നൈജറിൽ പ്രത്യാശയുടെ തിരികൊളുത്തുന്ന പൗരോഹിത്യ വിളി!
ജോയി കരിവേലി, വത്തിക്കാൻ സിറ്റി
ആഫ്രിക്കയിലെ സംഘർഷവേദികളിലൊന്നായ നൈജറിലെ പൗരോഹിത്യ ദൈവവിളികൾ പ്രത്യശയ്ക്കും ആനന്ദത്തിനും കാരണമാണെന്ന് സഭാവൃത്തങ്ങൾ.
നൈജറും ബുർക്കിനൊ ഫാസൊയും തമ്മിൽ അതിർത്തികുറിക്കുന്നതും സായുധ സംഘങ്ങളുടെ ഭീഷണി നിലനില്ക്കുന്നതും ഗുർമൺഷെ ജനവിഭാഗത്തിൻറെ അധീനതയിലുള്ളതുമായ ഗ്രാമ പ്രദേശമായ കങ്കാണിയിൽ നിന്നുള്ള ലോറെൻ വ്വോബ ജൂലൈ 8-ന് നയമീ രൂപതയ്ക്കുവേണ്ടി പൗരോഹിത്യം സ്വീകരിച്ചതിനെ തുടർന്ന് രൂപതാവൈദിക സാഹോദര്യസംഖ്യത്തിൻറെ ഏകോപകനായ വൈദികൻ ഫ്രാൻസ്വ അസൂമ അദ്ദേഹത്തെ സ്വാഗതംചെയ്തു സംസാരിക്കുകയായിരുന്നു.
നവ വൈദികൻ ലോറെൻ വ്വോബയുടെ പൗരോഹിത്യ വിളി സുരക്ഷിതരാഹിത്യത്തിൻറെതായ ഒരവസ്ഥയിൽ ഭീതിയുടെ ഒരു അന്തരീക്ഷത്തിൽ ആണ് ജന്മംകൊണ്ടതെങ്കിലും അത് പ്രാദേശികസമൂഹത്തെ സംബന്ധിച്ചിടത്തോളം നിരാശപ്പെടുത്താത്ത പ്രത്യാശയുടെ അടയാളമാണെന്ന് ഫാദർ അസൂമ പറഞ്ഞു.
“മരുഭൂമി പുഷ്പിതയകും” എന്ന് സെനെഗളിലെ കെവൂർ മുസ്സാ ആശ്രമത്തിൻറെ പ്രവേശനകവാടത്തിൽ, മതിലിൽ കുറിച്ചുവച്ചിരിക്കുന്ന വാക്യം അനുസ്മരിച്ച് അദ്ദേഹം കങ്കാണി പ്രദേശത്തെ നിലവിലുള്ള അവസ്ഥ കണക്കിലെടുക്കുമ്പോൾ മരുഭൂമി പുഷ്പിക്കുക തന്നെ ചെയ്യുമെന്ന ബോദ്ധ്യം വെളിപ്പെടുത്തി.
കാരണം, ഇടവകകളിൽ പ്രാർത്ഥനയ്ക്കായി സമ്മേളിക്കാൻ വിശ്വാസികൾക്ക് കഴിയാതിരിക്കുകയും ആ പ്രദേശത്തു നിന്നു ജനങ്ങൾ തുരത്തപ്പെടുകയും സമൂഹം ചിതറിക്കപ്പെടുകയും പീഢിപ്പിക്കപ്പെടുകയും ചെയ്തിടത്താണ് ഇപ്പോൾ കർത്താവ് പൗരഹിത്യ ദാനത്തിലൂടെ അവിടത്തെ മഹത്വം വെളിപ്പെടുത്തിയിരിക്കുന്നതെന്ന് ഫാദർ അസൂമ പറഞ്ഞു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: