തിരയുക

അഭയാർത്ഥിസംഘം ഇറ്റലിയിലേക്കുള്ള കടൽ യാത്രയിൽ അഭയാർത്ഥിസംഘം ഇറ്റലിയിലേക്കുള്ള കടൽ യാത്രയിൽ   (AFP or licensors)

ജീവൻ നഷ്ടപെട്ട അഭയാർത്ഥികളെ സ്മരിച്ച് ഇറ്റാലിയൻ സഭ

1990 മുതൽ കടൽ മാർഗം നടത്തിയ കുടിയേറ്റത്തിനിടെ ജീവൻ നഷ്ടപെട്ട ഏകദേശം 65000 ഓളം ആളുകളെ സ്മരിച്ചു ജൂൺ 22 ന് റോമിലെ സാന്താ മരിയ ഇൻ ത്രസ്തേവെരെ ബസിലിക്കയിൽ പ്രത്യേക പ്രാർത്ഥനകളും സമ്മേളനവും നടത്തും.

ഫാ.ജിനു ജേക്കബ്,വത്തിക്കാൻ സിറ്റി

ജൂൺ 20 ലോക അഭയാർത്ഥി ദിനത്തോടനുബന്ധിച്ച് ഇറ്റലിയിലെ കത്തോലിക്കാസഭ കുടിയേറ്റക്കാരായി  എത്തിയ ആളുകളെ പ്രത്യേകം സ്മരിച്ചു കൊണ്ട്  പ്രാർത്ഥനാദിനം ആചരിക്കുന്നു. വളരെ പ്രത്യേകമായി കുടിയേറ്റ ശ്രമത്തിനിടെ കടലിൽ ജീവൻ ഹോമിച്ച ഏകദേശം 65000 ഓളം ആളുകളെ പ്രത്യേകമായി ഓർക്കുകയും, അവർക്കുവേണ്ടി പ്രത്യേക പ്രാർത്ഥനകൾ നടത്തുകയും ചെയ്യും. റോമിലെ  സാന്താ മരിയ ഇൻ ത്രസ്തേവെരെ ബസിലിക്കയിൽ വച്ച് ജൂൺ 22 വ്യാഴാഴ്ച്ച വൈകുന്നേരം ആറു മുപ്പതിനാണ്  ചടങ്ങുകൾ ആരംഭിക്കുന്നത്. ചടങ്ങുകൾക്കും, അനുസ്മരണ പരിപാടികൾക്കും കത്തോലിക്കാ സഭയുടെ ഉപവിപ്രവർത്തന ശാഖയായ സാന്ത് എജിദിയോ സമൂഹം നേതൃത്വം നൽകും.

നിരവധി സ്വപ്നങ്ങളും, പ്രതീക്ഷകളുമായി യൂറോപ്പിലേക്ക് കുടിയേറ്റം നടത്തുന്ന സഹോദരങ്ങൾക്ക് അവയെല്ലാം പാതിവഴിയിൽ ഉപേക്ഷിച്ചുകൊണ്ട് മരണത്തിനു കീഴടങ്ങേണ്ടി ദൗർഭാഗ്യകരമായ അവസ്ഥയെ വളരെ വേദനയോടെയാണ് കത്തോലിക്കാ സഭ നോക്കികാണുന്നത്. അടുത്തയിടെ കുത്രോയിൽ ഉണ്ടായ വലിയ ദുരന്തത്തിൽ പാപ്പായുടെ ദുഃഖവും സഹായഹസ്തവും ഏറെ പ്രകടമായിരുന്നു. ഈ ദുരന്തങ്ങളുടെ തോത് കുറക്കുവാൻ അടുത്തകാലങ്ങളിലായി കത്തോലിക്കാ സഭ ചെയ്യുന്ന അക്ഷീണപരിശ്രമങ്ങളെ ലോകനേതാക്കൾ നന്ദിയോടെ സ്മരിച്ചതും എടുത്തു പറയേണ്ടതാണ്.

സാന്താ മരിയ ഇൻ ത്രസ്തേവെരെ ബസിലിക്കയിലെ പ്രത്യേക പ്രാർത്ഥനകൾക്കും ചടങ്ങുകൾക്കും ഇറ്റാലിയൻ മെത്രാൻ സമിതിയുടെ പ്രസിഡന്റ്റും, ബൊളോഞ്ഞ അതിരൂപത മെത്രാനുമായ കർദിനാൾ മത്തേയോ സൂപ്പി നേതൃത്വം വഹിക്കും. മരിച്ചുപോയ വ്യക്തികളിൽ ചിലരുടെ പേരുകൾ എടുത്തു പറയുകയും, മരണപ്പെട്ടവരുടെ സ്മരണാർത്ഥം മെഴുകുതിരികൾ തെളിക്കുകയും ചെയ്യും. ചടങ്ങുകളിൽ വിവിധ വംശജരായ കുടിയേറ്റക്കാർ പങ്കെടുക്കുമെന്ന് സാന്ത് എജിദിയോ സമൂഹം അറിയിച്ചു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

21 June 2023, 14:06