തിരയുക

ചർച്ച് ഇൻ നീഡ് സംഘടനയുടെ സഹായം തേടി - ബുർക്കിന ഫാസോയില്നിന്നുള്ള ദൃശ്യം ചർച്ച് ഇൻ നീഡ് സംഘടനയുടെ സഹായം തേടി - ബുർക്കിന ഫാസോയില്നിന്നുള്ള ദൃശ്യം  ("Aiuto alla Chiesa che Soffre (ACN)")

കുട്ടികൾക്കും യുവജനങ്ങൾക്കുമുള്ള സഹായം വർദ്ധിപ്പിച്ച് ചർച്ച് ഇൻ നീഡ് സംഘടന

ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രതിസന്ധിയനുഭവിക്കുന്ന കുട്ടികൾക്കും യുവജനങ്ങൾക്കുമുള്ള സഹായം വർദ്ധിപ്പിച്ചുവെന്ന് ചർച്ച് ഇൻ നീഡ്, "ക്ലേശിക്കുന്ന സഭകൾക്കുള്ള സഹായം", സംഘടന.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി

സാമ്പത്തികബുദ്ധിമുട്ടനുഭവിക്കുന്ന സഭാപ്രസ്ഥാനങ്ങൾക്ക് സഹായമെത്തിക്കുന്ന കത്തോലികാസംഘടന, ചർച്ച് ഇൻ നീഡ്, കുട്ടികൾക്കും യുവജനങ്ങൾക്കും തങ്ങൾ നൽകിവരുന്ന സഹായം ഈ വർഷം വർദ്ധിപ്പിക്കുമെന്ന് പത്രക്കുറിപ്പിലൂടെ വ്യക്തമാക്കി. 2023-ൽ ഏതാണ്ട് 400 ക്യാമ്പുകൾക്കും സമ്മേളനങ്ങൾക്കുമാണ് സംഘടന സഹായമെത്തിക്കുക. ഇവയിൽ ഭൂരിഭാഗവും ലെബനോനിലും സിറിയയിലും ബുദ്ധിമുട്ടനുഭവിക്കുന്ന ആളുകൾക്കായി നീക്കിവയ്ക്കുമെന്ന് സംഘടന വ്യക്തമാക്കി. സിറിയ ഈജിപ്ത്, അർമേനിയ, ഉക്രൈൻ, ലെബനോൻ തുടങ്ങിയ രാജ്യങ്ങളിൽനിന്നുള്ള പതിനായിരക്കണക്കിന് കുട്ടികൾ ചർച്ച് ഇൻ നീഡിന്റെ സഹായത്തോടെ നടത്തപ്പെടുന്ന വേനൽക്കാല ക്യാമ്പുകളിലും കോഴ്‌സുകളിലും പങ്കെടുക്കും.

 "ക്ലേശിക്കുന്ന സഭകൾക്കുള്ള സഹായം" സംഘടനയുടെ ഈ വർഷത്തെ സാമ്പത്തികസഹായത്തിൽ പകുതിയിലധികവും സിറിയയിലേക്കായിരിക്കും നല്കപ്പെടുക. ഏതാണ്ട് ഒരു ദശാബ്ദക്കാലത്തേക്ക് നീണ്ട സംഘർഷങ്ങൾ വരുത്തിവച്ച കടുത്ത സാമ്പത്തികപ്രതിസന്ധി മൂലം ബുദ്ധിമുട്ടനുഭവിക്കുന്ന രാജ്യത്തെ 45,574 യുവാക്കൾക്ക് ജൂൺ മുതൽ സെപ്റ്റംബർ വരെ നടക്കുന്ന 273 ക്യാമ്പുകളിൽ പങ്കെടുക്കാനാണ് ചർച്ച് ഇൻ നീഡ് സഹായമേകുക. ഇവിടുത്തെ വിവിധ രൂപതകളിലെ ക്രൈസ്തവയുവജനങ്ങൾക്കാണ് ഈ അവസരം ലഭിക്കുക. കഴിഞ്ഞ വർഷങ്ങളിൽ രാജ്യത്ത് തുടർന്ന യുദ്ധങ്ങൾ ഉണ്ടാക്കിയ ശാരീരിക, മാനസിക ബുദ്ധിമുട്ടുകൾ തരണം ചെയ്യാൻ ഇത്തരം ക്യാമ്പുകൾ സഹായിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

രണ്ടാമതായി ലെബാനോനായിരിക്കും ചർച്ച് ഇൻ നീഡ് കൂടുതൽ സഹായമെത്തിക്കുക. 2020 ഓഗസ്റ്റിൽ ബെയ്‌റൂട്ട് തുറമുഖത്തുണ്ടായ വിനാശകരമായ സ്‌ഫോടനത്തിന് ശേഷം കഴിഞ്ഞ മൂന്ന് വർഷങ്ങളിൽ ലെബാനോന് വൻതോതിൽ സഹായമെത്തിച്ചിട്ടുണ്ടെന്ന് ജൂലൈ 12-ന് പുറത്തുവിട്ട പത്രക്കുറിപ്പിലൂടെ ചർച്ച് ഇൻ നീഡ് സംഘടന അറിയിച്ചു. കുട്ടികളും യുവജനങ്ങളുമായി 18,855 പേർക്കായാണ് വേനലവധി ക്യാമ്പുകളും കോഴ്‌സുകളും "ക്ലേശിക്കുന്ന സഭകൾക്കുള്ള സഹായം" സംഘടനയുടെ സഹായത്തോടെ ഒരുക്കപ്പെടുന്നത്.

പൗരസ്ത്യസഭകൾക്ക് സഹായമെത്തിക്കുന്ന ഏജൻസികളുടെ (ROACO) കഴിഞ്ഞ പ്രാവശ്യത്തെ സമ്മളനത്തിൽ, ഈ സഭകൾക്ക് തങ്ങൾ എത്തിക്കുന്ന സഹായത്തിന് ഫ്രാൻസിസ് പാപ്പാ പ്രത്യേകം നന്ദി പറഞ്ഞുവെന്നും, പൊതുനന്മ ലക്ഷ്യമാക്കി പ്രവർത്തിക്കാൻ യുവജനങ്ങൾക്കുള്ള ആഗ്രഹം ലക്ഷ്യം കണ്ട് പ്രവർത്തിക്കണമെന്ന് പരിശുദ്ധ പിതാവ് ആവശ്യപ്പെട്ടുവെന്നും അന്താരാഷ്ട്ര ചർച്ച് ഇൻ നീഡ് സംഘടനയുടെ പദ്ധതികളുടെ ഡയറക്ടർ മാർക്കോ മെൻകാലിയ പറഞ്ഞു.

ലോകത്ത് സമാധാനത്തിന്റെ കാവൽക്കാരാകുവാനും, അവിഭാജ്യമായ ഒരു ലോകത്തെ സ്വപ്നം കാണാനും യുവജനങ്ങൾക്ക് സാധിക്കണമെന്നും പാപ്പാ യുവജനങ്ങളോട് ആവശ്യപ്പെടുന്നുണ്ടെന്നും, അതുകൊണ്ടുതന്നെ, യുവജനങ്ങളോടുള്ള തങ്ങളുടെ പ്രതിബദ്ധത സംഘടന വർദ്ധിപ്പിച്ചുവെന്നും, അവരുടെ സ്വപ്നങ്ങളിൽ പങ്കാളിയാകാൻ ആഗ്രഹിക്കുന്നുവെന്നും മെൻകാലിയ കൂട്ടിച്ചേർത്തു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

13 July 2023, 16:55