തിരയുക

ഫാ. റുപ്നിക് തയ്യാറാക്കിയ ഒരു ചിത്രം ഫാ. റുപ്നിക് തയ്യാറാക്കിയ ഒരു ചിത്രം 

ഫാ. മാർക്കോ ഇവാൻ റുപ്നിക് ഈശോസഭയിൽനിന്ന് പുറത്താക്കപ്പെട്ടു

ഈശോസഭാ വൈദികനും പ്രശസ്ത ചിത്രകാരനുമായ ഫാ. മാർക്കോ ഇവാൻ റുപ്നികിനെ ഈശോസഭയിൽനിന്ന് പുറത്താക്കിയതായി ഈശോസഭയുടെ പ്രതിനിധി ഫാ. ജോഹാൻ വെർഷ്യൂറൻ അറിയിച്ചു.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി

പ്രശസ്ത ചിത്രകാരനും ഈശോസഭാ വൈദികനുമായിരുന്ന ഫാ. മാർക്കോ ഇവാൻ റുപ്നികിനെ, ഈശോസഭയിൽനിന്ന് പുറത്താക്കിയതായി ഈശോസഭയുടെ റോമിലെ ഭവനങ്ങൾക്കും അന്താരാഷ്ട്രസേവനങ്ങൾക്കുമായുള്ള പ്രതിനിധി ഫാ.  ജോഹാൻ വെർഷ്യൂറൻ തുറന്ന കത്തിലൂടെ അറിയിച്ചു. നിരവധി ആളുകളുടെ പരാതിയെത്തുടർന്ന് കഴിഞ്ഞ ജൂൺ 14-ന് പുറത്താക്കുന്നതുമായി ബന്ധപ്പെട്ട ഡിക്രി അദ്ദേഹത്തിന് കൈമാറിയിരുന്നെങ്കിലും, അന്വേഷണവുമായി ബന്ധപ്പെട്ട നടപടികളുമായി സഹകരിച്ചു പോകാതിരുന്നതിനാലും, ഡിക്രിക്കെതിരെ അപ്പീലിന് കാനോനിക നിയമപ്രകാരം അനുവദിച്ചിട്ടുള്ള 30 ദിവസങ്ങൾ കഴിഞ്ഞതിനാലുമാണ് ഫാ. റുപ്നികിനെ പുറത്താക്കിയതെന്ന് അദ്ദേഹം വ്യക്തമാക്കി.

കഴിഞ്ഞ ജനുവരിയിൽ ഈശോസഭയിൽനിന്ന് പുറത്തുപോകാനുള്ള അഭ്യർത്ഥന ഫാ. റുപ്നിക് സമർപ്പിച്ചിരുന്നെങ്കിലും, അത്തരമൊരു ആവശ്യം നിയമപ്രകാരം സ്വീകരിക്കപ്പെട്ടിരുന്നില്ലെന്ന് ഫാ. വെർഷ്യൂറൻ അറിയിച്ചു. മുൻ ഈശോസഭാവൈദികനെതിരെ നിരവധിയിടങ്ങളിൽനിന്ന് എത്തിയ ആരോപണങ്ങൾക്ക് ഉത്തരം നൽകുവാനുള്ള ഉത്തരവാദിത്വം ഏറ്റെടുക്കാൻ ആവശ്യപ്പെട്ടാണ് അദ്ദേഹത്തിന്റെ രാജിക്കത്ത് സഭ സ്വീകരിക്കാതിരുന്നത്.

ഫാ. റുപ്നിക് സഭയിലും സമൂഹത്തിലും ചെയ്ത നന്മകൾ മറക്കാനാകില്ലെന്ന് ഓർമ്മിപ്പിച്ച ഈശോസഭാ പ്രതിനിധി, അതേസമയം അദ്ദേഹത്തിന്റെ പെരുമാറ്റത്താൽ മുറിവേൽപ്പിക്കപ്പെട്ടവരെ അഭിമുഖീകരിക്കാൻ ഫാ. റുപ്നിക് തയ്യാറാകാതിരുന്നതിൽ ഖേദം പ്രകടിപ്പിച്ചു.

ഫാ. റുപ്നികിന് എതിരായ കാനോനിക നടപടികൾ ഈശോസഭയല്ല, പരിശുദ്ധ സിംഹാസനത്തിന്റെ കീഴിലാണ് നടക്കേണ്ടത് എന്ന് ഫാ. വെർഷ്യൂറൻ വ്യക്തമാക്കി. തങ്ങളുടെ സഹോദരപുരോഹിതന്റെ പ്രവൃത്തികളാൽ ബുദ്ധിമുട്ടനുഭവിച്ച ഏവർക്കും തന്റെ പ്രാർത്ഥനകളും ഐക്യദാർഢ്യവും അദ്ദേഹം വാഗ്ദാനം ചെയ്തു.

ഫാ. റുപ്നികിന്റെ പ്രവർത്തനമേഖലയായിരുന്ന റോമിലെ അലെത്തി കേന്ദ്രവുമായി നിയമപരമായി അകലം പാലിക്കാനാണ് ഈശോസഭയുടെ തീരുമാനമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജൂലൈ 24 ചൊവ്വാഴ്ചയാണ് റോമിലെ ഈശോസഭാസമൂഹത്തിന്റെ ഔദ്യോഗിക സൈറ്റിൽ ഇതുസംബന്ധിച്ച കത്ത് പ്രസിദ്ധീകരിക്കെപ്പട്ടത്.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

26 July 2023, 16:26