ആർച്ച് ബിഷപ്പ് ഷെവ്ചുക്: ഓരോ ക്രൈസ്തവനും മനുഷ്യ വ്യക്തിയുടെ രക്ഷാകര ദൗത്യത്തിൽ പങ്കുചേരാനുള്ള കടമയും വിളിയുമുണ്ട്
സി. റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്
അയൽക്കാരന്റെ ആത്മാവിനായുള്ള ഉപവി പ്രവർത്തിയെന്ന് പറഞ്ഞു കൊണ്ടാണ് ആർച്ചുബിഷപ്പ് ഷെവ്ചുക് തന്റെ വിശദീകരണം നൽകുന്നത്. മനസ്സും ഇച്ഛാശക്തിയും വികാരങ്ങളുമാണ് ഒരു മനുഷ്യ വ്യക്തിയുടെ ശക്തിയെ നിയന്ത്രിക്കുന്ന ചുക്കാൻ എന്നും അതിനാൽ ഒരു മനുഷ്യന്റെ ജീവിതം അവന്റെ മാനസീകവും ആത്മീകവുമായ ആരോഗ്യത്തെ ആശ്രയിച്ചിരിക്കും എന്നും അദ്ദേഹം പറഞ്ഞു. ഭൗമീകമായ യാത്രയെ മാത്രമല്ല അവന്റെ ആത്മാവിന്റെ നിത്യജീവിതവും ആശ്രയിച്ചിരിക്കുന്നത് അവയിലാണ്. അതിനാൽ അയൽക്കാരന്റെ ആത്മാവിനായി നടത്തേണ്ട ഏറ്റവും പ്രധാനപ്പെട്ട ഉപവി പ്രവർത്തി "പാപിയെ മാനസാന്തരപ്പെടുത്തുക" എന്നതാണ് എന്ന് ആർച്ച് ബിഷപ്പ് അടിവരയിട്ടു.
ദൈവം പാപിയായ ഒരാളെ നോക്കുമ്പോൾ അവൻ ചെയ്യുന്ന പാപത്തേക്കാൾ തന്റെ കുഞ്ഞിനെയാണ് അവനിൽ കാണുന്നത്. പാപത്തിന്റെ ചങ്ങലയിൽ വീണുപോയ തന്റെ കുഞ്ഞിനെ. അതിനാൽ കരുണയാണ് പാപിയോടുള്ള ദൈവത്തിന്റെ മനോഭാവം. മരണമല്ല, മനസാന്തരപ്പെട്ട് തിരിച്ചുവരാനും, തിന്മയുടെ തടവിൽ നിന്നുള്ള മോചനവും ദൈവം ആഗ്രഹിക്കുന്നു. വിധിയല്ല ലോകത്തിന്റെ രക്ഷയ്ക്കായാണ് താൻ വന്നത് എന്നാണ് കർത്താവ് പറയുന്നത് എന്ന് എടുത്തു പറഞ്ഞ ആർച്ച് ബിഷപ്പ് യേശുക്രിസ്തുവിന്റെപൗരോഹിത്യ, രാജകീയ, പ്രവാചിക ദൗത്യത്തിൽ പങ്കു ചേരുന്ന ഓരോ ക്രൈസ്തവർക്കും മനുഷ്യ വ്യക്തിയെ രക്ഷിക്കുന്ന രക്ഷാകര ദൗത്യത്തിൽ സഹകരിക്കാനുള്ള ഒരു കടമയും, വിളിയുമുണ്ടെന്ന് ഓർമ്മിപ്പിച്ചു.
ഒരു പാപിയെ മാനസാന്തരപ്പെടുത്താൻ ഒരു വ്യക്തിയുടെ സ്വകാര്യതയിൽ ഇടപെടലുകൾ വേണമെന്ന് തോന്നിയേക്കാം എന്നാൽ ഇന്നത്തെ ആധുനിക സംസ്കാരത്തിന്റെ തീവ്രവൃക്തിത്വവാദം അവന്റെ ഹൃദയ വ്യാപാരങ്ങളിൽ ആരും ഇടപെടരുതെന്ന് വിശ്വസിക്കുന്നു. എങ്കിലും പലപ്പോഴും ഒരു വ്യക്തിക്ക് അവരെ രക്ഷിക്കാൻ ദൈവം അയക്കുന്ന മറ്റുള്ളവരുടെ ആവശ്യമുണ്ട്. അതിനാൽ അവരെ ശ്വാസം മുട്ടിക്കാതെ, വിധിക്കാതെ ദൈവത്തിന്റെ കണ്ണുകളിലൂടെ അവരെ നോക്കാനും പാപത്തിന്റെ പിടിയിൽ വീണവരുടെ മാനസാന്തരത്തിന് അവരെ സഹായിക്കാനും ആർച്ചുബിഷപ്പ് ആവശ്യപ്പെട്ടു. മാനസാന്തരം ഒരു ദാനവും പരിശുദ്ധാത്മാവിന്റെ കൃപയുമാണെന്നും മാനസാന്തരത്തിനായുള്ള ഉപവി പ്രവർത്തനം ഓരോ ക്രൈസ്തവന്റെയും വിളിയാണെന്നും യുക്രെയ്നിലെ ഗ്രീക്ക് - കത്തോലിക്കാ സഭാദ്ധ്യക്ഷൻ സന്ദേശത്തിൽ ഉറപ്പിച്ചു പറഞ്ഞു. യുക്രെയ്നിനെ രക്ഷിക്കാൻ ഇന്നു പ്രാർത്ഥിക്കുമ്പോൾ നമ്മെ കൊല്ലുന്നവർക്കു മനസാന്തരമുണ്ടാകാനായി പ്രാർത്ഥിക്കാനും അദ്ദേഹം ആവശ്യപ്പെട്ടു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: