിലൊന്നായ മിരെബലൈസിലെ യൂണിവേഴ്സിറ്റി ഹോസ്പിറ്റൽ സായുധ സംഘം ആക്രമിച്ചു.  വെട്ടുകത്തികളും, വടികളും, താത്കാലിക ആയുധങ്ങളുമായി സായുധരായ ഒരു സംഘത്തിലെ അംഗങ്ങൾ സമീപത്തെ സൗത്ത്-ദി ഈവിലെ ഒരു പോലീസ് സ്റ്റേഷനും ദിവസങ്ങൾക്ക് മുമ്പ് ആക്രമിച്ചു. അത്തരമൊരു ദാരുണമായ സന്ദർഭത്തിൽ, കരീബിയൻ ദ്വീപിലെ മെത്രാന്മാരും ജനങ്ങളുടെ നിരാശയെക്കുറിച്ച് ശബ്ദമുയർത്തുകയുണ്ടായി. സമാധാന സേനയെ വിന്യസിക്കുന്നതിനെക്കുറിച്ച് ഐക്യരാഷ്ട്രസഭ ചർച്ച ചെയ്തു വരുകയാണ്.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

29 September 2023, 13:41