തിരയുക

യേശു മരുഭൂമിയിൽ യേശു മരുഭൂമിയിൽ 

മരുഭൂമിയിലെ പ്രലോഭനങ്ങൾ

ലത്തീൻ ആരാധനാക്രമപ്രകാരം നോമ്പുകാലം ഒന്നാം ഞായറാഴ്ചയിലെ തിരുവചനവായനകളെ ആധാരമാക്കിയ വചനവിചിന്തനം
മരുഭൂമിയിലെ പ്രലോഭനങ്ങൾ - ശബ്ദരേഖ

ഫാ. ജിനു ജേക്കബ്, വത്തിക്കാൻ സിറ്റി

യേശുമിശിഹായുടെ രക്ഷാകര രഹസ്യങ്ങളെ ആഴത്തിൽ ധ്യാനിക്കുവാനും, അവന്റെ ജീവിതത്തോട് നമ്മുടെ ജീവിതങ്ങളെ ചേർത്ത് വയ്ക്കുവാനും സഭാമാതാവ് നമ്മെ ക്ഷണിക്കുന്ന കാലഘട്ടമാണല്ലോ നോമ്പുകാലം. മിശിഹായുടെ പീഡാസഹനങ്ങളെയും, കുരിശു മരണത്തെയും, തുടർന്ന് നശ്വരമായവയ്ക്കുമേൽ അവൻ നേടിയ രക്ഷയുടെ ഉത്ഥാനത്തെയും നാം ഈ അവസരത്തിൽ മനസിലാക്കികൊണ്ട് അവന്റെ അടുത്തേക്ക് തിരിച്ചുവരുവാൻ വ്യക്തിപരമായും, സമൂഹപരമായും ഒരുങ്ങണമെന്നതാണ് സഭാമാതാവ് നമുക്ക് നൽകുന്ന ഉപദേശം. മരണത്തിന്റെയും മനസാന്തരത്തിന്റെയും ചിന്തകൾ നമ്മിൽ പകർന്നുനൽകിക്കൊണ്ട്  കഴിഞ്ഞ ബുധനാഴ്ച്ച ഭസ്മം കൊണ്ട് നെറ്റിയിൽ കുരിശുവരച്ചുകൊണ്ട്  നാം ഈ പ്രത്യേകമായ കാലഘട്ടത്തിലേക്ക് പ്രവേശിച്ചു. പരിവർത്തനത്തിന്റെയും, ദൈവത്തിങ്കലേക്കുള്ള മടങ്ങിവരവിന്റെയും സമയമാണ് ഈ നോമ്പുകാലം.

കാലാകാലങ്ങളായി ഇപ്രകാരം പ്രാർത്ഥനകളും, ഉപവിപ്രവർത്തനങ്ങളും, ദാനധർമങ്ങളുമെല്ലാം മുറുകെപ്പിടിച്ചുകൊണ്ട് നോമ്പുകാലം ഫലപ്രദമാക്കിയ നമ്മുടെ മുതിർന്നതലമുറയുടെ നന്മയാണ് ഇന്നും നമ്മുടെ ജീവിതങ്ങളിൽ പ്രതിഫലിക്കുന്നത്.മൂന്നാം സഹസ്രാബ്ദത്തിൽ ഈ ഒരു തിരിച്ചറിവിന്റെ അഭാവം നമ്മുടെ ഉള്ളിൽ അന്ധകാരം സൃഷ്ടിക്കുന്നുവെങ്കിലും വീണ്ടും നമ്മെ ഈ ദൈവീക അനുഭവത്തിലേക്ക് ക്ഷണിക്കുകയാണ് നോമ്പുകാലത്തിലെ വായനകളിലൂടെ. ഈജിപ്തിലെ അടിമത്തത്തിൽ നിന്ന് മോചിപ്പിക്കപ്പെട്ട ശേഷം, മരുഭൂമിയിൽ പരീക്ഷണങ്ങളുടെയും, മനസാന്തരത്തിന്റെയും ഇടയിൽ കാനാൻ ദേശത്തേക്കു നടത്തിയ തീർത്ഥാടനത്തിന്റെയും, ദൈവീകസന്നിധിയിൽ മലയുടെ മുകളിൽ നാല്പതുദിവസം ധ്യാനാത്മകമായി ജീവിച്ച മോശയുടെയും, ഹോറെബ് മലയിലേക്കുള്ള ഏലിയാ പ്രവാചകന്റെ യാത്രയുടെയും, അവസാനം പുതിയനിയമത്തിലെ യേശുമിശിഹായുടെ മരുഭൂമിയിലെ നാല്പതുദിനരാത്രങ്ങൾ തന്റെ പിതാവിനൊപ്പം ചിലവഴിച്ചതിന്റെയും ഓർമ്മയാണ് ഈ നോമ്പുകാലം നമ്മെ ഓർമ്മിപ്പിക്കുന്നത്. പഴയനിയമത്തിലെയും, പുതിയനിയമത്തിലെയും ഈ പ്രത്യേക  കാലഘട്ടത്തിന്റെ വ്യതിരിക്തത ദൈവീകമായ ശ്രേഷ്ഠതയിലേക്കുള്ള ഒരുക്കമായിരുന്നു എന്നതാണ്. ഇതുതന്നെയാണ് ഇന്നും നോമ്പുകാലം നമ്മെ ഓർമ്മിപ്പിക്കുന്നതും, നമ്മെ വ്യക്തിപരമായി ക്ഷണിക്കുന്നതും. പ്രാർത്ഥനയും, ഉപവാസവും,മറ്റു ഭക്താനുഷ്ഠാനങ്ങളുമെല്ലാം നമ്മെ കൊണ്ടെത്തിക്കേണ്ടത് ക്രിസ്തുവിന്റെ ഉത്ഥാനത്തിൽ പങ്കുചേരുവാനാകണം.

ഉപവാസത്തിന്റെ സദ്‌ഫലങ്ങൾ

 ഇന്നത്തെ വായനകളിൽ പ്രത്യക്ഷത്തിൽ അല്ലെങ്കിലും, നമുക്ക് നൽകുന്ന വലിയ ഒരു പാഠം ഉപവാസത്തിന്റേതാണ്. ഈ വലിയ നന്മയെ നമ്മുടെ ജീവിതത്തിൽ ഓർമപ്പെടുത്തുന്നതാണ് ഭസ്മം പൂശൽ ആഘോഷം. ക്രിസ്തുവിന്റെ ഉത്ഥാനത്തിൽ നാം പങ്കുചേർന്നുകൊണ്ട്  ഈ ലോകത്തിന്റെ ചാരമാകുന്ന നശ്വരതയിൽനിന്നും അവന്റെ അനശ്വരമായ ജീവനിലേക്കു കടക്കണമെങ്കിൽ നമ്മുടെ ജീവിതത്തിൽ പല കാര്യങ്ങളും വേണ്ടായെന്ന് വയ്ക്കേണ്ടത് അന്ത്യന്താപേക്ഷിതമാണ്.അല്ലെങ്കിൽ ലൗകീകമായ വിഗ്രഹാരാധകരായി നാം മാറുമെന്ന വലിയ അപകടം നമ്മുടെ ഉള്ളിൽ തന്നെ ഒളിഞ്ഞിരുപ്പുണ്ട്. ക്രൈസ്തവീകതയുടെ ആദ്യ നൂറ്റാണ്ടുകൾ മുതൽ, നമ്മുടെ ആഴങ്ങളിൽ കുടികൊള്ളുന്ന ആവശ്യങ്ങളുടെ സ്വമേധയാ പരിമിതപ്പെടുത്തുന്ന ഉപവാസം, ദൈവത്തെ കൂടുതൽ സ്നേഹിക്കുവാനും, സഹോദരങ്ങളെ സേവിക്കാനുമുള്ള വലിയ നന്മയിലേക്ക് നമ്മെ കൈപിടിച്ചുനടത്തുന്നു. അതോടൊപ്പം ആത്മീയതയുടെ സാഹോദര്യത്തിൽ, പങ്കുവയ്ക്കലിന്റെ സതിത്വവും നമ്മിൽ ഉണർത്തുന്നു. അധികാരം, അഹങ്കാരം, പരദൂഷണം, ഉപയോഗശൂന്യമായ ന്യായവാദങ്ങൾ തുടങ്ങിയ പൊള്ളയായ ലൗകീക ഭാവങ്ങളിൽ നിന്നും ദൈവീകതയുടെ സ്നേഹഭാവത്തിലേക്ക് നമ്മെ നയിക്കുന്നതാണ് ഉപവാസജീവിതം. പാപം മൂലം നമ്മിൽ നിന്നും സ്വയം നഷ്ടപ്പെടുത്തിയ ദൈവീകതയെ വീണ്ടും ഉൾക്കൊള്ളുവാനും ഉപവാസത്തിന്റെ നോമ്പുകാലം നമ്മെ  ക്ഷണിക്കുന്നു.

ദൈവീക സൃഷ്ടിയും, മാനുഷികപതനവും

ഇന്നത്തെ ആദ്യവായനയിൽ നാം ആവർത്തിച്ചുശ്രവിച്ച വചനമാണ്; പൊടിയിൽനിന്നും സൃഷ്ടിച്ച മനുഷ്യന്റെ നാസാരന്ധ്രങ്ങളിലേക്ക് ദൈവം തന്റെ ജീവനെ സന്നിവേശിപ്പിച്ചുകൊണ്ട് അവനുവേണ്ടുന്ന എല്ലാ സൗഭാഗ്യങ്ങളിലേക്കും കൈപിടിച്ചാനയിക്കുന്നത്. ദൈവപുത്രനെന്ന നിലയിൽ ദൈവം തന്നെ നട്ടുപിടിപ്പിച്ച ഒരു പൂന്തോട്ടത്തിൽ അവൻ അവനെ പാർപ്പിക്കുന്നു. മറ്റു ജീവജാലങ്ങളിൽനിന്നും മനുഷ്യന്റെ സൃഷ്ട്ടിക്കുള്ള വ്യത്യാസമായി എടുത്തു പറയുന്നതും ദൈവീക ജീവശ്വാസത്തിന്റെ സാന്നിധ്യമാണ്. എല്ലാ സ്വാതന്ത്ര്യവും തന്റെ മക്കൾക്ക് നൽകുന്ന പിതാവായ ദൈവം അവനെ ഓർമ്മപ്പെടുത്തുന്ന ഒരേയൊരു കാര്യം ദൈവീകവിധിന്യായത്തിന്റെ പ്രതീകമെന്നോണം സ്ഥാപിക്കപ്പെട്ട വൃക്ഷത്തിന്റെ ഫലം കഴിക്കരുത് എന്നതാണ്. എന്നാൽ സൃഷ്ട്ടിച്ച ദൈവത്തിനും മുകളിൽ സൃഷ്ട്ടിയുടെ നശ്വരതയാകുന്ന പടലം നിർമ്മിക്കുവാൻ മനുഷ്യൻ ശ്രമിച്ചപ്പോൾ വീണുപോകുന്നത് പാപത്തിന്റെ ഇരുളിലേക്കാണ്. ഇന്നും ഇപ്രകാരമുള്ള നമ്മുടെ വീഴ്ചകളെയാണ് ഒന്നാം വായന ഓർമിപ്പിക്കുന്നത്. ഈ പാപത്തെക്കുറിച്ചുള്ള ബോധ്യത്തിൽനിന്നുമാണ് സങ്കീർത്തകൻ ഇപ്രകാരം തന്റെ കണ്ണീരുകൊണ്ട് യാചിക്കുന്നത്. ദൈവമേ പാപിയായ എന്നിൽ കനിയണമേ; എന്തെന്നാൽ ഞാൻ പാപം ചെയ്തുപോയി. നോമ്പുകാലത്തിന്റെ ഏറ്റവും വലിയ ചൈതന്യം ദൈവത്തിന്റെ സ്നേഹമസൃണമായ സൃഷ്ഠിവൈഭവത്തെ ധ്യാനിക്കുന്നതും, അവനിൽ നിന്നും നാം ദൂരത്തേക്ക് പോയതിനെ ഓർത്തു പശ്ചാത്തപിച്ചുകൊണ്ട് അവന്റെ അടുക്കലേക്ക് തിരികെ വരുവാനുള്ള തീരുമാനം എടുക്കലുമാണ്. ഇതിനായി ദൈവത്തിന്റെ ഇടപെടലിനായി പ്രാർത്ഥിക്കണമെന്നും സങ്കീർത്തകൻ ഓർമ്മിപ്പിക്കുന്നു. "ദൈവമേ, നിന്റെ കാരുണ്യം അനുസരിച്ച് എന്നോട് കരുണയുണ്ടാകേണമേ".

ആദം നഷ്ടമാക്കിയ കൃപ ഈശോയിൽ വീണ്ടെടുക്കപ്പെടുന്നു

പഴയനിയമത്തിൽ മനുഷ്യന്റെ പാപം മൂലം നഷ്ടമായ ദൈവീകകൃപ വീണ്ടെടുക്കപ്പെടുവാൻ ദൈവം പ്രവാചകർ മുഖേനയും, രാജാക്കന്മാർ മുഖേനയും, പുരോഹിതർ മുഖേനയുമൊക്കെ ധാരാളം അവസരങ്ങൾ നൽകി  മനുഷ്യന്റെ പാപബോധത്തിൽനിന്നും ഉണർന്ന വിലാപത്തിനു ചെവികൊടുക്കുന്നുവെങ്കിലും അവയുടെ പൂർണ്ണത വെളിവാക്കപ്പെടുന്നത് തന്റെ ഏകജാതനെ ഈ ഭൂമിയിലേക്ക് അയച്ചുകൊണ്ട് പുതിയനിയമത്തിനു ജീവൻ നൽകുമ്പോഴാണ്. അതുകൊണ്ടാണ്  തീവ്രവാദിയായിരുന്ന സാവൂൾ മനസാന്തരപ്പെട്ടതിനു ശേഷം തന്റെ ജീവിതത്തിൽ അനുഭവിച്ച ക്രിസ്തുസത്യം ഈ ലോകത്തോട് വിളിച്ചു പറയുന്നത്. ആദിമാതാപിതാക്കളുടെ അനുസരണക്കേടിന് ക്രിസ്തു കുരിശിൽ വഹിച്ച അനുസരണമാണ് നോമ്പുകാലത്തിന്റെ ചൈതന്യമെന്ന് പൗലോസ് ശ്ലീഹ ഓർമ്മിപ്പിക്കുന്നു.പാപത്തിന്റെ ഫലമായി വന്ന മരണത്തിനു മേൽ അനശ്വരജീവന്റെ കൃപയാണ് ക്രിസ്തുവിന്റെ രക്ഷാകര രഹസ്യമെന്നും പൗലോസ് ശ്ലീഹ നമ്മെ പഠിപ്പിക്കുന്നു.എന്നാൽ ഈ വലിയ ബോധ്യത്തിലേക്ക് നമ്മെ നയിക്കുന്ന ദൈവീക പാതയ്ക്ക് തടസം നിൽക്കുന്നതെന്തും, സാത്താന്റെ പ്രലോഭനമാണ്.

പ്രലോഭനങ്ങളെ ചെറുക്കുന്ന നോമ്പുകാലം

ദൈവീകമായ ഒരുക്കങ്ങളിൽ ആയിരിക്കുന്ന നമ്മെ സംബന്ധിച്ചിടത്തോളം ഒഴിച്ചുകൂടാനാവാത്ത ഒരു സത്യമാണ് പ്രലോഭനങ്ങൾ. പ്രത്യേകിച്ചും നോമ്പുകാലത്തിന്റെ ചൈതന്യത്തിലേക്ക് സഭാമാതാവ് നമ്മെ ക്ഷണിക്കുമ്പോൾ തന്നെ ഈ പ്രലോഭനങ്ങളെ കുറിച്ചുള്ള ഓർമപ്പെടുത്തലും നമുക്ക് നൽകുന്നു. ഇതിന് സുവിശേഷം ഇന്ന് നമ്മുടെ മുൻപിൽ വയ്ക്കുന്ന ഏറ്റവും വലിയ മാതൃക മരുഭൂമിയിലെ ഈശോയുടെ പ്രാർത്ഥനാജീവിതവും അതിന്റെ അവസാനം അവനുണ്ടാകുന്ന പ്രലോഭനവുമാണ്.  മാമോദീസ സ്വീകരിച്ചു ദൈവത്തിന്റെ മകളായി തീർന്നു എന്നതുകൊണ്ട് എല്ലാത്തരം തിന്മകളിൽനിന്നും നാം മോചിതരായി എന്ന ധാരണ നമ്മിൽ ഉണ്ടായേക്കാം എന്നാൽ മാമോദീസയിൽ നാം സ്വീകരിച്ച ദൈവകൃപ അഭംഗുരം കാത്തുസൂക്ഷിക്കുവാൻ നമ്മുടെ നിരന്തരമായ ജാഗ്രതയുണ്ടാവണമെന്നാണ് ഇന്ന് വചനം നമുക്ക് പറഞ്ഞുതരുന്നത്. യേശുവിന്റെ മരുഭൂമിയിലെ പരീക്ഷണവും ഇപ്രകാരം ജ്ഞാനസ്നാനത്തിനു ശേഷമാണ്. നാൽപ്പതു ദിവസങ്ങൾ ഉപവാസത്തിലും പ്രാർത്ഥനയിലും ചിലവഴിച്ച യേശുവിന്റെ ബലഹീനതയിലാണ് പിശാച് ചോദ്യങ്ങളുമായി കടന്നുവരുന്നത്. മരുഭൂമിയെന്ന ഏകാന്തതയും, ശൂന്യതയും നമ്മുടെ ജീവിതത്തിൽ പ്രലോഭനങ്ങൾക്ക് വഴിവയ്ക്കുന്നുവെന്ന സത്യം നാം മറന്നു പോകരുത്. തുടർന്ന് നമ്മുടെ ബലഹീനതയിലും, ഇല്ലായ്മയിലും മോഹത്തിന്റെ നാമ്പുകൾ മുളപ്പിക്കുന്നതും, നമ്മെ തിന്മയിലേക്ക് നയിക്കുന്നതും അവന്റെ പ്രവൃത്തിയാണ്. വിശപ്പിന്റെ ബലഹീനതയിൽ പാപത്തിന്റെ അപ്പം വാഗ്ദാനം ചെയ്യുന്ന ഒന്നാമത്തെ പ്രലോഭനത്തെ യേശു അതിജീവിക്കുന്നത്, ദൈവവചനത്തിന്റെ പ്രാധാന്യം നൽകിക്കൊണ്ടാണ്.മനുഷ്യൻ ജീവിക്കുന്നത് അപ്പം കൊണ്ട് മാത്രമല്ല മറിച്ച് ദൈവത്തിന്റെ വായിൽനിന്നു പുറപ്പെടുന്ന ഓരോ വചനങ്ങൾ കൊണ്ടുമാണ്. എപ്രകാരം നോമ്പുകാലത്ത് വചനവായനയും, കൂദാശ അനുഷ്ടാനങ്ങളും ജീവിതത്തിന്റെ ഭാഗമാകണമെന്ന് ഈ വചനം നമ്മെ ഓർമ്മിപ്പിക്കുന്നു.തുടർന്ന് തിരുവെഴുത്തുകളുടെ കൃത്രിമത്വം അത്ഭുതങ്ങളാണെന്ന തെറ്റിദ്ധാരണ പരത്തുന്ന പിശാചിന്റെ വാക്കുകൾ നാം കാണുന്നു. എന്നാൽ അവയ്‌ക്കെതിരായി കർശനമായ ഭാഷയിൽ നിന്റെ കർത്താവായ ദൈവത്തെ പരീക്ഷിക്കരുതെന്ന താക്കീത് നൽകുന്നു. നമ്മുടെ ജീവിതത്തിലും സൃഷ്‌ടിച്ച ദൈവത്തിന് മുകളിൽ സൗധങ്ങൾ തീർക്കുവാനുള്ള വെമ്പലുകൾ നമുക്കുണ്ടായേക്കാം. അവന്റെ ഹിതമനുസരിച്ച് പ്രവർത്തിക്കാത്ത ഓരോനിമിഷങ്ങളിലും നാം എടുത്തു ചാടുന്നത് പ്രലോഭകന്റെ വാക്കുകൾക്കനുസരിച്ചാണ്. നോമ്പിന്റെ ചൈതന്യം, അവനോടു ചേർന്ന് നിന്നുകൊണ്ട് അവന്റെ വാക്കുകൾ കേൾക്കുവാനുള്ള ഒരു താൽപ്പര്യം നമ്മിൽ ഉളവാക്കണം. 

മൂന്നാമത്തെ പ്രലോഭനത്തിൽ പിശാച് തന്റെ അധികാരത്തിലെന്നവണ്ണം തെറ്റിദ്ധരിപ്പിച്ചുകൊണ്ട്  ലോക രാജ്യങ്ങളെ കാണിക്കുകയും ദൈവപുത്രന്റെ അവസ്ഥ ത്യജിച്ചാൽ അവ അവനു നൽകുമെന്ന് വാഗ്ദാനം ചെയ്യുകയും ചെയ്യുന്നു. ഈ പ്രലോഭനം ഇന്നത്തെ ലോകത്ത് ഏറെ പ്രകടമാണ്. ആത്മീയതയുപേക്ഷിച്ചുകൊണ്ട് പണത്തിനും പ്രശസ്തിക്കും വേണ്ടി സഭയെയും, ദൈവീക സത്യങ്ങളെയും ഒറ്റുകൊടുക്കുന്ന മനുഷ്യരായി നാം മാറുന്നുണ്ടോ എന്ന സ്വയം വിചിന്തനത്തിനു ഈ വചനം നമ്മെ ക്ഷണിക്കുന്നു.

പ്രിയ സഹോദരങ്ങളെ, നോമ്പുകാലത്തിന്റെ ഈ ഒന്നാം ഞായറാഴ്ചയിലെ വായനകൾ നമുക്ക് പകർന്നു നകുന്നത് ആത്മശോധനയ്ക്കുള്ള ഒരു പിടി ചിന്തകളാണ്. ഇപ്രകാരം യേശുവിന്റെ ചിന്തകളോട് ചേർന്ന് നിന്നുകൊണ്ട് നോമ്പുകാലം ഫലപ്രദമാക്കുവാൻ നമുക്ക് പരിശ്രമിക്കാം. ദൈവം അനുഗ്രഹിക്കട്ടെ.

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

26 February 2023, 01:14