ഒഴുക്കിനെതിരെ നീന്തുന്നവനാണ് യഥാർത്ഥ ക്രിസ്തു ശിഷ്യൻ
ഫാ. ജിനു ജേക്കബ്, വത്തിക്കാൻ സിറ്റി
ശ്ളീഹാക്കാലം നാലാം ഞായറാഴ്ച്ചയിലേക്ക് നാം പ്രവേശിച്ചിരിക്കുകയാണ്.പന്തക്കുസ്താതിരുനാളോടെ ആരംഭിക്കുന്ന ശ്ളീഹാക്കാലത്തിൽ പരിശുദ്ധാത്മാവിന്റെ ആഗമനവും,അവിടുത്തെ പ്രവർത്തനങ്ങളും, ശ്ലീഹന്മാരും സഭയും തമ്മിലുള്ള ബന്ധം, ആദിമസഭയുടെ ചൈതന്യം, സഭയുടെ പ്രേഷിതസ്വഭാവം എന്നിവ പ്രധാന ചിന്തകളായി വിഷയീഭവിക്കുന്നു. പന്തക്കുസ്താദിവസം പരിശുദ്ധാത്മാവിനാൽ പൂരിതരായ ശ്ലീഹന്മാർ സുവിശേഷസന്ദേശവുമായി ലോകമെങ്ങും പോവുകയും വിവിധങ്ങളായ സഭാസമൂഹങ്ങൾക്ക് അടിസ്ഥാനമിടുകയും ചെയ്ത കാര്യങ്ങൾ അനുസ്മരിക്കുന്നതോടൊപ്പം മാമോദീസയും,തൈലാഭിഷേകവും വഴിയായി നാമും ശ്ലൈഹീക പ്രേഷിത ദൗത്യത്തിൽ പങ്കാളികളാകണമെന്നുള്ള വലിയ ഓർമ്മപ്പെടുത്തലുമാണ് ശ്ലീഹാക്കാലം നമുക്ക് നൽകുന്നത്. ഈ കാലത്തിലെ ഞായറാഴ്ച വായനകളും ഇപ്രകാരം ക്രൈസ്തവീകതയുടെ വ്യതിരിക്തതയും, ജീവിക്കുവാൻ എപ്രകാരം നമ്മുടെ ജീവിതത്തെ പരുവപ്പെടുത്തണമെന്നും നമുക്ക് എടുത്തു കാണിക്കുന്നതാണ്. നമ്മുടെ പ്രേഷിതദൗത്യം എപ്രകാരം ലൗകീകമായ പ്രവർത്തനങ്ങളിൽ നിന്നും വ്യത്യസ്തമായിരിക്കുന്നുവെന്നും, അപ്രകാരമുള്ള അപകടങ്ങളെ തിരിച്ചറിഞ്ഞുകൊണ്ട് എപ്രകാരം നമ്മുടെ ജീവിതത്തിൽ പരിവർത്തനങ്ങൾ വരുത്തണമെന്നും ചൂണ്ടിക്കാണിക്കുന്നു.
സുവിശേഷത്തിലേക്ക് നമ്മെ ക്ഷണിക്കുന്ന വചനങ്ങളാണ് ആദ്യത്തെ മൂന്നു വായനകളിലും പ്രതിധ്വനിക്കുന്നത്. ഈശോയുടെ ലോകത്തിലേക്കുള്ള ആഗമനത്തിനു മുന്നോടിയായി, പഴയ നിയമ ഗ്രന്ഥങ്ങളിൽ കാലാകാലങ്ങളായി, തിരഞ്ഞെടുക്കപ്പെട്ട ജനതയുടെ രക്ഷയ്ക്കായി ദൈവം നടത്തുന്ന ഇടപെടലുകൾ വളരെ വ്യക്തമാണ്. പ്രവാചകരിലൂടെയും, ന്യായാധിപന്മാരിലൂടെയും, രാജാക്കന്മാരിലൂടെയും ഇസ്രായേൽ മക്കൾക്ക് അവരുടെ ജീവിതത്തിന്റെ നന്മയിലേക്കുള്ള യാത്രയിൽ ദൈവം കൂടെ നിൽക്കുന്നതാണ് പഴയനിയമ ഗ്രന്ഥത്തിന്റെ ഉള്ളടക്കം. ഈ യാത്രയുടെ ഉത്തുംഗതയിലാണ് തന്റെ ഒരേ മകനായ യേശുവിനെ ഈ ലോകത്തിന് രക്ഷയുടെ മൂർത്തീമത്ഭാവമായി അയക്കുന്നത്. ഇന്നത്തെ ഒന്നാം വായനയിൽ നിയമാവർത്തനാപുസ്തകം ഒന്നാം അധ്യായം പതിനാറു മുതൽ പതിനെട്ടു വരെയുള്ള വചനങ്ങളിൽ ദൈവം ഇസ്രായേൽ ജനതയെ എപ്രകാരമാണ് പരിഗണിക്കുന്നതെന്ന് വ്യക്തമാക്കുന്നുണ്ട്. തൻറെ ജനതകൾക്കിടയിൽ സാഹോദര്യം ഊട്ടിയുറപ്പിക്കുവാൻ വേണ്ടി ന്യായാധിപന്മാരെ തിരഞ്ഞെടുത്തു അയയ്ക്കുന്ന ദൈവം, ന്യായങ്ങളുടെ അടിസ്ഥാനവും വ്യക്തമാക്കുന്നു. ചെറിയവനും വലിയവനും എന്ന് വ്യത്യാസമില്ലാതെ പക്ഷപാതരഹിതമായ തീരുമാനങ്ങൾ കൈക്കൊള്ളുവാൻ ന്യായാധിപന്മാർക്ക് നിർദ്ദേശം നൽകുന്ന പ്രവചനമാണ് ഒന്നാം വായനയിൽ നാം ശ്രവിച്ചത്.എന്നാൽ അന്തിമ ന്യായവിധി ദൈവത്തിന്റേതാണ് എന്ന വചനത്തോടെയാണ് വായന ഉപസംഹരിക്കുന്നത്. ലോകത്തിൽ ദൈനം ദിന ജീവിതത്തിൽ തിരിച്ചുവ്യത്യാസമില്ലാതെ എല്ലാവരെയും ഒരുപോലെ കാണുന്ന ദൈവത്തിന്റെ പിതൃവാത്സല്യപൂർവ്വമായ ഒരു മുഖമാണ് ഈ വായനയിൽ നാം കണ്ടുമുട്ടുന്നത്. എന്നാൽ തെറ്റു ചെയ്യുമ്പോൾ അത് തിരുത്തുവാനും ദൈവം മടിക്കുന്നില്ല എന്നതും ഈ വചനങ്ങളിൽ വ്യക്തം. പക്ഷെ തിരുത്തലുകളിൽ നമ്മുടെ അന്ത്യന്യായവിധിയുടെ തീച്ചൂളകളല്ല വാഗ്ദാനം ചെയ്യുന്നത്, മറിച്ച് ദൈവത്തിന്റെ പരിഗണനയും, രക്ഷിക്കുവാനുള്ള അവസാന ശ്രമങ്ങളുമാണ്. അതിനാൽ മാനസാന്തരത്തിന്റെ ഫലങ്ങൾ പുറപ്പെടുവിക്കാനുള്ള ദൈവത്തിന്റെ ക്ഷമയോടെയുള്ള കാത്തിരിപ്പാണ് ഒന്നാം വായനയിൽ നാം ശ്രവിച്ചത്. ഈ മാനസികപരിവർത്തനത്തിന് ഉതകുന്ന ഉദ്ബോധനങ്ങളാണ് രണ്ടാമത്തെ വായനയിൽ നാം കാണുന്നത്.
ഏശയ്യാ പ്രവാചകന്റെ പുസ്തകം ഒന്നാം അദ്ധ്യായം പത്തുമുതൽ ഇരുപതുവരെയുള്ള തിരുവചനങ്ങളിൽ ആദ്യ ഭാഗം പ്രവാചകൻ മുഖേന ദൈവം ഇസ്രായേൽ ജനതയ്ക്കു നൽകുന്ന നിശിതമായ കല്പനകളും, രണ്ടാം ഭാഗം ദൈവീക കരുണയുടെ വെളിപ്പെടുത്തലുമാണ്. സൊദോം ഗൊമോറ ദേശങ്ങളുടെ പ്രതീകാത്മകമായ ലൗകീകതയുടെയും, സ്വയാധികാരത്തിന്റെയും, അഹങ്കാരത്തിന്റെയും ചിന്തകളെ വെറുക്കുന്ന ദൈവത്തെയാണ് വചനങ്ങളിൽ നാം കണ്ടുമുട്ടുന്നത്. ദൈവ വചനങ്ങളും,പ്രബോധനങ്ങളും ശ്രവിക്കാതെ വ്യർത്ഥമായതും,ഉപരിപ്ലവവുമായ കാഴ്ചകൾ സമർപ്പിക്കുന്നതിനെതിരെ ദൈവത്തിന്റെ മുന്നറിയിപ്പാണ് ഏശയ്യാ പ്രവാചകൻ നൽകുന്നത്. ഹൃദയശുദ്ധിയേയും, ജീവിതവിശുദ്ധിയെയും എടുത്തു പറയുന്ന പ്രവാചകൻ എപ്രകാരം ജീവിക്കണമെന്നും കാണിച്ചുതരുന്നു. രക്തപങ്കിലമായ കരങ്ങളോടെയുള്ള പ്രാർത്ഥനകളും പ്രവർത്തനങ്ങളും ഉപേക്ഷിച്ചുകൊണ്ട് മാനസാന്തരത്തിന്റെ വഴിയിൽ നാം സഞ്ചരിക്കുമ്പോൾ കടും ചെമപ്പുനിറമുള്ള ജീവിതത്തെ ദൈവം വെണ്മഞ്ഞുപോലെ മാറ്റിത്തീർക്കുമെന്ന ഉറപ്പും പ്രവാചകൻ നൽകുന്നു. ഇപ്രകാരം രമ്യതയിലേക്കുള്ള ദൈവത്തിന്റെ വിളിയെ വർഷങ്ങൾക്കിപ്പുറവും നമുക്ക് ഓർമ്മപ്പെടുത്തിത്തരുന്നതാണ് രണ്ടാം വായന.
തുടർന്ന് പഴയനിയമവായനകളുടെ തുടർച്ചയെന്നോണം പൗലോസ് ശ്ലീഹായും പ്രലോഭനങ്ങളെ അതിജീവിച്ചുകൊണ്ട് അനശ്വരമായ കിരീടത്തിനു വേണ്ടി അക്ഷീണം പരിശ്രമിക്കുവാനുള്ള നമ്മുടെ ക്രൈസ്തവവിളിയെ എടുത്തു പറയുന്നു. കോറിന്തോസുകാർക്കെഴുതിയ ഒന്നാം ലേഖനം ഒൻപതാം അദ്ധ്യായം പത്തൊൻപതു മുതൽ ഇരുപത്തിയേഴു വരെയുള്ള ഭാഗത്ത് പൗലോസ് ശ്ലീഹ ക്രൈസ്തവജീവിതത്തെ ഒരു ഓട്ടമത്സരത്തോടാണ് ഉപമിക്കുന്നത്. സമ്മാനം ലഭിക്കുന്നത് ഒരു വ്യക്തിക്കാണെങ്കിലും,മത്സരത്തിൽ പങ്കെടുക്കുന്ന എല്ലാ വ്യക്തികളുടെയും ലക്‌ഷ്യം ഒന്ന് തന്നെയാണ്, ഒന്നാമതായി എത്തുക. ഇപ്രകാരം എല്ലാ തടസങ്ങളെയും,കുറവുകളേയും അതിജീവിച്ചുകൊണ്ട് സ്വർഗ്ഗരാജ്യമെന്ന ലക്‌ഷ്യം മുൻനിർത്തി ഓടുവാനുള്ള ആഹ്വാനമാണ് പൗലോസ് അപ്പസ്തോലൻ നമുക്ക് നൽകുന്നത്. പഴയനിയമത്തിലെ വായനയുടെ അവസാനം നാം ശ്രവിച്ചതു പോലെ അവസാന വിധി ദൈവത്തിന്റേതാണെന്ന മുന്നറിയിപ്പ് അപ്പസ്തോലനും നമുക്ക് നൽകുന്നുണ്ട്. പലതിലും ആളുകളോടൊപ്പമാകുവാൻ പല കാര്യങ്ങളും ത്യജിച്ചപ്പോഴും, അടിസ്ഥാനമാക്കിയ ഒരേ ഒരു നിയമം ക്രിസ്തുവിന്റേത് മാത്രമായിരുന്നുവെന്ന് മാനസാന്തരത്തിന്റെ നറുമണം പരത്തുന്ന, സാവൂളിൽ നിന്നും പൗലോസിലേക്കുള്ള യാത്രയുടെ സാക്ഷ്യം എടുത്തു പറഞ്ഞുകൊണ്ട് പൗലോസ് നമുക്ക് ചൂണ്ടിക്കാണിക്കുന്നു. അതിനാൽ നമുക്ക് ലഭിച്ച വിളിയെ പറ്റി ചിന്തിക്കുവാനും, ആ തലത്തിൽ നിന്ന് കൊണ്ട് സുവിശേഷവേലയ്ക്കായുള്ള നമ്മുടെ പരിശ്രമങ്ങളെ വിചിന്തനം ചെയ്യുവാനും പൗലോസ് അപ്പസ്തോലൻ നമ്മെ ക്ഷണിക്കുന്നു. ശ്ളീഹാക്കാലത്തിന്റെ ചൈതന്യമായ സുവിശേഷവത്കരണപ്രക്രിയയിലേക്ക് നമ്മെ ക്ഷണിക്കുന്നതാണ് മൂന്നാം വായന.
ഈ വായനകളുടെയെല്ലാം ചൂണ്ടുപലക സുവിശേഷത്തിൽ നാം വായിച്ചുകേട്ട ക്രൈസ്തവസാക്ഷ്യത്തിന്റെ ചലനാത്മകതയാണ്. വിശുദ്ധ ലൂക്കയുടെ സുവിശേഷം ആറാം അധ്യായം ഇരുപത്തിയേഴു മുതൽ മുപ്പത്തിയാറു വരെയുള്ള തിരുവചനങ്ങളിൽ നാം കണ്ടുമുട്ടുന്ന വ്യതിരിക്തത ഒരു പക്ഷെ നമുക്ക് അസംഭവ്യവും, അസഹനീയവുമായി തോന്നിയേക്കാം. ഒഴുക്കിനെതിരെ നീന്തുവാനുള്ള ആഹ്വാനമാണ് സുവിശേഷം നമുക്ക് നൽകുന്നത്. എന്തുകൊണ്ടാണ് മനുഷ്യസഹജമായി എത്തിപ്പിടിക്കുവാൻ സാധിക്കാത്ത കാര്യങ്ങളെ ക്രിസ്തു ചൂണ്ടിക്കാണിക്കുന്നതെന്ന വിമർശനവും ഈ വചനവായന നമ്മുടെ ഉള്ളിൽ ഉണർത്തിയേക്കാം. എന്നാൽ ആർക്കും ഉൾക്കൊള്ളാനോ, സ്വന്തമാക്കാനോ സാധിക്കാത്ത ഒരു ദർശനമോ,ജീവിതരീതിയോ പ്രതീക്ഷിച്ച് വ്യത്യസ്തനാകാൻ ശ്രമിച്ചവനല്ല ക്രിസ്തു.ഒരുവന്റെ സ്വാഭാവിക മാനുഷികപ്രകൃതിയെ ദൈവീകമായ നിലപാടുകളാൽ കീഴ്‌പ്പെടുത്താൻ സാധിക്കുമെന്നും, അങ്ങനെ സാധിച്ചാൽ അതാണ് തന്റെ അനുയായികളെ വ്യത്യസ്തരാകുന്നതെന്നു ആദ്യമേ പഠിപ്പിക്കുകയും, തുടർന്ന് സ്വജീവിതത്തിലൂടെ പ്രാവർത്തികമാക്കി മാതൃകയും,പ്രചോദനവും, വെല്ലുവിളിയും ആയവനാണ് നമ്മുടെ യേശു. അത്തരത്തിൽ ക്രിസ്ത്യാനിയെ ലോകത്തിൽ വ്യതിരിക്തമാക്കേണ്ട ഒരു ജീവിതനിയമമാണ് ഇന്നത്തെ സുവിശേഷത്തിലൂടെ ക്രിസ്തു നമ്മെ പഠിപ്പിക്കുന്നത്.
'കണ്ണിനു പകരം കണ്ണ്,പല്ലിനു പകരം പല്ല്' എന്ന പകപോക്കലിന്റെയും, മാത്സര്യത്തിന്റെയും പഴയനിയമ ധാർമ്മികവ്യവസ്ഥയിൽ നിന്നും 'തിന്മയെ നന്മ കൊണ്ട് ജയിക്കുക' എന്ന പുതിയനിയമത്തിലെ സ്നേഹത്തിന്റെ ധാർമ്മികതയാണ് 'ഒരു ചെകിട്ടത്ത് അടിക്കുന്നവന് മറ്റേ ചെകിട് കൂടി കാണിച്ചുകൊടുക്കുക' എന്ന വചനത്തിലേക്കുള്ള ചവിട്ടുപടി. അടിച്ചവനെ തിരിച്ചടിക്കാൻ കഴിഞ്ഞില്ലെങ്കിൽ അത് പരാജയവും കഴിവുകേടുമായി കണക്കാക്കപ്പെടുന്ന ഒരു ലോകത്താണ് യേശുവിന്റെ ഈ വചനങ്ങൾ നമ്മുടെ ജീവിതത്തിൽ ഒരു പുതിയ വെളിച്ചം പകരേണ്ടത്. ശത്രുവിനെ ഇല്ലായ്മ ചെയ്യലല്ല മറിച്ച് സ്നേഹിച്ചു സ്വന്തമാക്കുന്നതാണ് ക്രിസ്തുമാർഗമെന്ന വലിയ തിരിച്ചറിവിലേക്കാണ് വചനം നമ്മെ ക്ഷണിക്കുന്നത്. ഈ തിരിച്ചറിവ് ഒരു വെല്ലുവിളിയാണ്. ഈ വെല്ലുവിളിയുടെ ആദ്യപതിപ്പാണ് കുരിശിൽ കിടന്നു കൊണ്ട് യേശു ശത്രുക്കൾക്കുവേണ്ടി പ്രാർത്ഥിക്കുന്നതിൽ പ്രതിധ്വനിക്കുന്നത്." പിതാവേ അവർ ചെയ്യുന്നത് എന്തെന്ന് അവർ അറിയുന്നില്ല, അവരോട് ക്ഷമിക്കണമേ". മാനുഷികബുദ്ധിയിൽ ഒരിക്കലും താർക്കികമായ അവലോകനം നടത്തുവാൻ ഈ വചനങ്ങളിന്മേൽ നമുക്ക് സാധിക്കുകയില്ല.
ചിലപ്പോൾ യേശു ദൈവപുത്രനല്ലേ?അതുകൊണ്ട് ഏതു വെല്ലുവിളിയുമാകാം.നമ്മൾ മനുഷ്യരല്ലേ? എന്ന ചിന്തയും നമ്മുടെ ഉള്ളിൽ ഉണ്ടായേക്കാം. എന്നാൽ ഈ കാലഘട്ടത്തിനിടയിൽ എത്രയോ ആളുകളാണ് ലോകത്തിന്റെ പലഭാഗങ്ങളിൽ ക്രിസ്തുവിന്റെ ഈ വചനങ്ങൾക്ക് സ്വജീവൻ കൊണ്ട് സാക്ഷ്യം നൽകിയത്. ആയിരക്കണക്കിന് ഉദാഹരണങ്ങൾക്കിടയിൽ നമ്മുടെ വ്യക്തിജീവിതത്തിൽ സ്വാധീനം ചെലുത്തിയ നിരവധി വ്യക്തികളും ഇക്കൂട്ടത്തിൽ ഉണ്ടാവാം. അറിയപ്പെട്ട വിശുദ്ധ സ്തേഫാനോസിനും, വിശുദ്ധ റീത്തയ്ക്കും, വിശുദ്ധ ജോൺ പോൾ രണ്ടാമനുമൊക്കെ പുറമെ നമ്മുടെ അയല്പക്കങ്ങളിലും ഇപ്രകാരം ക്ഷമയുടെ മാതൃക നൽകി ജീവിക്കുന്ന എത്രയോ ആളുകളെ കണ്ടുമുട്ടുവാൻ നമുക്ക് സാധിക്കും.അതിനാൽ യേശുവിന്റെ ഈ വചനങ്ങൾക്ക് ഇന്നും നമ്മുടെ ജീവിതത്തിൽ വലിയ അർത്ഥം കണ്ടെത്തുവാൻ നമുക്ക് സാധിക്കണം.
ആദ്യ നോട്ടത്തിൽ വിരോധാഭാസമെന്നു തോന്നുമെങ്കിലും ഈ വചനങ്ങളിൽ അടങ്ങിയിരിക്കുന്ന സ്നേഹത്തിന്റെ നന്മയെ തിരിച്ചറിയുവാനാണ് ഇന്നത്തെ സുവിശേഷം നമ്മെ ക്ഷണിക്കുക. ഈ ക്ഷണം മറ്റാരും നമുക്ക് നൽകുന്നതല്ല മറിച്ച് യേശു തന്നെ വചനാരംഭത്തിൽ നമ്മളോട് പറയുന്നത് ഇപ്രകാരമാണ്:"എന്റെ വാക്കു ശ്രവിക്കുന്ന നിങ്ങളോട് ഞാൻ പറയുന്നു". യേശുവിന്റെ ഈ വചനങ്ങൾ 'കേൾക്കുവാനുള്ള' ഒരു ആഹ്വാനം നൽകുന്നതോടൊപ്പം കേൾക്കുവാൻ അവന്റെ അരികിൽ ആയിരിക്കേണ്ടതിന്റെ ആവശ്യകതയും നമ്മെ ഓർമ്മപ്പെടുത്തുന്നു. നമ്മുടെ ആത്മീയ ജീവിതത്തിൽ ആഴത്തിലുള്ള ഒരു ശ്രവണത്തിലേക്ക് പ്രവേശിക്കുന്നതിലൂടെ മാത്രമേ ഈ വചനം മനസിലാക്കുവാനും, സ്വാംശീകരിക്കുവാനും സാധിക്കുകയുള്ളൂ.
മറ്റുള്ളവരെ മനസിലാക്കുവാനും, ക്ഷമിക്കുവാനും സാധിക്കുന്നതിലൂടെ യേശുവിന്റെ സ്നേഹത്തിൽ ഭാഗഭാക്കുകളാകുവാനുള്ള വലിയ അനുഗ്രഹവും ഈ വചനങ്ങൾ വാഗ്ദാനം ചെയ്യുന്നു. 'സ്നേഹിക്കാനുള്ള ശത്രു'വിനെ തിരിച്ചറിയുന്നതിലൂടെയാണ് ദൈവീക സ്നേഹത്തിന്റെ നീർച്ചാലുകൾ നമ്മുടെ ജീവിതം വഴിയായി മറ്റുള്ളവരിലേക്ക് കടക്കുകയുള്ളൂ. ഇല്ലെങ്കിൽ നിരാശയുടെയും, വേദനയുടെയും, പ്രതികാരത്തിന്റെയുമൊക്കെ തിന്മ നമ്മുടെ ജീവിതത്തിൽ പിടിമുറുക്കുവാനുള്ള വലിയ അപകടവും വചനം നമുക്ക് പറഞ്ഞുതരുന്നു. ശ്ളീഹാക്കാലം അപ്പസ്തോലന്മാരുടെ ഐക്യവും,കൂട്ടായ്മയും നമ്മെ അനുസ്മരിപ്പിക്കുന്നതോടൊപ്പം നമ്മുടെ ജീവിതത്തിലും സ്നേഹത്തിന്റെ ആഴത്തിൽ ഉരുത്തിരിയുന്ന പരസ്പര സഹകരണത്തിന്റെയും, ക്ഷമയുടെയും മാതൃക നൽകുവാൻ ക്ഷണിക്കുകയും ചെയ്യുന്നു. നമ്മുടെ ദുർബലമായ മനുഷ്യപ്രകൃതിയെ ദൈവീകമായ നിലപാടുകളാൽ വ്യതിരിക്തമാക്കുവാൻ, അപ്രകാരം ശ്ലീഹന്മാരെപോലെ ക്രിസ്തുവിന്റെ ശിഷ്യരായി ലോകത്തിനു മുഴുവൻ മാതൃക നൽകുവാൻ ഇന്നത്തെ വായനകൾ നമ്മെ സഹായിക്കട്ടെ.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: