തിരയുക

വിവാഹവിരുന്നിനു ക്ഷണിക്കപ്പെട്ടവർ വിവാഹവിരുന്നിനു ക്ഷണിക്കപ്പെട്ടവർ 

എളിമയും വിവേകവുമുള്ളവരാകാൻ ഉദ്ബോധിപ്പിക്കുന്ന യേശു

സീറോ മലബാർ സഭാ ആരാധനാക്രമത്തിൽ കൈത്താക്കാലം ഒന്നാം ഞായറാഴ്ചയിലെ വിശുദ്ധഗ്രന്ഥവായനകളെ ആധാരമാക്കിയ വചനവിചിന്തനം. സുവിശേഷഭാഗം - വിശുദ്ധ ലൂക്ക 14, 7-14.
സുവിശേഷപരിചിന്തനം Luke 14, 7-14 - ശബ്ദരേഖ

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി

വേനൽക്കാലം എന്ന അർത്ഥം വരുന്ന "കൈത്താ"ക്കാലം വിളവെടുപ്പിന്റെയും ഫലശേഖരണത്തിന്റെയും സമയം കൂടിയാണ്. ശ്ലീഹന്മാരുടെ പ്രേക്ഷിതപ്രവർത്തനത്തിന്റെ, സുവിശേഷപ്രഘോഷണത്തിന്റെ ഫലമായി ലോകത്തെമ്പാടും വളർന്നു ഫലം പുറപ്പെടുവിക്കുന്ന സഭയെ പ്രത്യേകമായി നാം അനുസ്മരിക്കുന്ന ഒരു കാലം. സീറോ മലബാർ സഭയിൽ കൈത്താക്കാലത്തെ ആദ്യ ഞായറാഴ്ച പന്ത്രണ്ടു ശ്ലീഹന്മാരുടെ തിരുനാൾ ആഘോഷിക്കുന്ന ദിനം കൂടിയാണ്. ഈ കൈത്താക്കാലത്തെ ആദ്യഞായറാഴ്ചയിലെ നമ്മുടെ വിചിന്തനത്തിനായി വിശുദ്ധ ലൂക്കായുടെ സുവിശേഷം പതിനാലാം അധ്യായം ഏഴു മുതൽ പതിനാല് വരെയുള്ള തിരുവചനങ്ങളിൽ, വിരുന്നിന് ക്ഷണിക്കപ്പെടുമ്പോൾ എപ്രകാരം പ്രവർത്തിക്കണം, ആരെയാണ് വിരുന്നിന് വിളിക്കേണ്ടത് തുടങ്ങി എളിമയെക്കുറിച്ചും അഹങ്കാരത്തോടെയുള്ള പെരുമാറ്റത്തെക്കുറിച്ചുമൊക്കെയാണ് നാം വായിക്കുക.

വിശുദ്ധ ലൂക്കാ മാത്രം രേഖപ്പെടുത്തുന്ന ഒരു സുവിശേഷഭാഗമാണ് വിരുന്നിന് ക്ഷണിക്കപ്പെട്ടവനും ആളുകളെ വിരുന്നിന് ക്ഷണിക്കുന്നവനും ഉപദേശം നൽകുന്ന യേശുവിനെക്കുറിച്ചുള്ള വചനങ്ങൾ. മറ്റുള്ളവരുമായുള്ള നമ്മുടെ ബന്ധത്തിലും നമ്മുടെ അനുദിനജീവിതത്തിലും എപ്രകാരമാണ് നാം പെരുമാറേണ്ടത് എന്ന ഉദ്ബോധനമാണ് ഈ സുവിശേഷഭാഗം നമുക്ക് നൽകുക. വിനയവും എളിമയുമുള്ള പെരുമാറ്റമാണ് ആതിഥേയനുമുന്നിൽ അതിഥിക്കുണ്ടാകേണ്ടത്. മാത്രവുമല്ല, മറ്റുള്ളവർക്ക് നൽകുന്ന ഓരോ സഹായവും സ്നേഹവും, ദൈവസ്നേഹത്തിന്റെ പ്രതിഫലനമായിരിക്കണം. എന്നാൽ അതേസമയം നീതിമാനായ ദൈവത്തിന്റെ അനുഗ്രഹങ്ങൾ നേടുകയെന്ന ഉദ്ദേശത്തോടെയായിരിക്കണം നമ്മുടെ ഓരോ പ്രവർത്തികളും എന്ന് ഈ സുവിശേഷഭാഗം നമ്മെ ഓർമ്മിപ്പിക്കുന്നു.

എളിമയുടെ പാഠം

വിശുദ്ധ ലൂക്കായുടെ സുവിശേഷത്തിൽ നാം കൂടുതൽ ആഴത്തിൽ കാണുന്ന ഒരു ചിന്ത, ധനികരോടും പാവപ്പെട്ടവരോടുമുള്ള യേശുവിന്റെ മനോഭാവത്തിന്റെ പ്രത്യേകതയാണ്. വിശുദ്ധ ലൂക്കായുടെ സുവിശേഷം നാലാം അധ്യായം പതിനെട്ടാം വാക്യത്തിൽ പിതാവ് തന്നെ അയച്ചിരിക്കുന്നതിന്റെ ഉദ്ദേശം യേശു വ്യക്തമാക്കുന്നുണ്ട്. "ദരിദ്രരെ സുവിശേഷം അറിയിക്കാൻ അവിടുന്ന് എന്നെ അഭിഷേകം ചെയ്തിരിക്കുന്നു" (ലൂക്കാ 4, 18). ആറാം അധ്യായം ഇരുപത് മുതൽ ഇരുപത്തിയാറുവരെയുള്ള തിരുവചനങ്ങളിൽ സുവിശേഷഭാഗ്യങ്ങളെക്കുറിച്ച് യേശു പഠിപ്പിക്കുന്നത് ലൂക്കാ സുവിശേഷകൻ എഴുതിവയ്ക്കുന്നുണ്ട്. "ദരിദ്രരെ നിങ്ങൾ ഭാഗ്യവാന്മാർ, ദൈവരാജ്യം നിങ്ങളുടേതാണ്" (ലൂക്കാ 6, 20). എന്നാൽ സമ്പന്നരെക്കുറിച്ച് യേശു പറയുക ഇപ്രകാരമാണ്: "സമ്പന്നരെ, നിങ്ങൾക്ക് ദുരിതം! നിങ്ങളുടെ ആശ്വാസം നിങ്ങൾക്ക് ലഭിച്ചുകഴിഞ്ഞു" (ലൂക്ക 6, 24). ലൂക്കയുടെ തന്നെ സുവിശേഷം പന്ത്രണ്ടാം അദ്ധ്യായത്തിന്റെ പതിമൂന്ന് മുതലുള്ള വാക്യങ്ങളിലും ധനത്തിന്റെയും താൻപോരിമയുടെയും ഭോഷത്തത്തെക്കുറിച്ചും, ദൈവപരിപാലനയിലുള്ള പൂർണ്ണമായ ശരണത്തെക്കുറിച്ചും (ലൂക്ക 12, 13-34) യേശു ഉദ്ബോധിപ്പിക്കുന്നുണ്ട്. എളിമയിൽ സമ്പന്നത കണ്ടെത്തുക, അഹങ്കാരത്തിൽ ദാരിദ്ര്യമുള്ളവരായിരിക്കുക, ദൈവത്തിൽ ശരണമർപ്പിച്ച് ജീവിക്കുക. ഇത്തരമൊരു ചിന്താഗതിയാണ് സുവിശേഷത്തിലൂടെ യേശു മുന്നോട്ട് വയ്ക്കുന്നത്.

തന്നെത്തന്നെ ഉയർത്തുന്നവർ

യേശുവിന്റെ കാലത്തെ ഒരു വിവാഹവേദി എന്ന് പറയുന്നത് അന്നത്തെ സാമൂഹികമായി പ്രധാനപ്പെട്ട ഒരു ആഘോഷവേദിയാണ്. അതുകൊണ്ടുതന്നെ ക്ഷണിക്കപ്പെട്ട ഒരുപാട് പേര് വരുന്ന ഒരിടമാണത്. വലിയൊരു സമൂഹത്തിന് മുൻപിൽ സ്വന്തം പ്രാധാന്യവും, സ്ഥാനമാനങ്ങളും കാട്ടുവാനും, തന്നെത്തന്നെ വലിയൊരു സംഭവമായി കാട്ടുവാനും കിട്ടുന്ന ഒരു അവസരം. എന്നാൽ സ്വയം ചെറുതാകാനും, മറ്റുള്ളവർക്ക് കൂടുതൽ പ്രാധാന്യവും അവർ അർഹിക്കുന്ന സ്ഥാനമാനങ്ങളും കൊടുക്കുവാനും അറിയുക എന്നതാണ് ഏതൊരു സമൂഹത്തിലും, ആഘോഷവേദികളിലും ഒരുവൻ കാട്ടേണ്ട മാന്യതയും മര്യാദയുമെന്ന് തിരിച്ചറിയുന്നിടത്താണ് മനുഷ്യൻ യഥാർത്ഥത്തിൽ മൂല്യമുള്ളവനായി മാറുന്നത് എന്ന തിരിച്ചറിവില്ലാത്ത പോകുന്ന മനുഷ്യരുടെ മുൻപിലാണ്, അവസാന ഇടങ്ങൾ തേടാൻ, സ്വയം ചെറുതാകാൻ, എളിമയുള്ള മനുഷ്യരായി ജീവിക്കാൻ യേശു ഉദ്ബോധിപ്പിക്കുന്നത്. ഇത് മാന്യതയുടെയോ മര്യാദയുടെയോ മാത്രം കാര്യമല്ല, മറിച്ച് ഒരു ജീവിതശൈലിയുടെ കാര്യമാണ്. സാമൂഹികജീവിതത്തിലാകട്ടെ, ആധ്യാത്മിക ജീവിതത്തിലാകട്ടെ, സ്വയം ചെറുതാകാൻ, മറ്റുള്ളവർക്ക് കൂടുതൽ ബഹുമാനവും സ്ഥാനവും കൊടുക്കാൻ നാം പഠിക്കേണ്ടിയിരിക്കുന്നു. ഏറ്റവുമുപരിയായി, ദൈവത്താൽ ഉയർത്തപ്പെടുവാനായി ദൈവത്തിന് മുൻപിൽ സ്വയം ചെറുതാകാൻ, ദൈവത്തിന് സ്വീകാര്യരായ മനുഷ്യനാകാൻ നാം പഠിക്കേണ്ടിയിരിക്കുന്നു. തന്നെത്തന്നെയും തനിക്ക് പ്രിയപ്പെട്ടവരെയും, ഉപകാരികളായവരെയും ഉയർത്തിക്കാട്ടാനും, മറ്റുള്ളവരെ ഇകഴ്ത്തിക്കാട്ടാനുമുള്ള ദുഷ്പ്രലോഭനങ്ങളെ എതിർത്തു തോൽപ്പിക്കാൻ നാം പഠിക്കേണ്ടിയിരിക്കുന്നു. മറ്റു മനുഷ്യരുടെ മുൻപിൽ, നമുക്ക് കിട്ടിയിരിക്കുന്ന സ്ഥാനമാനങ്ങൾ ഉപയോഗിച്ചും, അധികാരികളുടെ പ്രീതിയും സൗഹൃദവും ഉപയോഗിച്ചും നമുക്ക് ആളുകളുടെ മുന്നിൽ തലയുയർത്തി നിൽക്കാൻ സാധിച്ചേക്കാം, എന്നാൽ യഥാർത്ഥ അധികാരിയും ആതിഥേയനുമായ ദൈവത്തിന് മുൻപിൽ എളിമയുള്ളവനേ നിത്യതയിലേക്ക് പിടിച്ചുനിൽക്കാനും, സ്വീകാര്യരാകാനും സാധിക്കൂ.

ആർക്കാണ് പ്രാധാന്യം നൽകേണ്ടത്?

യേശു ആതിഥേയന് നൽകുന്ന ഉപദേശം ഉൾക്കൊള്ളുന്ന രണ്ടാം ഭാഗത്ത്, മറ്റുള്ളവരെ നോക്കിക്കാണുന്നതും, വിലയിടുന്നതും അഹങ്കാരത്തിന്റെ മനോഭാവത്തോടെ ആകരുതെന്നും, സമൂഹത്തിൽ എളിയവരെ ഉയർത്തുവാൻ തയ്യാറാകണമെന്നുമാണ് യേശു ഓർമ്മിപ്പിക്കുന്നത്. നമ്മുടെ കണ്ണുകളിലും ഹൃദയത്തിലും അഹങ്കാരമാണോ എളിമയാണോ ഉള്ളതെന്ന ഒരു ചോദ്യമാണ് ഇവിടെ നമുക്ക് കാണാനാകുക. സമ്പന്നതയും സ്ഥാനമാനങ്ങളുമാണോ നമ്മുടെ ബന്ധങ്ങൾ തീരുമാനിക്കുന്നത്? അതോ എളിയവരെ, പാപികളെ തേടിവന്ന ദൈവത്തിന്റെ സ്നേഹമാണോ? നാളെ പ്രതിഫലമായി എനിക്കെന്തു ലഭിക്കും, സമൂഹം എന്ത് വിചാരിക്കും, എത്രമാത്രം മറ്റുള്ളവർ എന്നെ അഭിനന്ദിക്കും തുടങ്ങിയ കണക്കുകൂട്ടലുകൾ മുന്നിൽവച്ചാണോ ഞാൻ മറ്റുളളവരുമായി ബന്ധം സ്ഥാപിക്കുന്നത്, മറ്റുള്ളവരെ പരിഗണിക്കുന്നത് എന്ന ഒരു ചോദ്യം എപ്പോഴും നമ്മുടെ മുന്നിലുണ്ടാകണമെന്ന് ക്രിസ്തു ആഗ്രഹിക്കുന്നുണ്ട്. ലോകത്തിന് പ്രിയപ്പെട്ടവരെ, സമൂഹത്തിൽ മാന്യരെന്ന് കരുത്തപ്പെടുന്നവരെ, യോഗ്യരെയും ധനികരെയും മാത്രമാണ് നാം തേടുന്നതെങ്കിൽ, അവർക്ക് മാത്രമാണ് നാം പരിഗണന നൽകുന്നതെങ്കിൽ, നമ്മുടേത് ദൈവികമായ മാനദണ്ഡങ്ങളോ, ദൈവികമായ സ്വഭാവമോ അല്ല എന്ന് തിരിച്ചറിയാൻ നമുക്ക് സാധിക്കണം. യേശു തേടിവന്നത് പാപികൾക്ക് പൊറുതിയും, അടിച്ചമർത്തപ്പെട്ടവർക്ക് സ്വാതന്ത്ര്യവും, എളിയവർക്ക് പിതാവിന്റെ സ്നേഹവും സ്വീകാര്യതയും നൽകുവാനായാണ്. നിങ്ങളും ഞാനും ദൈവത്തിന് സ്വീകാര്യരാകുന്നത് നമ്മുടെ മിടുക്കോ, പുണ്യങ്ങളോ കൊണ്ടല്ല, മറിച്ച്, ദൈവത്തിന്റെ പരിമിതികളും, അളവുകളും ഇല്ലാത്ത ക്ഷമയും സ്നേഹവും കാരുണ്യവും കൊണ്ടാണെന്ന് തിരിച്ചറിയാൻ പരിശ്രമിക്കാം.

സുവിശേഷം ജീവിതത്തിൽ

അഹങ്കാരവും എളിമയും ചിന്താവിഷയമാകുന്ന ഈ സുവിശേഷഭാഗത്തോട് ചേർന്ന് വായിക്കാൻ പറ്റിയ, എളിമയുടെ ദൈവികഭാവം സ്വന്തമാക്കിയ ചില ജീവിതങ്ങൾ നമ്മൾ സുവിശേഷങ്ങളിൽ കണ്ടുമുട്ടുന്നുണ്ട്. തന്നെത്തന്നെ ദൈവത്തിന്റെ ദാസിയായി കണക്കാക്കുന്ന പരിശുദ്ധ അമ്മയിൽ ഈയൊരു എളിമയാണ് നാം കാണുക. അതുകൊണ്ടുതന്നെയാണ് ക്രിസ്തുവിന്റെ, ദൈവത്തിന്റെ അമ്മയായി മാറാൻ മാത്രം മഹത്വത്തിലേക്ക് ദൈവം അവളെ ഉയർത്തിയത്. തന്റെ പിന്നാലെ നടക്കാൻ ശിഷ്യന്മാരും, ജനക്കൂട്ടവും ഉണ്ടായിരിക്കുകയും ഏവരാലും വലിയൊരു പ്രവാചകനായി കണക്കാക്കെപ്പെടുകയും ചെയ്തപ്പോഴും, താൻ ക്രിസ്തുവിന് മുന്നോടിയായി വന്നവൻ മാത്രമാണെന്ന് ഏറ്റുപറയുകയും, ദൈവപുത്രന് അർഹമായ സ്ഥാനം നിഷേധിക്കാതെ, ഞാൻ ചെറുതാകുകയും അവൻ വളരുകയും ചെയ്യണമെന്ന് പറഞ്ഞ് സ്വയം മാറിനിൽക്കുന്ന യോഹന്നാനിൽ ഈയൊരു എളിമയാണ് നാം കാണുക. അതുകൊണ്ടുതന്നെയാണ്, സ്ത്രീകളിൽ നിന്ന് പിറന്നവരിൽ ഏറ്റവും വലിയവനെന്ന് ദൈവപുത്രൻ യോഹന്നാനെക്കുറിച്ച് പറയുക. പതിതരുടെയും പാവപ്പെട്ടവരുടെയും പാപികളുടെയും രക്ഷകനും സുഹൃത്തുമായി കടന്നുവന്ന യേശുവും, താൻ തിരഞ്ഞെടുത്ത ശിഷ്യരിലൂടെ ഈയൊരു എളിമയുടെയും ദൈവസ്നേഹത്തിന്റെയും മുഖം കാട്ടിത്തരുന്നുണ്ട്.

ഒരു ക്രൈസ്തവവിശ്വാസി എന്ന നിലയിലുള്ള നമ്മുടെ ജീവിതം എപ്രകാരമായിരിക്കണം എന്ന ഒരു ചിന്തയിലേക്കാണ് ഇന്നത്തെ സുവിശേഷവചനങ്ങൾ നമ്മുടെ ശ്രദ്ധ ക്ഷണിക്കുക.ദൈവത്താലും മനുഷ്യരാലും സ്നേഹിക്കപ്പെടാനും, ഉയർത്തപ്പെടാനും തക്ക എളിമയും വിനയവുമുള്ളവരായി ജീവിക്കുക. കോറിന്തോസുകാർക്കെഴുതിയ ഒന്നാം ലേഖനം ഒന്നാം അധ്യായത്തിൽ ക്രൈസ്തവർക്കിടയിലെ ഭിന്നതകളെക്കുറിച്ച് വിശുദ്ധ പൗലോസ് പറയുന്ന കാര്യത്തെയും നമുക്ക് ഇതിനോട് ചേർന്ന് വായിക്കാം. നാം ജ്ഞാനസ്നാനം സ്വീകരിച്ചതും ക്രൈസ്തവരായതും ക്രിസ്തുവിനെ അനുഗമിക്കാനും, അവന്റെ ഉദ്ബോധനങ്ങൾക്കനുസരിച്ച് ജീവിക്കാനുമാണ്. അഭിമാനിക്കുന്നവൻ ക്രിസ്തുവിലുള്ള തന്റെ വിശ്വാസത്തെക്കുറിച്ച് അഭിമാനിക്കട്ടെ. യഥാർത്ഥ എളിമയുടെ ജീവിതരീതിയിൽ മുന്നോട്ട് പോകാൻ ലഭിക്കുന്ന കൃപയെക്കുറിച്ചോർത്ത് അഭിമാനിക്കട്ടെ. കർത്താവിന്റെ ദാസിയായി സ്വയം സമർപ്പിച്ച പരിശുദ്ധ അമ്മയുടെ മാധ്യസ്ഥ്യം തേടി, അമ്മ നൽകിയ മാതൃകയിൽ ദൈവത്തിന്റെ വിശ്വസ്‌തദാസരായി, ദൈവികമായ മനോഭാവമുള്ള മനുഷ്യരായി നമുക്കും ജീവിക്കാം.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

15 July 2023, 03:39