തിരയുക

ദിവ്യകാരുണ്യം - ക്രിസ്തുവിന്റെ തിരുശരീരവും തിരുരക്തവും ദിവ്യകാരുണ്യം - ക്രിസ്തുവിന്റെ തിരുശരീരവും തിരുരക്തവും 

സ്വന്തം ശരീരരക്തങ്ങൾ ഭക്ഷണമായി നൽകുന്ന ക്രിസ്തു - പരിശുദ്ധ ദിവ്യകാരുണ്യം

ലത്തീൻ ആരാധനാക്രമപ്രകാരം പരിശുദ്ധ ദിവ്യകാരുണ്യത്തിന്റെ, കോർപുസ് ക്രിസ്റ്റിയുടെ തിരുനാൾ ദിനത്തിലെ തിരുവചന വായനകളെ അടിസ്ഥാനമാക്കിയ വചനവിചിന്തനം (John 6, 51-58).
സുവിശേഷപരിചിന്തനം John 6, 51-58 - ശബ്ദരേഖ

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി

ക്രിസ്തുവിന്റെ തിരുശരീരരക്തങ്ങളുടെ, വിശുദ്ധ കുർബാനയുടെ തിരുനാളാണ് നാം ഇന്ന് ഭക്തിപൂർവ്വം ആഘോഷിക്കുന്നത്. ലോകത്തിന്റെ അവസാനത്തോളം നമ്മോടൊത്ത് ആയിരിക്കാൻ, നമ്മുടെ വിശ്വാസജീവിതത്തിൽ ജീവനായി മാറാൻ ആഗ്രഹിച്ച ദൈവപുത്രന്റെ സ്നേഹമാണ് നാം ഈ തിരുനാളിൽ ആഘോഷിക്കുന്നത്. നിത്യജീവൻ നമുക്ക് അവകാശമായി നൽകുവാനായി, പീഡാനുഭവങ്ങളിലൂടെ, കുരിശുമരണത്തിലൂടെ കടന്നുപോയി, സ്വയം ബലിയായി അർപ്പിച്ച, തിരുവോസ്തിരൂപനായി നമ്മുടെ ഇടയിൽ വസിക്കുന്ന യേശുവിനെ കൂടുതലായി സ്നേഹിക്കുവാനും അവനോട് ചേർന്ന് ജീവിക്കുവാനും ഈ തിരുനാൾ നമ്മെ സഹായിക്കട്ടെ.

തന്റെ ജീവൻ സ്വീകാര്യമായ ബലിയായി പിതാവായ ദൈവത്തിന് നൽകുന്ന ക്രിസ്തു, തന്റെ ശരീരരക്തങ്ങൾ മാനവരക്ഷയ്ക്കായി സൗജന്യമായി നൽകുന്ന മനോഹരമായ ഒരു സന്ദേശമാണ് ഇന്നത്തെ സുവിശേഷവചനങ്ങൾ നമുക്ക് മുൻപിൽ വയ്ക്കുക. യോഹന്നാന്റെ സുവിശേഷം ആറാം അദ്ധ്യായം ആരംഭിക്കുന്നതുതന്നെ യേശു ഗലീലിക്കടലിന്റെ മറുകരയിൽ തിബേരിയാസിനടുത്ത് മലമുകളിൽ അഞ്ചപ്പവും രണ്ടു മീനും വർദ്ധിപ്പിച്ച് വലിയൊരു ജനക്കൂട്ടത്തിനായി വിതരണം ചെയ്യുന്ന സംഭവത്തോടെയാണ്. ഈ അധ്യായത്തിന്റെ രണ്ടാം ഭാഗത്തേക്ക് കടന്നുവരുമ്പോൾ, കഫെർണാമിലെ സിനഗോഗിൽവച്ച് ജീവൻ നൽകുന്ന അപ്പത്തെക്കുറിച്ച് പറയുന്ന യേശുവിനെയാണ് നാം കാണുക. തന്നെ പിന്തുടരുന്ന ഏവരോടും അവൻ ആദ്യമേതന്നെ ഒരു വ്യവസ്ഥ മുന്നോട്ടുവയ്ക്കുന്നുണ്ട്. നശ്വരമായ അപ്പത്തിന് വേണ്ടി അധ്വാനിക്കുന്നതിന് പകരം, നിത്യജീവന്റെ അനശ്വരമായ അപ്പത്തിന് വേണ്ടി അധ്വാനിക്കുക, ദൈവഹിതമനുസരിച്ച് പ്രവർത്തിക്കാനായി, ദൈവം അയച്ചവനിൽ വിശ്വസിക്കുക.

തന്നെത്തന്നെ ജീവന്റെ അപ്പവും പാനീയവുമായി നൽകുമെന്ന വാഗ്ദാനത്തിലൂടെ, കുരിശിൽ സാക്ഷാത്കരിക്കപ്പെടാനിരിക്കുന്ന ഒരു സത്യത്തെക്കുറിച്ചാണ് ക്രിസ്തു പറയുന്നത്. യഥാർത്ഥ ഭക്ഷണവും, യഥാർത്ഥ പാനീയവും. വിശുദ്ധഗ്രന്ഥത്തിന്റെ അടിസ്ഥാനത്തിലും പഴയനിയമ, യഹൂദ ചിന്തകളിലും, സ്വന്തം ശരീരവും രക്തവും നൽകുകയെന്നാൽ തന്നെത്തന്നെ പൂർണ്ണമായി നൽകുകയെന്നാണർത്ഥം  യഥാർത്ഥത്തിൽ കുരിശിലെ മരണത്തിലൂടെ അവൻ സ്വയം നൽകുമ്പോൾ തന്റെ ശരീരവും രക്തവും, തന്നെത്തന്നെ പൂർണ്ണമായി നൽകുമെന്ന ഈ വാഗ്ദാനം അതിന്റെ പൂർത്തീകരണത്തിലേക്കെത്തുന്നുണ്ട്.

യേശുവിനെ പൂർണ്ണമായി സ്വീകരിക്കുക

യേശുവിനെ മനസ്സിലാക്കുന്നതിനും അവനെ അംഗീകരിക്കുന്നതിനും സ്വീകരിക്കുന്നതിനും പകരം, അവന്റെ വാക്കുകളെ മനസ്സിലാക്കാൻ ശ്രമിക്കാതെ, അവയെ വളച്ചൊടിക്കാനും, ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനും ശ്രമിക്കുന്ന ഒരുകൂട്ടം മനുഷ്യരെയും നാം ഇന്ന് സുവിശേഷത്തിൽ കണ്ടുമുട്ടുന്നുണ്ട്. സ്വർഗ്ഗത്തിൽനിന്നിറങ്ങിയ ജീവനുള്ള അപ്പമായ ക്രിസ്തുവിനെ നിത്യജീവന്റെ അച്ചാരമായി സ്വീകരിക്കാൻ, ദൈവപുത്രനായി അംഗീകരിക്കാൻ സാധിക്കാത്ത ഒരുകൂട്ടം യഹൂദരാണവർ. "തന്റെ ശരീരം നമുക്ക് ഭക്ഷണമായിത്തരാൻ ഇവന് എങ്ങനെ കഴിയും?" സ്വർഗ്ഗത്തിൽനിന്നിറങ്ങിയ ജീവനുള്ള അപ്പം ഞാനാണ്, ഈ അപ്പത്തിൽനിന്ന് ഭക്ഷിക്കുന്നവർ എന്നേക്കും ജീവിക്കും, എന്ന യേശുവിന്റെ വചനങ്ങൾ അവർക്ക് മനസ്സിലാക്കാനും അംഗീകരിക്കാനും സാധിക്കുന്നില്ല. രക്ഷയിലേക്ക് നയിക്കുന്ന യേശുവിന്റെ വചനങ്ങളെ മനസ്സിലാക്കാൻ ശ്രമിക്കാത്ത, പിതാവ് ലോകത്തിന്റെ രക്ഷയ്ക്കായി അയച്ച പുത്രനെ യേശുവിൽ കാണാൻ കഴിയാത്ത മനുഷ്യർക്ക് അവന്റെ വാക്കുകൾ മനസ്സിലാക്കാൻ എളുപ്പമല്ല. മനുഷ്യശരീരം ഭക്ഷിക്കുന്ന നരഭോജികളുടെ കാര്യമാണ് ഈ മനുഷ്യർ ചിന്തിക്കുന്നത്. എന്നാൽ യേശു സംസാരിക്കുന്നത് താമസിയാതെതന്നെ നടക്കുവാനിരിക്കുന്ന തന്റെ ജീവിത ബലിയെക്കുറിച്ചാണ്. ശരീരരക്തങ്ങൾ അർപ്പിക്കപ്പെടുന്ന ബലിയെക്കുറിച്ച് അറിവുണ്ടായിരുന്ന യഹൂദർക്ക്, ക്രിസ്തുവിന്റെ വാക്കുകളെ മനസ്സിലാക്കാൻ തക്ക വളർച്ചയുണ്ടായില്ല, അതല്ലെങ്കിൽ, രക്ഷകന്റെ വാക്കുകളെ അംഗീകരിക്കാൻ അവർക്ക് താല്പര്യമുണ്ടായില്ല എന്നതാണ് സത്യം.

നിത്യജീവൻ അവകാശമാക്കുവാൻ വേണ്ട വ്യവസ്ഥ

യോഹന്നാന്റെ സുവിശേഷം ആറാം അധ്യായത്തിന്റെതന്നെ നാല്പതാം വാക്യത്തിൽ, നിത്യജീവൻ അവകാശമാക്കുവാനായി ഒരുവൻ എന്തുചെയ്യണമെന്നതിനെക്കുറിച്ച് യേശു പറയുന്നത് ഇപ്രകാരമാണ്: "പുത്രനെ കാണുകയും അവനിൽ വിശ്വസിക്കുകയും ചെയ്യുന്നവനാരോ അവനു നിത്യജീവൻ ഉണ്ടാകണമെന്നതാണ് എന്റെ പിതാവിന്റെ ഇഷ്ടം. അന്ത്യദിനത്തിൽ അവനെ ഞാൻ ഉയിർപ്പിക്കുകയും ചെയ്യും" (യോഹ. 6, 40). എന്നാൽ ഇന്നത്തെ സുവിശേഷഭാഗത്ത് ക്രിസ്തു പറയുന്നത് ഇതിൽനിന്നും ഏറെ വ്യത്യസ്തമായ, കൂടുതൽ ശക്തമായ ഒരു വ്യവസ്ഥയാണ്. "സത്യം സത്യമായി ഞാൻ നിങ്ങളോടു പറയുന്നു, നിങ്ങൾ മനുഷ്യപുത്രന്റെ ശരീരം ഭക്ഷിക്കുകയും അവന്റെ രക്തം പാനം ചെയ്യുകയും ചെയ്യുന്നില്ലെങ്കിൽ, നിങ്ങൾക്കു ജീവൻ ഉണ്ടായിരിക്കുകയില്ല. എന്റെ ശരീരം ഭക്ഷിക്കുകയും എന്റെ രക്തം പാനം ചെയ്യുകയും ചെയ്യുന്നവനു നിത്യജീവനുണ്ട്. അവസാനദിവസം ഞാൻ അവനെ ഉയിർപ്പിക്കും" (യോഹ. 6, 53-54). തന്റെ ശരീരരക്തങ്ങൾ സ്വീകരിക്കുക എന്നത് നിത്യജീവൻ അവകാശമാക്കാനുള്ള വ്യവസ്ഥയായി ക്രിസ്തു മുന്നോട്ടുവയ്ക്കുന്നു. ലോകാന്ത്യദിനത്തിലുള്ള ഉയിർപ്പും, നിത്യജീവിതത്തിനുള്ള അവകാശവും നേടാൻ, കാൽവരിയിൽ ത്യാഗമായി, പിതാവിന് സ്വീകാര്യമായ ബലിയായി സ്വയം അർപ്പിച്ച ക്രിസ്തുവിന്റെ ശരീരരക്തങ്ങൾ നാം സ്വീകരിക്കണം, ക്രിസ്തുവിനെ ജീവിതത്തിൽ സ്വന്തമാക്കണം, ക്രിസ്തുവിന്റെ സ്വന്തമായി നാം മാറണം.

ആത്മാവിന്റെ ഭോജനമായ വിശുദ്ധ കുർബാന

ബലിയായി അർപ്പിക്കപ്പെട്ട ക്രിസ്തുവിന്റെ ശരീരരക്തങ്ങൾ, രക്ഷകനായ അവനെ പിഞ്ചെല്ലുന്ന ഓരോ മനുഷ്യന്റെയും ആത്മാവിന്റെ ഭോജനമായി മാറുന്നുണ്ട്. തിരുവോസ്തിയിലും തിരുരക്തത്തിലും ക്രിസ്തുവിനെ സ്വന്തമാക്കുന്ന നാം, അവൻ നമ്മിൽ വസിക്കാനും, നമ്മോട് ഒന്നായിച്ചേരാനുമാണ് അവസരമൊരുക്കുന്നത്. യേശു ഇതാണല്ലോ അൻപത്തിയാറാം തിരുവചനത്തിൽ നമുക്ക് ഉറപ്പു നൽകുന്നത്: "എന്റെ ശരീരം ഭക്ഷിക്കുകയും എന്റെ രക്തം പാനം ചെയ്യുകയും ചെയ്യുന്നവൻ എന്നിലും ഞാൻ അവനിലും വസിക്കുന്നു" (യോഹ. 6, 56). അപ്പത്തിന്റെയും വീഞ്ഞിന്റെയും രൂപത്തിലായിരിക്കുന്ന ക്രിസ്തുവിന്റെ തിരുശരീരരക്തങ്ങൾ വിശ്വാസപൂർവ്വം സ്വീകരിക്കുന്ന ഏതൊരുവനും ക്രിസ്തുവിനെയാണ് സ്വീകരിക്കുന്നത്, ക്രിസ്തു അവനിൽ വസിക്കുകയും, അവൻ ക്രിസ്തുവിൽ വസിക്കുകയും ചെയ്യുന്നു. മനുഷ്യർക്ക് രക്ഷയേകുന്ന, നിത്യജീവനേകുന്ന ക്രിസ്തുവിനെ യോഗ്യതയോടെ ഉള്ളിൽ സ്വീകരിക്കുന്നവർ നിത്യരക്ഷയാണ് സ്വന്തമാക്കുന്നത്. പിതാക്കന്മാർ സ്വീകരിച്ച മന്നാ പോലെ, വെറും അത്ഭുതകരമായ ഒരപ്പമല്ല വിശുദ്ധ കുർബാനയും തിരുരക്തവും. മറിച്ച്, മരണത്തിൽനിന്ന് നിത്യജീവനിലേക്ക്, സ്വർഗ്ഗീയാനന്ദത്തിലേക്ക് നമ്മെ നയിക്കുന്ന ജീവന്റെ അച്ചാരമാണ് വിശുദ്ധ കുർബാന. ക്രിസ്തുവിന്റെ തിരുശരീരരക്തങ്ങളെ സമീപിക്കുകയും, അവയിലുള്ള അവന്റെ സാന്നിധ്യത്തെ വിശ്വസിക്കുകയും, ഭക്തിപൂർവ്വം അവയെ വണങ്ങി ആരാധിക്കുകയും മാത്രമല്ല, അവ വിശ്വാസപൂർവ്വം സ്വീകരിക്കുമ്പോഴാണ്, ക്രിസ്തു, പിതാവായ ദൈവത്തിന്റെ രക്ഷയുടെ പദ്ധതിയുടെ ഭാഗമായ കുരിശുമരണത്തിലൂടെ നമുക്ക് വാഗ്ദാനം ചെയ്ത നിത്യജീവൻ നിങ്ങളും ഞാനും അവകാശമാക്കുക, ക്രിസ്തുവിനെ സ്വന്തമാക്കുക, ക്രിസ്തുവിന്റെ സ്വന്തമായി മാറുക.

നമ്മുടെ ക്രൈസ്തവജീവിതം

ഇന്ന് ഈ വചനവിചിന്തനം അവസാനിപ്പിക്കുമ്പോൾ, നമുക്ക് സ്വയം ചോദിക്കാം; എനിക്കായി സ്വയം മുറിച്ചുനൽകുന്ന, ബലിയായി കുരിശിൽ സ്വയം അർപ്പിച്ച, ഓരോ ദിവ്യബലികളിലും ക്രിസ്തുവിന്റെ ശരീരവും രക്തവുമായി മാറുന്ന ഓസ്തിയപ്പത്തിലും വീഞ്ഞിലും സന്നിഹിതനാകുന്ന ക്രിസ്തുവിനെ എന്റെ ജീവിതത്തിൽ ഞാൻ എന്തുമാത്രം സ്വന്തമാക്കിയിട്ടുണ്ട്? ലോകത്തിന് രക്ഷകനായി കടന്നുവന്ന ഈ ക്രിസ്തുവിനെ, എന്റെ സഹോദരങ്ങളിലേക്കും, അവനെ അറിയാത്ത അനേകായിരങ്ങളിലേക്കും എന്തുമാത്രം ഞാൻ പകർന്നു നൽകിയിട്ടുണ്ട്? വിശുദ്ധ പൗലോസ് കോറിന്തോസുകാർക്കെഴുതിയ ഒന്നാം ലേഖനത്തിന്റെ പത്താം അധ്യായത്തിൽ നമ്മെ ഓർമ്മിപ്പിക്കുന്നതുപോലെ, ഒരേ അപ്പത്തിലും രക്തത്തിലും ഭാഗഭാക്കുകളാകുന്ന (1Cor 10,16-17) നമുക്ക് ക്രൈസ്തവമായ ഐക്യത്തിലും വിശ്വാസത്തിലും സ്നേഹത്തിലും വളർന്നുവരുവാൻവേണ്ടി പ്രാർത്ഥിക്കാം. ഓരോ തവണയും ക്രിസ്തുവിന്റെ ശരീരരക്തങ്ങൾ നാം സ്വീകരിക്കുമ്പോൾ, ആത്മാവിന്റെ ഭോജനമായ അത് നമ്മുടെ നിത്യാനന്ദത്തിന്റെ മുന്നാസ്വാദനമാണെന്ന തിരിച്ചറിവിൽ നമുക്ക് ജീവിക്കാം. സ്വർഗ്ഗത്തിൽ എന്നും അനുഭവിച്ചറിയേണ്ട ആ സൗഭാഗ്യത്തെ മുന്നിൽ കണ്ട്, അനന്തമായ ദൈവസ്നേഹം തിരിച്ചറിഞ്ഞ്, ക്രിസ്തുവിൽ വസിക്കുന്ന, ക്രിസ്തു ഉള്ളിൽ വസിക്കുന്ന യഥാർത്ഥ ക്രൈസ്തവരായി, ദൈവമക്കളായി നമുക്ക് വളരാം. തന്റെ പുത്രനോട് സ്നേഹത്തിൽ ചേർന്ന് ജീവിക്കാൻ പരിശുദ്ധ അമ്മ നമുക്കായി മാധ്യസ്ഥ്യം വഹിക്കട്ടെ.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

10 June 2023, 16:51