മദ്ധ്യ അമേരിക്ക: ഡാരിയൻ മരണപാത ഒരു മാനവികപ്രതിസന്ധി
മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി
മെച്ചപ്പെട്ട ജീവിതസാഹചര്യങ്ങൾ തേടി വടക്കേ അമേരിക്ക ലക്ഷ്യമാക്കി തെക്കേ അമേരിക്കയിൽനിന്നുളള നിരവധി അഭയാർത്ഥികൾ കടന്നുപോകുന്ന ഡാരിയനിലെ മരണപാത എന്നറിയപ്പെടുന്ന വഴിയിലൂടെ അനുദിനം ആയിരക്കണക്കിന് ആളുകളാണ് സഞ്ചരിക്കുന്നതെന്നും, ഇത് ഒരു മാനവികപ്രതിസന്ധിയിലേക്ക് നീങ്ങുവാൻ സാധ്യതയുണ്ടെന്നും മദ്ധ്യഅമേരിക്കയിലെ മെത്രാന്മാർ ആശങ്ക പ്രകടിപ്പിച്ചു.
പനാമയിലെ പനാമ പ്രവിശ്യയുടെ ചില ഭാഗങ്ങളും, കൊളംബിയയിലെ ചോക്കോ പ്രവിശ്യയുടെ വടക്കൻ പ്രദേശനങ്ങളും ചേരുന്ന ഡാരിയൻ വനം എന്നറിയപ്പെടുന്ന ഈ പ്രദേശം കാടുകൾക്കും നദികൾക്കും പർവ്വതങ്ങൾക്കും ഇടയിലുള്ള ചതുപ്പുപ്രദേശമാണ്. തെക്കേ അമേരിക്കയിൽനിന്ന്, പ്രത്യേകിച്ച് വെനിസ്വേലയിൽനിന്നുള്ള അനധികൃത കുടിയേറ്റക്കാർ ഇതുവഴിയാണ് കടന്നുപോകുന്നത്.
ഉറബാ, ഡാരിയൻ പ്രദേശങ്ങളിൽ ഇപ്പോൾ നടന്നുവരുന്ന അനധികൃത കുടിയേറ്റം ഒരു മാനവികപ്രതിസന്ധിയാണ് ഉയർത്തിക്കൊണ്ടിരിക്കുന്നതെന്ന്, കൊളംബിയയിലെ അപ്പാർത്താദോ രൂപതാധ്യക്ഷൻ ബിഷപ്പ് ഹുഗോ ആൽബെർത്തോ തോറസ് മരീൻ പറഞ്ഞതായി ഫീദെസ് ഏജൻസി പറഞ്ഞു.
ഈ പ്രദേശങ്ങളിൽ ദിനം പ്രതി ആയിരത്തി എണ്ണൂറിനും രണ്ടായിരത്തിഒരുനൂറിനും ഇടയിൽ ആളുകൾ കടന്നുപോകുന്നുണ്ടെന്നും ഇതുമായി ബന്ധപ്പെട്ട് ഭിക്ഷാടനം, മോഷണം, ലൈംഗിക ചൂഷണം, മനുഷ്യക്കടത്ത് എന്നിവ കൂടുതലായി കാണുവാൻ സാധിക്കുന്നുണ്ടെന്നും ബിഷപ്പ് തോറസ് മരീൻ പറഞ്ഞു. അഭയാർത്ഥികളായ കുടിയേറ്റക്കാരെയും സാധാരണജനത്തെയും താങ്ങാൻ നിലവിൽ സർക്കാർ സർക്കാരും വിവിധ സംഘടനകളും നടത്തിവരുന്ന പ്രവർത്തനങ്ങളും പദ്ധതികളും മതിയാകില്ലെന്നും ഇത് പരിഹരിക്കുവാൻ അടിയന്തിരനടപടികൾ ആവശ്യമുണ്ടെന്നും അദ്ദേഹം അറിയിച്ചു.
2021-ന്റെ ആദ്യമാസങ്ങളിൽ മൂവായിരത്തിൽ താഴെ മാത്രം ആളുകളാണ് ഇതുവഴി കടന്നുപോയതെങ്കിൽ ഇതേസമയം രണ്ടായിരത്തിഇരുപത്തിരണ്ടിൽ ഇത് മൂന്നിരട്ടിയോളമായി. ഏതാണ്ട് 8456 പേരാണ് ഇതുവഴി 2022-ലെ ആദ്യമാസങ്ങളിൽ ഇതുവഴി കടന്നുപോയത്. ഇവരിൽ 1400 പേരോളം കുട്ടികളാണ്.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: