തിരയുക

വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും തകർന്ന സ്ലോവേനിയയിലെ വീടുകൾ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും തകർന്ന സ്ലോവേനിയയിലെ വീടുകൾ   (BORUT ZIVULOVIC)

സ്ലോവേനിയയിൽ വെള്ളപ്പൊക്ക ദുരിതബാധിതർക്ക് കൈത്താങ്ങായി കത്തോലിക്കാസഭ

വെള്ളപ്പൊക്കം അതിരൂക്ഷമായ നാശം വിതച്ച യൂറോപ്യൻ രാജ്യമായ സ്ലോവേനിയയിൽ ദുരിതബാധിതർക്ക് ആവശ്യമായ സഹായങ്ങൾ നൽകുവാൻ വിവിധ രൂപതകളും,യുവജനസംഘടനകളും,കാരിത്താസ് സംഘടനയും സംയുക്തമായി പരിശ്രമിക്കുന്നു

ഫാ.ജിനു ജേക്കബ്,വത്തിക്കാൻ സിറ്റി

കഴിഞ്ഞ ഒരാഴ്ചയായി വെള്ളപ്പൊക്കത്താലും, മണ്ണിടിച്ചിലിനാലും ഏറെ ദുരിതമനുഭവിക്കുകയാണ് സ്ലോവേനിയൻ ജനത. ഭക്ഷ്യവസ്തുക്കളുടെയും, ശുചിത്വ വസ്തുക്കളുടെയും,അവശ്യവസ്തുക്കളുടെയും അഭാവം ഏറെ തീവ്രമായി അനുഭവിക്കുന്ന അവസ്ഥയിലാണ് എല്ലാവരും. ഈ അവസ്ഥയിൽ സാമ്പത്തികമായും, വ്യക്തിപരമായും, ആത്മീയപരമായും ആളുകളുടെ കൂടെയാണ് കത്തോലിക്കാ സഭയും.

അടിയന്തരസഹായമായി ഏകദേശം 75000 യൂറോയുടെ സഹായമാണ് സ്ലോവേനിയൻ മെത്രാൻ സമിതി ഭരണാധികാരികൾക്കു കൈമാറിയത്.ഇതോടൊപ്പം കാരിത്താസ് സംഘടനയും ആളുകൾക്ക് സഹായമെത്തിക്കുന്നതിനുള്ള നടപടികൾ തുടങ്ങിക്കഴിഞ്ഞു.

സാമ്പത്തികസഹായങ്ങൾക്കു പുറമെ ദുരിതബാധിത പ്രദേശങ്ങളിലേക്കുള്ള മെത്രാന്മാരുടെ സന്ദർശനവും, പ്രാഥമികമായ സാമഗ്രികൾ വിതരണം ചെയ്യുന്നതിനുള്ള മുൻകൈയെടുക്കലും ഏറെ ശ്‌ളാഘനീയമാണ്.ആഗസ്റ്റ് മാസം പതിമൂന്നാം തീയതി ദേവാലയങ്ങളിലെ സ്തോത്രക്കാഴ്ച പൂർണ്ണമായും ദുരിതബാധിതർക്കുള്ള കൈത്താങ്ങായി ഉപയോഗപ്പെടുത്തുമെന്നും മെത്രാൻ സമിതി വാർത്താകുറിപ്പിൽ അറിയിച്ചു.

നാശത്തിന്റെ വ്യാപ്തിയിൽ സഭാ പ്രതിനിധികൾ ദുഃഖം  പ്രകടിപ്പിക്കുകയും, എല്ലാ സന്നദ്ധപ്രവർത്തകർക്കും,സജീവമായ മുഴുവൻ സമയ പ്രവർത്തകർക്കും നന്ദി അറിയിക്കുകയും ചെയ്തു. പരസ്‌പരം സഹായിക്കുന്ന ആളുകൾ തമ്മിലുള്ള ഐക്യദാർഢ്യം ഈ ദുഷ്‌കരമായ നിമിഷത്തിൽ പുതിയ പ്രത്യാശ ഉണർത്തുന്നുവെന്നു മെത്രാന്മാർ അടിവരയിട്ടു പറയുന്നു.

യുവജന സംഘടനയായ "യംഗ് കാരിത്താസ്" ൽ നിന്നുള്ള നൂറുകണക്കിന് സന്നദ്ധപ്രവർത്തകർ ദുരിതബാധിത പ്രദേശങ്ങളിൽ തങ്ങി സേവനം ചെയ്തു വരുന്നു.വീടുകളും മറ്റും ശുചിയാക്കാനുള്ള കഠിനമായ പരിശ്രമങ്ങളിലും ഏറെ കർമ്മോത്സുകരായി ഇവർ തങ്ങളുടെ സേവനം അർപ്പിക്കുന്നു.

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

11 August 2023, 13:55