തിന്മയോട് സന്ധി ചെയ്യാനാകില്ല, ഉക്രൈയിനിലെ ഗ്രീക്ക് കത്തോലിക്കാസഭാദ്ധ്യക്ഷൻ!
ജോയി കരിവേലി, വത്തിക്കാൻ സിറ്റി
സത്യത്തിനും സമാധാനത്തിനും വേണ്ടി പോരാടുന്നവർക്ക് നിരവധിയായ ശത്രുക്കളെക്കാൾ എല്ലായ്പ്പോഴും നേട്ടമുണ്ടായിരിക്കുമെന്ന് ഉക്രൈയിനിലെ ഗ്രീക്ക് കത്തോലിക്കാസഭയുടെ വലിയമെത്രാപ്പോലീത്ത (മേജർ ആർച്ച്ബിഷപ്പ്) സ്വിയത്തൊസ്ലാവ് ഷെവ്ചുക്ക് ( Sviatoslav Shevchuk).
മെയ് രണ്ടിന് പുറപ്പെടുവിച്ച വീഡിയൊ സന്ദേശത്തിലാണ് അദ്ദേഹം ഇപ്പോഴും റഷ്യയെ ചെറുത്തു നില്ക്കുന്ന ഉക്രൈയിനിൻറെ ശക്തിയെക്കുറിച്ച് സൂചിപ്പിച്ചുകൊണ്ട് ഇപ്രകാരം പ്രസ്താവിച്ചിരിക്കുന്നത്.
കടുത്ത സൈനികസമ്മർദ്ദമുണ്ടായിട്ടും ഉക്രൈയിനിലെ ജനങ്ങൾ ശത്രുവിനെ നേരിടാനുള്ള ശക്തി സത്യത്തിൽ കണ്ടെത്തുന്നുണ്ടെന്നും സ്വന്തം നാടിനെ സംരക്ഷിക്കുകയാണെന്നും മെത്രാപ്പോലീത്ത ഷെവ്ചുക് പറയുന്നു.
ഇന്ന് ഉക്രൈയിനിലെ ജനങ്ങൾ സമാധാനത്തിനായി വളരെയധികം പ്രാർത്ഥിക്കുന്നുണ്ടെന്നും എന്നാൽ പിശാചിനോട് വിട്ടുവീഴ്ച ചെയ്യുക, തിന്മയോട് വിട്ടുവീഴ്ച ചെയ്യുക അസാധ്യമാണെന്ന ബോധ്യം ഈ ജനതയ്ക്കുണ്ടെന്നുമുള്ള തൻറെ ബോധ്യം വെളിപ്പെടുന്ന അദ്ദേഹം തിന്മയോട് സന്ധി ചെയ്യുന്ന പക്ഷം അത് ക്രിസ്തുവിൻറെ യഥാർത്ഥ സമാധാനം കവർന്നെടുക്കുമെന്ന് പറയുന്നു. ക്രിസ്തുവിൻറെ ഈ സമാധാനത്തിൻറെ വാഹകരാകാനാണ് ഉക്രൈയിൻ ജനത അഭിലഷിക്കുന്നതെന്നും ക്രിസ്തുവിൽ എല്ലാവരും ദൈവവുമായും പരസ്പരവും അനുരഞ്ജിതരാകുന്നതിനായി തങ്ങൾ സമാധാനപാലകരാകാൻ ആഗ്രഹിക്കുന്നുവെന്നും മെത്രാപ്പോലീത്ത ഷെവ്ചുക് വെളിപ്പെടുത്തി.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: