തിരയുക

നവവാഴ്ത്തപ്പെട്ട മരീയ ദെല കൊൺസെപ്സിയോൻ ബരെചെഗേരെൻ യി ഗർസീയ (Maria de la Concepción Barrecheguren y Garcia) നവവാഴ്ത്തപ്പെട്ട മരീയ ദെല കൊൺസെപ്സിയോൻ ബരെചെഗേരെൻ യി ഗർസീയ (Maria de la Concepción Barrecheguren y Garcia) 

വാഴ്ത്തപ്പെട്ട മരീയ ദെല കൊൺസെപ്സിയോൻ ബരെചെഗേരെൻ യി ഗർസീയ!

സ്പെയിനിലെ ഗ്രനാദയിൽ, ശനിയാഴ്‌ച (06/05/23) വിശുദ്ധരുടെ നാമകരണനടപടികൾക്കായുള്ള സംഘത്തിൻറെ അദ്ധ്യക്ഷൻ കർദ്ദിനാൾ മർച്ചേല്ലൊ സെമെറാറൊയാണ് ബരെചെഗേരെൻ യി ഗർസീയയെ വാഴ്ത്തപ്പെട്ടവരുടെ ഗണത്തിൽ ഔദ്യോഗികമായി ചേർത്തത്.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

സ്പെയിൻ സ്വദേശിനി, മരീയ ദെല കൊൺസെപ്സിയോൻ ബരെചെഗേരെൻ യി ഗർസീയ വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിക്കപ്പെട്ടു.

സ്പെയിനിലെ ഗ്രനാദയിൽ, കത്തീദ്രൽ ദേവാലയത്തിൽ, ശനിയാഴ്‌ച (06/05/23) നടന്ന ഈ വാഴ്ത്തപ്പെട്ട പദ പ്രഖ്യാപനത്തിന് മുഖ്യകാർമ്മികത്വം വഹിച്ചത്, ഫ്രാൻസീസ് പാപ്പായെ പ്രതിനിധാനം ചെയ്തു കൊണ്ട്, വിശുദ്ധരുടെ നാമകരണനടപടികൾക്കായുള്ള സംഘത്തിൻറെ അദ്ധ്യക്ഷൻ കർദ്ദിനാൾ മർച്ചേല്ലൊ സെമെറാറൊ             ആണ്.

സ്നേഹിക്കുക, സഹിക്കുക, പ്രാർത്ഥിക്കുക എന്നത് ജീവിതനിയമമാക്കിയിരുന്ന നവവാഴ്ത്തപ്പെട്ട ബരെചെഗേരെൻ യി ഗർസീയ അല്മായ വിശ്വാസി ആയിരുന്നു.

1905-ൽ നവമ്പർ 27-ന് ഗ്രനാദായിൽ ആയിരുന്ന നവവാഴ്ത്തപ്പെട്ടവളുടെ ജനനം. ദൈവദാസൻ ഫ്രാൻചെസ്കൊ ബരെചെഗേരെൻ മൊന്താഗുട്ടും കോൺച ഗർസീയ കൽവൊയും ആയിരുന്നു മാതാപിതാക്കൾ. കുഞ്ഞായിരിക്കുമ്പോൾ തന്നെ ബരെചെഗേരെൻ യി ഗർസീയയുടെ ആരോഗ്യസ്ഥിതി മോശമായിരുന്നു. അതുകൊണ്ടുതന്നെ മാതാപിതാക്കൾ അവളെ വിദ്യാലയത്തിൽ അയച്ചില്ല. അവർ അവളെ വീട്ടിലിരുത്തി പഠിപ്പിച്ചു.

തിരുഹൃദയത്തോട് അതീവ ഭക്തിപുലർത്തിയിരുന്ന ഒരു  കുടുംബമായിരുന്നു നവവാഴ്ത്തപ്പെട്ടവളായ ബരെചെഗേരെൻ യി ഗർസീയയുടേത്. സ്വപിതാവു തന്നെയായിരുന്നു അവളുടെ മതബോധനാദ്ധ്യാപകൻ. ചെറുപ്പത്തിൽ തന്നെ സമർപ്പിത ജീവിതത്തോട് പ്രത്യേക പ്രതിപത്തി പുലർത്തിയിരുന്ന അവൾ ഒരു കർമ്മലീത്താ സന്ന്യാസിനി ആകാൻ അഭിലഷിച്ചു. എന്നാൽ അനാരോഗ്യം അതിന് അവൾക്ക് പ്രതിബന്ധമായി.

ഉദരസംബന്ധമായ രോഗം മൂലം കടുത്ത പഥ്യാഹാരക്രമം പാലിക്കാൻ അവൾ നിബന്ധിതയായി. 1924-ൽ അവളുടെ മാനസികാരോഗ്യനിലയും മോശമായിത്തുടങ്ങി. ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടു. ആരോഗ്യസ്ഥിതി മോശമായിരുന്നെങ്കിലും ക്രിസ്തീയപുണ്യാഭ്യാസങ്ങളിൽ അവൾ വീരോചിതം വിളങ്ങി. ലിസ്യൂവിലെ ഉണ്ണിയേശുവിൻറെ വിശുദ്ധ ത്രേസ്യായുടെ തീർത്ഥാടന കേന്ദ്രത്തിലേക്കുൾപ്പെട അവൾ തീർത്ഥാടനങ്ങൾ നടത്തി. അവസാനം ക്ഷയരോഗബാധിതയായ  ബരെചെഗേരെൻ യി ഗർസീയ ഇരുപത്തിരണ്ടാമത്തെ വയസ്സിൽ, 1927 മെയ് 13-ന് ജന്മസ്ഥലമായ ഗ്രനാദയിൽ വച്ച് മരണമടഞ്ഞു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

06 May 2023, 12:25