തിരയുക

പാവപ്പെട്ടവക്കൊപ്പം ഭക്ഷണം പങ്കിടുന്ന ഫ്രാൻസിസ് പാപ്പാ -  ഫയൽ ചിത്രം പാവപ്പെട്ടവക്കൊപ്പം ഭക്ഷണം പങ്കിടുന്ന ഫ്രാൻസിസ് പാപ്പാ - ഫയൽ ചിത്രം  (@L'Osservatore Romano)

റോമിലെ തെരുവുകളിൽ തിളങ്ങുന്ന പ്രത്യാശയുടെ കിരണങ്ങൾ

“റോമിലെ തെരുവുകളിൽ തിളങ്ങുന്ന പ്രത്യാശയുടെ കിരണങ്ങൾ” എന്ന പേരിൽ, ജീവിതപ്രാരാബ്ധങ്ങളുടേയും വിഷമസന്ധികളുടെയും ഇടയിലും, പ്രത്യാശയോടെ മുന്നോട്ട് പോകേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചുള്ള വിചിന്തനങ്ങൾ.
റോമിലെ തെരുവുകളിൽ തിളങ്ങുന്ന പ്രത്യാശയുടെ കിരണങ്ങൾ - ശബ്ദരേഖ

റവ. ഫാ. M.K. ജോർജ്, SJ, റോം

ഇടങ്ങൾ മനുഷ്യന്റെ ജീവിതത്തിൽ വലിയൊരു സ്ഥാനം വഹിക്കുന്നുണ്ട്. ജനിച്ചു വീഴാനൊരിടം, വളരാനൊരിടം, പഠിക്കാനും വികസിക്കുവാനുമൊരിടം, അന്ത്യവിശ്രമത്തിനൊരിടം. അതുകൊണ്ടാണല്ലോ ഉണ്ണിയേശുവിന് ജനിച്ചുവീഴാൻ സത്രത്തിൽ ഇടം കിട്ടാതിരുന്നതും, കാലിത്തൊഴുത്തിൽ ജനിക്കേണ്ടിവന്നതും ഇന്നും നാം ഓർമ്മിക്കുന്നതും ആഘോഷിക്കുന്നതും.

മനുഷ്യജീവിതം ഇടങ്ങൾ തേടിയുള്ള ഒരു അനന്തയാത്രയല്ലേ? ഇടങ്ങൾ സൃഷ്ടിക്കാനും, സ്വന്തമാക്കാനും, സുന്ദരമാക്കാനും ഏതറ്റം വരെയും പോകാൻ മനുഷ്യർ തയ്യാറാകുന്നില്ലെ?

വർഷങ്ങൾക്ക് മുൻപ് വായിച്ച ഒരു പുസ്തകത്തിന്റെ ഓർമ്മ വരുന്നു. കെയ്ത്ത് കപ്പൂച്ചിൻ എന്നൊരു സന്ന്യാസി, പ്രാർത്ഥനയെക്കുറിച്ച് എഴുതിയതാണ്. തലക്കെട്ടിതായിരുന്നു: "ഇടങ്ങൾ സൃഷ്ടിക്കുക, പ്രതീകങ്ങൾ രൂപപ്പെടുത്തുക". സൂചന ഇതായിരുന്നു: യഥാർത്ഥ പ്രാർത്ഥന എന്നത് ഒരാൾക്ക് സ്വസ്ഥമായി ഇരുന്ന് ദൈവവുമായി സംവദിക്കാനുള്ള ഒരിടവും, ദൈവസാന്നിദ്ധ്യത്തെ പ്രതിനിധിതീകരിക്കാൻ പ്രതീകങ്ങളെ രൂപീകരിക്കുകയുമാണ്.

യേശുവിന്റെ ജീവിതത്തിലേക്ക് തിരിഞ്ഞു നോക്കുമ്പോൾ അദ്ദേഹവും ഇടങ്ങൾ തേടിയതായി കാണുന്നു. അദ്ദേഹത്തിന്റെ ഇഷ്ടപ്പെട്ട ഇടങ്ങൾ തീരവും, തെരുവും, തോട്ടവും, മലമുകളുമായിരുന്നു എന്ന് സുവിശേഷങ്ങളിൽ നിന്ന് വ്യക്തം. മലമുകളിലും, തോട്ടങ്ങളിലും അദ്ദേഹം ഏകാന്തത കണ്ടെത്തി. തന്റെ പിതാവുമായി സംവദിച്ചു. പിതാവിന്റെ സ്നേഹം ആവോളം നുകർന്നു. അതേ മലമുകളിൽനിന്നും ഒപ്പം തീരങ്ങളിൽനിന്നും യേശു തന്റെ സുവിശേഷം പ്രഘോഷിച്ചു. തെരുവുകളിൽ അദ്ദേഹം രോഗികളെ സുഖപ്പെടുത്തി. അധികാരികളുടെ ദുർവ്യാപാരങ്ങളെ നിശിതമായി വിമർശിച്ചു. അതേ തെരുവുകളിൽ അദ്ദേഹം രാജാവായി നയിക്കപ്പെട്ടു. ആ തെരുവിൽ തന്നെ പീഢിപ്പിക്കപ്പെട്ട് കാൽവരിയിലേക്കു നടന്നുകയറി. കാൽവരിമലമുകളിൽ ക്രൂശിക്കപ്പെട്ടു. മറ്റൊരു മലമുകളിൽ നിന്ന്, ഒലിവുമലയിൽ നിന്ന്, യേശു സ്വർഗ്ഗം പൂണ്ടു. ഇന്നും അദ്ദേഹം രാജാവായി മനുഷ്യഹൃദയങ്ങളിലും ചരിത്രത്തിലും വാഴുന്നു.

ഇത്രയും ആമുഖമായി പറഞ്ഞത്, റോമിലെ തെരുവുകളുടെ പ്രാധാന്യവും അവയിലെ അപരിചിതവും, അവിശ്വസനീയവുമായ ചില കാഴ്‌ചകൾ സൂചിപ്പിക്കാനാണ്.

എല്ലാവർക്കും അറിയാം, റോം ഒരു പുരാതന നഗരമാണ്. 753 B.C. മുതൽ ഉള്ള ഒരു ചരിത്രം റോമിനുണ്ട്. ഇന്നും മങ്ങാത്ത റോമിന്റെ വശ്യത അതിന്റെ തെരുവുകളിലാണ്, ചത്വരങ്ങളിലാണ്. റോം സന്ദർശിക്കുക എന്നാൽ ഏറെ നേരവും റോമിലെ തെരുവുകൾ താണ്ടുക എന്നതല്ലേ? ചത്വരങ്ങളിൽ ശാന്തമായിരുന്നു സൊറ പറയുകയും, സൗഹൃദം പങ്കുവയ്ക്കുകയുമല്ലേ?

വളരെ പുരാതനവും, ചരിത്രം ഉറങ്ങുന്നതുമായ ഈ പഴയ റോമാനഗരം ഏകദേശം പതിനാലു ചതുരശ്രകിലോമീറ്ററുകൾ ഉണ്ട്. രണ്ടായിരത്തിലധികം ചത്വരങ്ങൾ റോമിലുണ്ട്. മാർക്കറ്റുകളായും, ആരാധനാ ഇടങ്ങളായും, യുദ്ധക്കളങ്ങളായും വർത്തിച്ചിരുന്ന ഈ ചത്വരങ്ങൾ ഇന്നും ജനപൂരിതമാണ്. റോമാവാസികളും, സന്ദർശകരും ഇടകലർന്നു നീങ്ങുന്ന ഇടങ്ങൾ. റോമൻ പാതകൾ, ആയിരക്കണക്കിനാണ്. വലിയ ചരിത്രമുണ്ട് അതിന്റെ ഓരോന്നിന്റെ പിന്നിലും. അവയെ പുരാതന റോമാനഗര പാതകൾ, നവോത്ഥാന കാലഘട്ടത്തിലെ പാതകൾ, നവോത്ഥാന കാലഘട്ടത്തിനു ശേഷമുള്ളവ, പത്തൊൻപതാം നൂറ്റാണ്ടിലുള്ളവ, പിന്നെ ഇരുപതാം നൂറ്റാണ്ടിലെ വഴികളും, തെരുവുകളും എന്ന് വേർതിരിച്ചു പഠിക്കാറുണ്ട്. ഇന്ന് റോം സന്ദർശിക്കുന്നവർക്ക് ഇവയെല്ലാം തിരിച്ചറിയാനും, പഠിക്കാനും, ആസ്വദിക്കാനും വേണ്ട വെബ് സൈറ്റുകളും ടുറിസ്റ് ഗൈഡുകളും ഒക്കെ ഉണ്ടെന്നുള്ളത് ഏറെ ആകർഷണീയം. വേനൽക്കാലത്തും, ശീതകാലത്തുമൊക്കെ രാവുകളിൽ പോലും റോമിലെ തെരുവുകൾ അറിയാനും, പഠിക്കാനും, ആസ്വദിക്കാനും, ചുറ്റിക്കറങ്ങുന്ന കൊച്ചു ഗ്രൂപ്പുകളെ കാണാനാവും.

എന്നാൽ റോമിന്റെ തെരുവുകളിൽ ചുറ്റിക്കറങ്ങുന്ന ടുറിസ്റ്റുകളും, നഗരവാസികളും മിക്കപ്പോഴും തേടുന്നത് ചരിത്രമാണ്, കലയാണ്, വാസ്തുവിദ്യയാണ്. ചിലരൊക്കെ, ആരോഗ്യപാലനത്തിനുവേണ്ടിയുള്ള ഓട്ടത്തിനുള്ള, സൈക്കിളിംഗിനുള്ള ഇടങ്ങളായും ഉപയോഗിക്കാറുണ്ട്. നഗരത്തിന്റെ ചുറ്റുമുള്ള 900-ലധികം വരുന്ന ദേവാലയങ്ങളിൽപ്പോലും സന്ദർശകരെത്തുന്നത് വിശ്വാസത്തെക്കാളേറെ വാസ്തുവിദ്യയും, കലയും, ചരിത്രവുമൊക്കെ അന്വേഷിച്ചായിരിക്കും.

എന്നാൽ, ഇതിൽനിന്നൊക്കെ വ്യത്യസ്തമായി, കഴിഞ്ഞ നാലുർഷമായി ഞാൻ ഈ റോമൻ തെരുവുകളിൽ ദർശിച്ച, ഇന്നും ദർശിക്കുന്ന പ്രത്യാശയുടെ നാളങ്ങളെപ്പറ്റി പ്രതിപാദിക്കാനാണ് എന്റെ ഉദ്യമം. റോമിന്റെ തെരുവുകളിൽ മിന്നിത്തിളങ്ങുന്ന പ്രത്യാശയുടെ നാളങ്ങൾ.

ഒരുപക്ഷെ, നിങ്ങൾ ചിന്തിച്ചേക്കാം റോമാനഗരത്തിൽ പടർന്നു കിടക്കുന്ന 900-ലധികം ദേവാലയങ്ങളിൽ മിന്നുന്ന പ്രത്യാശയെക്കുറിച്ചായിരിക്കും ഞാൻ സംസാരിക്കാൻ പോകുന്നത് എന്ന്, അല്ല. തീർച്ചയായും ഈ ദേവാലയങ്ങളിലെ അൾത്താരദീപങ്ങളിൽനിന്നും, മെഴുകുതിരികളിൽനിന്നും, പ്രാർത്ഥനകളിൽനിന്നും ഒഴുകിവരുന്ന പ്രത്യാശാ നാളങ്ങളുണ്ട്. പക്ഷെ, അതിലും നാടകീയവും, യേശുസമാനവുമായ പ്രത്യാശയുടെ തെളിച്ചം ഞാൻ കണ്ടത് റോമിന്റെ തെരുവുകളിലാണ്. മുഖ്യമായും നാലു കൂട്ടം മനുഷ്യരിൽ; തെരുവുകളിൽ കച്ചവടം നടത്തുന്ന നൂറുകണക്കിന് അന്യദേശക്കാരിൽ, വഴിയോരങ്ങളിൽ കലാപ്രകടനങ്ങൾ നടത്തുന്നവരിൽ, ധർമ്മം തേടുന്നവരിൽ, പിന്നെ ഏറ്റവും പ്രധാനമായി സന്ധ്യാനേരങ്ങളിൽ അന്നം കൊടുക്കുന്ന അനേകം സന്നദ്ധപ്രവർത്തകരിൽ.

റോമിന്റെ മുഖ്യ തെരുവുകളിൽ നൂറുകണക്കിനു സഞ്ചാരവ്യാപാരികളെ കാണാം. അവർ വിൽക്കുന്നത് കുടകളാകാം, പാവകളാകാം, ചാർജ്ജറുകളാവാം... പെട്ടെന്ന് ഒരു യാത്രക്കാരനോ ടൂറിസ്റ്റിനോ ആവശ്യമുള്ള വസ്തുക്കൾ. അവരെല്ലാവരുംതന്നെ അന്യദേശക്കാരാണ്. അതിൽ പലരും അനധികൃത താമസക്കാരായിരിക്കണം. പോലീസ് വരുന്ന നേരത്ത് അവർ കൈയിലിരിക്കുന്ന, അല്ലെങ്കിൽ നിലത്തു വിരിച്ചു വച്ചിരിക്കുന്ന കച്ചവടസാധനങ്ങളും വാരിയെടുത്ത് ഓടുന്നത് കാണാം. ഏതൊക്കെയോ നിയമങ്ങൾ അവർ ലംഘിക്കുന്നുണ്ട്. എന്നാലും അവർ വരും, വീണ്ടും വീണ്ടും വരും.

ചിലപ്പോഴെങ്കിലും, അവരുടെ കണ്ണുകളിൽ നോക്കുമ്പോൾ കാണുന്ന പ്രത്യാശയുടെ നാളങ്ങൾ നമുക്ക് മറക്കാനാവില്ല. ആരും ഒന്നും വാങ്ങാത്തപ്പോഴും, പോലീസ് ആട്ടിയോടിക്കുമ്പോഴും എല്ലാം അവരുടെ കണ്ണിൽ പ്രത്യാശ ബാക്കി നിൽക്കുന്നു. ഒരാളെങ്കിലും ഇനിയും അവരിൽ നിന്നും വാങ്ങുമെന്നും, അവരുടെയും അവരുടെ ആശ്രിതരുടെയും വയറു നിറയുമെന്നും, ഭാവി സ്വപ്‌നങ്ങൾ പൂവണിയുമെന്നും എന്ന പ്രത്യാശ.

റോമിന്റെ വഴിയോരങ്ങളിലിരുന്നു സംഗീത, കലാ പ്രകടനങ്ങൾ നടത്തുന്നവരുമുണ്ട് ധാരാളം. ട്രാഫിക് ലൈറ്റിന്റെ ഇടവേളകളിൽ പോലും അവരെ കാണാറുണ്ട്. തങ്ങൾ അവതരിപ്പിക്കുന്ന വാസനയുടെ നിറവിൽ, സംഗീതത്തിന്റെ പൊലിമയിൽ കാണാം പ്രത്യാശയുടെ നാളങ്ങൾ. മുന്നിലിരിക്കുന്ന സംഭാവനാപാത്രത്തിൽ നോക്കുക പോലും ചെയ്യാതെ അത്തരം കലാകാരന്മാരും കലാകാരിമാരും അവരുടെ വാസന പ്രകടിപ്പിക്കുന്നു. അവരിലും നിറഞ്ഞുനിൽക്കുന്ന പ്രത്യാശ ആരെയും അതിശയിപ്പിക്കും.

സെന്റ് പീറ്റേഴ്‌സ് ചത്വരത്തിൽ നിന്ന് ഏകദേശം നാനൂറ് മീറ്റർ അകലെയാണ് പ്രശസ്തമായ 'ദൈവകാരുണ്യ ദേവാലയം', ഫൗസ്തീനാമ്മയുടെ കപ്പേളയും. അനേകായിരങ്ങൾ സന്ദർശിക്കുന്ന, പ്രാർത്ഥിക്കുന്ന ഒരിടമാണിത്. കഴിഞ്ഞ രണ്ടു മൂന്ന് വർഷമായി നാം കടന്നു ചെല്ലുമ്പോൾ കാണുന്ന ഒരു ദൃശ്യമുണ്ട്. എൺപതിലധികം പ്രായമുള്ള, മെല്ലിച്ച, പൊക്കം കുറഞ്ഞ ഒരു സ്ത്രീ, ഒരു കൊച്ചു മേശയിൽ കുറെ പടങ്ങളും വച്ച് നിൽക്കുന്നു. കടന്നുപോകുന്നവർക്ക് അതിലൊരു പടം വച്ചുനീട്ടും. പത്തിരുപത് പേർക്കു നേരെ കൈ നീട്ടുമ്പോഴാകും ഒരാളെങ്കിലും അത് സ്വീകരിക്കുകയും അവരോടു സംസാരിക്കയും ചെയ്യുക. അവരോടു സംസാരിക്കാൻ തയ്യാറാകുന്നവരോട് അവർ ആഫ്രിക്കയിലെ മിഷനറി പ്രവർത്തനത്തെപ്പറ്റി സംസാരിക്കയും, മിഷനറിമാർക്കായി ധനസഹായം അഭ്യർത്ഥിക്കയും ചെയ്യും. എല്ലാ ദിവസവും, വെയിലത്തും, തണുപ്പത്തും കാത്തു നിൽക്കുന്ന ആ മിഷനറി സ്ത്രീയുടെ കണ്ണിലുള്ള പ്രത്യാശ കാണാനാവുന്നവർക്ക് വലിയൊരനുഭവം തന്നെയാണ് അത്.

ദേവാലയ വാതിലുകളിൽ കാത്തു നിൽക്കുന്ന ധർമ്മക്കാരുണ്ട്. വളരെ കുറച്ചു പേരെ അവർക്ക് എന്തെങ്കിലും കൊടുക്കുകയുള്ളു. എന്നാലും അവരുടെ കണ്ണുകളിലുമുണ്ട് പ്രത്യാശാനാളങ്ങൾ.

ഒരിക്കലും മറക്കാനാവാത്ത ഒരു രംഗമാണ് വത്തിക്കാൻ പരിസരത്ത് എന്നും സന്ധ്യാനേരത്ത് പാവപ്പെട്ടവർക്ക് ഭക്ഷണം കൊടുക്കുന്ന സന്നദ്ധപ്രവർത്തകർ. നൂറു കണക്കിന് പാവപ്പെട്ടവർ, പട്ടിണിക്കാർ, വരിയായി നിന്ന് ഭക്ഷണം വാങ്ങി കഴിക്കുന്നത് കാണാം. ഇടയ്‌ക്കൊക്കെ സന്നദ്ധ പ്രവർത്തകർ കൊച്ചു ഗ്രൂപ്പുകളായി വഴിയോരങ്ങളിൽ കിടക്കുന്നവർക്ക്, അവർ കിടക്കുന്നിടത്ത്തന്നെ ഭക്ഷണം എത്തിക്കുന്നതും നമുക്ക് കാണാം. എന്തൊരു പ്രത്യാശയാണ് ഈ സന്നദ്ധ പ്രവർത്തകർ തെളിയിക്കുന്നത്; പങ്കുവയ്ക്കുന്നത്!

നമ്മുടെ ഇന്നത്തെ ലോകം പ്രത്യാശയറ്റ ഒരു ലോകമാണ്. തീരാത്ത യുദ്ധങ്ങൾ, ഒരു ന്യുക്ലിയർ അന്ത്യത്തിന്റെ സാധ്യത, പട്ടിണി, തൊഴിലില്ലായ്മ, കുടുംബകലഹങ്ങൾ, ആത്മഹത്യകൾ, യുവതീയുവാക്കൾ നിരാശരാകുന്നതും, മയക്കുമരുന്നുകൾക്ക് അടിമയാവുന്നതും, അഭയാർത്ഥികൾ, ആയിരിക്കണക്കിന് മുങ്ങി മരിക്കുന്ന, ബോട്ടുവഴി വരുന്ന അഭയാർത്ഥികൾ, ജനായത്ത ഭരണകൂടങ്ങളുടെ തളർച്ച, ഏകാധിപതികളുടെ വളർച്ച, വ്യവസ്ഥാപിത മതങ്ങളുടെ അപചയം, ധാർമ്മികതയുടെ പിന്നോക്കം പൊക്കൽ, ഭീകരമായ കാലാവസ്ഥാ വ്യതിയാനവും തത്ഫലമായുണ്ടാകുന്ന കാട്ടുതീയും, വെള്ളപ്പൊക്കങ്ങളും, മറ്റു പ്രകൃതി ദുരന്തങ്ങളും, തുടങ്ങി ഒരായിരം കാരണങ്ങൾ മനുഷ്യനിൽ നിരാശ വളർത്തുന്നു. അങ്ങനെ നിരാശയിൽ കഴിയുന്നവർക്ക് പ്രത്യാശയുടെ നാളങ്ങൾ കൊളുത്തിക്കൊടുക്കുന്നതിലും വലിയ മിഷൻ പ്രവർത്തനം വേറൊന്നുണ്ടോ?

ഫ്രാൻസിസ് പാപ്പാ, 2013-ലെ തന്റെ ഒരു പ്രഭാതധ്യാനത്തിൽ പറഞ്ഞു; "പ്രത്യാശ എന്നത് വെറും ശുഭാപ്തി വിശ്വാസമല്ല. കാര്യങ്ങളുടെ നല്ലവശം മാത്രം നോക്കി മുന്നോട്ടു പോകാനുള്ള കഴിവുമല്ല. ഇതെല്ലം നല്ലതാണ്. പക്ഷെ ഇത് പ്രത്യാശയല്ല. പ്രത്യാശ, അദ്ദേഹം പറഞ്ഞു, മൂന്ന് ദൈവശാസ്ത്രപരമായ ഗുണങ്ങളിൽ ഏറ്റവും വിനീതമാണ്. കാരണം, അത് ഈ ജീവിതത്തിൽ മറഞ്ഞിരിക്കുന്നു. പ്രത്യാശ അപകടകരമായ ഒരു ഗുണം കൂടിയാണ്. വിശുദ്ധ പൗലോസ് പറയുന്നതുപോലെ ദൈവപുത്രന്റെ വെളിപാടിനായുള്ള ആകാംക്ഷയുടെ ഒരു പുണ്യമാണിത്. പ്രത്യാശയെന്നാൽ ഈ വെളിപാടിനായി, നമ്മുടെ ചുണ്ടിൽ പുഞ്ചിരിയും, നാവിൽ ആനന്ദഘോഷവും നിറയ്ക്കുന്ന ഈ സന്തോഷത്തിനായി പരിശ്രമിക്കുക എന്നതാണ്.

ഫ്രാൻസിസ് പാപ്പാ, പ്രത്യാശയുടെ രണ്ടു ചിത്രങ്ങൾ മുന്നോട്ടു വയ്ക്കുന്നു, നങ്കൂരവും, പ്രസവവേദനയും.

പ്രത്യാശ ഒരു നങ്കൂരമാണ്. ദൈവത്തിൽ നങ്കൂരമിട്ടാൽ, വിജയം സുനിശ്ചയം. ആഴമില്ലാത്ത ഇടങ്ങളിൽ നങ്കൂരമിട്ട് ഉലയുന്ന ആധുനിക സമൂഹത്തിന്, ദൈവസ്നേഹത്തിന്റെ നങ്കൂരമിട്ട്, അവസാന വിളിയിൽ ദൈവത്തിലൊന്നാകാനുള്ള വിളിയിൽ പ്രത്യാശയർപ്പിച്ചു മുന്നോട്ടു പോകാനുള്ള ഒരു വിളി.

രണ്ടാമത്തെ ചിത്രം പ്രസവവേദനയുടേതാണ്. പൗലോസിന്റെ റോമക്കാർക്കുള്ള ലേഖനം പരാമർശിച്ച് പാപ്പാ പറഞ്ഞു: "സമസ്ത സൃഷ്ടിയും ഒന്ന് ചേർന്ന് ഇതുവരെ ഈറ്റുനോവനുഭവിക്കുകയും നെടുവീർപ്പിടുകയും ചെയ്യുന്നു എന്ന് നമുക്കറിയാം. പരിശുദ്ധ മാതാവിന്റെ മാതൃകയിൽ നമുക്കും കാത്തിരിക്കാം, പ്രത്യാശയോടെ.

ചുരുക്കത്തിൽ, ശ്രോതാക്കളെ, നാമിന്നു ജീവിക്കുന്ന ലോകത്തിൽ പ്രത്യാശയറ്റവരുടെ, ആത്മഹത്യക്കു ശ്രമിക്കുന്നവരുടെ ഒക്കെ എണ്ണം ഭയാനകമായി വളരുകയാണ്. അവരൊക്കെ പ്രതീക്ഷിക്കുന്ന പ്രത്യാശ, അവർക്കെല്ലാം ആവശ്യകമായ പ്രത്യാശ റോമിന്റെ തെരുവുകളിൽ കണ്ടെത്താം. നമ്മൾ നിരന്തരം കാണുന്ന വഴിയോരക്കച്ചവടക്കാരിൽ, കലാകാരന്മാരിൽ, കലാകാരികളിൽ, ധർമ്മം തേടുന്നവരിൽ, അന്നം വിളമ്പുന്നവരിൽ.

നമുക്കും കണ്ണ് തുറക്കാം, പ്രത്യാശയിൽ വളരാം.

ഫ്രാൻസിസ് പാപ്പായുടെ വാക്കുകളോടെ ഉപസംഹരിക്കാം. 2016-ലെ ഒരു പ്രഭാഷണത്തിൽ അദ്ദേഹം പറഞ്ഞു: "ജീവിതം പലപ്പോഴും ഒരു മരുഭൂമിയാണ്. ജീവിതത്തിൽ മുന്നോട്ട് നടക്കാൻ പ്രയാസമാണ്. പക്ഷെ ദൈവത്തിൽ വിശ്വസിച്ചാൽ അത് ഒരു ഹൈവേ പോലെ വിശാലവും മനോഹരവുമാവും. ഒരിക്കലും പ്രത്യാശ നഷ്ടപ്പെടുത്തരുത്. എപ്പോഴും വിശ്വസിക്കുന്നത് തുടരുക. നാം ഒരു കുട്ടിയുടെ മുൻപിലായിരിക്കുമ്പോൾ നമുക്കു നിരവധി പ്രശ്നങ്ങളും, നിരവധി ബുദ്ധിമുട്ടുകളും ഉണ്ടെങ്കിലും, ഉള്ളിൽനിന്ന് ഒരു പുഞ്ചിരി നമ്മിലേക്ക്‌ വരുന്നു. കാരണം നമ്മുടെ മുൻപിൽ പ്രത്യാശ കാണുന്നു. ഒരു കുട്ടി പ്രതീക്ഷയാണ്. ഈ വിധത്തിൽ, നമുക്കായി ഒരു ശിശുവായിത്തീർന്ന ദൈവത്തെ കണ്ടെത്താൻ നമ്മെ നയിക്കുന്ന പ്രത്യാശയുടെ വഴി ജീവിതത്തിൽ തിരിച്ചറിയാൻ നമുക്ക് കഴിയണം. യേശു നമ്മെ പുഞ്ചിരിപ്പിക്കും. യേശു നമുക്ക് എല്ലാം നൽകും.

പ്രിയ ശ്രോതാക്കളെ, പ്രത്യാശ നേടൂ. യേശുവിനെ നോക്കി, തെരുവിലെ പ്രത്യാശാനാളങ്ങൾ കണ്ടെത്തി; അങ്ങനെ നമുക്കും പ്രത്യാശയുടെ നാളങ്ങളാവാം.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

16 September 2023, 18:18