തിരയുക

ക്രിസ്തുവും ശിഷ്യരും ക്രിസ്തുവും ശിഷ്യരും 

പീഡനങ്ങൾക്ക് മുന്നിലും ധൈര്യപൂർവ്വം വിശ്വാസം ഏറ്റുപറയുക

എന്നും, എല്ലായ്പ്പോഴും ക്രിസ്തുവിന് സാക്ഷ്യം നൽകുക. ലത്തീൻ ആരാധനാക്രമപ്രകാരം ആണ്ടുവട്ടം പന്ത്രണ്ടാം ഞായറാഴ്ചയിലെ തിരുവചനവായനകളെ അടിസ്‌ഥാനമാക്കിയ വിചിന്തനം.
സുവിശേഷപരിചിന്തനം Mathew 10, 26-33 - ശബ്ദരേഖ

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി

ഭയം കൂടാതെ, ക്രിസ്തുവിന് സാക്ഷ്യം നൽകാനുള്ള വിളിയാണ് വിശുദ്ധ മത്തായിയുടെ സുവിശേഷം പത്താം അധ്യായം ഇരുപത്തിയാറ് മുതൽ മുപ്പത്തിമൂന്ന് വരെയുള്ള തിരുവചനങ്ങളിലും വിശുദ്ധ ലൂക്കായുടെ സുവിശേഷം പന്ത്രണ്ടാം അധ്യായം രണ്ടു മുതൽ ഒൻപത് വരെയുള്ള തിരുവചനങ്ങളിലും നാം വായിക്കുന്നത്. താൻ തിരഞ്ഞെടുത്ത തന്റെ ശിഷ്യന്മാരിൽനിന്ന് ഏതു തരത്തിലുള്ള വിശ്വാസവും സാക്ഷ്യവുമാണ് തനിക്ക് ആവശ്യമെന്ന് ഈ വചനങ്ങളിലൂടെ യേശു വ്യക്തമാക്കുന്നു. ഭയലേശമെന്യേ, ക്രിസ്തുവിന് സാക്ഷ്യം നൽകുക. മരണത്തിന്റെ മുന്നിലും ഭയക്കാതെ യേശുവിലൂടെ പിതാവ് അയക്കുന്ന രക്ഷയുടെ സന്ദേശത്തിന്, സുവിശേഷത്തിന് സാക്ഷ്യം നൽകുക, ക്രിസ്തുവിന് സാക്ഷ്യം നൽകുക.

ഭയം കൈവെടിയുക

അവരെ ഭയപ്പെടേണ്ട എന്ന ധൈര്യം പകരുന്ന, കൂടെയുണ്ട് എന്ന ബോധ്യം നൽകുന്ന വാക്കുകളാണ് ഇന്നത്തെ സുവിശേഷത്തിന്റെ ആരംഭത്തിൽ തന്നെ നാം കാണുന്നത്. സുവിശേഷം അറിയിക്കുന്നതിൽ, യേശുവിനെ പ്രഘോഷിക്കുന്നതിൽ, ദൈവാരാജ്യത്തെക്കുറിച്ചുള്ള അറിവ് മറ്റുള്ളവർക്ക് പകർന്നു നൽകുന്നതിൽ ഭയപ്പെടേണ്ട ആവശ്യമില്ലെന്ന ഉറപ്പാണ് ഇവിടെ യേശു നൽകുക. കാരണം "മറഞ്ഞിരിക്കുന്നതൊന്നും വെളിപ്പെടാതിരിക്കുകയില്ല, നിഗൂഢമായിരിക്കുന്നതൊന്നും അറിയപ്പെടാതിരിക്കുകയുമില്ല" (വാ. 26). പരിഹാസങ്ങൾക്ക് വിധേയരാകേണ്ടിവന്നേക്കാം, പീഡനങ്ങൾ ഉണ്ടായേക്കാം പക്ഷെ സത്യം എന്നും നിലനിൽക്കുന്നു എന്ന ബോധ്യത്തോടെ, യേശുവെന്ന സത്യത്തെക്കുറിച്ച് വിളിച്ചുപറയുവാൻ ഭയപ്പെടേണ്ട. സഭയുടെ ആദ്യകാലം മുതൽ സുവിശേഷപ്രഘോഷണത്തിനും, സുവിശേഷപ്രഘോഷകർക്കും, വിശ്വാസത്തിനും സഭയ്ക്കുമെതിരെ ഒരുപാട് ശക്തികൾ ഉയർന്നുവന്നിട്ടുണ്ട്. എന്നാൽ സഭ അവയെയെല്ലാം അതിജീവിച്ചാണ് രണ്ടു സഹസ്രാബ്ദങ്ങൾക്കിപ്പുറവയും ക്രിസ്തുവിന് സാക്ഷ്യം നൽകുന്നത്. ഇന്നത്തെ സമൂഹത്തിൽ, നാം ആയിരിക്കുന്ന ഇടങ്ങളിൽ പലപ്പോഴും ക്രൈസ്തവവിശ്വാസത്തിന് സാക്ഷ്യം നൽകാൻ നമുക്ക് മടിയാണ്, ഭയമാണ്. ഒരുപക്ഷെ ലോകത്തിന്റെ പല ഭാഗങ്ങളിലും, ഇന്ത്യയുടെ തന്നെ പലയിടങ്ങളിലും ഇന്നത്തെക്കാലത്ത് പോലും ഉണ്ടാകുന്നതുപോലെ, നാം വിശ്വാസത്തിന്റെ പേരിൽ തല്ലിച്ചതയ്ക്കപ്പെടുകയോ, കൊല്ലപ്പെടുകയോ ചെയ്യുന്നുണ്ടാകില്ല. എന്നാൽ സമൂഹത്തിന് മുൻപിൽ ക്രിസ്തുവിനെ വിളിച്ചുപറയുന്നതിൽ, അവനിലുള്ള വിശ്വാസം ജീവിക്കുന്നതിൽ മടിയുള്ളവരായി നമ്മെ മാറ്റാൻ ആധുനികലോകത്തിന്റെ ചില പുതിയ തത്വങ്ങൾക്കും നിയമങ്ങൾക്കും ഒക്കെ സാധിക്കുന്നുണ്ട് എന്നത് ദുഃഖകരമാണ്.

ക്രിസ്തുവെന്ന സത്യത്തെ മറച്ചുവയ്ക്കാനാകില്ല

ഇന്നത്തെ സുവിശേഷഭാഗത്ത് ക്രിസ്തുവിന്റെ വാക്കുകളിലൂടെ നാം തിരിച്ചറിയുന്ന ഒരു പ്രവചനം ക്രിസ്തുവെന്ന സത്യത്തെ എന്നന്നേക്കുമായി മറച്ചുവയ്ക്കാൻ ആർക്കും സാധിക്കില്ല എന്നതാണ്. "മറഞ്ഞിരിക്കുന്നതൊന്നും വെളിപ്പെടാതിരിക്കുകയില്ല, നിഗൂഢമായിരിക്കുന്നതൊന്നും അറിയപ്പെടാതിരിക്കുകയുമില്ല" (വാ. 26). ക്രിസ്തുവിന്റെ ജീവിതവും വാക്കുകളൂം പ്രവൃത്തികളും എല്ലാം ഏവരുടെയും കണ്മുൻപിലായിരുന്നു. പിതാവായ ദൈവം സുവിശേഷമായി അയച്ച യേശുവിന്റെ പ്രബോധനങ്ങൾ ഏവർക്കും മുന്നിൽ പരസ്യമായാണ് അവൻ അറിയിച്ചത്. എങ്കിലും അവനെയും അവൻ കൊണ്ടുവന്ന രക്ഷയുടെ സന്ദേശത്തെയും മറച്ചുവയ്ക്കാൻ രണ്ടായിരത്തിലധികം വർഷങ്ങളായി ലോകത്ത് നിരവധി ആളുകൾ പരിശ്രമിക്കുന്നുണ്ട്. ആദ്യമേ തന്നെ യേശുവിനെ കുരിശിൽ തറച്ച്, മറ്റുള്ളവരുടെ മുന്നിൽ അപഹാസ്യമായ ഒരു മരണത്തിലൂടെ അവനെ എന്നന്നേക്കുമായി മനുഷ്യമനസ്സുകളിൽനിന്ന് ഇല്ലാതാക്കാൻ പരിശ്രമിച്ചവരുണ്ട്. അവന്റെ തിരുവുത്ഥാനത്തെ ഒരു കള്ളക്കഥയാക്കി ചമയ്ക്കാൻ സകല മാർഗ്ഗങ്ങളും ശ്രമിച്ചവരുണ്ട്. ക്രിസ്തുവിന് പിന്നാലെ അവന്റെ ശിഷ്യന്മാരും, അനുയായികളുമായ ആയിരക്കണക്കിന് മനുഷ്യരെ ഇതേ മാർഗ്ഗങ്ങളിലൂടെ നിശ്ശബ്ദരാക്കാനും, ഇല്ലായ്‌മ ചെയ്യാനും, അതുവഴി ക്രിസ്തുവെന്ന സത്യത്തെ, രക്ഷയുടെ മാർഗ്ഗത്തെ ഇരുട്ടിലാക്കാൻ പരിശ്രമിച്ചവരുണ്ട്, പരിശ്രമിക്കുന്നവരുണ്ട്. എന്നാൽ ചരിത്രം നമ്മുടെ മുന്നിൽ പകൽ വെളിച്ചം പോലെ വ്യക്തമായി അറിയിക്കുന്ന ഒരു സത്യമുണ്ട്, യേശുവെന്ന സത്യത്തെ എന്നന്നേക്കുമായി ആർക്കും മറച്ചുവയ്ക്കാനാകില്ല.

കൂടെയുള്ള ദൈവം

വിശ്വാസത്തിന് സാക്ഷ്യം നൽകുന്ന ഒരു ജീവിതമെന്നത് അത്ര എളുപ്പമുള്ള ഒരു കാര്യമല്ല എന്ന്, യഥാർത്ഥത്തിൽ വിശ്വാസത്തിന് സാക്ഷ്യം വഹിക്കാൻ പരിശ്രമിച്ചിട്ടുള്ള ആളുകൾക്ക് മനസിലായിട്ടുണ്ടാകും. ക്രൈസ്തവജീവിതം ജീവിക്കുക എന്നത് ബുദ്ധിമുട്ടുള്ള ഒരു കാര്യമല്ല എന്ന് ചിന്തിക്കുകയും പറയുകയും ചെയ്യുന്നവർ തങ്ങളുടെ വിശ്വാസജീവിതം എത്രമാത്രം ആത്മാർത്ഥമാണ് എന്ന ഒരു ആത്മ പരിശോധന നടത്തുന്നത് നന്നായിരിക്കും. ക്രൈസ്തവസാക്ഷ്യം നൽകുന്നത്, ക്രിസ്തു ദൈവപുത്രനാണെന്നും, അവൻ പിതാവായ ദൈവത്തിന്റെ രക്ഷയുടെ സുവിശേഷമറിയിക്കാനാണ് വന്നതെന്നും, അവനിലൂടെയാണ് രക്ഷയെന്നും വിളിച്ചുപറയുകയും സാക്ഷ്യം നൽകുകയും ചെയ്യുന്നത് നമ്മെ മറ്റുള്ളവരുടെ വെറുപ്പിനും വിരോധത്തിനും പകയ്ക്കും ഒക്കെ ഇരകളാക്കിയേക്കാം എന്ന സത്യം അറിഞ്ഞുകൊണ്ടാണെന്ന് വേണമെങ്കിൽ പറയാം, ഇന്നത്തെ സുവിശേഷത്തിൽ യേശു നമ്മോട് പറയുന്നു, ശരീരത്തെ ഇല്ലാതാക്കാൻ മാത്രം കഴിയുന്ന, ഈ ലോകത്തിൽ പീഡനങ്ങൾ ഏൽപ്പിക്കാൻ സാധിക്കുന്ന മനുഷ്യരെ നിങ്ങൾ ഭയപ്പെടേണ്ട. കാരണം നിങ്ങളുടെ പിതാവിന് നിങ്ങൾ വിലപ്പെട്ടവരാണ്, നിങ്ങളുടെ ഓരോ വാക്കുകളും പ്രവൃത്തികളും, നിങ്ങളെയും പൂർണ്ണമായി അറിയുന്നവനാണ്, കരുതുന്നവനാണ് നിങ്ങളുടെ ദൈവം. ആ ദൈവത്തിന് നിങ്ങൾ പ്രിയപ്പെട്ടവരാണ്. ക്രിസ്തുവിലുള്ള വിശ്വാസം ജീവിക്കുന്നത്, നിങ്ങളുടെ അനുദിനജീവിതത്തിലെ പ്രവൃത്തികൾ ക്രൈസ്തവമായ മൂല്യങ്ങളും ഉദ്ബോധനങ്ങളും അനുസരിച്ച് ക്രമപ്പെടുത്തുന്നത് നിങ്ങളുടെ വില കുറച്ചുകളയുമെങ്കിൽ, മറ്റുള്ളവരുടെ മുന്നിൽ നിങ്ങളെ അപഹാസ്യരാക്കുന്നെങ്കിൽ നിങ്ങൾ ഓർക്കുക, ദൈവത്തിന് മുൻപിൽ നിങ്ങൾ വിലയുള്ളവരായി മാറുന്നത്, ദൈവികമായ പദ്ധതികൾക്കനുസരിച്ച്, ക്രിസ്തുവിന്റെ ഉദ്ബോധനങ്ങൾക്കനുസരിച്ച് നിങ്ങൾ മുന്നോട്ട് പോകുമ്പോഴാണ്. ലോകത്തിന് അനുരൂപരായവരെയാണ് ലോകം വിലയുള്ളവരായി കണക്കാക്കുന്നത് എന്നാൽ ദൈവത്തിനും ദൈവാരാജ്യത്തിനും അനുരൂപരായവരെയാണ് ദൈവം വിലയുള്ളവരായി കണക്കാക്കുന്നത്.

മറ്റുള്ളവർക്ക് മുന്നിൽ ക്രിസ്തുവിനെ ഏറ്റുപറയുക

രണ്ടായിരത്തിനപ്പുറം വർഷങ്ങൾക്ക് മുൻപ് യേശുവിന് രക്ഷയുടെ വചനങ്ങൾ പ്രഘോഷിക്കുവാൻ എളുപ്പമായിരുന്നില്ലെങ്കിൽ, അന്നത്തേതുപോലെ ഇന്നും, അധികാരങ്ങളുടയും, അവിശ്വാസങ്ങളുടെയും, അന്ധവിശ്വാസങ്ങളുടെയും മുന്നിൽ ക്രിസ്തുവെന്ന സത്യത്തെ പ്രഘോഷിക്കാനും, അവനെ ജീവിതം കൊണ്ട് ഏറ്റുപറയാനും അത്ര എളുപ്പമായിരിക്കില്ല എന്ന് നമുക്കറിയാം. ലോകത്ത് അനേകയിടങ്ങളിൽ ഇന്നും നടക്കുന്ന മതപീഡനങ്ങളുടെയും, വിശ്വാസത്തിന്റെ പേരിലുള്ള കൊലപാതകങ്ങളുടെയും സംഭവങ്ങൾ നമുക്ക് മനസ്സിലാക്കിത്തരുന്നത് ഇതാണ്. എന്നാൽ പിതാവായ ദൈവത്തിന് മുൻപിൽ നാം സ്വീകാര്യരാകണമെങ്കിൽ, അവനയച്ച രക്ഷയെ നാം പൂർണ്ണമായി സ്വീകരിക്കേണ്ടതുണ്ട്. ക്രിസ്തുവിനെ സ്വീകരിക്കുകയും, അവനെ രക്ഷകനായി അംഗീകരിക്കുകയും, ലോകത്തിന് മുന്നിൽ ഏറ്റുപറയുകയും ചെയ്യുന്നവരെ, പിതാവിന് മുന്നിൽ താനും ഏറ്റു പറയുമെന്ന് ക്രിസ്തു ഇന്നത്തെ സുവിശേഷത്തിൽ നമ്മുക്ക് ഉറപ്പു നൽകുന്നുണ്ട്. വിശുദ്ധ ലൂക്കയുടെ സുവിശേഷത്തിലാകട്ടെ, ദൈവദൂതന്മാരുടെ മുന്നിൽ അവരെ ഞാൻ ഏറ്റുപറയും എന്നാണ് ക്രിസ്തു പറയുക. ക്രൈസ്തവമതം രഹസ്യങ്ങളുടെ ഒരു മതമല്ല. ലോകത്തിന്റെ രക്ഷയ്ക്കായി പിതാവിനാൽ അയക്കപ്പെട്ട സവിശേഷമായ ക്രിസ്തുവിലുള്ള വിശ്വാസം, അവനോടു ചേർന്ന്, ദൈവഹിതം അറിഞ്ഞും പാലിച്ചുമുള്ള ഒരു ജീവിതം അതാണ് ക്രിസ്തുമതം. നാം ജീവിതത്തിൽ സാക്ഷ്യം നൽകേണ്ടതും സൗജന്യമായി നൽകപ്പെടുന്ന ഈ രക്ഷയുടെ സുവിശേഷത്തിനാണ്. നമുക്കായി ജീവനേകി, നിത്യജീവൻ നമുക്ക് അവകാശമായി തരുന്ന ക്രിസ്തുവിലൂടെ വെളിവാകുന്ന ദൈവസ്നേഹത്തിനാണ് നാം സാക്ഷ്യം നൽകേണ്ടത്. വിശുദ്ധ പൗലോസ് റോമക്കാർക്കെഴുതിയ ലേഖനം അഞ്ചാം അധ്യായത്തിൽ നമ്മെ ഓർമ്മിപ്പിക്കന്നതുപോലെ, ആദത്തിന്റെ പാപം മൂലം മരണത്തിന്റെ അധിപത്യത്തിലായ മനുഷ്യർക്ക് യേശുക്രിസ്തുവെന്ന ദൈവപുത്രനിലൂടെ നിത്യജീവനും, സമൃദ്ധമായ ദൈവകൃപയും ലഭിക്കുന്നു.

ദൈവഹിതമനുസരിച്ച്, എന്നും എല്ലായിടങ്ങളിലും ക്രൈസ്തവവിശ്വാസത്തിന് സാക്ഷ്യം നൽകി ജീവിക്കുവാനും, അങ്ങനെ രക്ഷ അവകാശമാക്കുവാനും, എല്ലാ പ്രതിസന്ധികളിലും നമ്മോടു കൂടെ വസിച്ച് നമ്മെ നയിക്കുന്ന ദൈവത്തിന്റെ അനന്തമായ സ്നേഹവും സംരക്ഷണവും അനുഭവിക്കുവാനും വേണ്ട കൃപയ്ക്കായി നമുക്ക് പ്രാർത്ഥിക്കാം. തന്റെ സുതന്റെ യഥാർത്ഥ സ്നേഹിതരും സാക്ഷികളുമായി ജീവിക്കുവാൻ വേണ്ട ശക്തിക്കായി പരിശുദ്ധ അമ്മയുടെ മാദ്ധ്യസ്ഥ്യം നമുക്ക് അപേക്ഷിക്കാം. ദൈവം നമ്മെ അനുഗ്രഹിക്കട്ടെ.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

24 June 2023, 05:57