തിരയുക

ഉത്ഥിതൻ ശിഷ്യർക്ക് പ്രത്യക്ഷപ്പെടുന്നു ഉത്ഥിതൻ ശിഷ്യർക്ക് പ്രത്യക്ഷപ്പെടുന്നു 

ഉത്ഥിതനെ പ്രഘോഷിക്കുവാൻ വിളിക്കപ്പെട്ട മനുഷ്യർ

സീറോമലബാർ സഭാ ആരാധനക്രമം ഉയിർപ്പുകാലം ഏഴാം ഞായറാഴ്ച്ചയിലെ വിശുദ്ധഗ്രന്ഥവായനകളെ ആധാരമാക്കിയ സുവിശേഷപരിചിന്തനം (സുവിശേഷം: മർക്കോസ് 16, 14-20).
സുവിശേഷപരിചിന്തനം Mark 16, 14-20 - ശബ്ദരേഖ

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി

പിതാവായ ദൈവത്തിന്റെ സ്നേഹത്തിന്റെ സുവിശഷമായി ഈ ഭൂമിയിൽ ജാതനായ ക്രിസ്തു, തന്റെ സ്വർഗ്ഗാരോഹണത്തിന് മുൻപായി, തന്റെ ശിഷ്യന്മാർക്ക് പ്രത്യക്ഷപ്പെടുന്നതും, അവരെ വിശ്വാസത്തിൽ ആഴപ്പെട്ട് ജീവിക്കാൻ ഉദ്ബോധിപ്പിക്കുന്നതും, ലോകം മുഴുവനും, സകല സൃഷ്ടികളോടും സുവിശേഷം പ്രസംഗിക്കുവാൻ ആവശ്യപ്പെടുന്നതുമാണ് ഇന്നത്തെ സുവിശേഷത്തിൽ നാം കാണുന്നത്. ഈ ലോകത്ത് സഭയുടെയും, ഓരോ ക്രൈസ്തവന്റെയും പ്രധാനപ്പെട്ട ഒരു കടമയിലേക്കാണ് ഇന്നത്തെ ദിവസത്തിലെ വചനചിന്തകൾ നമ്മുടെ ശ്രദ്ധ ക്ഷണിക്കുന്നത്. ക്രൈസ്തവർ, ക്രിസ്തുവിനെ പിന്തുടരുന്ന ആളുകളാണെങ്കിൽ, അനുദിനജീവിതത്തിന്റെ ഭാഗമായി തങ്ങൾ ആരെയാണോ പിന്തുടരുന്നത്, ആരിലാണോ രക്ഷയും ശരണവും കണ്ടെത്തിയിരിക്കുന്നത്, അവന്, രക്ഷകനായ ക്രിസ്തുവിന് സാക്ഷ്യമേകാൻ വിളിക്കപ്പെട്ടവരാണ്.

ഏശയ്യാപ്രവാചകന്റെ ദൗത്യം

ഏശയ്യാപ്രവാചകന്റെ പുസ്തകം ആറാം അധ്യായം ഒന്നുമുതൽ പതിമൂന്ന് വരെ വാക്യങ്ങളിൽ ഏശയ്യായെ ദൈവം പ്രവചനദൗത്യം ഏൽപ്പിക്കുന്നത് നാം കാണുന്നുണ്ട്. "ആരെയാണ് ഞാൻ അയക്കുക? ആരാണ് നമുക്ക് വേണ്ടി പോവുക?" എന്ന കർത്താവിന്റെ ചോദ്യത്തിന് മറുപടിയായി പ്രവാചകൻ ഏറ്റുപറയുന്നത് അവിടെ നാം വായിക്കുന്നുണ്ട്: "ഇതാ ഞാൻ! എന്നെ അയച്ചാലും" (ഏശയ്യാ 6, 8) . തന്റെ പ്രവാചകദൗത്യം എത്രനാൾ തുടരണമെന്ന ഏശയ്യായുടെ ചോദ്യത്തിന് ദൈവം നൽകുന്ന മറുപടി ഇതാണ്: "നഗരങ്ങൾ ജനവാസമില്ലാതെയും, ഭവനങ്ങൾ ആൾപ്പാർപ്പില്ലാതെയും ശൂന്യമായി, ദേശം മുഴുവൻ വിജനമായിത്തീരുന്നതുവരെ" (ഏശയ്യാ 6, 11) . ദൈവവചനം, ദൈവഹിതം പ്രഘോഷിക്കപ്പെടേണ്ടത്, ഭൂമിയുടെ അവസാനം വരെയാണ്; മനുഷ്യരോടെല്ലാവരോടുമാണ്.

മത്തിയാസ് ശിഷ്യഗണത്തിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നു

വചനം പ്രഘോഷിക്കുവാനും, ലോകമെങ്ങും ക്രിസ്തുവിനെ, കൂടെ വസിക്കുന്ന എമ്മാനുവേലിനെ അറിയിക്കാനുമാണ് അപ്പസ്തോലന്മാർ തിരഞ്ഞെടുക്കപ്പെട്ടത്. എന്നാൽ ഈയൊരു മിഷൻ, ഉത്തരവാദിത്വം പാടെ മറന്ന്, തന്റെ വിളിക്കെതിരെ പ്രവർത്തിച്ച്, യേശുക്രിസ്തുവിനെ ഒറ്റിക്കൊടുത്ത യൂദാസിനെ നാം സുവിശേഷങ്ങളിൽ കണ്ടുമുട്ടുന്നുണ്ട്. പന്ത്രണ്ടു പേരുണ്ടായിരുന്ന അപ്പസ്തോലഗണത്തിൽ ഒരുവൻ തന്റെ കടമ ഉപേക്ഷിച്ചപ്പോൾ, അവനു പകരം, അപ്പസ്തോലധർമ്മം, സുവിശേഷപ്രഘോഷണം നടത്തുവാൻ മത്തിയാസിനെ തിരഞ്ഞെടുക്കുന്ന സംഭവം അപ്പസ്തോലപ്രവർത്തനം ഒന്നാം അധ്യായത്തിന്റെ അവസാനഭാഗത്ത് നാം കാണുന്നുണ്ട്. പരിശുദ്ധ അമ്മയും, ശിഷ്യരും ഉൾപ്പെടുന്ന, നൂറ്റിയിരുപതോളം സഹോദരർ പ്രാർത്ഥനയിൽ ഒരുമിച്ചു ചേർന്നിരുന്ന അവസരത്തിൽ പത്രോസാണ്, യൂദാസിന് പകരം മറ്റൊരുവനെ അപ്പസ്തോലശുശ്രൂഷയിലേക്ക് തിരഞ്ഞെടുക്കണമെന്ന് നിർദ്ദേശം വയ്ക്കുന്നത്. യേശുവിന്റെ പുനരുത്ഥാനത്തിന് സാക്ഷിയാകാൻ, യോഹന്നാന്റെ സ്നാനം മുതൽ ഉന്നതത്തിലേക്ക് യേശു പോകുന്ന നാൾ വരെ കൂടെയുണ്ടായിരുന്ന ഒരുവനെയാണ് അവർ തിരഞ്ഞെടുക്കുന്നത് (അപ്പ. പ്ര. 1, 21-22). ക്രിസ്തുവിന് സാക്ഷ്യം നൽകാൻ, അവനെ ലോകമെങ്ങും പ്രഘോഷിക്കാൻ വിളിക്കപ്പെട്ടവർ, ക്രിസ്തുവിനെ അറിയുന്നവരായിരിക്കണം. ക്രൈസ്തവർ എന്ന പേരിൽ മാത്രം സന്തോഷിക്കാതെ, ക്രിസ്തുവിനെ അറിയുവാനും, അവനെ ദൈവപുത്രനായ, രക്ഷകനായ, കൂടെ വസിക്കുന്ന ദൈവമായി തിരിച്ചറിയാനും, വിശ്വസിക്കാനും, ജീവിതം അവനായി സമർപ്പിക്കാൻ സാധിക്കുന്നവർക്കാണ് ഉറച്ച ബോധ്യങ്ങളോടെ, തങ്ങൾ ജീവിച്ച, ജീവിക്കുന്ന വിശ്വാസം മറ്റുള്ളവരോട് അറിയിക്കാൻ സാധിക്കുക. അറിയുന്ന ക്രിസ്തുവിനെയാണ് നമുക്ക് പ്രഘോഷിക്കാൻ കഴിയുക.

ഈശോ കർത്താവാണെന്ന് ഏറ്റുപറയുക

ഫിലിപ്പിയർക്ക് എഴുതിയ ലേഖനത്തിന്റെ രണ്ടാം അധ്യായം ഒന്നുമുതൽ പതിനൊന്ന് വരെയുള്ള വാക്യങ്ങളിൽ യേശുക്രിസ്തുവിനുണ്ടായിരുന്ന പരസ്പരസ്നേഹത്തിന്റെയും, കരുതലിന്റെയും മനോഭാവം ജീവിക്കാൻ വിശുദ്ധ പൗലോസ് ശ്ലീഹ ഓർമ്മിപ്പിക്കുന്നുണ്ട്. തന്നെത്തന്നെ ശൂന്യനാക്കി, ദാസന്റെ രൂപം സ്വീകരിച്ച് സ്വയം എളിമപ്പെടുത്തിയ ദൈവപുത്രനായ ക്രിസ്തുവിനെ ദൈവം ഉയർത്തി എല്ലാ നാമങ്ങൾക്കും ഉപരിയായ നാമം നൽകിയത്, "യേശുവിന്റെ നാമത്തിന് മുൻപിൽ സ്വർഗ്ഗത്തിലും ഭൂമിയിലും, പാതാളത്തിലുമുള്ള സകലരും മുട്ടുകൾ മടക്കുന്നതിനും, യേശുക്രിസ്തു കർത്താവാണെന്ന് പിതാവായ ദൈവത്തിന്റെ മഹത്വത്തിനായി എല്ലാ നാവുകളും ഏറ്റുപറയുന്നതിനും വേണ്ടിയാണ്" എന്ന് ജനതകളുടെ അപ്പസ്തോലനായ പൗലോസ് ഫിലിപ്പിയിലെ ക്രൈസ്തവസമൂഹത്തോടെന്ന പോലെ ഇന്ന് നമ്മെ എല്ലാവരെയും ഓർമ്മിപ്പിക്കുന്നത് മൂന്നാം വായനയിൽ നാം കാണുന്നുണ്ട്. ക്രിസ്തുവിനെ ലോകമെങ്ങും അറിയാൻ, അവനിൽ രക്ഷകനെ കണ്ടെത്താൻ, പ്രത്യാശയർപ്പിക്കാൻ, അവനിലൂടെ നിത്യജീവൻ കണ്ടെത്താൻ സാധിക്കണമെങ്കിൽ, ഇന്നത്തെ ലോകത്ത് ഓരോ ക്രൈസ്തവനും ക്രിസ്തുവിന്റെ ഒരു പ്രേക്ഷിതനായി മാറേണ്ടതുണ്ട്; ജീവിക്കുന്ന വിശ്വാസത്തിന് സാക്ഷ്യം നൽകേണ്ടതുണ്ട്. നാം ആയിരിക്കുന്ന ഇടങ്ങളിൽ, കുടുംബങ്ങളിലാകട്ടെ, സമൂഹത്തിലാകട്ടെ, ഇടവകയിലാകട്ടെ, നമ്മുടെ വാക്കുകളും പ്രവൃത്തികളും യേശുവിന്റെ നാമം ഉയർത്തിക്കാട്ടുന്നതാക്കി മാറ്റേണ്ടതുണ്ട്. അവനെ മഹത്വപ്പെടുത്തുന്നവയായി മാറേണ്ടതുണ്ട്. അപ്പോഴാണ് നമുക്ക് യഥാർത്ഥത്തിൽ ക്രൈസ്തവർ, ക്രിസ്തുവിന്റെ അനുയായികളും പ്രഘോഷകരുമായി മാറാൻ സാധിക്കുക.

ലോകം മുഴുവൻ അറിയിക്കപ്പെടേണ്ട രക്ഷയുടെ സുവിശേഷം

മർക്കോസിന്റെ സുവിശേഷം പതിനാറാം അധ്യായം പതിനാലു മുതൽ ഇരുപത് വരെയുള്ള തിരുവചനങ്ങളിലൂടെ നാം കടന്നുപോകുമ്പോൾ, ലോകത്തിന്റെ അതിരുകളോളം രക്ഷയുടെ സുവിശേഷമറിയിക്കാൻ തന്റെ ശിഷ്യരെ അയക്കുന്ന ഉത്ഥിതനായ ക്രിസ്തുവിനെയാണ് നാം കാണുക. ഈയൊരു അയക്കപ്പെടലിലൂടെ, ലോകത്തിന് മുഴുവൻ തന്നിൽ വിശ്വസിക്കാനും, സ്നാനം സ്വീകരിക്കാനും, രക്ഷിക്കപ്പെടുവാനുമുള്ള സാധ്യതയാണ് ക്രിസ്തു മുന്നോട്ട് വയ്ക്കുന്നത്. സുവിശേഷമറിയിക്കാനുള്ള കടമ എല്ലാ ക്രിസ്തു ശിഷ്യന്മാർക്കുമുള്ളതാണ്. അപ്പസ്തോലപ്രവർത്തനം ഒന്നാം അധ്യായത്തിൽ നാം കണ്ടതുപോലെ, ക്രിസ്തുവിനെ, അവന്റെ ജീവിത, മരണ ഉത്ഥാന രഹസ്യങ്ങളെ മനസ്സിലാക്കുന്നവർക്കാണ് യഥാർത്ഥ ശിഷ്യരാകുവാനും, ലോകത്തിന് മുന്നിൽ സാക്ഷികളാകുവാനും സാധിക്കുക. യേശുവിനെ ശരിയായി അറിയാതെ, അവനെ ശരിയായി മനസ്സിലാകാതെ, അവനിൽ പൂർണ്ണമായി വിശ്വസിക്കാതെ നാം വിളിച്ചുപറയുന്ന സാക്ഷ്യങ്ങൾക്ക് കാതലുണ്ടാകില്ല. യഥാർത്ഥ വിശ്വാസമില്ലാത്ത ജീവിതസാക്ഷ്യങ്ങളാണ് ക്രിസ്തുവില്നിന്ന് മനുഷ്യരെ അകറ്റുന്ന എതിർസാക്ഷ്യങ്ങളായി പലപ്പോഴും മാറുന്നത്.

ജീവിതവിചിന്തനം

യഥാർത്ഥത്തിൽ തന്നിൽ വിശ്വസിക്കുന്ന മനുഷ്യരുടെ ജീവിതത്തിലുണ്ടാകുന്ന അടയാളങ്ങളെക്കുറിച്ച് യേശു പറയുന്നത് ഇന്നത്തെ സുവിശേഷഭാഗം നമ്മോട് ഉദ്‌ഘോഷിക്കുന്നുണ്ട്. "അവർ എന്റെ നാമത്തിൽ പിശാചുക്കളെ ബഹിഷ്കരിക്കും, പുതിയ ഭാഷകൾ സംസാരിക്കും. അവർ സർപ്പങ്ങളെ കൈയിലെടുക്കും. മാരകമായ എന്ത് കുടിച്ചാലും അത് അവരെ ഉപദ്രവിക്കുകയില്ല. അവർ രോഗികളുടെമേൽ കൈകൾ വയ്ക്കും; അവർ സുഖം പ്രാപിക്കുകയും ചെയ്യും" (മാർക്കോസ് 16, 17-19). ഇന്നത്തെ വചനവിചിന്തനത്തിലൂടെ കടന്നുപോകുന്ന നമുക്ക് നമ്മുടെ വിശ്വാസജീവിതത്തെക്കുറിച്ചും, നാം നൽകുന്ന ക്രൈസ്തവസാക്ഷ്യത്തെക്കുറിച്ചും, വിശ്വാസപ്രഘോഷണത്തെക്കുറിച്ചും ഒന്ന് ആത്മാർത്ഥമായി ചിന്തിച്ചുനോക്കാം. ഏശയ്യാപ്രവാചകനെപ്പോലെ, ക്രിസ്തുവിന്റെ ശിഷ്യരെപ്പോലെ, ലോകത്തിന്റെ അറ്റങ്ങളോളം കർത്താവിന് വേണ്ടി വിശ്വാസം പ്രഘോഷിക്കാൻ ഞാൻ തയ്യാറാണോ എന്ന ഒരു ചോദ്യം നമുക്ക് സ്വയം ചോദിക്കാം. മത്തിയാസിനെപ്പോലെ, ക്രിസ്തുശിഷ്യനായി, ക്രിസ്തുശിഷ്യയായി തിരഞ്ഞെടുക്കുവാൻ തക്കവിധത്തിൽ ക്രിസ്തുവിന്റെ ജീവിതത്തെയും ഉദ്ബോധനങ്ങളെയും ഞാൻ അറിയുകയും സ്നേഹിക്കുകയും സ്വന്തമാക്കുകയും ചെയ്യുന്നുണ്ടോ? യേശുക്രിസ്തു ലോകരക്ഷകനാണെന്ന്, സ്വർഗ്ഗത്തിലും ഭൂമിയിലും, പാതാളത്തിലുമുള്ള സകലരും മുട്ടുകൾ മടക്കേണ്ട കർത്താവാണെന്ന് നമ്മുടെ ജീവിതസാക്ഷ്യം കൊണ്ട്. നമ്മുടെ വാക്കുകളും, പ്രവൃത്തികളും, സാന്നിധ്യവും, വിശ്വാസപാലനവും കൊണ്ട് നാം ഏറ്റുപറയുന്നുണ്ടോ? നാം ആയിരിക്കുന്ന ഇടങ്ങളിൽ, പിശാചിനെ, തിന്മയുടെ സാന്നിധ്യത്തെ ബഹിഷ്കരിക്കാനും ഇല്ലാതാക്കാനും, സ്നേഹത്തിന്റെയും കാരുണ്യത്തിന്റെയും രക്ഷയുടെയും ത്യാഗത്തിന്റെയും ഒക്കെ പുതിയ ഭാഷകൾ മറ്റുള്ളവരോട് സംസാരിക്കാനും എന്റെ വിശ്വാസജീവിതം എന്നെ സഹായിക്കുന്നുണ്ടോ? എത്ര മാരകമായ, ബുദ്ധിമുട്ടേറിയ, വേദനയേറിയ അവസരങ്ങളിലും ക്രിസ്തുവിലുള്ള വിശ്വാസത്താൽ അവയെ അതിജീവിക്കാനും, ജീവന്റെ സാക്ഷ്യം നൽകാനും എനിക്ക് സാധിക്കുന്നുണ്ടോ?, മറ്റുള്ളവർക്ക് സൗഖ്യദായകമായ ജീവിതങ്ങളായി നമ്മുടെ ജീവിതം മാറുന്നുണ്ടോ എന്ന് നമുക്ക് ചോദിക്കാം. പരിശുദ്ധ അമ്മയുടെയും ക്രിസ്തുവിന്റെ അപ്പസ്തോലന്മാരുടെയും, ക്രിസ്തുസാക്ഷ്യം ലോകമെങ്ങും പ്രഘോഷിച്ച അനേകം വിശുദ്ധരുടെയും മാതൃകയും, മാധ്യസ്ഥ്യവും, പ്രാർത്ഥനകളും നമുക്ക് തുണയാകട്ടെ. തന്റെ വിശ്വസ്‌തദാസരായിരിക്കാനും, ജീവനും രക്ഷയുമേകുന്ന ക്രൈസ്തവവിശ്വാസം ലോകമെങ്ങും, ബോധ്യങ്ങളോടെയും, ജീവിതസാക്ഷ്യത്തിലൂടെയും പ്രഘോഷിക്കാൻ  കർത്താവായ യേശുക്രിസ്തു നമ്മെ സമൃദ്ധമായി അനുഗ്രഹിക്കട്ടെ. ആമ്മേൻ.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

20 May 2023, 16:01