ഇസ്രായേൽ-പലസ്തീൻ സംഭാഷണങ്ങൾക്ക് വീണ്ടും ക്ഷണിച്ച് ആർച്ചുബിഷപ്പ് ഗാല്ലഗർ
ഫാ.ജിനു ജേക്കബ്, വത്തിക്കാൻ സിറ്റി
2023 സെപ്തംബർ 18 മുതൽ 26 വരെ ന്യൂയോർക്കിൽ നടക്കുന്ന 78-ാമത് ഐക്യരാഷ്ട്രസഭയുടെ പൊതുസമ്മേളനത്തിൽ "സമാധാന ദിന ശ്രമം:പശ്ചിമേഷ്യൻ സമാധാനത്തിനുള്ള ഒരു ശ്രമം" എന്ന പേരിൽ നടത്തുന്ന ഉന്നതതല മന്ത്രിമാരുടെ യോഗത്തിൽ, സംസ്ഥാനങ്ങളുമായും, അന്താരാഷ്ട്ര സംഘടനകളുമായും ഉള്ള ബന്ധങ്ങളുടെ വത്തിക്കാൻ നയതന്ത്ര സെക്രട്ടറി ആർച്ചുബിഷപ്പ് പോൾ റിച്ചാർഡ് ഗാല്ലഗർ സംസാരിച്ചു.
ഇസ്രായേൽ - പലസ്തീൻ രാജ്യങ്ങൾ തമ്മിലുള്ള സംഭാഷണങ്ങളെ എപ്രകാരം വത്തിക്കാൻ സ്വാഗതം ചെയ്യുന്നുവെന്ന് ആർച്ചുബിഷപ്പ് എടുത്തു പറഞ്ഞു.കർത്താവായ യേശുവിന്റെ വിശുദ്ധ സ്ഥലമെന്ന നിലയിലും,2000 വർഷങ്ങളായി ക്രിസ്ത്യാനികൾ വസിക്കുന്ന സ്ഥലമെന്ന നിലയിലും ഈ അതിർത്തികൾ സഭയ്ക്ക് ഏറെ പ്രാധാന്യമുള്ളതാണെന്ന് അദ്ദേഹം അടിവരയിട്ടു പറഞ്ഞു.
സമാധാനപരിശ്രമങ്ങൾ എല്ലായ്പ്പോഴും സ്വാഗതാർഹമെന്നിരിക്കെ ഇസ്രായേൽ-പലസ്തീൻ സമാധാനം അന്താരാഷ്‌ട്ര സമൂഹം ഒന്നടങ്കം ഉറ്റുനോക്കുന്ന ഒന്നാണെന്ന് ആർച്ചുബിഷപ്പ് പറഞ്ഞു.
ഓസ്ലോ കരാറുകൾ ഉണ്ടാക്കി മുപ്പതു വർഷങ്ങൾക്കു ശേഷവും ഇസ്രായേൽ പലസ്തീൻ സമാധാനചർച്ചകൾ നടത്തുന്നത് ദൗർഭാഗ്യകരമാണെന്നും ആർച്ചുബിഷപ്പ് ഓർമ്മിപ്പിച്ചു. അതിനാൽ എല്ലാ മതങ്ങളിൽ പെട്ടവർക്കും സമാധാനമായി ജീവിക്കുവാനുള്ള അന്തരീക്ഷം വിശുദ്ധ നഗരമായ ജറുസലേമിന് ചുറ്റുമുള്ളവർക്ക് സാധ്യമാവണമെന്നും അദ്ദേഹം അടിവരയിട്ടു പറഞ്ഞു.
നേരിട്ടുള്ള സംഭാഷണങ്ങൾക്കായുള്ള ഫ്രാൻസിസ് പാപ്പായുടെ ആഹ്വാനത്തിന്റെ ആദ്യപടിയെന്നോണം 2014 ൽ ഇരുരാജ്യങ്ങളുടെയും രാഷ്ട്രപതിമാർ വത്തിക്കാനിൽ പാപ്പയോടൊപ്പം പ്രാർത്ഥനയിൽ പങ്കുചേർന്നതുപോലെ ഇനിയും, ഈ സമാധാനാഹ്വാനത്തിനു ചെവി കൊടുക്കുവാൻ എല്ലാവര്ക്കും സാധിക്കട്ടെയെന്ന ആശംസയോടെയാണ് ആർച്ചുബിഷപ്പ് തന്റെ വാക്കുകൾ ഉപസംഹരിക്കുന്നത്.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: