തിരയുക

പ്രൊ-ലൈഫ് സമിതിയുടെ നേതൃത്വത്തിൽ നടന്ന മാർച്ച് പ്രൊ-ലൈഫ് സമിതിയുടെ നേതൃത്വത്തിൽ നടന്ന മാർച്ച്   (ANSA)

മനുഷ്യജീവൻ മനുഷ്യോത്പത്തിയുടെ വെറും പദാർത്ഥമല്ല:യൂറോപ്യൻ മെത്രാൻ സമിതി

മനുഷ്യജീവന്റെ ആദരണീയതയെ ഇകഴ്ത്തുന്ന രീതിയിലുള്ള യൂറോപ്യൻ യൂണിയന്റെയും, ആരോഗ്യസംഘടനയുടെയും പരാമർശങ്ങൾക്കെതിരെ യൂറോപ്യൻ മെത്രാൻ സമിതിയും, ജർമ്മൻ മെത്രാൻ സമിതിയും സംയുക്തപ്രസ്താവന നടത്തി

ഫാ.ജിനു ജേക്കബ്,വത്തിക്കാൻ സിറ്റി

മനുഷ്യജീവന്, തുടക്കം മുതലേ അന്തസ്സും അവകാശവും സ്വതന്ത്രമായ സംരക്ഷണാവകാശവും ഉണ്ടെന്ന സഭയുടെ ബോധ്യം ഒരിക്കൽ കൂടി അരക്കിട്ടുറപ്പിച്ചുകൊണ്ട് മനുഷ്യജീവന്റെ ആദരണീയതയെ ഇകഴ്ത്തുന്ന രീതിയിലുള്ള  യൂറോപ്യൻ യൂണിയന്റെയും, ആരോഗ്യസംഘടനയുടെയും പരാമർശങ്ങൾക്കെതിരെ  യൂറോപ്യൻ മെത്രാൻ സമിതിയും, ജർമ്മൻ മെത്രാൻ സമിതിയും സംയുക്തപ്രസ്താവന നടത്തി.

പരിസ്ഥിതി, പൊതുജനാരോഗ്യം, ഭക്ഷ്യസുരക്ഷ എന്നിവ സംബന്ധിച്ച യൂറോപ്യൻ പാർലമെന്റിന്റെ കമ്മിറ്റി (ENVI) അംഗീകരിച്ച നിർദ്ദിഷ്ട ഭേദഗതികളിലാണ് ഇത്തരത്തിൽ മനുഷ്യജീവന്റെ അന്തസ്സിനെ ബാധിക്കുന്ന രീതിയിലുള്ള പരാമർശങ്ങൾ ഉള്ളത്.

മനുഷ്യജീവൻ കേവലം മനുഷ്യഉത്ഭവത്തിന്റെ പദാർത്ഥം  മാത്രമാണെന്ന ഭേദഗതി ഒരിക്കലും ശരിവയ്ക്കാനാവാത്തതാണെന്നും ഇത് മനുഷ്യജീവന്റെ സംരക്ഷണത്തെ വിലമതിക്കുന്ന യൂറോപ്യൻ അംഗരാജ്യങ്ങളിലെ ദേശീയ നിയമത്തെ  ഭേദഗതികൾ  മറികടക്കുമെന്നും  യൂറോപ്യൻ മെത്രാന്മാർ ശക്തമായി എടുത്തുപറയുകയും, ആശങ്ക പ്രകടിപ്പിക്കുകയും ചെയ്തു.

മനുഷ്യജീവനുകൾ  തിരഞ്ഞെടുപ്പുകളിലേക്കുള്ള ഐച്ഛികങ്ങളായി തരം  താഴ്ത്തപ്പെടുന്നത് ഒരിക്കലും അംഗീകരിക്കാനാവാത്തതാണെന്നും,മെഡിക്കൽ ഇടപെടലിലൂടെയോ ലബോറട്ടറിയിലൂടെയോ സൃഷ്ടിക്കപ്പെട്ട കുട്ടികൾക്കും,സ്വാഭാവികമായി  ഗർഭം ധരിച്ച കുട്ടികൾക്കുമിടയിൽ കൊണ്ടുവരുന്ന വേർതിരിവുകൾ നീതിരഹിതമാണെന്നും മെത്രാന്മാർ അടിവരയിട്ടു പ്രസ്താവനയിൽ പറയുന്നു. 

അതിനാൽ മനുഷ്യജീവന് അതിന്റെ ലക്ഷ്യത്താലല്ല മറിച്ച് അതിന്റെ ആരംഭം മുതലേയുള്ള അന്തസിനാൽ ആദരിക്കപ്പെടണമെന്നും, യൂറോപ്യൻ അംഗരാജ്യങ്ങളുടെ ധാർമ്മിക  തത്വങ്ങൾക്കനുസൃതമായി ഈ നിയമഭേദഗതികളിൽ മാറ്റം വരുത്തണമെന്നും പ്രസ്താവനയിൽ പറയുന്നു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

12 September 2023, 14:13