തിരയുക

ഉത്ഥിതനായ യേശു തിബേരിയാസ് കടൽതീരത്തു വച്ച് ശിഷ്യന്മാർക്ക് പ്രത്യക്ഷപ്പെടുന്നു ഉത്ഥിതനായ യേശു തിബേരിയാസ് കടൽതീരത്തു വച്ച് ശിഷ്യന്മാർക്ക് പ്രത്യക്ഷപ്പെടുന്നു 

കരുണയുടെ പ്രാതൽ നമുക്കായി ഒരുക്കുന്ന ദൈവം

സീറോമലബാർ സഭാ ആരാധനക്രമം ഉയിർപ്പുകാലം അഞ്ചാം ഞായറാഴ്ച്ചയിലെ വായനകളെ ആധാരമാക്കിയ സുവിശേഷപരിചിന്തനം.(യോഹ 21:1-14)
വചന വിചിന്തനം, ശബ്ദരേഖ

ഫാ.ജിനു ജേക്കബ്, വത്തിക്കാൻ സിറ്റി

ഈശോയിൽ ഏറ്റവും സ്നേഹം നിറഞ്ഞവരെ,

ഉയിർപ്പുകാലം അഞ്ചാം ഞായറാഴ്ചയിലേക്ക് നാം പ്രവേശിച്ചിരിക്കുകയാണ്. ഉയിർപ്പുതിരുനാൾ മുതൽ പന്തക്കുസ്ത വരെയുള്ള ഞായറാഴ്ചകളിൽ എപ്രകാരമാണ് ഉത്ഥിതനായ ക്രിസ്തു അപ്പസ്തോലന്മാരുടെ ജീവിതത്തിലേക്ക് കടന്നുവരുന്നതെന്നും, ആ ദർശനാനന്തരം എപ്രകാരമാണ് അപ്പസ്തോലരുടെ ജീവിതത്തിൽ മാറ്റങ്ങളും, മാനസാന്തരങ്ങളും സംഭവിക്കുന്നതെന്നും വിവരിക്കുന്നു. രണ്ടായിരം വർഷങ്ങൾക്കു മുൻപ് നടന്ന ഈ സംഭവങ്ങൾക്ക് ഈ വർത്തമാനകാലത്തിൽ, നമ്മുടെ ഓരോരുത്തരുടെയും വ്യക്തിപരമായ ജീവിതത്തിൽ എത്രത്തോളം സ്വാധീനം ചെലുത്തുന്നുവെന്നു കാണിക്കുവാനാണ് സഭാമാതാവ് ഈ തിരുവചനഭാഗങ്ങൾ നമ്മുടെ വിചിന്തനത്തിനായി നൽകുന്നത്.

ജീവിതത്തിന്റെ ഭാരത്താൽ ദിശയറിയാതെ  നഷ്ടങ്ങളിലേക്ക് വഴുതിവീഴുന്ന മനുഷ്യന്റെ ബലഹീനതകൾക്ക് ജീവന്റെ വിരുന്നൊരുക്കുന്ന ക്രിസ്തുവിനെയാണ് ഇന്നത്തെ സുവിശേഷം നമുക്ക് പകർന്നു നൽകുന്നത്.ഈ സുവിശേഷഭാഗത്തിലേക്ക് നമ്മെ ഒരുക്കുന്നതാണ് അനുബന്ധ പഴയ -പുതിയ നിയമ വായനകൾ.ഏശയ്യാ പ്രവാചകന്റെ പുസ്തകത്തിൽ നിന്നുള്ള ആദ്യ വായനയിൽ എപ്രകാരമാണ് ദൈവം മനുഷ്യന്റെ ദുരിതപൂർണമായ അവസ്ഥയിൽ അവനോടൊപ്പം ആയിരുന്നുവെന്ന് വെളിപ്പെടുത്തുന്നു. പഴയനിയമത്തിൽ ഈ ദൈവികസാന്നിധ്യത്തിന്റെ നിരന്തരമായ തണൽ അനുഭവിച്ചറിഞ്ഞിട്ടുള്ളവരാണ് ഇസ്രായേൽ ജനം മുഴുവൻ. ഈജിപ്തിന്റെ അടിമത്തത്തിൽ നിന്നും കാനാൻ ദേശത്തേക്ക് പ്രവാചകനായ മോശയുടെ നേതൃത്വത്തിൽ തന്റെ തിരഞ്ഞെടുക്കപ്പെട്ട ജനതയെ കൂട്ടിക്കൊണ്ടു പോകുമ്പോൾ അവരുടെ ബലഹീനതകൾക്കും, വേദനകൾക്കും ഉത്തരം നൽകിക്കൊണ്ട് അവരോടൊപ്പമായിരിക്കുന്ന ഒരു ദൈവത്തെയാണ് നമുക്ക് വചനം പരിചയപ്പെടുത്തുന്നത്. മഹത്തായ ഈ ദൈവസാന്നിധ്യം ഒരിക്കൽക്കൂടി നമ്മെ ഓർമ്മപ്പെടുത്തുന്നതാണ് ഇന്നത്തെ ആദ്യവായന.

കർത്താവിന്റെ ദാസനെ പറ്റിയുള്ള പ്രവചനത്തിൽ പുതിയനിയമത്തിലെ ക്രിസ്തുവിൽ പൂർത്തിയായ എല്ലാ രഹസ്യങ്ങളും സംഗ്രഹിച്ചിരിക്കുന്നു.ബന്ധിതരെയും, അന്ധകാരത്തിൽ വസിക്കുന്നവരെയും പുറത്തേക്ക് കൊണ്ടുവന്നുകൊണ്ട്, അവർക്കാവശ്യമായതെല്ലാം നൽകുവാൻ ആഗ്രഹിക്കുന്ന കരുണാമയനായ ദൈവത്തിന്റെ ഹൃദയവിശാലതയാണ് വായനയിൽ പ്രതിപാദിക്കുന്നത്. ഇനി ഒരിക്കലും ദാഹം അനുഭവപ്പെടാതിരിക്കത്തക്കവണ്ണം നീർച്ചാലുകളുടെ പ്രശാന്തത വാഗ്‌ദാനം ചെയുന്ന ദൈവം, കരുണാർദ്രമായ ആശ്വാസം പകർന്നു നൽകുമെന്ന പ്രതീക്ഷയുടെ വാക്കുകൾ ഉദ്ധരിച്ചുകൊണ്ടാണ് ആദ്യത്തെ വായന ഉപസംഹരിക്കുന്നത്. ഈ പ്രവചനങ്ങളെല്ലാം പൂർത്തിയാക്കികൊണ്ട് ജീവന്റെ അനശ്വരമായ നീർച്ചാലുകൾ മനുഷ്യഹൃദയങ്ങളിലേക്ക് ഒഴുക്കുന്ന നിമിഷമാണ് യേശുവിന്റെ ഉത്ഥാനം. 'എല്ലാം നിറവേറിയിരിക്കുന്നു'  എന്ന് കുരിശിൽക്കിടന്നുകൊണ്ട് അരുളിയ ക്രിസ്തുവിന്റെ വാക്കുകൾ പൂർത്തിയാക്കപ്പെട്ടത് ഉത്ഥാനത്തിന്റെ മഹനീയതയിൽ നിത്യരക്ഷ നമുക്ക് പ്രദാനം ചെയ്തു കൊണ്ടായിരുന്നു.

ദൈവത്തിന്റെ ഈ കരുണയാണ് ഓരോ മാനസാന്തരത്തിന്റെയും അടിസ്ഥാനം. ഇസ്രായേൽ ജനം ദൈവത്തിനെതിരായി പല അവസരങ്ങളിലും മറുതലിച്ചപ്പോഴും, കാനാൻ ദേശത്തേക്കുള്ള അവരുടെ വഴിയിൽ തടസങ്ങൾ ഒഴിവാക്കിയത് ദൈവത്തിന്റെ കരുണ ഒന്നു  മാത്രമാണ്.മാനസാന്തരത്തിന്റെ വലിയ മാതൃക നമുക്ക് കാണിച്ചുതരുന്നതാണ് ഇന്നത്തെ രണ്ടാമത്തെ വായനയിൽ പ്രതിപാദിക്കുന്ന സാവൂളിന്റെ മാനസാന്തരം. സാവൂളിൽ നിന്നും പൗലോസിലേക്കുള്ള യാത്ര ഓരോ ക്രിസ്ത്യാനിയുടെയും കടന്നുപോകലാണ് (pass over).നമ്മുടെ ജീവിതത്തിൽ എത്രമാത്രം നാം ദൈവത്തിൽ നിന്നും അകന്നു പോയാലും നമ്മെ തേടിവരുന്ന ദൈവത്തിന്റെ കരുണയെ എടുത്തു കാണിക്കുന്നതാണ് പൗലോസിന്റെ മാനസാന്തര അനുഭവം. ഓരോ ക്രിസ്തു ദർശനവും,പുതിയ സൃഷ്ടികളാകുവാനുള്ള ദൈവത്തിന്റെ വിളി നമുക്ക് പ്രദാനം ചെയ്യുന്നതാണ്. അറിവുണ്ടായിരുന്നിട്ടും സത്യത്തെ സ്വീകരിക്കാതെ അന്ധകാരത്തിൽ ആയിരുന്ന സാവൂളിനു ദർശനം നൽകുവാൻ യേശു തിരഞ്ഞെടുത്ത വഴി ഡമാസ്കസിലേക്കുള്ളതായിരുന്നു. കുതിരപ്പുറത്തുനിന്നും നിലംപതിക്കുന്ന പൗലോസിന്റെ ഹൃദയത്തിലേക്കാണ് ആ മിന്നലൊളി പതിച്ചതെന്നതിൽ സംശയമില്ല.തുടർന്നുള്ള ചോദ്യവും അതിനു  അവൻ നൽകുന്ന ഉത്തരവും ഏറെ പ്രധാനപ്പെട്ടതാണ്. 'സാവൂൾ, സാവൂൾ നീ എന്തിന് എന്നെ പീഡിപ്പിക്കുന്നു?' ചോദ്യം കേട്ടമാത്രയിൽ അവൻ ഉത്തരം നൽകുമ്പോൾ വിളിക്കുന്നത് 'കർത്താവേ' എന്നാണ്. നമ്മുടെ ജീവിതത്തിന്റെ വഴിത്താരയിൽ മാനസാന്തരത്തിന്റെ മിന്നൽപ്പിണർ ഹൃദയത്തിൽ പതിക്കുമ്പോൾ നാമും തിരിച്ചറിയും കർത്താവ് ഒരുവൻ മാത്രമാണെന്നും, അവനെയാണ് ഞാൻ പീഡിപ്പിച്ചതെന്നും.

'കർത്താ'വിൽ നിന്നും വ്യക്തിപരമായ യേശു അനുഭവത്തിലേക്ക് അവനെ കൂട്ടിക്കൊണ്ടു പോകുന്നത് ക്രിസ്തു തന്നെയാണ്. ഉയിർപ്പുകാലം നമ്മെ ക്ഷണിക്കുന്നതും മാനസാന്തരത്തിന്റെ ഫലങ്ങൾ പുറപ്പെടുവിക്കുവാൻ വേണ്ടിയാണ്. സാവൂളിനെ പിന്നീട്ട് അനനിയാസിന് ഭരമേല്പിക്കുന്നതുപോലെ, ഇന്ന് നമ്മുടെ ജീവിതത്തിൽ മനസാന്തരത്തിനു നമ്മെ പ്രേരിപ്പിക്കുന്നതും, അതിൽ വളരുവാനും നമ്മെ സഹായിക്കുന്നതാണ് സഭാകൂട്ടായ്മയും, കൂദാശ ജീവിതവും.

സഭാകൂട്ടായ്മയിൽ നമ്മുടെ സജീവപങ്കാളിത്തം ഉറപ്പുവരുത്തണമെന്നാണ് ഹെബ്രായർക്കുള്ള ലേഖനത്തിൽ ലേഖനകർത്താവ് നമ്മെ ഉദ്ബോധിപ്പിക്കുന്നത്. കാരണം സഭാകൂട്ടായ്മയുടെ അടിസ്ഥാനം യേശുവിന്റെ ചിന്തപ്പെട്ട രക്തവും അവന്റെ ബലിയുമാണ്. നമ്മെ പാപങ്ങളിൽ നിന്നും മോചിപ്പിക്കുവാൻ സ്വയം രക്തം ചിന്തിയ ക്രിസ്തുവിനെ നമ്മുടെ ജീവിതത്തിൽ സ്വീകരിക്കണമെങ്കിൽ പാപങ്ങളെ ഉപേക്ഷിക്കുവാനുള്ള ഒരു ക്ഷണമാണ് ഇന്നത്തെ മൂന്നാം വായന നമുക്ക് നൽകുന്നത്.അതിനാൽ ക്രിസ്തുവിന്റെ ഇഹലോകജീവിതത്തെ പറ്റിയുള്ള ബോധ്യം നമ്മെ നയിക്കേണ്ടത് പാപങ്ങളെ വെറുത്തുപേക്ഷിച്ചുകൊണ്ട് നന്മയുടെ ഒരു ജീവിതം കെട്ടിപ്പടുക്കുവാൻ ആയിരിക്കണം.

നാം കേട്ട ഈ വായനകളുടെയെല്ലാം ക്രിസ്തു അനുഭവം അപ്പസ്തോലന്മാർക്ക് ബോധ്യമായതാണ് ഇന്നത്തെ സുവിശേഷത്തിൽ നാം വായിച്ചുകേട്ടത്.തിബേരിയോസ് കടല്‍ത്തീരത്തിന്റെ പശ്ചാത്തലത്തില്‍ ഈശോ വിളമ്പുന്ന ഇന്നത്തെ ദൈവവചനത്തിന്റെ സന്ദേശം, “തീര്‍ത്തും നിസ്സാരമായവയ്ക്കുവേണ്ടി ജീവിതം നഷ്ടപ്പെടുത്തരുത്” എന്നാണ്.

ഈ ഭാഗത്തിന് മുൻപായി  ഉത്ഥിതനായ ഈശോ ശിഷ്യര്‍ക്ക് പ്രത്യക്ഷപ്പെടുന്നുണ്ട്. ഉത്ഥിതനായ, ഇന്നും ജീവിക്കുന്ന ക്രിസ്തുവിനെ കണ്ടിട്ടും, അവിടുത്തോടോത്ത് ഒരുമിച്ച് ഭക്ഷിച്ചിട്ടും ഉത്ഥിതന്റെ മധുരമൊഴികള്‍ കേട്ടിട്ടും ശിഷ്യരുടെ പ്രലോഭനം ലൌകികമായ, സാധാരണ ജീവിതത്തിലേക്ക് ഇറങ്ങുവാനാണ്. ഉത്ഥാനാനുഭവം നല്‍കുന്ന കടമകളിലേക്ക് ജീവിതത്തെ ഉയര്‍ത്തുവാനും, പരുവപ്പെടുത്തുവാനും   ശിഷ്യര്‍ക്ക് സാധിക്കുന്നില്ല.

ഈ ഭൂമിയിലെ തങ്ങളുടെ ദൗത്യത്തെക്കുറിച്ച് ബോധവാന്മാരാകാന്‍ കഴിവില്ലാതിരുന്ന ശിഷ്യര്‍ തങ്ങൾ ഏതവസ്ഥയിലായിരുന്നുവോ ആ അവസ്ഥയിലേക്ക് തന്നെ തിരിച്ചു പോകുന്നതായി നാം വായിക്കുന്നു. ക്രിസ്തു നൽകിയ ദൗത്യത്തിൽ നിന്നും അകലങ്ങളിലേക്ക് യാത്ര ചെയ്യുന്നതിനു കാരണം അവന്റെ ഉത്ഥാനം ഉൾക്കൊള്ളുവാൻ അവർ തയ്യാറായിരുന്നില്ല എന്നതാണ്. എന്നാൽ ക്രിസ്തുവില്ലാത്ത അധ്വാനം ഫലശൂന്യം ആണെന്നും സുവിശേഷം നമ്മെ പഠിപ്പിക്കുന്നു.

ചെയ്യേണ്ടതല്ലാത്ത പ്രവര്‍ത്തികള്‍ക്കുവേണ്ടി ജീവിതം നഷ്ടപ്പെടുത്തുമ്പോള്‍ നീ എത്ര വിദഗ്‌ദനായാലും  ഫലം ലഭിച്ചെന്നു വരില്ല; ദൈവത്തിന്റെ കൃപാവരത്തിന്റെ സമൃദ്ധി അനുഭവിക്കുവാന്‍ സാധിച്ചെന്നുവരില്ല. വെള്ളത്തിന്റെ നിശ്ചലതയും അനക്കവും  കണ്ട് കടലിന്റെ സ്വഭാവം തിട്ടപ്പെടുത്തുവാന്‍ അറിയാമായിരുന്ന പത്രോസുണ്ടായിട്ടും, നോക്കൂ… വചനം പറയുന്നു: ആ രാത്രി മുഴുവന്‍ അദ്ധ്വാനിച്ചിട്ടും അവര്‍ക്കൊന്നും കിട്ടിയില്ല. (യോഹ 14, 3) ജീവിതത്തില്‍ ചെയ്തുതീര്‍ക്കേണ്ട ഉത്തരവാദിത്വങ്ങളെക്കുറിച്ച് ബോധവാന്മാരല്ലെങ്കില്‍, ദൈവത്തിന്റെ വിളിയനുസരിച്ചു ജീവിക്കുവാന്‍ തയ്യാറല്ലെങ്കില്‍, നിന്റെ ജീവിതാന്തസ്സിനടുത്ത കടമകള്‍ ചെയ്യാതെ നിസ്സാരമായ കാര്യങ്ങളില്‍ മുഴുകി ജീവിതം നഷ്ടപ്പെടുത്തുകയാണെങ്കില്‍, ഓര്‍ക്കുക, എത്ര അധ്വാനിച്ചാലും ഒന്നും കിട്ടുകയില്ല.

എന്നാൽ ക്രിസ്തുമതത്തിന്റെ മനോഹാരിത, കണക്കുകൾ സൂക്ഷിക്കാത്ത ഒരു ദൈവമാണ്,  തീര്‍ത്തും നിസ്സാരമായവയ്ക്കുവേണ്ടി ജീവിതം നഷ്ടപ്പെടുത്തുന്ന മനുഷ്യനെത്തേടി വരുന്ന ഒരു ദൈവം. നീ നിന്റെ ജീവിതം തീര്‍ത്തും നിസ്സാരമായവയ്ക്കുവേണ്ടി നഷ്ടപ്പെടുത്തിക്കൊണ്ടിരിക്കുമ്പോഴും, നീ നഷ്ടപ്പെടുത്തിക്കൊണ്ടിക്കുന്ന ജീവിതസാഹചര്യങ്ങളിലേക്കുതന്നെ കടന്നുവന്നുകൊണ്ട് നിന്നെ രക്ഷിക്കാന്‍, അത്ഭുതങ്ങള്‍ പ്രവര്‍ത്തിച്ചുകൊണ്ടുതന്നെ നിന്നെ രക്ഷിക്കാന്‍ മകളേ, മകനേ, നിന്റെ ജീവിതത്തിന്റെ തീരത്ത് നിനക്കുവേണ്ടി പ്രാതലൊരുക്കി കാത്തിരിക്കുന്ന ദൈവം, ഈശോ നിനക്കുണ്ട്‌ എന്ന് മനസ്സിലാക്കുക. ആ ദൈവം എന്നും വിശുദ്ധ കുര്‍ബാനയില്‍ നിനക്കുവേണ്ടി കാത്തിരിക്കുന്നുണ്ടെന്നും നീ അറിയുക.

ദൈവകൃപ നിറഞ്ഞ ജീവിതത്തിലേക്ക് മടങ്ങിവരുവാന്‍ ഈ ഞായറാഴ്ച, ദൈവത്തിന്റെ വചനം നമ്മെ ക്ഷണിക്കുമ്പോള്‍, നമ്മുടെ ചിന്തയില്‍, സംസാരത്തില്‍, ബന്ധങ്ങളില്‍, മറ്റുള്ളവരോടുള്ള മനോഭാവങ്ങളില്‍ ജീവിതം നഷ്ടപ്പെടുത്തുകയാണോ എന്ന് വിചിന്തനം ചെയ്യാം. നിസ്സാരങ്ങളായ സ്വാര്‍ത്ഥതയ്ക്കുവേണ്ടി, മറ്റുള്ളവരെ വേദനിപ്പിക്കാന്‍ വേണ്ടി, അതുവഴി നിസ്സാരമായ ജയം നേടാന്‍വേണ്ടി ദൈവം നല്‍കിയ ജീവിതം നഷ്ടപ്പെടുത്തുകയാണോ എന്നും ചിന്തിക്കാം. അപ്പസ്തോലന്മാരുടെ ജീവിതത്തിൽ ബലഹീനതകൾ ഉണ്ടായിട്ടുണ്ടെങ്കിൽ അത് തിരിച്ചറിഞ്ഞു കൊണ്ട് യേശുവിന്റെ കരുണയ്ക്കായി യാചിച്ച്, അവനൊരുക്കിയ പ്രാതൽ ഭക്ഷിക്കുവാൻ തങ്ങളെ തന്നെ വിട്ടുകൊടുത്തതുപോലെ, നമ്മെയും യേശുവിനു വിട്ടുനൽകിക്കൊണ്ട് വിശുദ്ധ കുർബാനയാകുന്ന  അവന്റെ പ്രാതൽ ഭക്ഷിക്കുവാനും, അതിൽ നിന്നും ഊർജം ഉൾക്കൊണ്ടുകൊണ്ട്, ലോകത്തിൽ അവന്റെ സാക്ഷികളായി ജീവിക്കാനുമുള്ള കൃപയ്ക്കായി നമുക്ക് പ്രാർത്ഥിക്കാം. ദൈവം നമ്മെ സമൃദ്ധമായി അനുഗ്രഹിക്കട്ടെ.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

06 May 2023, 06:44