ക്രൈസ്തവർക്കുമപ്പുറത്തേക്കെത്തുന്ന പാപ്പായുടെ വാക്കുകൾ: കർദ്ദിനാൾ മരെംഗോ
സാൽവത്തോറെ ചെർനൂസ്സിയോ - മോൺ. ജോജി വടകര, വത്തിക്കാൻ ന്യൂസ്
മധ്യേഷ്യൻ രാജ്യമായ മംഗോളിയയിലേക്ക് ഫ്രാൻസിസ് പാപ്പാ നടത്തിയ അപ്പസ്തോലികയാത്ര കത്തോലിക്കാ വിശ്വാസികളിൽ മാത്രമല്ല, ഏവരിലും ചലനമുണ്ടാക്കിയെന്ന് ഊലൻബതാറിലെ അപ്പസ്തോലിക പ്രീഫെക്ച്ചർ അദ്ധ്യക്ഷൻ കർദ്ദിനാൾ ജോർജിയോ മരെംഗോ. മംഗോളിയൻ ജനതയുടെ ചരിത്രത്തിന്റെ മൂല്യവും ഭംഗിയും ഉയർത്തിക്കാട്ടാൻ പാപ്പായുടെ വാക്കുകൾക്ക് സാധിച്ചുവെന്ന് നിരവധി ആളുകൾ തനിക്കയച്ച കത്തുകളിലൂടെയും സന്ദേശങ്ങളിലൂടെയും അഭിപ്രായപ്പെട്ടുവെന്ന് അദ്ദേഹം പറഞ്ഞു. പരിശുദ്ധ പിതാവ് മംഗോളിയയിലേക്ക് നടത്തിയ അപ്പസ്തോലിക സന്ദർശനം ലോകത്തിന്, പ്രത്യേകിച്ച് അയൽരാജ്യങ്ങൾക്കുള്ള ഒരു സന്ദേശമായിരുന്നുവെന്നും, കണക്കുകൂട്ടലുകളുടെയും, അധികാരത്തിന്റെയും, മുൻകരുതലുകളുടെയും യുക്തി കൊണ്ടല്ല എല്ലായ്‌പ്പോഴും എല്ലാം തീരുമാനിക്കപ്പെടുന്നതെന്നും ഈ യാത്ര വ്യക്തമാക്കിയെന്ന് അദ്ദേഹം വത്തിക്കാൻ ന്യൂസിനോട് വിശദീകരിച്ചു.
റഷ്യയ്ക്കും ചൈനയ്ക്കും ഇടയിൽ സ്ഥിതി ചെയ്യുന്ന ഈ രാജ്യത്തെ 1500 പേർ മാത്രം വരുന്ന കത്തോലിക്കാസഭയ്ക്ക് പ്രതീക്ഷിച്ചതിനപ്പുറം അനുഗ്രഹങ്ങളും ഫലങ്ങളുമാണ് പാപ്പായുടെ സന്ദർശനം കൊണ്ടുവന്നതെന്ന്, 2020 മുതൽ അവിടുത്തെ സഭയെ നയിക്കുന്ന അദ്ദേഹം വ്യക്തമാക്കി.
ആരോഗ്യപരമായ ബുദ്ധിമുട്ടുകൾക്കിടയിലും, സാഹോദര്യത്തിന്റെയും സഹവർത്തിത്വത്തിന്റെയും, ഐക്യത്തിന്റെയും സന്ദേശവുമായി വന്ന പരിശുദ്ധ പിതാവിന്റെ സന്ദർശനം മംഗോളിയൻ ജനതയുടെ ഇടയിൽ ഏറെ ശ്രദ്ധ നേടിയെന്ന് അദ്ദേഹം പറഞ്ഞു. ആഗോളതലത്തിൽ ശ്രദ്ധിക്കപ്പെടുന്ന ഒരു മതനേതാവ് മംഗോളിയിൽ എത്തിയതും, അവിടുത്തെ ചരിത്രത്തിനും, അവിടുത്തെ ജനതയുടെ മൂല്യത്തിനും പ്രാധാന്യം നൽകിയത് ആളുകൾക്ക് ഏറെ അഭിമാനത്തിന് വക നൽകിയെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
സമാധാനത്തിന്റെ തീർത്ഥാടകനായി എത്തിയ പാപ്പാ, ഒരുമിച്ച് പ്രത്യാശയിൽ ജീവിക്കാനാണ് തന്റെ അപ്പസ്തോലികയാത്രയിലൂടെ ആവശ്യപ്പെട്ടതെന്നും, സ്വാർത്ഥതാല്പര്യങ്ങൾക്കും ലാഭനഷ്ട കണക്കുകൂട്ടലുകൾക്കും, അധികാരമോഹത്തിനുമപ്പുറം, സത്യസന്ധതയിലും, ധാർമ്മികതയിലും ശരിയായ ബന്ധങ്ങളിലും ഉറച്ച ആധ്യാത്മികതയുടേതായ ഒരു ലോകമുണ്ടെന്ന് മനസ്സിലാക്കിത്തരുവാനും പാപ്പായുടെ സന്ദർശനം സഹായിച്ചുവെന്ന് അദ്ദേഹം വിശദീകരിച്ചു. നിലനിൽക്കുന്ന സമാധാനം കൊണ്ടുവരാൻ ഈയൊരു ആധ്യാത്മികതയ്ക്കാണ് സാധിക്കുക.
മതസ്വാതന്ത്ര്യം, മനുഷ്യാവകാശങ്ങൾ പാലിക്കപ്പെടുന്നത്, വിവിധ മതവിശ്വാസികൾ തമ്മിലുള്ള സമാധാനപരമായ സഹവാസം തുടങ്ങിയവയുമായി ബന്ധപ്പെട്ട് പാപ്പാ നൽകിയ സന്ദേശം രാജ്യത്ത് മൂർത്തമായ മാറ്റങ്ങളുണ്ടാക്കുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.
തങ്ങളുടെ ചെറിയ കത്തോലിക്കാസമൂഹം, വിശ്വാസത്തിൽ ആഴപ്പെട്ട്, അതിന്റെ നിത്യനൂതനമായ ഭംഗി തിരിച്ചറിഞ്ഞ് മാറ്റങ്ങൾക്കും വളർച്ചയ്ക്കും തയ്യാറാകുമെന്നുമാണ് താൻ പ്രതീക്ഷിക്കുന്നതെന്ന് കർദ്ദിനാൾ മരെംഗോ പറഞ്ഞു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: