തിരയുക

പരിശുദ്ധ ത്രിത്വം പരിശുദ്ധ ത്രിത്വം  (©Renáta Sedmáková - stock.adobe.com)

പരിശുദ്ധ ത്രിത്വത്തിന്റെ സ്നേഹം വെളിവാക്കുന്ന ക്രിസ്തു

വിശുദ്ധ യോഹന്നാന്റെ സുവിശേഷം പതിനാറാം അധ്യായം പന്ത്രണ്ടു മുതൽ പതിനഞ്ചു വരെയുള്ള തിരുവചനങ്ങളെ ആധാരമാക്കി പരിശുദ്ധ ത്രിത്വത്തിന്റെ തിരുനാളിനെക്കുറിച്ചും നമ്മുടെ ജീവിതത്തെക്കുറിച്ചും ഒരു വിചിന്തനം.
സുവിശേഷപരിചിന്തനം John 16, 12-15 - ശബ്ദരേഖ

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി

സീറോ മലബാർ സഭയുടെ ആരാധനാക്രമവത്സരത്തിലെ ശ്ളീഹാക്കാലം പരിശുദ്ധാത്മാവിന്റെ പ്രവർത്തനങ്ങൾക്ക് പ്രത്യേകമായി പ്രാധാന്യം നൽകുന്ന ഒരു സമയമാണ്. ഈശോയുടെ മരണ, ഉത്ഥാനങ്ങൾക്ക് ശേഷം പ്രാർത്ഥനയിൽ ഒരുമിച്ചിരുന്ന പരിശുദ്ധ അമ്മയുടെമേലും ശ്ലീഹന്മാരുടെമേലും പരിശുദ്ധാത്മാവ് വന്നിറങ്ങിയ പന്തക്കുസ്താ തിരുനാളാണ് നമ്മൾ ഈ കാലത്തിലെ ആദ്യത്തെ ഞായറാഴ്ച ആഘോഷിച്ചത്. പരിശുദ്ധാത്മാവിന്റെ വരവിന്റെ ദിനമായ പന്തക്കുസ്താതിരുനാൾ സഭയുടെ ഉദ്‌ഘാടനദിനമായാണ് കരുതപ്പെടുക. പുതിയ ഉടമ്പടിയുടെ ഒരു ദിനമായിരുന്നു അത്. പിതാവായ ദൈവം, തന്റെ പുത്രനിലൂടെ നിത്യരക്ഷ ഉറപ്പു നൽകിയതിന് ശേഷം, ദൈവസ്നേഹം വ്യക്തിത്വം ധരിച്ച പരിശുദ്ധാത്മാവിനെ നൽകുന്നതിലൂടെ, മനുഷ്യഹൃദയങ്ങളിൽ സ്നേഹത്തിന്റെ പുതിയ ഒരു ഉടമ്പടി ആലേഖനം ചെയ്ത മനോഹരമായ ഒരു ദിനത്തിന്റെ ഓർമ്മയാണ് പന്തക്കുസ്താതിരുനാൾ. ഏഴു ഞായറാഴ്ചകളുള്ള ശ്ളീഹാക്കാലത്തിലെ രണ്ടാം ഞായറാഴ്ചയായ ഇന്ന് നാം പരിശുദ്ധ ത്രിത്വത്തിന്റെ തിരുനാൾ ആഘോഷിക്കുകയാണ്. ഈ തിരുനാൾ ദിനത്തിൽ നമ്മുടെ വിചിന്തനത്തിനായി സഭ നിർദ്ദേശിച്ചിരിക്കുന്നത് വിശുദ്ധ യോഹന്നാന്റെ സുവിശേഷം പതിനാറാം അധ്യായം പന്ത്രണ്ടു മുതൽ പതിനഞ്ചു വരെയുള്ള തിരുവചനങ്ങളിൽ, പരിശുദ്ധാത്മാവിന്റെ വരവിനെക്കുറിച്ചും അവന്റെ പ്രവർത്തനങ്ങളെക്കുറിച്ചും യേശു തന്റെ ശിഷ്യന്മാരെ പഠിപ്പിക്കുന്ന ഭാഗമാണ്.

അയക്കപ്പെടുന്ന ശിഷ്യന്മാർ

പരിശുദ്ധാത്മാവിന്റെ പ്രവർത്തനങ്ങൾക്ക് പ്രാധാന്യം കൊടുക്കുന്ന ഈ ആരാധനാക്രമവത്സരകാലത്ത് ശ്ലീഹന്മാരും ദൈവജനമായ സഭയും തമ്മിലുള്ള സുദൃഢമായ ബന്ധം, ആദിമസഭയുടെ ചൈതന്യവും കൂട്ടായ്‌മയും, സഭയുടെ പ്രേക്ഷിതസ്വഭാവവും ദൗത്യവും തുടങ്ങിയ കാര്യങ്ങൾ കൂടി നമ്മുടെ വിചിന്തനത്തിനായി സഭ മുന്നോട്ടു വയ്ക്കുന്നുണ്ട്. യേശുക്രിസ്തു തന്റെ സുവിശേഷം ലോകമെങ്ങും അറിയിക്കുവാനായി തങ്ങളെ അയച്ചിരിക്കുന്നു എന്ന ബോധ്യത്തിൽ, ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് പുറപ്പെട്ട്, തങ്ങളുടെ പ്രവൃത്തികളും വാക്കുകളും അതിലുപരി ജീവിതവും കൊണ്ട് സാക്ഷ്യം നൽകിയ ശിഷ്യന്മാരിലൂടെയാണ് സഭ വളർന്നുവന്നത്. വിശുദ്ധഗ്രന്ഥത്തിലെ പുതിയ നിയമത്തിന്റെ താളുകളിൽ ക്രിസ്തുശിഷ്യന്മാരുടെ ഈയൊരു ജീവിതസാക്ഷ്യം നാം കാണുന്നുണ്ട്. പിതാവായ ദൈവം അയച്ച രക്ഷയുടെ സന്ദേശമായ, ദൈവപുത്രനായ ക്രിസ്തുവിനെക്കുറിച്ച്, ദൈവസ്നേഹം വ്യക്തിത്വം ധരിച്ച പരിശുദ്ധാത്മാവിന്റെ ഉദ്ബോധനങ്ങൾക്കനുസരിച്ച് ലോകമെങ്ങും ശിഷ്യന്മാർ നൽകിയ ജീവിതസാക്ഷ്യം; ആ സാക്ഷ്യമാണ് ക്രൈസ്തവസഭയുടെ ജനനത്തിനും വളർച്ചയ്ക്കും കാരണം. ഈയൊരു കൂട്ടായ്മയിൽ മാമ്മോദീസ വഴി അംഗങ്ങളായി, ക്രിസ്തുവിന്റെ അനുയായികളായി, ശിഷ്യരായി മാറിയ നമുക്കെല്ലാവർക്കും ഇന്നത്തെ വചനം ഏറെ പ്രധാനപ്പെട്ടതാണ്. ശ്ലീഹന്മാരുടെ കൂട്ടായ്മയിലും ഐക്യത്തിലും പങ്കുചേർന്ന്, സുവിശേഷപ്രഘോഷണം മുന്നോട്ട് കൊണ്ടുപോകുവാൻ വിളിക്കപ്പെട്ട പരിശുദ്ധാത്മാവിന്റെ അലയങ്ങളാണ് നാമെല്ലാവരും എന്ന ബോധ്യത്തിൽ ജീവിക്കാൻ ശ്ളീഹാക്കാലവും നാം ഇന്ന് ആഘോഷിക്കുന്ന പരിശുദ്ധ ത്രിത്വത്തിന്റെ തിരുനാളും നമ്മെ ക്ഷണിക്കുന്നുണ്ട്. ഈശോ ഉറപ്പുനൽകിയ, ദൈവമയച്ച പരിശുദ്ധാത്മാവിന്റെ നിരന്തരസഹായത്തിലും, ശക്തിയിലും മാത്രമേ നമുക്ക് ക്രൈസ്തവവിശ്വാസം ജീവിക്കാനും പ്രഘോഷിക്കാനും സാധിക്കൂ എന്ന ഒരു സത്യം മനസ്സിലാക്കി വിശ്വാസജീവിതത്തിൽ മുന്നോട്ട് പോകാൻ നമുക്ക് സാധിക്കണം.

പരിശുദ്ധാത്മാവിന്റെ പ്രവർത്തനം

പിതാവായ ദൈവത്തിന്റെ സ്നേഹമാണ്, രക്ഷയേകാനായി കടന്നുവരുന്ന യേശു. പിതാവിന്റെ സ്നേഹത്തിന്റെ ആഴം വെളിവാക്കുന്നതാണ് യേശുവിന്റെ ഓരോ പ്രവർത്തനങ്ങളും. തന്റെ ശിഷ്യന്മാർക്ക് അവരുടെ പ്രവർത്തനങ്ങളിൽ വഴികാട്ടിയായും സഹായകനായും അധ്യാപകനായും പരിശുദ്ധ ത്രിത്വത്തിലെ മൂന്നാമനായ പരിശുദ്ധാത്മാവിനെ വാഗ്ദാനം ചെയ്യുന്ന യേശു പിതാവിന്റെ അനന്തമായ സ്നേഹം തന്നെയാണ് ഇതിലൂടെ കാണിച്ചുതരുന്നത്. തന്നോടൊത്തുള്ളവരെ അനാഥരായി വിടാത്ത, അവർക്ക് സഹായകനെ നൽകുന്ന രക്ഷകൻ. ഈയൊരു കാര്യമാണ് യോഹന്നാന്റെ സുവിശേഷം പതിനാറാം അധ്യായത്തിന്റെ ആദ്യഭാഗത്ത് നാം കാണുന്നത്. സത്യത്തിന്റെ, രക്ഷയുടെ സുവിശേഷം ലോകത്തിന്റെ അറ്റങ്ങളോളം പ്രഘോഷിക്കാൻ ശിഷ്യന്മാരെ ധൈര്യപ്പെടുത്തുന്നതും, അവരെ സത്യത്തിന്റെ പൂർണതയിലേക്ക് നയിക്കുന്നതും പരിശുദ്ധാത്മാവാണ്. എന്നാൽ ശിഷ്യന്മാരുടെ ജീവിതത്തിലാകട്ടെ, സഭയുടെ ജീവിതത്തിലാകട്ടെ, പരിശുദ്ധാത്മാവിന്റെ പ്രവർത്തനം എപ്രകാരമുള്ളതായിരിക്കും എന്നതിനെക്കുറിച്ച് യേശു ഈ സുവിശേഷഭാഗത്തിലൂടെ വളരെ വ്യക്തമായി പറയുന്ന ഒരു കാര്യമുണ്ട്. "അവൻ സ്വമേധയാ ആയിരിക്കില്ല സംസാരിക്കുന്നത്; അവൻ കേൾക്കുന്നത് മാത്രം സംസാരിക്കും. വരാനിരിക്കുന്ന കാര്യങ്ങൾ അവൻ നിങ്ങളെ അറിയിക്കും. അവൻ എനിക്കുള്ളവയിൽനിന്നു സ്വീകരിച്ച് നിങ്ങളോടു പ്രഖ്യാപിക്കും. അങ്ങനെ അവൻ എന്നെ മഹത്വപ്പെടുത്തും" (യോഹ. 16, 14). ഈ സുവിശേഷത്തിൽ തൊട്ടടുത്ത തിരുവചനത്തിൽ, തന്റേത് എന്താണെന്നും യേശു വ്യക്തമാക്കുന്നുണ്ട്. പിതാവിൽനിന്നുള്ളവയാണ് തന്റേത്. അവയാണ് പരിശുദ്ധാത്മാവ് ശിഷ്യന്മാരോട് പ്രഖ്യാപിക്കുക. പിതാവും പുത്രനും പരിശുദ്ധാത്മാവുമായ പരിശുദ്ധ ത്രിത്വത്തിന്റെ ഐക്യവും ഏകസ്വഭാവവുമാണ് ഈ സുവിശേഷഭാഗം വെളിവാക്കുന്നത് എന്ന് നമുക്ക് കാണാം. ക്രിസ്‌തുവിന്റെ വചനങ്ങൾ വീണ്ടും മനുഷ്യമനസ്സുകളിൽ ഉണർത്തുന്ന, അതുവഴി പിതാവിലേക്കും പുത്രനിലേക്കും, ത്രിത്വയ്കദൈവത്തിന്റെ ഐക്യത്തിലേക്കും ഏവരെയും നയിക്കുന്ന പരിശുദ്ധാത്മാവ്, ഈയൊരു രഹസ്യമാണ് ഇന്നത്തെ തിരുവചനത്തിലൂടെ നമുക്ക് ധ്യാനിക്കാൻ സാധിക്കുന്നത്.

ആത്മാവിനാൽ നയിക്കപ്പെടുന്ന സഭയും പരിശുദ്ധ ത്രിത്വവും

മനുഷ്യനായി അവതരിച്ച ദൈവപുത്രൻ തന്റെ ഇഹലോകജീവിതത്തിനുമപ്പുറവും, പിതാവായ ദൈവത്തിന്റെ സ്നേഹവും അവനേകുന്ന രക്ഷയുടെ സന്ദേശവും ലോകമെങ്ങും അറിയണമെന്നും, തന്റെ ജീവിതം കൊണ്ട് പിതാവ് ലോകത്തിന് നൽകുന്ന നിത്യജീവിതത്തിലേക്കുള്ള പ്രവേശനസാധ്യത തുടരണമെന്നും ആഗ്രഹിക്കുന്നതുകൊണ്ടാണ്  ത്രിത്വയ്കദൈവത്തിലെ ഒരുവനായ, സഹായകനായ പരിശുദ്ധാത്മാവിനെ തന്റെ ശിഷ്യർക്കും, അതുവഴി സഭയ്ക്കും വാഗ്ദാനം ചെയ്യുന്നത്. ക്രിസ്തുവിന്റെ വചനങ്ങൾ കേട്ട്, അവനെ കാണാതെതന്നെ അവനിൽ വിശ്വസിക്കുന്ന അനേകായിരങ്ങളെ സത്യത്തിന്റെ പൂർണ്ണതിയിലേക്ക് നയിക്കുന്ന പരിശുദ്ധാത്മാവ്, സഭയിലെ ഓരോ പ്രവർത്തനങ്ങളെയും നിയന്ത്രിച്ച്, എല്ലാവരെയും എല്ലാത്തിനെയും ദൈവോന്മുഖമാക്കി വളർത്തുന്നവനാണ്. ഇന്ന് നമുക്ക് നമ്മുടെയുൾപ്പെടെ സഭാംഗങ്ങളുടെയും സഭയുടെയും ഒക്കെ പ്രവർത്തങ്ങളെയും സാക്ഷ്യത്തെയും വിലയിരുത്താൻ പരിശുദ്ധ ത്രിത്വത്തിന്റെ തിരുനാളും, പരിശുദ്ധാത്മാവിനെ വാഗ്ദാനം ചെയ്യുന്ന ക്രിസ്‌തുവുമൊക്കെ ഒരു പ്രചോദനമായി മാറേണ്ടതുണ്ട്. ക്രിസ്തുവിന്റെ ഉദ്ബോധനങ്ങൾക്ക് ചേർന്ന വിധമുള്ള ഒരു ജീവിതമാണോ സഭയുടേത്, ക്രൈസ്തവസമൂഹത്തിന്റേത്, ഞാനെന്ന വിശ്വാസിയുടേത് എന്ന ചോദ്യങ്ങൾ നമുക്ക് മുന്നിൽ ഉണ്ടാകട്ടെ. മാമ്മോദീസാ വഴി പരിശുദ്ധാത്മാവിനെ സ്വീകരിച്ച്, മറ്റൊരു ദൈവാലയമായി മാറിയ എന്റെ ശരീരവും മനസ്സും, പരിശുദ്ധാത്മാവിന്റെ പ്രവർത്തനങ്ങൾ വിളിച്ചോതുന്നവയാണോ? ക്രിസ്തു തന്റെ ശിഷ്യരേയും, വിശുദ്ധ ഗ്രന്ഥത്തിലൂടെയും സഭയിലൂടെയും എന്നെയും പഠിപ്പിച്ച സ്നേഹത്തിന്റെയും കാരുണ്യത്തിന്റെയും കരുതലിന്റെയും സുവിശേഷമാകാൻ എനിക്ക് സാധിക്കുന്നുണ്ടോ? പരിശുദ്ധ ത്രിത്വം നമുക്ക് കാണിച്ചുതരുന്ന സ്നേഹത്തിന്റെ ഐക്യം, സഭയിലും സമൂഹത്തിലും, ഇടവകയിലും, അതിലുപരി എന്റെ കടുംബത്തിലും ജീവിക്കാൻ, ഒരുമയുടെ സ്വരമായി മാറാൻ എനിക്ക് സാധിക്കുന്നുണ്ടോ? എന്റെ ജീവിതത്തിൽ, എന്റെ കുടുംബത്തിൽ, ക്രിസ്തുവിന്റെയും,  പരിശുദ്ധാത്മാവിന്റെയും പ്രബോധനങ്ങൾക്ക് എതിരായ പ്രവർത്തികൾക്കും വാക്കുകൾക്കും ഞാൻ അവസരം കൊടുക്കുന്നുണ്ടോ എന്ന ഒരു ആത്മപരിശോധനയുടെ നിമിഷമായി ഈ വചനവിചിന്തനത്തെ നമുക്ക് മാറ്റാം.

ക്രിസ്തുവും, പരിശുദ്ധാത്മാവിനാൽ നയിക്കപ്പെട്ട് എഴുതപ്പെട്ട വിശുദ്ധഗ്രന്ഥവും പഠിപ്പിക്കുന്നതിന് എതിരായ വാക്കുകളും, ചിന്തകളും, പരിശുദ്ധാത്മാവിൽനിന്ന്, ദൈവത്തിൽനിന്ന് വരുന്നവയല്ലെന്ന് മനസ്സിലാക്കാനും എപ്പോഴും ഓർമ്മയിൽ സൂക്ഷിക്കാനും നമുക്ക് പരിശ്രമിക്കാം. പരിശുദ്ധ ത്രിത്വത്തിന്റെ തിരുനാൾ ആഘോഷിക്കുന്ന ഈ ദിനത്തിൽ നമുക്ക് പരിശുദ്ധ അമ്മയുടെ മാധ്യസ്ഥ്യം തേടാം. പിതാവിനാൽ പ്രത്യേകമായി തിരഞ്ഞെടുക്കപ്പെട്ട പരിശുദ്ധ അമ്മ, തന്റെ പുത്രനായ ക്രിസ്തുവിന്റെ യഥാർത്ഥ സാക്ഷികളായി, പരിശുദ്ധാത്മാവിനാൽ നയിക്കപ്പെട്ട്, ദൈവത്തിന് പ്രീതികരമായ ഒരു ജീവിതം നയിക്കുവാൻ വേണ്ട കൃപ നമുക്ക് ലഭിക്കാൻവേണ്ടി നമുക്കായി പ്രാർത്ഥിക്കട്ടെ. പരിശുദ്ധാത്മാവിന്റെ പ്രകാശവും, പുത്രനായ ദൈവത്തിന്റെ സ്നേഹവും, പിതാവായ ദൈവത്തിന്റെ സംരക്ഷണവും എന്നും നമ്മോടൊത്തുണ്ടാകട്ടെ. ആമ്മേൻ

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

03 June 2023, 16:23