ജീവജലത്തിന്റെ അരുവിയും ലോകത്തിന്റെ പ്രകാശവുമായ യേശു ക്രിസ്തു
മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി
പിതാവായ ദൈവം ലോകത്തിന്റെ രക്ഷയ്ക്കായി അയച്ച ക്രിസ്തു തന്നെത്തന്നെ മനുഷ്യരിലെ ദൈവത്തിനായുള്ള ദാഹം തീർക്കുന്ന ജീവജലത്തിന്റെ ഉറവയായും, ലോകത്തിൽ ദൈവത്തിന്റെ വഴിയേ ചരിക്കുവാൻ ആഗ്രഹിക്കുന്ന മനുഷ്യർക്ക് പ്രകാശം നൽകുന്നവനുമായി തന്നെത്തന്നെതുമാണ് വിശുദ്ധ യോഹന്നാന്റെ സുവിശേഷം ഏഴാം അധ്യായത്തിന്റെ അവസാനഭാഗത്തും എട്ടാം അധ്യായം ആദ്യഭാഗത്തും നാം കാണുന്നത്..
യൂദയായിലെ കൂടാരത്തിരുനാൾ
യഹൂദരെ സംബന്ധിച്ചിടത്തോളം പെസഹാത്തിരുനാൾ പോലെ ഏറെ പ്രധാനപ്പെട്ട ഒന്നാണ് കൂടാരത്തിരുനാൾ. തങ്ങൾ മരുഭൂമിയിലൂടെ വാഗ്ദത്തഭൂമിയിലേക്ക് നടത്തിയ യാത്രയുടെ ഓർമ്മ കൂടിയാണ് അവർ ഈ തിരുനാളിൽ അനുസ്മരിച്ചു പോന്നത്. എട്ടു ദിവസങ്ങൾ നീണ്ടുനിൽക്കുന്ന കൂടാരത്തിരുനാളിന് ഒരു പ്രത്യേകതയുണ്ട്. ഇസ്രായേൽജനം മരുഭൂമിയിൽ ആയിരുന്ന കാലത്ത് അവർക്ക് ദൈവം അത്ഭുതകരമായി വെള്ളം നൽകിയതിനെ അനുസ്മരിക്കുന്നതിനായി, ഗീഹോൻ അരുവിയിൽനിന്ന് സീലൊഹാക്കുളത്തിലേക്ക് ഒഴുകിയെത്തുന്ന ജലം എടുത്തുകൊണ്ടുവന്ന് ജനങ്ങളുടെമേൽ തളിക്കുകയും അൾത്താരയിൽ ഒഴിക്കുകയും ചെയ്യുമായിരുന്നു എന്നാണ് പറയുന്നത്.. എന്നാൽ എട്ടാം ദിവസത്തിൽ ഇങ്ങനെ വെള്ളം ഒഴിക്കില്ല, മറിച്ച് അന്നേ ദിവസം, വെള്ളത്തിനായി തങ്ങൾ മരുഭൂമിയിൽ പ്രാര്ഥിച്ചതിന്റെ ഓർമ്മയിൽ പ്രത്യേകപ്രാർത്ഥനകൾ മാത്രമാണ് ഉണ്ടാവുക. തന്റെ പരസ്യജീവിതത്തിന്റെ അവസാനത്തിലേക്ക് അടുക്കുന്ന സമയമായെന്ന് അറിയുന്ന യേശു യഹൂദരുടെ മതപരമായ ആഘോഷങ്ങളുടെ അവസാനം കുറിക്കുന്ന കൂടാരത്തിരുനാളിൽ സംബന്ധിക്കാനായി രഹസ്യമായി യൂദയായിലേക്കെത്തി, ദേവാലയത്തിൽ പ്രവേശിച്ചു യഹൂദരെ പഠിപ്പിക്കുവാൻ തുടങ്ങി. താൻ അയക്കപ്പെട്ടവനാണ് എന്ന ഒരു സത്യം വിളിച്ചുപറയുന്ന യേശുവിൽ വിശ്വസിക്കുന്നതിന് പകരം യഹൂദർ അവനെ ബന്ധനസ്ഥനാക്കാനാണ് പരിശ്രമിക്കുന്നത്. ദേവാലയത്തിലായിരുന്ന യേശുവിനെ ബന്ധനസ്ഥനാക്കുവാൻ രണ്ടുവട്ടം അവർ ശ്രമിച്ചെങ്കിലും അത് സാധിക്കുന്നില്ല. യേശുവിന്റെ വിജ്ഞാനം ചിലരെ അമ്പരപ്പിക്കുകയും വിശ്വാസത്തിലേക്ക് നയിക്കുകയും ചെയ്യുമ്പോൾ, മറ്റു പലരെയും, അവൻ ക്രിസ്തുവാണോയെന്ന സംശയത്തിലേക്ക് അത് നയിക്കുന്നുണ്ട്.
ജീവന്റെ ജലം
കൂടാരത്തിരുനാൾ അവസാനിക്കുന്ന എട്ടാം ദിനത്തിലാണ് യേശു ജനമധ്യത്തിൽ എഴുന്നേറ്റു നിന്ന് ശബ്ദമുയർത്തി പറയുക: "ആർക്കെങ്കിലും ദാഹിക്കുന്നെങ്കിൽ അവൻ എന്റെ അടുക്കൽ വന്നു കുടിക്കട്ടെ" (യോഹ. 7, 37). പഴയനിയമത്തിൽ യഹോവ കുടിക്കുവാനായി നൽകിയ ജലമല്ല, ദൈവത്തിനായുള്ള ഓരോ മനുഷ്യ ഹൃദയത്തിന്റെയും ദാഹമകറ്റുന്ന ജീവന്റെ ജലമാണ് യേശു വാഗ്ദാനം ചെയ്യുന്നത്. "എന്നിൽ വിശ്വസിക്കുന്നവന്റെ ഹൃദയത്തിൽനിന്ന് വിശുദ്ധ ലിഖിതം പ്രസ്താവിക്കുന്നതുപോലെ ജീവജലത്തിന്റെ അരുവികൾ ഒഴുകും. അവൻ ഇത് പറഞ്ഞത് തന്നിൽ വിശ്വസിക്കുന്നവർ സ്വീകരിക്കാനിരിക്കുന്ന ആത്മാവിനെപ്പറ്റിയാണ്" (യോഹ. 7, 38-39). യേശുവിന്റെ മരണത്തിനുശേഷമുള്ള പുനരുത്ഥാനത്തിനുമപ്പുറം തന്നോട് ചേർന്ന് നിൽക്കുന്നവർക്ക് ആത്മാവിനെ യേശു ധാരാളമായി വർഷിക്കുന്നുണ്ട്. ജീവജലത്തിന്റെ അരുവിയായ പരിശുദ്ധാത്മാവിനെ സ്വന്തമാക്കാൻ യേശുവിനോട് ചേർന്ന് നിൽക്കണമെന്ന് വിശുദ്ധഗ്രന്ഥം ഇന്ന് നമ്മെ ഓർമ്മിപ്പിക്കുന്നു. വിശ്വാസത്തോടെ യേശുവിനോട് ചേർന്ന് നിന്ന്, അവിടുത്തെ പരിശുദ്ധാത്മാവിനെ സ്വന്തമാക്കിയവ മനുഷ്യരുടെ ജീവിതത്തിലൂടെ വിശ്വാസത്തിന്റെ സാക്ഷ്യം ലോകത്തിന് തന്നെ ജീവനേകുന്ന സന്ദേശമായി ഒഴുകും.
തന്നിൽനിന് കുടിച്ച് ദാഹമകറ്റാനുള്ള യേശുവിന്റെ ക്ഷണത്തിന് മുന്നിൽ കുറച്ചുപേർ അവനെ ഒരു പ്രവാചകനായി കാണുന്നുണ്ട്. ചിലർ അവനെ ക്രിസ്തുവായി മനസിലാക്കുന്നു. എന്നാൽ ജനത്തെ സത്യം പഠിപ്പിക്കേണ്ട ഫരിസേയരും പുരോഹിതപ്രമുഖരും അവരെ യേശുവെന്ന അരുവിയിൽനിന്ന് അകറ്റുന്ന കാര്യമാണ് നാം ഈ സുവിശേഷഭാഗത്ത് കാണുക.
ലോകത്തിന്റെ പ്രകാശമായ യേശു
കൂടാരത്തിരുനാളിനോടനുബന്ധിച്ച് ജെറുസലേം ദേവാലയം പ്രകാശത്തിൽ കുളിച്ചാണ് നിൽക്കുക. ദേവാലയത്തെ പ്രകാശിപ്പിക്കുന്ന വലിയ നാലു പന്തങ്ങൾ ഉണ്ടായിരുന്നു. പുറപ്പാട് സംഭവത്തിന്റെ സമയത്ത് ജനത്തിന് വഴികാട്ടിയായി ഉണ്ടായിരുന്ന പ്രകാശത്തെയാണ് ഈ പന്തങ്ങൾ സൂചിപ്പിച്ചിരുന്നത്. അവയുടെ പ്രകാശത്തിന് മുന്നിൽ നിന്നുകൊണ്ടാണ് യേശു പറയുക: "ഞാൻ ലോകത്തിന്റെ പ്രകാശമാണ്. എന്നെ അനുഗമിക്കുന്നവർ ഒരിക്കലും അന്ധകാരത്തിൽ നടക്കുകയില്ല. അവനു ജീവന്റെ പ്രകാശമുണ്ടായിരിക്കും" (യോഹ. 8, 12).
യഥാർത്ഥ പ്രകാശമായി തന്നെത്തന്നെ യേശു അവതരിപ്പിക്കുന്നതിന് തൊട്ടു മുൻപ്, തന്റെ മുൻപിൽ എത്തിക്കപ്പെട്ട പാപിനിയായ സ്ത്രീയുടെ ജീവിതത്തെ, യഥാർത്ഥ സ്വാതന്ത്ര്യത്തിന്റെ, ജീവന്റെ പ്രകാശത്തിലേക്ക് തിരികെ കൊണ്ടുവരുന്ന ഒരു മനോഹരമായ സംഭവവും വിശുദ്ധ യോഹന്നാൻ എഴുതിവയ്ക്കുന്നുണ്ട്. മരണത്തിന്റെ ഇരുളിലേക്ക് തള്ളപ്പെടുവാൻ, കല്ലെറിഞ്ഞു കൊല്ലപ്പെടുവാനായി കൊണ്ടുവരപ്പെട്ട ഒരു സ്ത്രീയാണവൾ. ഇസ്രായേൽ ജനത്തെ ദൈവവിശ്വാസത്തിന്റെയും ഉദ്ബോധനങ്ങളുടെയും പ്രകാശമേകി നയിക്കേണ്ട നിയമജ്ഞരും ഫരിസേയരും ഒരു ഇസ്രായേൽ പുത്രിയെ മരണത്തിന് ഏല്പിച്ചുകൊടുക്കുവാൻ കൊണ്ടുവരുമ്പോൾ, അവളെ ജീവന്റെ പ്രകാശത്തിലേക്ക് യഥാർത്ഥ പ്രകാശമായ യേശു തിരികെ നയിക്കുന്നു.
തന്നെ അനുഗമിക്കുന്നവർക്ക് പ്രകാശമേകുന്നവനാണ് യേശു. നിരാശയുടെ, അജ്ഞതയുടെ, മരണത്തിന്റെ ഇരുട്ടിൽ പതിക്കാതിരിക്കാൻ ലോകത്തിന്റെ യഥാർത്ഥ പ്രകാശമായ ക്രിസ്തുവിൽ വിശ്വസിക്കാനും അവനെ അനുഗമനം ചെയ്യാനും ഇന്നത്തെ സുവിശേഷം നമ്മയും ക്ഷണിക്കുന്നുണ്ട്. യേശുവിനെ തൻറെ ജീവിതത്തിന്റെ ഓരോ നിമിഷങ്ങളിലും പിഞ്ചെല്ലുവാൻ ഒരുവൻ പരിശ്രമിക്കുമ്പോൾ അവന്റെ ജീവൻ എപ്പോഴും നിത്യപ്രകാശമായ ക്രിസ്തുവിന്റെ വെളിച്ചത്തിലായിരിക്കും.
കണ്ണടച്ച് ഇരുട്ടാക്കുന്നവർ
യേശുവെന്ന പ്രകാശത്തെ തിരിച്ചറിയാനോ, അവനെ പിൻചെല്ലാനോ ഫരിസേയരും പുരോഹിതപ്രമുഖരും തയ്യാറാകുന്നില്ല. അവർക്ക് വേണ്ടത് സാക്ഷ്യമാണ്. എന്നാൽ യേശു തന്റെ ജീവിതത്തിലൂടെ നൽകുന്ന സാക്ഷ്യം അവന്റെ ദൈവികമായ സാന്നിധ്യം, അവന്റെ ജീവനേകുന്ന പ്രവർത്തികൾ, ആത്മാവിന്റെ ദാഹമാറ്റുന്ന ജീവജാലമായ പരിശുദ്ധാത്മാവിനെ നൽകുന്നത്, അനേകരെ യേശുക്രിസ്തുവിലുള്ള വിശ്വാസം ജീവന്റെ പ്രകാശത്തിലേക്ക് നയിക്കുന്നത് ഇവയൊന്നും തിരിച്ചറിയാനോ, കണ്ടാലും കണ്ടില്ലെന്ന് നടിക്കാനോ ശ്രമിക്കുന്ന അനേകരുടെ ജീവിതങ്ങളും ഇതുതന്നെയാണ് ചെയ്യുന്നത്.
രക്ഷിക്കാനായി വിളിക്കപ്പെട്ടവർ ശിക്ഷിക്കാൻ ശ്രമിക്കുമ്പോൾ, ജീവനെ പരിപാലിക്കുവാൻ വിളിക്കപ്പെട്ടവർ ജീവനെടുക്കാൻ പരിശ്രമിക്കുമ്പോൾ, പഠിപ്പിക്കുവാനായി വിളിക്കപ്പെട്ടവർ സത്യത്തെ അംഗീകരിക്കാതിരിക്കുമ്പോൾ, ദൈവികതയെക്കുറിച്ച് പഠിപ്പിക്കുവാൻ നിയോഗിക്കപ്പെട്ടവർ മാനുഷികമായ വാഗ്വാദങ്ങളിൽ ഏർപ്പെടുകയും മാനുഷികമായ തെളിവുകൾ ആവശ്യപ്പെടുകയും ചെയ്യുമ്പോൾ, ദൈവപുത്രനായ യേശു തന്റെ പ്രവൃത്തികളിലൂടെയും ഉദ്ബോധനങ്ങളിലൂടെയും തന്റെ നിയോഗത്തിന്റെ, ദൈവികതയുടെ തെളിവുകൾ നിരത്തുകയാണ്. തന്നോടൊപ്പമുള്ള പിതാവിനെ തിരിച്ചറിയാൻ ഫരിസേയർക്ക് സാധിച്ചില്ലെന്ന് യേശു അവരെ കുറ്റപ്പെടുത്തുന്നു. യേശുവിൽ ദൈവത്തെ തിരിച്ചറിയുവാൻ പരിശ്രമിക്കാത്തവർക്ക് ദൈവത്തെക്കുറിച്ചുള്ള അറിവില്ലെന്ന് അവിടുന്ന് വ്യക്തമാക്കുന്നു.
ജീവിതത്തിലേക്കുള്ള ചോദ്യങ്ങൾ
ലോകത്തിൽ ക്രൈസ്തവരെന്ന പേരിൽ നാം ജീവിക്കുമ്പോൾ, യഥാർത്ഥത്തിൽ ക്രിസ്തുവിനെ തിരിച്ചറിഞ്ഞ് ജീവിക്കുന്നവരാണോ നാമെന്ന ഒരു ചോദ്യം ഇന്നത്തെ സുവിശേഷം നമ്മിലുണർത്തുണ്ട്. ദൈവാത്മാവിനെ ഉള്ളിൽ സ്വീകരിച്ച് മറ്റുള്ളവരിലേക്ക് വിശ്വാസത്തിന്റെ ദാഹമകറ്റുന്ന സാക്ഷ്യത്തിന്റെ ജലമൊഴുക്കുന്ന അരുവികളായി നാം മരുന്നുണ്ടോ? യേശുവിനെപ്പോലെ പ്രകാശം പരത്തുന്ന, ജീവന്റെ പ്രകാശത്തിലേക്ക് മറ്റുള്ളവരെ നയിക്കുന്ന വ്യക്തികളാണോ നാം? റോമക്കാർക്കുള്ള ലേഖനം പന്ത്രണ്ടാം അധ്യായത്തിൽ വിശുദ്ധ പൗലോസ് ഓർമ്മിപ്പിക്കുന്നതുപോലെ, ഈ ലോകത്തിന്റെ ചിന്തകൾക്കും ന്യായങ്ങൾക്കും അനുരൂപരാകാതെ മനസ്സിന്റെ നവീകരണം വഴി രൂപാന്തരപ്പെട്ട്, ദൈവഹിതം എന്തെന്നും, നല്ലതും പ്രീതിജനകവും പരിപൂർണ്ണവുമായതും എന്തെന്നും വിവേചിച്ചറിയാൻ നമുക്ക് പരിശ്രമിക്കാം (cfr. റോമാ. 12, 2) യഥാർത്ഥ വിശ്വാസത്തിന്റെ സാക്ഷികളായി, മനുഷ്യാത്മാവിൽ ദൈവത്തിനായുള്ള ദാഹത്തിന് ശമനം വരുത്തുന്ന മനുഷ്യരായി, ലോകത്തെ ക്രിസ്തുവിന്റെ പ്രകാശത്തിലേക്ക് നയിക്കുന്ന മനുഷ്യരായി, നമ്മുടെ ജീവിതം നയിക്കാൻ, ദൈവത്തിന് ജീവിതം സമർപ്പിച്ച യഥാർത്ഥ ക്രൈസ്തവരാകുവാൻ നമുക്ക് പരിശ്രമിക്കാം. ദൈവം നമ്മെ അനുഗ്രഹിക്കട്ടെ.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: