ഓർഡർ ഓഫ് മാൾട്ട അധിപൻ ഫ്രാ മാർക്കോ ലുസാഗോ നിര്യാതനായി
മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി
പെട്ടെന്നുണ്ടായ അസ്വസ്ഥതകളെത്തുടർന്ന് ജൂൺ 7 ചൊവ്വാഴ്ച, ഓർഡർ ഓഫ് മാൾട്ടയുടെ അധിപൻ ഫ്രാ മാർക്കോ ലുസാഗോ അന്തരിച്ചതായി സംഘടനയുടെ ഗ്രാൻഡ് കമാൻഡർ ഫ്രാ റൂയ് ഗോൺസാലോ അറിയിച്ചു. പുതിയ മേധാവിയെ തിരഞ്ഞെടുക്കുന്നവരെ, സംഘടനയുടെ നേതൃത്വം ഫ്രാ റൂയ് ഗോൺസാലോ ഏറ്റെടുത്തു.
2020 നവംബർ 8-നായിരുന്നു സോവറിൻ ഓർഡർ ഓഫ് മാൾട്ടയുടെ തലപ്പത്തേക്ക് ഫ്രാ മാർക്കോ ലുസാഗോ തിരഞ്ഞെടുക്കപ്പെട്ടത്. 1950-ൽ ഇറ്റലിയിലെ ബ്രേഷ്യാ നഗരത്തിൽ ജനിച്ച അദ്ദേഹം, ഫ്രാൻസിസ്കൻ വിദ്യാഭ്യാസത്തിന് ശേഷം 1975-ലാണ് ഓർഡർ ഓഫ് മാൾട്ട സംഘടനയിൽ ചേർന്നത്. സഭാപരമായ നിരവധി ജോലികളിൽ വ്യാപൃതനായിരുന്ന അദ്ദേഹം, 2010 മുതൽ പൂർണ്ണമായും സംഘടനാ പ്രവർത്തനങ്ങളിൽ മുഴുകി. 2017 മുതൽ 2020 വരെ ഈ സംഘടനയുടെ ഇറ്റാലിയൻ ഘടകത്തിന്റെ നേതൃനിരയിൽ പ്രവർത്തിച്ചുവരികയായിരുന്നു.
നിലവിൽ സഘടനയ്ക്ക് 100-ലധികം രാജ്യങ്ങളുമായി നയതന്ത്രബന്ധമുണ്ട്. കൂടാതെ ഐക്യരാഷ്ട്രസഭയിൽ സ്ഥിരം നിരീക്ഷക പദവിയും ഉണ്ട്. 120-ഓളം രാജ്യങ്ങളിൽ മെഡിക്കൽ, സാമൂഹിക, മാനവിക പ്രവർത്തനങ്ങളിലൂടെ സഹായം നൽകിവരുന്നു. 1099-ൽ സ്ഥാപിക്കപ്പെട്ട ഈ സംഘടന ഒന്നും രണ്ടും ലോകമഹായുദ്ധങ്ങളുടെ സമയത്ത്, ആതുരപരിചരണരംഗത്ത് വലിയ സേവനങ്ങൾ കാഴ്ചവച്ചിരുന്നു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: