തിരയുക

ഫ്രാൻസിസ് പാപ്പാ എക്യൂമെനിക്കൽ പാത്രിയർക്കാ ബർത്തലോമിയോ ഒന്നാമനെ വത്തിക്കാനിൽ സ്വീകരിച്ചപ്പോൾ - ഫയൽ ചിത്രം ഫ്രാൻസിസ് പാപ്പാ എക്യൂമെനിക്കൽ പാത്രിയർക്കാ ബർത്തലോമിയോ ഒന്നാമനെ വത്തിക്കാനിൽ സ്വീകരിച്ചപ്പോൾ - ഫയൽ ചിത്രം  (Vatican Media)

പ്രകൃതിക്കായുള്ള പ്രാർത്ഥനാദിനം: പ്രാർത്ഥനാശംസകളുമായി എക്യൂമെനിക്കൽ പാത്രിയർക്കാ

സെപ്റ്റംബർ ഒന്ന് വെള്ളിയാഴ്ച പ്രകൃതിക്കായുള്ള പ്രാർത്ഥനാദിനം ആചരിക്കപ്പെടുന്ന അവസരത്തിൽ, ലോകമെമ്പാടും പ്രകൃതിസംരക്ഷണത്തിന്റെ പ്രാധാന്യം തിരിച്ചറിയുന്നതിൽ സന്തോഷം പ്രകടിപ്പിച്ചും, ഉക്രൈനുമേൽ റഷ്യ നടത്തുന്ന അധിനിവേശ യുദ്ധത്തിലും, അത് പരിസ്ഥിതിക്കുയർത്തുന്ന ഭീഷണിയിലും ആശങ്ക രേഖപ്പെടുത്തിയും എക്യൂമെനിക്കൽ പാത്രിയർക്കാ ബർത്തലോമിയോ ഒന്നാമൻ.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി

ഓർത്തഡോക്സ് സഭ പുതിയ ആരാധനാക്രമവർഷാരംഭവും, ലോകമെമ്പാടും പരിസ്ഥിതിക്കായുള്ള മുപ്പത്തിയഞ്ചാമത് പ്രാർത്ഥനാദിനവും ആചരിക്കുന്ന അവസരത്തിൽ, കോൺസ്റ്റാന്റിനോപ്പിൾ ആർച്ച്ബിഷപ് എക്യൂമെനിക്കൽ പാത്രിയർക്കാ ബർത്തലോമിയോ ഒന്നാമൻ പ്രകൃതിസംരക്ഷണത്തിന്റെ പ്രാധാന്യത്തിന് ലോകം നൽകുന്ന ശ്രദ്ധയിൽ സന്തോഷം രേഖപ്പെടുത്തി. എക്യൂമെനിക്കൽ പാത്രിയർക്കെറ്റിന്റെ താൽപര്യത്തിൽ പ്രകൃതിസംരക്ഷണം മുന്നിൽ കണ്ട് ആരംഭിച്ച ഈ സംരഭം, ക്രൈസ്തവലോകത്തിന് പുറമെ, മറ്റു മതങ്ങളും, രാഷ്ട്രീയനേതൃത്വങ്ങളും, പൊതുസമൂഹവും, ശാസ്ത്രലോകവും ഏറ്റെടുത്തതിൽ അദ്ദേഹം സംതൃപ്തി അറിയിച്ചു.

പരിസ്ഥിതിയും സാമൂഹികപ്രശ്‌നങ്ങളുമായുള്ള ബന്ധം ആളുകൾ തിരിച്ചറിയുന്നുവെന്ന് തന്റെ സന്ദേശത്തിൽ എഴുതിയ അദ്ദേഹം, പ്രകൃതിയുടെ നാശം പാവപ്പെട്ടവരെയാണ് കൂടുതലായി ബാധിക്കുക എന്ന് അനുസ്‌മരിച്ചു. സമഗ്രമായ വികസനവും പുരോഗതിയും ഉറപ്പാക്കാൻ പ്രകൃതിയുടെ സുസ്ഥിരതയും വ്യക്തികളുടെ അന്തസ്സും അവകാശങ്ങളും ഉറപ്പാക്കേണ്ടതിന്റെ ആവശ്യം അദ്ദേഹം എടുത്തുപറഞ്ഞു.

കുടിവെള്ളം, ഫലഭൂയിഷ്ഠിയുള്ള മണ്ണ്, ശുദ്ധവായു തുടങ്ങിയവയുടെ ലഭ്യത കുറയുന്നത് മനുഷ്യാവകാശങ്ങൾക്ക് ഭീഷണിയാകുന്നുണ്ടെന്ന് എക്യൂമെനിക്കൽ പാത്രിയർക്കാ ഓർമ്മിപ്പിച്ചു.

ഉക്രൈനുമേൽ റഷ്യ നടത്തുന്ന കടന്നുകയറ്റത്തിനെതിരെയും കോൺസ്റ്റാന്റിനോപ്പിൾ ആർച്ച്ബിഷപ് ശബ്ദമുയർത്തി. ഈ യുദ്ധവും പ്രകൃതിക്കെതിരെ ഭീഷണി ഉയർത്തുന്നുണ്ടെന്നും, വായു, ജല, ഭൂമി മലിനീകരണങ്ങൾക്ക് യുദ്ധം കാരണമാകുമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. ഉക്രൈനെതിരെ റഷ്യ നടത്തുന്ന യുദ്ധം ഉടൻ അവസാനിപ്പിക്കണമെന്നും, സത്യസന്ധമായ സന്ധിസംഭാഷണങ്ങൾ ആരംഭിക്കണമെന്നും അദ്ദേഹം  ആവശ്യപ്പെട്ടു.

പുതിയ ആരാധനാക്രമവർഷം ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട് എഴുതിയ അദ്ദേഹം, വിശുദ്ധ കുർബാന നമുക്ക് ദൈവവുമായും മറ്റുള്ളവരുമായുമുള്ള ബന്ധം മാത്രമല്ല, ഭക്ഷണം ഉൾക്കൊള്ളുന്നതും, പരിസ്ഥിതിയെ സ്വീകരിക്കുകയും വിലമതിക്കുകയും ചെയ്യുന്നതുമാണെന്നും, ഇത് കേവലം ഒരു പദാർത്ഥത്തിന്റെ ഉപഭോഗം മാത്രമല്ല അർത്ഥമാക്കുന്നതെന്നും എഴുതി. ആധുനികലോകത്തിനായി സഭയ്ക്ക് നൽകാനാവുന്നതിൽ ഏറ്റവും മെച്ചപ്പെട്ടത് വിശുദ്ധ കുർബാനയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

31 August 2023, 17:27