തിരയുക

ജർമ്മൻ മെത്രാൻസമിതി പ്രസിഡന്റ്, ഗെയോർഗ് ബേറ്റ്സിങ് ജർമ്മൻ മെത്രാൻസമിതി പ്രസിഡന്റ്, ഗെയോർഗ് ബേറ്റ്സിങ് 

ജർമ്മൻ മെത്രാൻ സമിതിയുടെ പ്രതിനിധികൾ ചർച്ചയ്ക്കായി വത്തിക്കാനിൽ

സിനൊഡാലിറ്റി, ദൈവശാസ്ത്രം, അച്ചടക്കനടപടികൾ തുടങ്ങിയ വിഷയങ്ങളുമായി ബന്ധപ്പെട്ട തുടർ ചർച്ചകൾക്കായി ജർമ്മൻ മെത്രാൻ സമിതിയുടെ പ്രതിനിധികൾ വത്തിക്കാനിലെത്തി.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി

2022 നവംബറിൽ വത്തിക്കാനിൽ വച്ച് നടന്ന "അദ് ലിമിന" സന്ദർശനത്തിൽ നടന്ന ചർച്ചകളുടെ തുടർച്ചയ്ക്കായി, ജർമ്മൻ മെത്രാൻ സമിതിയുടെ പ്രതിനിധികൾ വത്തിക്കാനിലെത്തിയതായി, പരിശുദ്ധ സിംഹാസനവും, ജർമ്മൻ മെത്രാൻ സമിതിയും സംയുക്തമായി ജൂലൈ 26 ബുധനാഴ്ച പുറത്തിറക്കിയ പത്രക്കുറിപ്പിലൂടെ അറിയിച്ചു.

"സിനഡൽ പാത"യുമായി ബന്ധപ്പെട്ട വിഷയങ്ങളുടെ ഭാഗമായി ഉയർന്നുവന്ന ദൈവശാസ്ത്രവും അച്ചടക്കവുമായി ബന്ധപ്പെട്ട കാര്യങ്ങളിലുള്ള തുടർ ചർച്ചകളാണ് കഴിഞ്ഞ ദിവസം വത്തിക്കാനിൽ വച്ച് നടന്നത്. കൂടിക്കാഴ്ച ക്രിയാത്മകമായ ഒരു അന്തരീക്ഷത്തിലാണ് നടന്നതെന്ന് ഇരുകൂട്ടരും വ്യക്തമാക്കി.

വത്തിക്കാൻ കൂരിയയുടെ ഭാഗമായി കർദ്ദിനാൾമാരായ ലൂയിസ് ലദാറിയ ഫെറർ, കുർട്ട് കോഹ്, പിയെത്രോ പരോളിൻ, ആർച്ബിഷപ്പുമാരായ ഫിലിപ്പോ യന്നോനെ റോബർട്ട് പ്രെവോസ്റ്, വിത്തോറിയോ വിയോള എന്നിവരും, ജെർമ്മൻ മെത്രാൻ സമിതിയുടെ ഭാഗമായി, മെത്രാൻസമിതി പ്രസിഡന്റ്, ഗെയോർഗ് ബേറ്റ്സിങ്, ആരാധനാക്രമകാര്യങ്ങൾക്കായുള്ള കമ്മീഷൻ പ്രസിഡന്റ്, സ്റ്റെഫാൻ ആക്കർമാൻ, ദൈവവിളി, സഭാസേവനരംഗങ്ങൾ തുടങ്ങിയ കാര്യങ്ങൾക്കായുള്ള കമ്മീഷൻ പ്രസിഡന്റ്, മിക്കേൽ ഗെർബെർ, ആഗോളസഭയുമായി ബന്ധപ്പെട്ട കമ്മീഷൻ പ്രസിഡന്റ്, ബെർട്രാം മൈയെർ, വിശ്വാസവുമായി ബന്ധപ്പെട്ട കാര്യങ്ങൾക്കായുള്ള കമ്മീഷൻ പ്രസിഡന്റ്, ഫ്രാൻസ് യോസഫ് ഓവർബെക് എന്നീ മെത്രാന്മാരും, മെത്രാൻസമിതി ജനറൽ സെക്രട്ടറി ഡോ. ബെയാറ്റെ ഗിൽസ്, മെത്രാൻസമിതി പൊതുവക്താവ് മത്തിയാസ് കോപ്പ് എന്നിവരും ചർച്ചകളിൽ പങ്കെടുത്തു.

കഴിഞ്ഞ ദിവസം നടന്ന ചർച്ചകൾക്ക് ശേഷം വീണ്ടും സഭാസംബന്ധിയായ വിഷയങ്ങളിൽ ചർച്ചകൾ തുടരുമെന്നും ഇരുകൂട്ടരും വ്യക്തമാക്കി. ജൂലൈ 26 ബുധനാഴ്ചയാണ് പരിശുദ്ധ സിംഹാസനവും, ജർമ്മൻ മെത്രാൻ സമിതിയും തമ്മിലുള്ള ചർച്ചകൾ സംബന്ധിച്ച് പൊതുവായ പത്രക്കുറിപ്പ് പരിശുദ്ധസിംഹാസനം പുറത്തുവിട്ടത്.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

27 July 2023, 16:13