തിരയുക

നല്ലിടയൻ നല്ലിടയൻ 

യേശു നല്ല ഇടയൻ: വചനാത്മകമായ വിചിന്തനം

യേശു നല്ല ഇടയൻ എന്ന വിഷയത്തെ ആധാരമാക്കി ക്രൈസ്തവജീവിതത്തെക്കുറിച്ചുള്ള വിചിന്തനങ്ങൾ അടങ്ങിയ ചിന്താമലരുകൾ.
യേശു നല്ല ഇടയൻ: വചനാത്മകമായ വിചിന്തനം - ശബ്ദരേഖ

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി

വിശുദ്ധ യോഹന്നാന്റെ സുവിശേഷം പത്താം അധ്യായം യേശുവിനെ ആടുകളുടെ രക്ഷയ്ക്കുവേണ്ടി ജീവൻ അർപ്പിക്കുന്ന നല്ലിടയനായി അവതരിപ്പിക്കുന്നുണ്ട്. മറ്റു സുവിശേഷങ്ങളിലും വിശുദ്ധഗ്രന്ഥത്തിന്റെ മറ്റു പലയിടങ്ങളിലും ഇടയൻ എന്ന ഒരു ആശയം സംരക്ഷണവുമായി ബന്ധപ്പെട്ട് ഉപയോഗിക്കപ്പെട്ടിട്ടുണ്ട്. 23-ആം സങ്കീർത്തനം ഒന്നാം വാക്യം ഇതിനൊരു ഉദാഹരണമാണ്. അവിടെ സങ്കീർത്തകൻ പറയുന്നത് ഇങ്ങനെയാണ്: "കർത്താവാണ് എന്റെ ഇടയൻ; എനിക്കൊന്നിനും കുറവുണ്ടാവുകയില്ല" (സങ്കീ. 23, 1). ഏശയ്യാപ്രവാചകന്റെ പുസ്തകം 40-ആം അദ്ധ്യായം പതിനൊന്നാം വാക്യത്തിൽ കർത്താവ് ഇസ്രയേലിനെ ഭരിക്കുന്നതുമായി ബന്ധപ്പെട്ട് പറയുന്നത് ഇങ്ങനെയാണ്: "ഇടയനെപ്പോലെ അവിടുന്ന് തന്റെ ആട്ടിൻകൂട്ടത്തെ മേയിക്കുന്നു; അവിടുന്ന് ആട്ടിൻകുട്ടികളെ കരങ്ങളിൽ ചേർത്തു മാറോടണച്ച് തള്ളയാടുകളെ സാവധാനം നയിക്കുന്നു" (ഏശയ്യാ 40, 11). ദൈവത്തിന്റെ കാരുണ്യത്തിന്റെയും സ്നേഹത്തിന്റെയും മുഖം ഭംഗിയായി വരച്ചുവയ്ക്കുന്ന വിശുദ്ധ ലൂക്കായുടെ സുവിശേഷത്തിലേക്ക് കടന്നുവരുമ്പോൾ പതിനഞ്ചാം അധ്യായം 3 മുതൽ 7 വരെയുള്ള വാക്യങ്ങളിൽ നഷ്ടപ്പെട്ട ആടിനെ കണ്ടുകിട്ടുവോളം തേടിപ്പോകുന്ന ഉത്തരവാദിത്വമുള്ള ഇടയനെക്കുറിച്ചും നാം വായിക്കുന്നുണ്ട്.

ആദിമക്രൈസ്തവസഭയിൽ നല്ലിടയന്റെ ചിത്രം

ആദ്യകാല ക്രൈസ്തവർ പ്രാർത്ഥനയ്ക്ക് ഒരുമിച്ചു കൂടിയിരുന്ന ഇടങ്ങളിൽ ക്രിസ്തുവിനെ നല്ലിടയന്റെ ചിത്രം ഉപയോഗിച്ച് പ്രതീകാത്മകമായി വരച്ചുവയ്ക്കാറുണ്ടായിരുന്നു. റോമാസാമ്രാജ്യത്തിന്റെ കാലത്ത് ആദ്യനൂറ്റാണ്ടുകളിൽ മണ്ണിനടിയിൽ പ്രാർത്ഥനയ്ക്കും, മൃതസംസ്കാരത്തിനും ഒക്കെ ഉപയോഗിച്ചിരുന്ന പല കാറ്റക്കൊമ്പുകളിലും നല്ലിടയന്റെ ചിത്രം നമുക്ക് കാണാം. റോമൻ സാമ്രാജ്യത്തിന് കീഴിൽ പിന്നീട് ക്രൈസ്തവമതസ്വാതന്ത്ര്യം അനുവദിക്കപ്പെട്ടതിന് ശേഷവും ഈ ചിത്രം ഉപയോഗത്തിൽ തുടർന്നുപോന്നിരുന്നു. അഞ്ചാം നൂറ്റാണ്ടോടെ ഇന്ന് കാണുന്ന നല്ലിടയന്റെ ചിത്രങ്ങൾ പോലെ കൂടുതൽ സമ്പന്നമായ വസ്ത്രങ്ങളും പ്രഭാവലയവും ഒക്കെയുള്ള ചിത്രീകരണശൈലിയിലേക്ക് ഇത് കടന്നുവരുന്നുണ്ട്. ഫോറോ റൊമാനൊ എന്നറിയപ്പെടുന്ന പഴയ റോമൻ നഗരഭാഗത്ത് അഞ്ചാം നൂറ്റാണ്ടിൽ പണിചെയ്യപ്പെട്ടുവെന്ന് കരുതപ്പെടുന്ന വിശുദ്ധരായ കോസ്മ, ഡാമിയൻ എന്നിവരുടെ നാമത്തിലുള്ള ദേവാലയത്തിൽ ഇതുപോലൊരു ചിത്രമുണ്ട്.

ദൈവത്തിന്റെ ആടുകൾ

വിശുദ്ധഗ്രന്ഥത്തിലേക്ക് കടന്നുവരുമ്പോൾ, ജെറമിയ പ്രവാചകന്റെ പുസ്തകം 23-ആം അധ്യായത്തിൽ ഇസ്രയേലിന്റെ ദൈവമായ കർത്താവ് തന്റെ ജനത്തെക്കുറിച്ച് സംസാരിക്കുന്നത് "എന്റെ മേച്ചിൽസ്ഥലത്തെ ആടുകൾ" (ജെറമിയ 2,31) എന്നാണ്. തന്റെ ജനത്തെ സംരക്ഷിക്കാനായി തിരഞ്ഞെടുക്കപ്പെട്ട ഇടയന്മാർ തങ്ങളുടെ കടമ മറന്ന് ആട്ടിൻ കൂട്ടത്തെ ചിതറിച്ചുവെന്ന് യഹോവ പരിതപിക്കുന്നുണ്ട്. താൻ പരിപാലിക്കുവാനായി ഏൽപ്പിച്ച തന്റെ ആട്ടിൻപറ്റത്തെ ചിതറിയോടിച്ച, വിവിധ ദേശങ്ങളിലേക്ക് അവരെ ആട്ടിപ്പായിച്ച ഇടയന്മാർക്കു നേരെ അവിടുത്തെ ക്രോധം ഉയരുന്നു. ചിതറിക്കപ്പെട്ട ആടുകളെ തന്റെ ആലയിലേക്ക് തിരികെ കൊണ്ടുവരുവാനുള്ള ഒരു പദ്ധതിയാണ് ദൈവം ഈ വചനഭാഗത്ത് അറിയിക്കുന്നത്. സുരക്ഷിതമായ ഒരിടമാണ് ദൈവം അവർക്ക് വാഗ്ദാനം ചെയ്യുന്നത്. പഴയനിയമത്തിലുടനീളം ദൈവംതന്നെ തന്റെ ജനത്തെ നയിക്കുന്നത് നാം കാണുന്നുണ്ട്. അവന്റെ ആടുകൾ, ഇസ്രായേൽ ജനം, എല്ലായ്പ്പോഴും അനുസരണയുളളവരായിരുന്നില്ല. എങ്കിലും തിരികെ തന്റെ ആലയിലേക്ക്, ഓരോ പ്രവാചകരിലൂടെയും പിതാക്കന്മാരിലൂടെയും ദൂതന്മാരിലൂടെയും തന്റെ ജനത്തെ അവൻ തിരികെ കൊണ്ടുവരുന്നുണ്ട്. മരുഭൂമിയിൽ ലക്ഷ്യമില്ലാതെ അലയുന്ന ഇസ്രായേലിന് ദൈവം വഴികാട്ടിയാകുന്നതും നാം പഴയനിയമഗ്രന്ഥങ്ങളിൽ വായിക്കുന്നുണ്ട്. തേനും പാലുമൊഴുകുന്ന വാഗ്ദത്ത ഭൂമിയിലേക്ക്, പച്ചയായ പുൽമേടുകളിലേക്ക് അവൻ തന്റെ ജനത്തെ നയിക്കുന്നു.

തന്റെ ആടുകളെ മേയ്ക്കുവാൻ വ്യത്യസ്തമായൊരു പദ്ധതിയും അവനൊരുക്കിയിട്ടുണ്ട്. ഇനിമേൽ ദൈവജനത്തിന്, ദൈവത്തിന്റെ ആലയിലെ അജഗണത്തിന് ഭയപ്പെടുകയോ വേവലാതിപ്പെടുകയോ വേണ്ട, കാരണം അവരെ മേയ്ക്കുന്നതിന് നല്ല ഇടയന്മാരെ നിയോഗിക്കാൻ ദൈവം തീരുമാനിച്ചിരിക്കുന്നു; ദാവീദിന്റെ വംശത്തിൽ നീതിയുടെ ശാഖ മുളപ്പിക്കുവാൻ ദൈവം തീരുമാനിച്ചിരിക്കുന്നു. അങ്ങനെ, പുതിയനിയമത്തിലേക്ക് കടന്നുവരുന്നതിന് മുൻപുതന്നെ ഇസ്രായേൽജനത്തിന് പരിചിതമായ വാക്കുകളാണ് ഇടയനും ആടുകളും എന്നത്. ഈയൊരു ചിന്ത വ്യക്തമായി അറിയാവുന്ന ജനത്തോടാണ് യേശു താൻ നല്ലയിടയനാണെന്ന്, ആടുകളെ പിതാവിന്റെ ആലയിലേക്ക് നയിക്കുന്ന, സ്വജീവനേകുന്ന യഥാർത്ഥ ഇടയനാണെന്ന് പറയുന്നത്.

യേശു കണ്ടുമുട്ടുന്ന ഇടയന്മാർ

വിശുദ്ധ യോഹന്നാൻ, താൻ എഴുതിയ സുവിശേഷത്തിലെ പത്താം അധ്യായത്തിന്റെ ആദ്യപകുതി മുഴുവനും ഇടയന്മാരുമായി ബന്ധപ്പെട്ട് യേശു പറഞ്ഞ വാക്കുകൾ എഴുതുവാനാണ് നീക്കിവയ്ക്കുക. കൂലിക്കാരും ആത്മാർത്ഥതയില്ലാത്തതുമായ ഇടയന്മാരും നല്ല ഇടയന്മാരും തമ്മിലുള്ള വ്യത്യാസം ആടുകളോടുള്ള അവരുടെ സമർപ്പണബോധവുമായി ബന്ധപ്പെട്ടാണ് നമുക്ക് തിരിച്ചറിയാനാവുക. പഴയ, പുതിയ നിയമകാലങ്ങളിലെ ചില ഇടയന്മാരെങ്കിലും യേശു പറയുന്ന മോശം ഇടയന്മാരുടെ ഗണത്തിൽ പെടുന്നവരാണ്. യോഹന്നാന്റെ സുവിശേഷം പത്താം അധ്യായം 12-ആം വാക്യത്തിൽ ഇത്തരം ഇടയന്മാരെക്കുറിച്ച് യേശു പറയുന്നത് ഇങ്ങനെയാണ്: "ഇടയനല്ലാത്തവനും ആടുകൾ സ്വന്തമല്ലാത്തവനുമായ കൂലിക്കാരൻ ചെന്നായ് വരുന്നത് കാണുമ്പോൾ ആടുകളെ ഉപേക്ഷിച്ച് ഓടിപ്പോകുന്നു. ചെന്നായ് വന്ന് അവയെ പിടിക്കുകയും ചിതറിച്ചുകളയുകയും ചെയ്യുന്നു" (യോഹ. 10,12). തന്റെ സ്വന്തമെന്ന് കരുതി ആടുകളെ സ്നേഹിക്കാൻ ഒരു കൂലിക്കാരന് എളുപ്പമല്ല. ആടുകളുടെ സംരക്ഷണവും ഭക്ഷണവുമൊക്കെ കടമയായി മാത്രം കാണുന്ന, കൂലിക്കുവേണ്ടി ഇടയവേഷമണിയുന്ന ആളുകളായി പല ഇടയന്മാരും അധഃപതിച്ചിട്ടുണ്ട്.

സുവിശേഷത്തിൽ, ദൈവത്തിന്റെ ആലയിലെ ദൈവജനമെന്ന ആടുകളുടെ അടുത്തേക്ക് വരുന്ന മറ്റൊരു കൂട്ടർ കള്ളന്മാരും കവർച്ചക്കാരുമാണ്. പിൻവാതിലിലൂടെ കടന്നുവരുന്നവർ. നേരായ മാർഗ്ഗമറിഞ്ഞിട്ടും, സ്വാർത്ഥതാല്പര്യങ്ങൾക്ക് വേണ്ടി ആടുകളെ ഉപയോഗിക്കുന്ന, ആടുകളുടെമേൽ കരുണയ്ക്ക് പകരം നിയമത്തിന്റെ കാഠിന്യമേറുന്ന ചാട്ടവാറോങ്ങുന്ന കള്ള ഇടയന്മാർ. ഇതിനൊരു ഉദാഹരണമായി നിൽക്കുന്നത്, നല്ലിടയനെക്കുറിച്ചുള്ള ഭാഗമടങ്ങുന്ന പത്താം അധ്യായത്തിന് തൊട്ടു മുൻപ് സുവിശേഷകൻ പറഞ്ഞുവയ്ക്കുന്ന ഒരു കൂട്ടം മനുഷ്യരാണ്. യേശു സുഖപ്പെടുത്തിയ അന്ധനായ മനുഷ്യനെ, യേശുവിനെക്കുറിച്ച് അവൻ ദൈവത്തിൽനിന്നുള്ളവനാണെന്ന് സാക്ഷ്യമേകി എന്ന ഒരു കുറ്റം അവന്റെമേൽ ആരോപിച്ചുകൊണ്ട് ഫരിസേയർ പുറത്താക്കി എന്ന് നാം യോഹന്നാന്റെ സുവിശേഷത്തിന്റെ ഒൻപതാം അധ്യായം അവസാനഭാഗത്ത് വായിക്കുന്നുണ്ട്. സാബത്ത് ദിവസം നന്മ ചെയ്യാൻ പോലും മനുഷ്യരെ അനുവദിക്കാത്ത, ആടുകളുടെ നന്മ ആഗ്രഹിക്കാത്ത കപടവേഷധാരികളായ ഇടയന്മാരാണവർ. ആത്മീയാന്ധത ബാധിച്ച, നന്മയെന്തെന്ന് തിരിച്ചറിഞ്ഞിട്ടും, നിയമത്തിന്റെയും നൂലാമാലകളുടെയും മറവിൽ ആടുകൾക്ക് നീതി നിഷേധിക്കുന്ന കൂലിക്കാർ. ആടുകൾക്കിടയിൽ സ്വരമുയർത്തുന്നവരെല്ലാം നല്ല ഇടയന്മാരാകണമെന്നില്ല. പിൻവാതിലുകളിലൂടെ, അർഹതയില്ലാതെ, കച്ചവടതന്ത്രങ്ങളിലൂടെ ഇടയന്റെ വേഷമണിയുന്ന, ദൈവജനത്തിന്റെ നന്മയ്ക്കുവേണ്ടി അധ്വാനിക്കാൻ തയ്യാറാകാത്ത എത്രയോ ഇടയന്മാരെ, ഇസ്രായേൽ കണ്ടിട്ടുണ്ട്.

യേശു ദൈവമയച്ച നല്ല ഇടയൻ

കൂലിക്കാരും കവർച്ചക്കാരും ചേർന്ന് തന്റെ ജനത്തിന്റെ ജീവിതം ദുസ്സഹമാക്കുമ്പോൾ, യഥാർത്ഥ വാതിലിലൂടെ, പിതാവിൽനിന്ന് നിയോഗമേറ്റുവാങ്ങി കടന്നുവരുന്ന നല്ല ഇടയനായി യേശു തന്നെത്തന്നെ അവതരിപ്പിക്കുന്നു. ആടിന്റെ ചൂരറിയുന്ന, ഗന്ധമറിയുന്ന, അവയുടെ വിശപ്പും ദാഹവും തിരിച്ചറിയുന്ന ആത്മാർത്ഥതയുള്ള ഇടയൻ. യേശുവിന്റെ വാക്കുകളിൽ പറഞ്ഞാൽ, "പിതാവ് എന്നെയും ഞാൻ പിതാവിനെയും അറിയുന്നതുപോലെ ഞാൻ എനിക്കുള്ളവയെയും എനിക്കുള്ളവ എന്നെയും അറിയുന്നു" (യോഹ. 10,14). യോഹന്നാന്റെ സുവിശേഷം ഒൻപതാം അധ്യായത്തിൽ ഫരിസേയർ തള്ളിക്കളയുന്ന അന്ധനെപ്പോലെ, മുറിവുകളേറ്റ, ആലയിൽനിന്ന് അകറ്റപ്പെട്ട ഒരുപാട് ജീവിതങ്ങൾ തന്റെ പിതാവിന്റെ അജഗണത്തിലുണ്ടെന്ന് തിരിച്ചറിയുന്ന യേശു, കൂലിക്കാരെപ്പോലെ പെരുമാറിയിരുന്ന അന്നത്തെ ഇടയന്മാർക്ക് മുന്നിൽ, പിതാവിനോട് ചേർന്ന് നിൽക്കുന്ന, അവിടുത്തെ ഹൃദയമറിയുന്ന തന്റെ ജീവിതം പിതാവിന്റെ അജഗണത്തിന് മുന്നിൽ തുറന്നുവയ്ക്കുന്നു. ചിതറിപ്പോയ ഇസ്രായേൽ ജനത്തെ, യഥാർത്ഥ ഇടയനായി പ്രതീക്ഷയോടെ കാത്തിരിക്കുന്ന അജഗണത്തെ, ദൈവത്തിന്റെ ആലയിലേക്ക് ഒരു ഗണമായി നയിക്കുവാനാണ് അവൻ സ്വജീവൻ നൽകുന്നത്. ദൈവജനത്തെ മനസ്സിലാക്കുന്ന, അവരെ പേരുചൊല്ലി വിളിക്കുന്ന, അവർക്കു മുൻപേ നടക്കുന്ന, ഏതു ബുദ്ധിമുട്ടേറിയ മരണത്തിന്റെ താഴ്‌വരളിലൂടെയും, കാൽവരിയിലൂടെയും ദൈവത്തിന്റെ അജഗണത്തെ നയിക്കാൻ പോന്ന, അവർക്കായി ജീവനേകുന്ന, നല്ലയിടയനാണവൻ. പിതാവാണ് തന്നെ അയച്ചതെന്ന് പലവുരു, പല രീതികളിലൂടെ അവൻ തന്റെ ജനത്തോട് വിളിച്ചുപറയുന്നുണ്ട്. പിതാവിലേക്ക് അവന്റെ ജനത്തെ നയിക്കേണ്ട നിയോഗമാണ് നല്ലയിടയനായ യേശു ഏറ്റെടുത്തിരിക്കുന്നത്. അജഗണത്തിന് വഴികാട്ടിയാകേണ്ട ദൈവപുത്രന്റെ സ്വരവും സ്വഭാവവുമാണ് യേശുവിന്റെ വാക്കുകളിലും പ്രവൃത്തികളിലും നാം കാണുക.

ജീവൻ നൽകുന്ന ഇടയൻ

യോഹന്നാന്റെ സുവിശേഷം പത്താം അധ്യായം പതിനൊന്നാം വാക്യത്തിൽ യേശു നല്ല ഇടയന്റെ സ്വഭാവം വ്യക്തമാക്കുന്നുണ്ട്. ആടുകൾക്ക് വേണ്ടി ജീവൻ അർപ്പിക്കുന്നവനാണ് നല്ല ഇടയൻ (ജോൺ 10, 11). ചെന്നായ് വരുന്നത് കാണുമ്പോൾ ആടുകളെ ഉപേക്ഷിച്ച് സ്വജീവൻ രക്ഷിക്കാനായി ഓടിപ്പോകുന്നവനല്ല നല്ല ഇടയൻ. ആടുകളെ ഒരുമിച്ചുകൂട്ടുന്ന ആലയുടെ വാതിലായി തുറന്നു കിടക്കുന്ന ഭാഗത്തിന് കുറുകെയാണ് സാധാരണ ഇടയന്മാർ കിടക്കുകയെന്ന് നാമൊക്കെ കേട്ടിട്ടുണ്ട്. കാരണം, ആടിനെ കൊന്നു തിന്നുവാൻ വരുന്ന മൃഗങ്ങളാകട്ടെ, അവയെ കട്ട് കൊണ്ടുപോകുവാൻ വരുന്ന കള്ളന്മാരാകട്ടെ, ഇടയനുറങ്ങുന്ന ഇടം കടന്നുവേണം ആടുകളുടെ അടുത്തെത്താൻ. ഒരിടയനെ മറികടന്ന് ആടുകൾക്കരികിലേക്ക് പോകാൻ ഇരുവരും മടിക്കും. എന്നാൽ ആടുകളെക്കുറിച്ച് കൂടുതലൊന്നും വിചാരമില്ലാത്ത കൂലിക്കാരാകട്ടെ, സൗകര്യമായി ഉറങ്ങാൻ പറ്റുന്നയിടങ്ങളിലേക്ക് മാറിയാണുറങ്ങുക. ആടുകളിലൊന്ന് നഷ്ടപ്പെട്ടാലും, തന്റെ ഉറക്കത്തിന് ഭംഗം വരരുത്, തനിക്ക് ആപത്തുകളൊന്നും വരരുത് എന്ന ചിന്തയാണ് കൂലിക്കാരനായ ഇടയനെ നയിക്കുക. നല്ല ഇടയന്റെ ചിത്രം വളരെ ഭംഗിയുള്ളതും ആകർഷകവുമായി യേശു വരച്ചുവയ്ക്കുമ്പോൾ, പലരുടെയും ഉള്ളിൽ ഒരു ചോദ്യമുയർന്നേക്കാം. എവിടെയാണ് ഇതുപോലെ കുറച്ച് ആടുകൾക്കുവേണ്ടി ജീവൻ കളയാൻ തയ്യാറാകുന്ന ഒരു ആട്ടിടയൻ ഉണ്ടാവുക? എന്നാൽ, സ്വമനസ്സാലെ തന്റെ ജീവിതം മനുഷ്യരുടെ രക്ഷയ്ക്കായി ബലിയർപ്പിക്കുവാൻ തയ്യാറാകുന്ന ദൈവപുത്രന്റെ ജീവിതം മുന്നിലുള്ളപ്പോൾ നല്ല ഇടയന്റെ ഉപമ വ്യർത്ഥമല്ലെന്ന് നമുക്കറിയാം. തന്റെ ജീവൻ ദൈവത്തിന്റെ അജഗണത്തിനായി നൽകിയവനാണവൻ. ജീവിച്ചിരിക്കുമ്പോഴും, മരണത്തിലും പിതാവിന്റെ ഹിതം നിറവേറ്റുവാനും ജനത്തിന് രക്ഷ കരഗതമാകുവാനുമാണ് യേശു സ്വയം സമർപ്പിക്കുന്നത്. പിതാവിനോട് ചേർന്ന് നിന്നുകൊണ്ട്, ജനത്തിന്റെ രക്ഷയ്ക്കായി കുരിശിൽ സമർപ്പിക്കപ്പെട്ട ജീവിതം. യേശുവിന്റെ മാതൃകയിൽ ദൈവജനത്തെ നയിക്കുവാനുള്ള ഓരോ ഇടയന്മാരുടെയും, സഹോദരങ്ങൾക്ക് ജീവിതത്തിൽ ദൈവത്തിലേക്കുള്ള ചൂണ്ടുപലകകളും കൈത്താങ്ങുമാകാനുള്ള ഓരോ ക്രൈസ്തവരുടെയും വിളികൾ തിരിച്ചറിഞ്ഞ് ജീവിക്കാനാണ് നാമെല്ലാവരും വിളിക്കപ്പെട്ടിരിക്കുന്നത് എന്ന ഒരോർമ്മപ്പെടുത്താൽ നല്ല ഇടയന്റെ ചിത്രം നമ്മുടെ മുന്നിൽ വയ്ക്കുന്നുണ്ട്.

ആടുകൾ ഇടയനോടൊപ്പം

നല്ല ഇടയനായ യേശുവിനെപ്പോലെ, സ്വാർത്ഥതയില്ലാതെ ജീവിതം ദൈവജനത്തിനായി നൽകുന്ന ആട്ടിടയന്മാരെക്കുറിച്ചുള്ള ചിന്ത നല്ല ഇടയൻ എന്ന പ്രയോഗം നമ്മുടെ മുന്നിൽ വയ്ക്കുന്നുണ്ട്. എന്നാൽ തങ്ങളുടെ ഇടയനോടൊത്ത്, ഇടയന്റെ വിളികേട്ട് നടക്കുന്ന ആടുകളുടെ ഒരു ചിത്രം കൂടി നല്ല ഇടയന്റെ ഉപമ നമുക്ക് മുന്നിൽ കാട്ടിത്തരുന്നുണ്ട്. യഥാർത്ഥ ഇടയസ്വരം തിരിച്ചറിയുന്ന, ഇടയന്റെ പിന്നാലെ മാത്രം സഞ്ചരിക്കുന്ന ആടുകൾ. അപരിചിതനിൽനിന്ന് ഓടിയകലാൻ, ദൈവത്തിന്റെ ആലയിൽനിന്ന് ആടുകളെ അകറ്റുന്ന സ്വരങ്ങളിൽനിന്ന് മാറി നിൽക്കാൻ ഉള്ള കഴിവ് ആടുകൾക്കുണ്ടാകണം. പഴയകാലത്ത് ചില ആലകളിൽ പല ഇടയന്മാരുടെ ആടുകളുണ്ടാകുമായിരുന്നു. അവയെ വേർതിരിച്ചറിയാൻ എന്തെങ്കിലും അടയാളങ്ങൾ അവയുടെ മേൽ ഉണ്ടാകും. എന്നാൽ പ്രഭാതത്തിൽ ഇടയൻ വിളിക്കുമ്പോൾ, അനേകം സ്വരങ്ങളിൽ തങ്ങളുടെ ഇടയന്റെ സ്വരം തിരിച്ചറിഞ്ഞ് അവനു പിന്നാലെ അവ പുറത്തേക്കിറങ്ങിവരും. യേശുവിന്റെ സ്വരം കേട്ട്, അവൻ തങ്ങളെ പേരെടുത്ത് വിളിക്കുന്നത് കേട്ടാണ് ഓരോ ശിഷ്യന്മാരും അവനു പിന്നാലെ നടന്നത്. ഇടയന്റെ സ്വരം തിരിച്ചറിഞ്ഞ്, അവനാകുന്ന വാതിലിലൂടെ പിതാവിന്റെ ആലയിലേക്ക് നടക്കുവാനുള്ള വിവേകവും തിരിച്ചറിവുമാണ് വിശ്വാസം നമ്മിൽ നിറയ്‌ക്കേണ്ടത്.

ഉപസംഹാരം

ദൈവജനത്തെ നയിക്കുവാനായി തിരഞ്ഞെടുക്കപ്പെട്ട ഇടയർ, അധികാരത്തിന്റെയും സ്ഥാനമോഹത്തിന്റെയും പ്രലോഭനങ്ങളിൽപ്പെട്ട് തങ്ങളുടെ കടമകൾ മറന്നപ്പോൾ, നിയമത്തിന്റെയും ആചാരങ്ങളുടെയും നൂലാമാലകളിൽ ജനങ്ങളെ കുരുക്കിയിട്ട് യഥാർത്ഥ ദൈവികചിന്തയിൽനിന്ന് അവരെ അകറ്റിയപ്പോൾ, ദൈവപുത്രനായ ക്രിസ്തു, ഒരു യഥാർത്ഥ നല്ല ഇടയൻ ആരാണ് എന്ന് തന്റെ ജീവിതം കൊണ്ടും വാക്കുകൾ കൊണ്ടും പഠിപ്പിക്കുന്ന മനോഹരമായ ഒരു സുവിശേഷഭാഗമാണ് വിശുദ്ധ യോഹന്നാന്റെ പത്താം അധ്യായം. കപട ഇടയന്മാരുടെയും കൂലിക്കാരുടെയും മുന്നിൽ തന്റെ ധന്യമായ ജീവിതം മുൻനിറുത്തിയാണ് അവൻ പഠിപ്പിക്കുന്നത്. ദൈവഹിതം ദൈവജനത്തെ അറിയിക്കുവാനെത്തിയ, അവരെ ഓരോരുത്തരെയും, അവരുടെ ജീവിതസാഹചര്യങ്ങളിൽ പേര് ചൊല്ലി വിളിക്കുന്ന, അവരെ ചേർത്തുപിടിക്കുന്ന, സുഭിക്ഷമായ ദൈവസ്നേഹത്തിന്റെ, നിത്യരക്ഷയുടെ പുൽപ്പരപ്പുകളിലേക്ക് അവരെ നയിക്കുന്ന, ദൈവജനത്തിന് ജീവനുണ്ടാകുവാനായി തന്റെ ജീവനേകുവാൻ തയ്യാറാകുന്ന നല്ല ഇടയൻ. എന്നാൽ ഈ വചനഭാഗം നമ്മെ ഓരോരുത്തരെയും ഓർമ്മിപ്പിക്കുന്ന രണ്ടാമതൊരു കാര്യം കൂടിയുണ്ടെന്ന് നാം കണ്ടു. ഇടയന്റെ സ്വരത്തിനായി കാത്തിരിക്കുന്ന, അവന്റെ സ്വരം തിരിച്ചറിയുന്ന ഒരു ദൈവജനമായി കർത്താവിന്റെ ആലയിൽ തുടരുവാനുള്ള ഒരു ക്ഷണം കൂടി യേശു ഇന്ന് നമുക്ക് മുന്നിൽ വയ്ക്കുന്നുണ്ട്. ദൈവജനത്തെ നയിക്കുന്നവർ വ്യക്തിതാല്പര്യങ്ങളും സ്വാർത്ഥതയും അവസാനിപ്പിച്ച്, ദൈവഹിതമനുസരിച്ച്, ദൈവത്തിന്റെ ആലയിലേക്ക് അവരെ നയിക്കട്ടെ. അതേസമയം, ദൈവത്തിന്റെ അജഗണമെന്ന നിലയിൽ, മനഃസാക്ഷിയിൽ, തിരുവചനത്തിൽ, ദൈവം നിയോഗിച്ച നല്ല ഇടയന്മാരുടെ വാക്കുകളിൽ യഥാർത്ഥ ദൈവസ്വരം തിരിച്ചറിയാനും സ്വർഗ്ഗരാജ്യത്തിന്റെ വിശുദ്ധിയെ ലക്ഷ്യമാക്കി ഈ ഭൂമിയിൽ ജീവിക്കുവാനും നമുക്ക് സാധിക്കട്ടെ. നല്ല ഇടയനായ യേശുവിന്റെ പിന്നാലെ വിശ്വസ്തതയോടെ സഞ്ചരിക്കാൻ ദൈവം നമ്മെ അനുഗ്രഹിക്കട്ടെ.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

26 March 2023, 14:22