തിരയുക

അസ്സീസ്സിയിൽനിന്നുള്ള ദൃശ്യം അസ്സീസ്സിയിൽനിന്നുള്ള ദൃശ്യം 

കത്തോലിക്കാ സ്ത്രീ സംഘടനകളുടെ ആഗോള യൂണിയന്റെ സമ്മേളനം അസ്സീസിയിൽ

മെയ് 14 മുതൽ 20 വരെ തീയതികളിൽ, വേൾഡ് യൂണിയൻ ഓഫ് കാത്തലിക് വിമൻസ് ഓർഗനൈസേഷൻ അംഗങ്ങളുടെ ജനറൽ അസ്സംബ്ലി അസ്സീസ്സിയിൽ നടക്കുന്നു.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി

"വേൾഡ് യൂണിയൻ ഓഫ് കാത്തലിക് വിമൻസ് ഓർഗനൈസേഷൻ സ്ത്രീകൾ, ലോകസമാധാനത്തിനായി മാനവികസഹോദര്യത്തിന്റെ ശിൽപികൾ" എന്ന പ്രമേയം മുൻനിറുത്തി ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള എണ്ണൂറോളം സ്ത്രീകൾ അസ്സീസിയിലെ ഒരുമിച്ച് കൂടി. സംഘടനയുടെ ചട്ടങ്ങളുടെയും നിയമങ്ങളുടെയും പരിഷ്കരണം, പുതിയ പദ്ധതികൾ തയ്യാറാക്കൽ, ജനറൽ പ്രസിഡന്റിന്റെയും ഉപദേശകസമിതിയുടെയും തിരഞ്ഞെടുപ്പ്, അസ്സീസ്സിയിലേക്കുള്ള തീർത്ഥാടനം, പ്രാർത്ഥന, തുടങ്ങിയ പരിപാടികളോടെ 38 രാജ്യങ്ങളിൽനിന്നുള്ള പ്രതിനിധികളാണ് അസ്സീസിയിലെ എത്തിയത്.

മെയ് 13-ന് സംഘടനയിലെ 1800 സ്ത്രീകൾക്ക് ഫ്രാൻസിസ് പാപ്പാ സ്വകാര്യകൂടിക്കാഴ്ച അനുവദിച്ചിരുന്നു. പരിശുദ്ധാത്മാവിന്റെ ആന്തരികസ്വരം ശ്രവിച്ച്, സുവിശേഷവത്കരണശുശ്രൂഷയിൽ ഈ സംഘടനാംഗങ്ങളായ സ്ത്രീകൾ നടത്തുന്ന പ്രവർത്തനങ്ങളെ അഭിനന്ദിച്ച പരിശുദ്ധപിതാവ്, ഈ സേവനത്തിൽ തുടർന്നും മുന്നോട്ട് പോകാൻ ഏവരെയും അന്ന് ആഹ്വാനം ചെയ്തിരുന്നു.

നൂറോളം സ്ത്രീസംഘടനകളെ ഒരുമിച്ച് കൂട്ടുന്ന ഈ ആഗോളയുണിയൻ, ഇത്തവണത്തെ തങ്ങളുടെ സമ്മേളനത്തിൽ, ലോകത്ത് സമാധാനസ്ഥാപനത്തിനായി സ്ത്രീകളുടെ പങ്കിനെക്കുറിച്ചാണ് പ്രധാനമായും ചർച്ച ചെയ്തത്. 1910-ൽ സ്ഥാപിക്കപ്പെട്ട ഈ യൂണിയനിൽ, അമ്പതു രാജ്യങ്ങളിൽനിന്നുള്ള സംഘടനകൾ അംഗങ്ങളായുണ്ട്. ഏതാണ്ട് എൺപത് ലക്ഷത്തോളം പേരെയാണ് ഇവർ പ്രതിനിധീകരിക്കുന്നത്. സുവിശേഷവത്കരണപ്രവർത്തനങ്ങൾ, മാനവികവികസന പ്രവർത്തനങ്ങൾ, പ്രത്യേകിച്ച്, വിദ്യാഭ്യാസമേഖല, ദാരിദ്ര്യനിർമ്മാർജ്ജനം, ജീവിക്കാനുള്ള അവകാശം തുടങ്ങിയുള്ള മനുഷ്യാവകാശങ്ങൾ പ്രോത്സാഹിപ്പിക്കുക എന്നീ ഉദ്ദേശങ്ങൾ മുൻ നിറുത്തി, സഭയിലും സമൂഹത്തിലും സ്ത്രീകളുടെ സാന്നിധ്യവും, പങ്കാളിത്തവും, കൂട്ടുത്തരവാദിത്വവും പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ സംഘടന സ്ഥാപിക്കപ്പെട്ടത്.

2006-ൽ വേൾഡ് യൂണിയൻ ഓഫ് കാത്തലിക് വിമൻസ് ഓർഗനൈസേഷനെ പരിശുദ്ധ സിംഹാസനം വിശ്വാസികളുടെ അന്താരാഷ്ട്ര പൊതു അസോസിയേഷൻ എന്ന നിലയിലേക്ക് ഉയർത്തിയിരുന്നു. ഇടവക, രൂപത, ദേശീയ, അന്തർദേശീയ തലങ്ങളിൽ സ്ത്രീകളുടെ പങ്ക് ഉയർത്തിക്കാട്ടുകയെന്ന ഉദ്ദേശത്തോടെയാണ് സഭ ഇത്തരമൊരു അംഗീകാരം ഈ അസോസിയേഷന് നൽകിയത്.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

18 May 2023, 15:49