നിക്കരാഗ്വൻ അധികാരികൾ കത്തോലിക്കാ സർവ്വകലാശാല അടച്ചുപൂട്ടി
സി. റൂബിനി ചിന്നപ്പ൯ സി.റ്റി.സി, വത്തിക്കാ൯ ന്യൂസ്
നിക്കരാഗ്വയിലെ മറ്റൊരു കത്തോലിക്കാ സർവ്വകലാശാല അടച്ചുപൂട്ടുന്നതായി വ്യാഴാഴ്ച വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു. നിക്കരാഗ്വൻ ആഭ്യന്തര മന്ത്രാലയം "സ്വമേധയാ പിരിഞ്ഞു പോകൽ"എന്ന തീരുമാനത്തിന്റെ കീഴിൽ അമലോത്ഭവ മാതാവിന്റെ നാമഥേയത്തിലുള്ള കാത്തലിക് യൂണിവേഴ്സിറ്റി ശാശ്വതമായി അടച്ചു. മനാഗ്വ അതിരൂപതയാണ് സർവ്വകലാശാല നടത്തുന്നത്. കൂടാതെ സെമിനാരികൾക്കായി തത്വശാസ്ത്രപരവും ദൈവശാസ്ത്രപരവുമായ രൂപീകരണം വാഗ്ദാനം ചെയ്തിരുന്നു.
സമ്മർദ്ദ തന്ത്രം
കഴിഞ്ഞ ഒരു വർഷത്തിനിടയിൽ, നിക്കരാഗ്വൻ അധികൃതർ ഈ "സ്വമേധയാ" വ്യവസ്ഥ പ്രകാരം മറ്റ് 17 സ്വകാര്യ സർവ്വകലാശാലകൾ അടച്ചുപൂട്ടി. തങ്ങളുടെ ഭരണത്തെ എതിർക്കുന്നവരായി കാണുന്നവരെ സമ്മർദ്ദത്തിലാക്കാനുള്ള ഒരു മാർഗ്ഗമായാണ് സ്ഥാപനങ്ങൾ അടച്ചുപൂട്ടാൻ സർക്കാർ ഈ നിയമപാത പ്രയോഗിക്കുന്നതെന്ന് വിമർശകർ പറയുന്നു. ഇപ്പോൾ അടച്ചുപൂട്ടിയ യൂണിവേഴ്സിറ്റി 2011-ൽ ഉദ്ഘാടനം ചെയ്തു. മധ്യ അമേരിക്കയിലെ വിവിധ രൂപതകളിൽ നിന്നുള്ള സെമിനാരികളെ പരിശീലിപ്പിക്കുന്ന തിൽ സഹായിച്ചു. മനാഗ്വയിലെ ലാ പുരിസിമ മേജർ സെമിനാരിയുടെ അതേ സൗകര്യങ്ങളിൽ സർവകലാശാല പ്രവർത്തിച്ചു.
ബുദ്ധിമുട്ടുള്ള സാഹചര്യം
നിക്കരാഗ്വയിൽ, ഫെബ്രുവരിയിൽ മദഗൽപ്പ രൂപത മെത്രാൻ റൊളാൻഡോ അൽവാരെസിന്റെ പൗരത്വം എടുത്തുകളയുകയും 26 വർഷത്തെ തടവിന് ശിക്ഷിക്കുകയും ചെയ്തു. സർക്കാരിന്റെ അഭ്യർത്ഥന പ്രകാരം മാർച്ച് 17ന് അതിന്റെ ചുമതലയുള്ള മോൺ. മാർസെൽ ദിയൂഫ് രാജ്യം വിട്ടതിന് ശേഷം പരിശുദ്ധ സിംഹാസന്നം നിലവിൽ നിക്കരാഗ്വയിൽ നയതന്ത്ര പ്രാതിനിധ്യമില്ല.
യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് ഈ ആഴ്ച ആദ്യം പ്രസിദ്ധീകരിച്ച അന്താരാഷ്ട്ര മതസ്വാതന്ത്ര്യത്തെക്കുറിച്ചുള്ള 2022 റിപ്പോർട്ടിൽ "ജുഡീഷ്യൽ അധികാരികളുടെ സുതാര്യതയുടെ അഭാവം മെത്രാൻ അൽവാറെസിന്റെ തടങ്കലുമായി ബന്ധപ്പെട്ട അനിശ്ചിതത്വത്തിന് കാരണമായി" എന്ന് അഭിപ്രായപ്പെട്ടു. കൂടാതെ, നിക്കരാഗ്വൻ സർക്കാർ "വൈദികരെയും മെത്രാന്മാരെയും അറസ്റ്റുചെയ്യാനും നാടുകടത്താനും വാക്കാൽ ആക്രമിക്കാനും ഉത്തരവിട്ടിട്ടുണ്ട്, അവരെ 'കുറ്റവാളികൾ', 'അട്ടിമറി തന്ത്രങ്ങൾ' എന്ന് മുദ്രകുത്തുകയും അക്രമത്തിന് പ്രേരിപ്പിച്ചതായി ആരോപിക്കുകയും ചെയ്തതായി റിപ്പോർട്ട് പറഞ്ഞു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: