തിരയുക

ചർച്ച് ഇൻ നീഡ് പ്രതിനിധികൾ ഉക്രൈനിൽ - ഫയൽ ചിത്രം ചർച്ച് ഇൻ നീഡ് പ്രതിനിധികൾ ഉക്രൈനിൽ - ഫയൽ ചിത്രം 

ഉക്രൈൻ ഊർജ്ജപ്രതിസന്ധിയിൽ സഹായഹസ്‌തമേകി ചർച്ച് ഇൻ നീഡ് പ്രസ്ഥാനം

ഉക്രൈനിൽ വർദ്ധിച്ചുവരുന്ന ഊർജ്ജപ്രതിസന്ധിയിൽ സഹായമേകുവാനായി ക്ലേശിക്കുന്ന സഭയ്ക്കുള്ള സഹായം എന്ന പൊന്തിഫിക്കൽ പ്രസ്ഥാനം പുതിയ പദ്ധതി അനുവദിച്ചു.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി

കടുത്ത ശൈത്യകാലത്തിന്റെ പിടിയിലായിരുന്ന ഉക്രൈനിലെ സാധാരണ ജനങ്ങൾക്ക് സഹായമേകുവാനായി ക്ലേശിക്കുന്ന സഭയ്ക്കുള്ള സഹായം എന്ന പൊന്തിഫിക്കൽ പ്രസ്ഥാനത്തിന്റെ ഇറ്റാലിയൻ ഘടകം പുതിയ ഒരു ധനസഹായപദ്ധതി അംഗീകരിച്ചു. ഉക്രൈന്റെമേലുള്ള റഷ്യൻ മിസൈലാക്രമണങ്ങൾ തുടർന്നുകൊണ്ടിരിക്കുന്ന ഈ അവസരത്തിൽ ശൈത്യകാലത്തെ അതിജീവിക്കാൻ ഉക്രൈനിലെ വിവിധ പ്രവിശ്യകളിലെ കുട്ടികളും സ്ത്രീകളും അടങ്ങുന്ന സാധാരണ ജനം ബുദ്ധിമുട്ടുന്ന അവസരത്തിലാണ് ഈ പൊന്തിഫിക്കൽ പ്രസ്ഥാനം ഇതുപോലെ ഒരു സഹായമെത്തിക്കുവാൻ തീരുമാനിച്ചത്. ഉക്രൈൻ സർക്കാരിന്റെ കണക്കുകൾ പ്രകാരം രാജ്യത്തെ പകുതിയോളം ഊർജ്ജനിലയങ്ങൾ റഷ്യൻ ആക്രമണത്തിൽ തകർന്നിട്ടുണ്ട്. ഡ്രോണുകൾ ഉപയോഗിച്ചുള്ള നിലവിലെ റഷ്യൻ ആക്രമണം സൈനിക ലക്ഷ്യങ്ങളെക്കാൾ സാധാരണജനത്തിന്റെ ജീവിതം ദുഷ്കരമാക്കാൻ ലക്ഷ്യമാക്കിയുള്ളതാണെന്ന് ക്ലേശിക്കുന്ന സഭയ്ക്കുള്ള സഹായം എന്ന പൊന്തിഫിക്കൽ പ്രസ്ഥാനത്തിന്റെ ഇറ്റാലിയൻ വിഭാഗം ഡയറക്ടർ അലെസാന്ദ്രോ മോന്തേദൂറോ പ്രസ്താവിച്ചു.

ഉക്രൈനിലെ ഡൊനെറ്റ്സ്ക് എസർക്കേറ്റിന് നാല്പത് ചെറിയ ജനറേറ്ററുകൾ, മറ്റിടങ്ങളിൽ ജനറേറ്ററുകളും അടുപ്പുകൾ തുടങ്ങിയുള്ള സഹായമാണ് എയ്‌ഡ്‌ റ്റു ദി ചർച്ച് ഇൻ നീഡ് എന്ന ഈ പ്രസ്ഥാനം നൽകുക. ഡൊനെറ്റ്സ്ക് എസർക്കേറ്റിൽ നിന്നുള്ള രണ്ടു വൈദികരെ റഷ്യൻ സൈന്യം തട്ടിക്കൊണ്ടു പോയതായി കഴിഞ്ഞ ദിവസങ്ങളിൽ വാർത്തകൾ പുറത്തുവന്നിരുന്നു.

കിഴക്കൻ ഉക്രൈനിലെ ഖാർകിവ് സപോറിസിയ രൂപതയിൽ നിന്നും, തെർനോപൊളിയിലുള്ള സെമിനാരിയിൽനിന്നും സഹായാഭ്യർത്ഥനകൾ എത്തിയതായി ചർച്ച് ഇൻ നീഡ് അറിയിച്ചു. ഉക്രൈന്റെ പലയിടങ്ങളിലും ശൈത്യകാലത്ത് തണുപ്പ് മൈനസ് ഇരുപത് ഡിഗ്രി സെൽഷ്യസിലേക്ക് വരെ താഴാറുണ്ട്.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

02 December 2022, 21:07