തിരയുക

ആഴക്കടലിൽ കരം പിടിച്ചുയർത്തുന്ന കർത്താവ് ആഴക്കടലിൽ കരം പിടിച്ചുയർത്തുന്ന കർത്താവ് 

കടലിനുമീതെ സഞ്ചരിക്കാൻ കരുത്തേകുന്ന കർത്താവ്

ലത്തീൻ ആരാധനാക്രമപ്രകാരം ആണ്ടുവട്ടം പത്തൊൻപതാം ഞായറാഴ്ചയിലെ തിരുവചനവായനകളെ അടിസ്‌ഥാനമാക്കിയ വിചിന്തനം. സുവിശേഷഭാഗം - മത്തായി 14, 22-33
സുവിശേഷപരിചിന്തനം Mathew 14, 22-33 - ശബ്ദരേഖ

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി

വിശുദ്ധ മത്തായിയുടെ സുവിശേഷം പതിനാലാം അധ്യായത്തിന്റെ ഇരുപത്തിരണ്ടു മുതൽ മുപ്പത്തിമൂന്ന് വരെയുള്ള തിരുവചനങ്ങൾ, തിരമാലകളിൽപ്പെട്ട് ഉലയുന്ന തോണിയിൽ ആയിരിക്കുന്ന തന്റെ ശിഷ്യരുടെ സമീപത്തേക്ക് കടലിനു മീതെ നടന്നു ചെല്ലുന്ന, കാറ്റിനെ ശമിപ്പിച്ച് അവരെ ആശ്വസിപ്പിക്കുന്ന ദൈവപുത്രനായ യേശുവിനെക്കുറിച്ചാണ് പറയുന്നത്. വിശുദ്ധ മർക്കോസിന്റെ സുവിശേഷം ആറാം അധ്യായത്തിലും, വിശുദ്ധ യോഹന്നാന്റെ സുവിശേഷം ആറാം അധ്യായത്തിലും നാം ചില വ്യത്യാസങ്ങളോടെ വായിക്കുന്ന ഒരു സംഭവമാണിത്. ബൈബിൾ പണ്ഡിതന്മാരുടെ അഭിപ്രായത്തിൽ, വഞ്ചി തുഴഞ്ഞ് അവശരായ (മാർക്കോസ് 6, 48) തന്റെ ശിഷ്യന്മാരുടെ അടുത്തേക്ക് ചെന്ന്, അവരെ ധൈര്യപ്പെടുത്തുകയും, അവർക്ക് ആശ്വാസമേകുകയും ചെയ്ത യേശുവിനെക്കുറിച്ച് മർക്കോസ് എഴുതിയ ഒരു സംഭവത്തെ, തങ്ങളുടേതായ രീതിയിൽ മത്തായി, യോഹന്നാൻ സുവിശേഷകന്മാർ എഴുതി വയ്ക്കുകയാണ് ചെയ്തിരിക്കുന്നത്. മൂന്ന് സുവിശേഷകരുടെയും വിവരണത്തിൽ നമുക്ക് പൊതുവായി കാണാൻ സാധിക്കുന്ന ഒരു കാര്യം, ജലത്തിന്റെമേൽ ദൈവത്തിനുള്ള അധികാരമാണ്. മത്തായിയുടെ സുവിശേഷം എട്ടാം അധ്യായം ഇരുപത്തിയാറാം വചനത്തിലും ഈയൊരു അധികാരത്തെക്കുറിച്ച് ശിഷ്യന്മാർ സംസാരിക്കുന്നത് നാം കാണുന്നുണ്ട്. തോണി മുങ്ങത്തക്കവിധത്തിൽ കൊടുങ്കാറ്റും തിരമാലകളും ഉണ്ടാകുമ്പോൾ, ശിഷ്യന്മാരുടെ അപേക്ഷ കേട്ട് യേശു കാറ്റിനെയും കടലിനെയും ശാസിച്ച് ശാന്തമാക്കുമ്പോൾ ശിഷ്യന്മാർ ആശ്ചര്യപ്പെട്ട് പറയുന്നുണ്ട്, "ഇവൻ ആര്? കാറ്റും കടലും പോലും ഇവനെ അനുസരിക്കുന്നുവല്ലോ?" (മത്തായി 8, 26). ഈയൊരു അധികാരത്തോടെയും ശക്തിയോടെയുമാണ് ഗനേസറത്തിലേക്ക് പോയ ശിഷ്യന്മാരെ രക്ഷിക്കുവാനായി, കടലിന് മീതെ നടന്ന് യേശു പോകുന്നത്.

പഴയനിയമപുസ്തകത്തിൽ എഴുപത്തിയേഴാം സങ്കീർത്തനം പത്തൊൻപതാം വാക്യത്തിൽ കർത്താവിന്റെ പാതയെക്കുറിച്ച് പറയുന്നത് ഇങ്ങനെയാണ്: "അങ്ങയുടെ വഴി സമുദ്രത്തിലൂടെയും അങ്ങയുടെ പാത പെരുവെള്ളത്തിലൂടെയും ആയിരുന്നു" (സങ്കീ. 77, 19). സഹനദാസനായ ജോബാകട്ടെ, "സമുദ്രത്തിലെ തിരമാലകളെ ചവിട്ടി മെതിക്കുന്ന" ദൈവത്തെക്കുറിച്ചാണ് പറയുക (ജോബ് 9, 8). അങ്ങനെ ബൈബിൾ പലപ്പോഴും തിന്മയുടെയും മരണത്തിന്റെയും ഒക്കെ ഇടമായ കടലിനെ അടക്കിനിറുത്തുന, അതിന് മീതെ സഞ്ചരിക്കുന്ന, അതിനെ ചവിട്ടി മെതിക്കുന്ന ഒരു ദൈവത്തെക്കുറിച്ചാണ് നമ്മോട് പറയുക. തന്റെ പ്രിയപ്പെട്ട ശിഷ്യന്മാരെ ഭയപ്പെടുത്തുന്ന കൊടുങ്കാറ്റിനെയും തിരമാലകളെയും അടക്കി, ആശ്വാസം കൊണ്ടുവരുന്ന ഒരു ക്രിസ്തുവിനെക്കുറിച്ചാണ് ഇന്നത്തെ സുവിശേഷഭാഗത്തും നാം കാണുക. ഇവിടെ മത്തായി, ജലത്തിന് മീതെ നടക്കുന്ന പത്രോസിനെക്കുറിച്ചുള്ള ഒരു വിവരണം കൂടി കൂട്ടിച്ചേർത്താണ് നമുക്ക് മുൻപിൽ ക്രിസ്തുവിനെ അവതരിപ്പിക്കുന്നത് എന്നാണ് നമുക്ക് മനസ്സിലാവുക.

ദൈവത്തോട് ചേർന്ന് നിൽക്കുക

റോമാക്കാർ ദിവസത്തിന്റെയും രാത്രിയുടെയും പന്ത്രണ്ടു മണിക്കൂറുകൾ നാല് ഭാഗങ്ങളായാണ് തിരിച്ചിരുന്നത്, അങ്ങനെ രാത്രിയുടെ നാലാം യാമത്തിൽ, അതായത് പ്രഭാതത്തിൽ മൂന്ന് മാണിക്കും ആറുമണിക്കും ഇടയിലുള്ള സമയത്താണ് ക്രിസ്തു പ്രാർത്ഥന അവസാനിപ്പിച്ച് തിരികെ തന്റെ ശിഷ്യന്മാരുടെ അരികിലേക്ക് എത്തുക. ജനക്കൂട്ടത്തിന്റെമേൽ അനുകമ്പ തോന്നി, അവരുടെയിടയിലെ രോഗികളെ സുഖപ്പെടുത്തി, വചനത്താൽ അവരുടെ ആത്മാവിന്റെയും, അഞ്ച് അപ്പവും രണ്ടു മീനും ഉപയോഗിച്ച് അവരുടെ ശരീരത്തിന്റെയും വിശപ്പകറ്റിയ ശേഷം അവരെ പിരിച്ചുവിട്ട യേശു, തനിക്ക് മുൻപേ മറുകരയിലേക്ക് പോകാൻ ശിഷ്യന്മാരെ നിർബന്ധിച്ച് അയക്കുന്നു. എന്നിട്ടാണ് അവൻ ഏകാന്തതയിൽ പ്രാർത്ഥിക്കാൻ മലയിലേക്ക് കയറുന്നത്. ദൈവമായിരിക്കുമ്പോഴും, മനുഷ്യരുടെ ഇടയിൽ ആയിരിക്കുമ്പോഴും, പിതാവായ ദൈവവുമായുള്ള ബന്ധം മറന്നുപോകാത്ത ഒരു ക്രിസ്തു. രാത്രി മുഴുവനും പ്രാർത്ഥനയിൽ ആയിരിക്കുന്ന ദൈവപുത്രൻ. ലൗകികതയുടെ കണ്ണുകളോടെ തന്നെ രാജാവും മിശിഹാ, രക്ഷകനുമായി നോക്കുന്ന മനുഷ്യരിൽനിന്ന്, മാറി, നിത്യജീവന്റെ സമൃദ്ധിയിൽ തന്റെ ജനത്തെ വളർത്തുവാൻ ആഗ്രഹിക്കുന്ന പിതാവായ ദൈവം തന്നിൽ ഏൽപ്പിച്ചിരിക്കുന്ന നിയോഗത്തിന് പ്രാധാന്യം കൊടുക്കുന്ന ദൈവപുത്രൻ. എന്നാൽ മറുഭാഗത്ത് നാം കാണുക, ദൈവപുത്രനിൽനിന്ന്, ക്രിസ്തുവിൽനിന്ന് അകന്നുപോകുന്ന ശിഷ്യരുടെ തോണിയാണ്. ദൈവത്തിൽനിന്ന് അകലുന്ന മനുഷ്യരുടെ ജീവിതതോണിയിലാണ് നിരാശയുടെയും, ദുഃഖത്തിന്റെയും മരണത്തിന്റെയും ഭീതിയുണർത്തുന്ന കൊടുങ്കാറ്റും തിരമാലകളുമുയരുന്നത്. എന്നാൽ തന്റെ ശിഷ്യർ നേരിടുന്ന പ്രതിസന്ധികളുടെ തിരമാലകൾക്ക് മുന്നിൽ, അവരെ നാശത്തിനും, മരണത്തിനും വിട്ടുകൊടുക്കാതെ, സഹായകനായി ക്രിസ്‌തു എത്തുന്നു. അവിശ്വസനീയമായ രീതിയിൽ, കടലിനുമീതെ നടന്ന് മനുഷ്യർക്ക് ശാന്തത ഉറപ്പുനൽകാനെത്തുന്ന ഒരു ദൈവം. പാപത്തിന്റെയും മരണത്തിന്റെയും താഴ്വാരങ്ങളിൽ ജീവന്റെ സമൃദ്ധിയുമായെത്തുന്ന ഒരു ദൈവം. ആ ദൈവത്തിൽനിന്ന് അകന്നുപോകാതെ, അവനോട് ചേർന്ന് നിൽക്കുവാനുള്ള ഒരു വിളി നാം ഈ തിരുവചനങ്ങളിൽ കാണുന്നുണ്ട്.

ഇത് ഞാനാണ്

ഭയപ്പെടുന്ന തന്റെ ശിഷ്യരുടെ മുന്നിൽ യേശു പറയുന്ന ഒരു വചനമുണ്ട്: "ധൈര്യമായിരിക്കുവിൻ, ഞാനാണ്, ഭയപ്പെടേണ്ട" (മത്തായി 14, 27). മർക്കോസും യോഹന്നാനും മത്തായിയും ഒരുപോലെ ആവർത്തിക്കുന്ന ഈ ഒരു ഭാഗം പഴയനിയമത്തിലെ, പുറപ്പാട് പുസ്തകത്തിന്റെ മൂന്നാം അധ്യായത്തിലും ഏശയ്യാ പ്രവാചകന്റെ പുസ്തകം നാല്പത്തിയൊന്നാം അധ്യായത്തിലും ഒക്കെ നാം കാണുന്ന ഒരു വചനത്തിന്റെ (Ex 3:14; Is 41:4, 10) ആവർത്തനമാണെന്ന് നമുക്ക് കാണാം. "ഞാൻ ഞാൻ തന്നെ. ഇസ്രായേൽ മക്കളോട് നീ പറയുക: ഞാനാകുന്നവൻ എന്നെ നിങ്ങളുടെ അടുത്തേക്ക് അയച്ചിരിക്കുന്നു" എന്ന് പുറപ്പാടിന്റെ പുസ്തകത്തിൽ മോശയെക്കൊണ്ടും, "ഞാൻ തന്നെ അവൻ" എന്ന് ഏശയ്യാപ്രവാചകനെക്കൊണ്ടും ഒക്കെ സാക്ഷ്യപ്പെടുത്തുന്ന ഇസ്രയേലിന്റെ നാഥനായ ദൈവത്തിലേക്കാണ് യേശുവിനെക്കുറിച്ച് സുവിശേഷകന്മാർ എഴുതുന്ന "ഇത് ഞാനാണ്" എന്ന വചനം നമ്മുടെ ശ്രദ്ധ ക്ഷണിക്കുന്നത്. പ്രപഞ്ചം മുഴുവൻ സൃഷ്‌ടിച്ച, കടലിനെയും കാറ്റിനെയും അടക്കി നിറുത്തുവാൻ കഴിവുള്ള, മനുഷ്യനെ സ്നേഹിക്കുന്ന ഒരു ദൈവത്തിന്റെ പുത്രനാണ്, ഇവിടെ കടലിനുമീതെ നടന്ന്, തിരമാലകളെ അടക്കി, തന്റെ ശിഷ്യരുടെ ജീവിതത്തിലേക്ക് ശാന്തത കൊണ്ടുവരുന്നത്.

അൽപവിശ്വാസത്തിൽനിന്ന് ആഴമേറിയ വിശ്വാസത്തിലേക്ക്

മത്തായിയുടെ തന്നെ സുവിശേഷം ആറാം അധ്യായം മുപ്പതാം തിരുവചനത്തിൽ, ദൈവത്തിന്റെ പരിപാലനയിൽ ബോധ്യമില്ലാത്ത മനുഷ്യരെക്കുറിച്ച് യേശു പറയുന്ന ഒരു വാക്കാണ് "അല്പവിശ്വാസി" എന്നത്. "ഇന്നുള്ളതും നാളെ അടുപ്പിൽ അറിയപ്പെടുന്നതും ആയ പുല്ലിനെ ദൈവം ഇപ്രകാരം അലങ്കരിക്കുന്നെങ്കിൽ, അല്പവിശ്വാസികളെ, നിങ്ങളെ അവിടുന്ന് എത്രയധികം അലങ്കരിക്കുകയില്ല?" (മത്തായി 6, 30). ക്രിസ്തുവിന്റെ മരണ, ഉത്ഥാന അനുഭവങ്ങൾക്ക് ശേഷം, യേശുവിന്റെ നിർദ്ദേശപ്രകാരം ഗലീലിയിലെ മലമുകളിലേക്ക് പോവുകയും, അവിടെവച്ച് പ്രേഷിതദൗത്യം സ്വീകരിക്കുകയും ചെയ്യുന്ന പതിനൊന്ന് പേരിൽ ചിലരിൽ പിന്നെയും ഈയൊരു സംശയം അവശേഷിക്കുന്നത് നാം കാണുന്നുണ്ട്. ദൈവത്തെ അനുഭവിച്ചറിഞ്ഞിട്ടും, വിശ്വാസത്തിൽ വളരാൻ സാധിക്കാത്ത, അവന്റെ രക്ഷാകര ശക്തിയിൽ ബോധ്യമില്ലാത്ത അവിശ്വാസികളായ മനുഷ്യരുടെ സംശയപ്രകൃതി ഈ ശിഷ്യന്മാരിലും നമുക്ക് കാണാം. എന്നാൽ മർക്കോസിന്റെയും യോഹന്നാന്റെയും  സുവിശേഷങ്ങളിലെ, അൽപവിശ്വാസികളും, അപ്പം വർദ്ധിപ്പിച്ചതിനെക്കുറിച്ചും, കാറ്റിനെയും കടലിനെയും ശാസിച്ച്, ശാന്തത കൊണ്ടുവന്നതിനെക്കുറിച്ചും മനസിലാക്കാൻ സാധിക്കാത്തവരും, ഹൃദയം മന്ദീഭവിച്ചവരുമായ മനുഷ്യരിൽനിന്ന് വ്യത്യസ്ഥമായി, ആഴമേറിയ ഒരു വിശ്വാസത്തിലേക്ക് വളർന്നുവന്ന ശിഷ്യന്മാരെക്കുറിച്ചുള്ള ഒരു സാക്ഷ്യമാണ് മത്തായിയുടെ സുവിശേഷം പതിനാലാം അധ്യായത്തിൽ നാം വായിക്കുക. തിരുവചനം പറയുന്നത് ഇങ്ങനെയാണ്: "വഞ്ചിയിലുണ്ടായിരുന്നവർ അവനെ ആരാധിച്ചുകൊണ്ട് സത്യമായും നീ ദൈവപുത്രനാണ് എന്നുപറഞ്ഞു" (മത്തായി 14, 33). അടയാളങ്ങളുടെയും, അത്ഭുതങ്ങളുടെയും, രക്ഷയുടെ അനുഭവത്തിന്റെയും മുൻപിൽ, "ഇത് ഞാനാണ്" എന്ന് പറയുന്ന ദൈവത്തെ തിരിച്ചറിയാൻ സാധിക്കുന്ന ഒരു വലിയ വിശ്വാസത്തിലേക്ക് വളർന്നുവരേണ്ടതിന്റെ ആവശ്യകതയെയാണ് ഈ സുവിശേഷഭാഗം നമ്മെ ഓർമ്മിപ്പിക്കുന്നത്.

ക്രിസ്തുവിനോട് ചേർന്ന് നടക്കേണ്ട പുതിയ ഇസ്രായേൽ

വിശുദ്ധ പൗലോസ് റോമക്കാർക്കെഴുതിയ ലേഖനം ഒൻപതാം അധ്യായത്തിൽ നമ്മെ ഓർമ്മിപ്പിക്കുന്ന ഒരു കാര്യമുണ്ട്. പൂർവ്വപിതാക്കന്മാർ സ്വന്തമായുള്ള, ക്രിസ്തു പിറന്ന വംശം ഇസ്രായേൽമക്കളാണ്. വിശ്വാസം വഴി പുതിയ ഇസ്രായേൽമക്കളായിത്തീർന്ന നാമോരുത്തരും, ദൈവമക്കളെന്ന പുത്രസ്ഥാനവും മഹത്വവും അവകാശപ്പെട്ട മനുഷ്യരാണ്. ദൈവത്താൽ തിരഞ്ഞെടുക്കപ്പെട്ട പുതിയ ഇസ്രായേൽ. ദൈവത്തോട് ചേർന്ന്, അവന്റെ മക്കളെന്ന നിലയിൽ, ക്രിസ്തുവിന്റെ ശിഷ്യരെന്ന നിലയിൽ നമ്മുടെ ജീവിതത്തിൽ വിശ്വാസത്തോടെ മുന്നേറാൻ പരിശ്രമിക്കാം. ദൈവത്തിൽനിന്ന് അകന്നു പോയെങ്കിൽ, ജീവിതത്തിൽ കാറ്റും കോളും അനുഭവിക്കുന്നെങ്കിൽ, നമ്മുടെ ജീവിതതോണിയിലേക്ക്, ദൈവപുത്രനെ, രക്ഷകനായ ക്രിസ്തുവിനെ തിരികെ വിളിക്കാം. ദൈവപുത്രൻ നമുക്കൊപ്പമുണ്ടെങ്കിൽ, ജീവിതത്തിന്റെ എത്ര വലിയ പ്രശ്നങ്ങളിലും പ്രലോഭനങ്ങളിലും, കൊടുങ്കാറ്റിലും, അതിശക്തമായ തിരമാലകളിലും, അവയ്ക്ക് മീതെ നടക്കാൻ, ശാന്തതയിൽ ജീവിക്കാൻ പത്രോസിനെപ്പോലെ നമുക്കും സാധിക്കും. വചനത്തിന്റെ പ്രകാശത്തിൽ, ക്രിസ്‌തു നമ്മുടെ ജീവിതത്തെ ശാന്തതയുടെ, നിത്യതയുടെ, രക്ഷയുടെ തീരത്തണയ്ക്കുന്ന ദൈവപുത്രനാണെന്ന ബോധ്യത്തിൽ വളരുകയും, സ്നേഹമായ ദൈവത്തിന് സാക്ഷ്യമേകുകയും ചെയ്യാം. ദൈവം നമ്മെ അനുഗ്രഹിക്കട്ടെ.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

12 August 2023, 04:35