സാഹോദര്യ സന്ദേശം ഉണർത്തി റോം രൂപത
ഫാ. ജിനു ജേക്കബ്, വത്തിക്കാൻ സിറ്റി
ലോകത്തിലെ പല രാജ്യങ്ങളിൽ നിന്നും, വ്യത്യസ്ത ഭാഷക്കാരും, സംസ്കാരമുള്ളവരുമായി ഏറെ ആളുകൾ ജീവിക്കുന്ന സ്ഥലമാണ് റോമാ നഗരം. റോം രൂപതയുടെ ദേവാലയങ്ങളിൽ ഞായറാഴ്ചകളിൽ ഇപ്രകാരം വ്യത്യസ്ത ഭാഷകൾ സംസാരിക്കുന്നവർക്ക് അവരുടെ മാതൃഭാഷയിൽ വിശുദ്ധ കുർബാന അർപ്പിക്കുന്നതിനുള്ള സൗകര്യങ്ങളും രൂപത ചെയ്തു കൊടുക്കുന്നുണ്ട്. വ്യത്യസ്തമായ ഈ പാരമ്പര്യങ്ങളെ അടുത്തറിയുന്നതിനും, അവയെ കൂടുതൽ വിലമതിക്കുന്നതിനുമായി റോം രൂപതയിലുള വിശ്വാസികൾക്ക് അവസരമൊരുക്കുകയാണ് മെയ് മാസം 20,21 തീയതികളിൽ ഇടവക തലങ്ങളിൽ കൊണ്ടാടുന്ന ഈ ജനകീയ ആഘോഷം.
"എല്ലാവരും സഹോദരങ്ങൾ' എന്ന ചാക്രിക ലേഖനത്തിൽ ഫ്രാൻസിസ് പാപ്പഎടുത്തു പറയുന്നത് പോലെ ഓരോ വ്യക്തിയെയും തിരിച്ചറിയാനും വിലമതിക്കാനും സ്നേഹിക്കാനും അനുവദിക്കുന്ന ഒരു സാഹോദര്യത്തിനായി അസീസിയിലെ വിശുദ്ധ ഫ്രാൻസിസ് എടുത്ത സുവിശേഷപരമായ ആവശ്യകതയെ സാഹോദര്യത്തിന്റെ ഈ കൂട്ടായ്മ ആഘോഷം എടുത്തുകാണിക്കുന്നു. സുരക്ഷിതമായ ജീവിത സാഹചര്യങ്ങൾ തേടി, എല്ലാ ഭൂഖണ്ഡങ്ങളിൽ നിന്നും വരുന്ന പതിനായിരക്കണക്കിന് കുടിയേറ്റക്കാരെ സ്വീകരിക്കുന്ന റോമിലെ ജനതയ്ക്ക് ഈ ആഘോഷവും വിലപ്പെട്ടതാണെന്ന് രൂപതാ പ്രതിനിധിയായ ബിഷപ്പ് റിക്കാർഡോ ലാംബ എടുത്തു പറയുന്നു.
ഇടവകകളിൽ നടക്കുന്ന ആഘോഷങ്ങളിൽ മറ്റ് രാജ്യങ്ങളിൽനിന്നുള്ള നിരവധിയായ മെത്രാന്മാരും, വൈദികരും പങ്കെടുക്കുമെന്നും വാർത്താകുറിപ്പിൽ അറിയിക്കുന്നു. ആരാധനക്രമ ആഘോഷങ്ങൾക്ക് പുറമെ വ്യത്യസ്ത രാഷ്ട്രങ്ങളുടെ വിഭവങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള സ്‌നേഹവിരുന്നും ഈ ആഘോഷങ്ങളുടെ പ്രത്യേകതയാണ്.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: