ഫ്രാൻസിസ് പാപ്പായെ സ്വീകരിക്കാനൊരുങ്ങി ഫാത്തിമ തീർത്ഥാടനകേന്ദ്രം
മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി
ലോകത്ത് ഏറ്റവുമധികം ആളുകൾ സന്ദർശിക്കുന്ന മരിയൻ തീർത്ഥാടനകേന്ദ്രങ്ങളിൽ ഒന്നായ ഫാത്തിമ, ലോകയുവജനദിനവുമായി ബന്ധപ്പെട്ട് പോർച്ചുഗലിൽ എത്തുന്ന പരിശുദ്ധ പിതാവിനെ സ്വീകരിക്കാൻ തയ്യാറെന്ന് ഫീദെസ് ഏജൻസി റിപ്പോർട്ട് ചെയ്തു. ഓഗസ്റ്റ് 1 മുതൽ 6 വരെ ലിസ്ബണിൽ നടക്കുന്ന ലോകയുവജനദിനത്തിൽ പങ്കെടുകാനായി ഓഗസ്റ്റ് 2 ബുധനാഴ്ചയാണ് പാപ്പാ പോർച്ചുഗലിൽ എത്തുക. ഓഗസ്റ്റ് 6 വരെ പാപ്പാ അവിടെ തുടരും.
ലോകയുവജനദിനത്തിൽ പങ്കെടുക്കാനെത്തുന്ന നിരവധി യുവജനഗ്രൂപ്പുകൾ ഫാത്തിമ ദേവാലയം സന്ദർശിക്കാനുള്ള തങ്ങളുടെ ആഗ്രഹം വ്യക്തമാക്കിക്കൊണ്ട് നിരവധി അപേക്ഷകൾ ലഭിച്ചിട്ടുണ്ടെന്നും, കഴിയുന്നത്ര മികച്ച രീതിയിൽ അവരെ സ്വാഗതം ചെയ്യാനായി തങ്ങൾ ഒരുങ്ങിയിട്ടുണ്ടെന്നും ഫാത്തിമമാതാവിന്റെ ദാസികൾ എന്ന സന്ന്യാസിനീസമൂഹത്തിലെ സി. സാന്ദ്ര ബർത്തൊലോമേയൂ ഫീദെസ് ഏജൻസിയോട് പറഞ്ഞു. ഫാത്തിമയിലെത്തുന്ന യുവജനങ്ങൾക്ക് താമസ, ഭക്ഷണ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ടെന്ന് തീർത്ഥാടനകേന്ദ്രത്തിൽ യുവജനങ്ങളെ സ്വീകരിക്കുന്നതിനുള്ള പദ്ധതിയുടെ സംഘാടകരിൽ ഒരാളായ സി. സാന്ദ്ര കൂട്ടിച്ചേർത്തു.
ഫാത്തിമയിൽ മാതാവ് മൂന്ന് ഇടയബാലർക്കാണ് പ്രത്യക്ഷപ്പെട്ടത്. 1917 മെയ് 13-നും ഒക്ടോബർ 13-നും ഇടയിൽ നടന്ന ഈ ദർശനങ്ങളിൽ മൂന്ന് പ്രധാന സന്ദേശങ്ങളാണ് പരിശുദ്ധ അമ്മ നൽകിയത്.
ഇത് രണ്ടാം വട്ടമാണ് ഫ്രാൻസിസ് പാപ്പാ പോർച്ചുഗലിലെത്തുന്നത്. പരിശുദ്ധ അമ്മ പ്രത്യക്ഷപ്പെട്ടതിന്റെ നൂറാം വാർഷികത്തിൽ 2017 മെയ്‌മാസത്തിൽ, ഇതുമായി ബന്ധപ്പെട്ട രണ്ടു പേരുടെ നാമകരണച്ചടങ്ങുകളുമായി ബന്ധപ്പെട്ട് ഫ്രാൻസിസ് പാപ്പാ ഫാത്തിമയിൽ എത്തിയിരുന്നു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: