തിരയുക

മണിപ്പൂരിൽ സമാധാനത്തിനായി പ്രാർത്ഥിക്കുന്ന കുഞ്ഞുങ്ങൾ, ഇംഫാലിലെ ഒരു ദേവാലായത്തിൽ നിന്ന്. മണിപ്പൂരിൽ സമാധാനത്തിനായി പ്രാർത്ഥിക്കുന്ന കുഞ്ഞുങ്ങൾ, ഇംഫാലിലെ ഒരു ദേവാലായത്തിൽ നിന്ന്.   (AFP or licensors)

മണിപ്പൂർ കലാപത്തെ അപലപിച്ച് ഭാരതത്തിലെ കത്തോലിക്കാമെത്രാന്മാർ!

ഭാരതത്തിലെ കത്തോലിക്കാമെത്രാൻ സംഘത്തിൻറെ പ്രതിനിധികൾ മണിപ്പൂർ സന്ദർശിച്ചു. നാടിൻറെ മതേതരത്വത്തെ ഉയർത്തിപ്പിടിക്കുകയും ഭരണഘടനാമൂല്യങ്ങളെ അരക്കിട്ടുറപ്പിക്കുകയും ഭിന്നസമൂഹങ്ങൾ തമ്മിലുള്ള സമാധാനപരമായ സഹവർത്തിത്വത്തിനുതകുന്ന അന്തരീക്ഷം ഊട്ടിവളർത്തുകയും ചെയ്യണമെന്ന് മെത്രാൻസംഘം നാടിൻറെ ഭരണസംവിധാനത്തെ ഓർമ്മപ്പെടുത്തുന്നു.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

മണിപ്പൂരിൽ വർഗ്ഗീയ കലാപം അവിരാമം നീളുന്നതിൽ ഭാരതത്തിലെ കത്തോലിക്കാമെത്രാൻ സംഘം, സിബിസിഐ (CBCI) ആശങ്കയും ദുഃഖവും രേഖപ്പെടുത്തുന്നു.

മെത്രാൻസംഘത്തിൻറെ അദ്ധ്യക്ഷൻ ആർച്ച്ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്തും മണിപ്പൂരില ഇംഫാൽ അതിരൂപതയുടെ ആർച്ചുബിഷപ്പ് ഡോമിനിക് ലുമോനും സിബിസിഐയുടെ ഡെപ്യൂട്ടി സെക്രട്ടറി ജനനറൽ ഫാദർ ജെർവിസ് ഡിസൂസയും കാരിത്താസ് ഇന്ത്യയുടെ എക്സിക്യൂട്ടീവ് ഡയറെക്ടർ ഫാദർ പോൾ മൂഞ്ഞേലിയും ഉൾപ്പെടുന്ന സംഘം മണിപ്പൂരിലെ കലാപബാധിത പ്രദേശങ്ങൾ സന്ദർശിച്ചതിനു ശേഷമാണ് സിബിസിഐ ഒരു പത്രക്കുറിപ്പിലൂടെയാണ് ഈ ആശങ്ക അറിയിച്ചത്.

സ്ത്രീകളും കുട്ടികളുമുൾപ്പടെയുള്ള ദുർബ്ബലവിഭാഗങ്ങളുടെയും സഭാസ്ഥാപനങ്ങളുടെയും ദേവാലയങ്ങളുടെയും നേർക്കു നടക്കുന്ന എല്ലാത്തരത്തിലുള്ള ആക്രമണങ്ങളെയും മെത്രാൻസംഘം അപലപിക്കുകയും അക്രമം തടയുന്ന കാര്യത്തിൽ ക്രമസമാധാനപാലന വിഭാഗം കാണിക്കുന്ന നീണ്ട മൗനവും നിർവ്വികാരതയും ആശങ്കാജനകമാണെന്ന് വ്യക്തമാക്കുകയും ചെയ്യുന്നു.

നാടിൻറെ മതേതരത്വത്തെ ഉയർത്തിപ്പിടിക്കുകയും ഭരണഘടനാമൂല്യങ്ങളെ അരക്കിട്ടുറപ്പിക്കുകയും ഭിന്നസമൂഹങ്ങൾ തമ്മിലുള്ള സമാധാനപരമായ സഹവർത്തിത്വത്തിനുതകുന്ന അന്തരീക്ഷം ഊട്ടിവളർത്തുകയും ചെയ്യണമെന്ന് മെത്രാൻസംഘം നാടിൻറെ ഭരണസംവിധാനത്തെ ഓർമ്മപ്പെടുത്തുന്നു.

സംഭാഷണ പ്രക്രിയയിൽ ഏർപ്പെടാനും ഭാരതത്തിൽ പൊതുവെയും മണിപ്പൂരിൽ പ്രത്യേകിച്ചും, സമാധാനവും ഏകതാനതയും സംജാതമാക്കുന്നതിന് എല്ലാ ജനവിഭാഗങ്ങളുടെയും പുരോഗതിയിൽ ശ്രദ്ധ കേന്ദ്രീകരിക്കാനും ചുമതലപ്പെട്ട എല്ലാവരെയും മെത്രാൻസംഘം ആഹ്വാനം ചെയ്യുന്നു.

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

25 July 2023, 13:17